Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

തിരഞ്ഞെടുപ്പ് പോർക്കളത്തിൽ മുണ്ടും മടക്കിക്കുത്തി പ്രചരണത്തിനിറങ്ങിയത് വെറും 17 ദിവസം മാത്രം; 'തൃശ്ശൂരിനെയിങ്ങ് എടുക്കാൻ' കഴിഞ്ഞില്ലെങ്കിലും സമ്മതിദായകരുടെ മനംകവർന്നപ്പോൾ തേടിയെത്തിയത് 2.93 ലക്ഷം വോട്ടുകൾ; രണ്ടാമതെത്തിയ രാജാജിയേക്കാളും 27634 വോട്ട് മാത്രം കുറവ്; മിക്ക മണ്ഡലങ്ങളും പ്രിയ താരത്തിന് സമ്മാനിച്ചത് 40000ൽ അധികം വോട്ടുകൾ വീതം; ആക്ഷൻ സ്റ്റാറിന്റെ തിളക്കത്തിന് മങ്ങലുണ്ടാകാത്ത ഫലപ്രഖ്യാപനമെന്നും ആരാധകർ

തിരഞ്ഞെടുപ്പ് പോർക്കളത്തിൽ മുണ്ടും മടക്കിക്കുത്തി പ്രചരണത്തിനിറങ്ങിയത് വെറും 17 ദിവസം മാത്രം; 'തൃശ്ശൂരിനെയിങ്ങ് എടുക്കാൻ' കഴിഞ്ഞില്ലെങ്കിലും സമ്മതിദായകരുടെ മനംകവർന്നപ്പോൾ തേടിയെത്തിയത് 2.93 ലക്ഷം വോട്ടുകൾ; രണ്ടാമതെത്തിയ രാജാജിയേക്കാളും 27634 വോട്ട് മാത്രം കുറവ്; മിക്ക മണ്ഡലങ്ങളും പ്രിയ താരത്തിന് സമ്മാനിച്ചത് 40000ൽ അധികം വോട്ടുകൾ വീതം; ആക്ഷൻ സ്റ്റാറിന്റെ തിളക്കത്തിന് മങ്ങലുണ്ടാകാത്ത ഫലപ്രഖ്യാപനമെന്നും ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രചരണ രംഗത്തെ 'സ്ഥാനാർത്ഥി ഡയലോഗുകൾ' ഇക്കുറിയും തരംഗം സൃഷ്ടിച്ചപ്പോൾ ഏറെ ചർച്ചയായത് വെള്ളിത്തിരയിലെ ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ വാക്കുകളാണ്. 'തൃശ്ശൂരെനിക്ക് വേണം..തൃശ്ശൂരിനെ ഞാനിങ്ങ് എടുക്കുവാ'... വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പ്രിയതാരം സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും താരത്തിളക്കത്തിന് ഒട്ടും മങ്ങൽ വരുത്താത്ത വോട്ട് നിലയാണ് താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞതെന്ന് ആരാധകരും വോട്ടർമാരും ഒരേ സ്വരത്തിൽ പറയുന്നു. വെറും 17 ദിവസം മാത്രമാണ് താരം പ്രചാരണ രംഗത്തുണ്ടായിരുന്നതെങ്കിലും ജനമനസുകളെ ഉള്ളം കയ്യിൽ കൊണ്ടു നടക്കുന്ന വിധമായിരുന്ന സുരേഷ് ഗോപി പ്രചരണരംഗത്തുണ്ടായിരുന്നത്.

ഓരോരോ വീടുകളിലും കുടുംബാംഗത്തെ പോലെ കയറുകയും ഊണുകഴിച്ച് സന്തോഷം പങ്കുവയ്ക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്ത സുരേഷ് ഗോപി മാജിക്കിനെ ഇരു കൈയും നീട്ടിയാണ് തൃശ്ശൂർ സ്വീകരിച്ചത്. ഇത് തന്നെയാണ് ഇക്കുറി സുരേഷ് ഗോപിയുടെ വോട്ട് നിലയിലും പ്രതിഫലിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.പി ശ്രീശൻ നേടിയതിനേക്കാൾ 1,91,141 വോട്ടുകൾ അധികം നേടാൻ സാധിച്ചുവെന്ന് പറയുമ്പോൾ തന്നെ അറിയാം സുരേഷ് ഗോപി തരംഗം തൃശ്ശൂരിനെ കുലുക്കിയെന്ന്.

Stories you may Like

കോൺഗ്രസിന്റെ ടി.എൻ പ്രതാപൻ 93633 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 415089 വോട്ടുകൾ നേടി വിജയിച്ചപ്പോഴും സുരേഷ് ഗോപിയെ തോറ്റ സ്ഥാനാർത്ഥി എന്ന നിലയിൽ കാണാൻ വോട്ടർമാർക്ക് കഴിയില്ല. രണ്ടാം സ്ഥാനത്തെത്തിയ രാജാജിയെക്കാളും 27634 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. 2014ൽ താരതമ്യേന ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകൽ വോട്ടുകൾ ലഭിച്ചത്. ഇവിടങ്ങളിൽ 16000 ത്തിൽ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലാണ്.

അതേ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും 40000 ത്തോളം വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കുറവ് വോട്ട് ലഭിച്ച മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂർ. വിജയിയായ ടിഎൻ പ്രതാപന് 415084 വോട്ടും, രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 2014ൽ എൽഡിഎഫിന് 389209 വോട്ടും യുഡിഎഫിന് 350982 വോട്ടും ബിജെപിക്ക് 102681 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടിൽ 64107 വോട്ടുകളുടെയും ബിജെപിക്ക് 191141 വോട്ടിന്റെയും വർധനവുണ്ടായപ്പോൾ എൽഡിഎഫ് വോട്ടുകളിൽ 67753 വോട്ടുകളുടെ കുറവുണ്ടായി.

സുരേഷ് ഗോപി സ്ഥാനാർത്ഥിയായപ്പോൾ മുതൽ തൃശ്ശൂരിന് തിളക്കം കൂടിയെങ്കിലും പ്രചരണ സമയത്ത് താരത്തിന് ഏറെ വിവാദങ്ങളും നേരിടേണ്ടി വന്നു. ശബരിമലയെപ്പറ്റി ശബ്ദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം കാറ്റിൽപറത്തി സുരേഷ് ഗോപി അയ്യന്റെ പേരിൽ വോട്ടു ചോദിച്ചു. സംഭവം വിവാദമായി. അതോടെ കലക്ടർ അനുപമ വിശദീകരണം ചോദിച്ചു. അനുപമയ്‌ക്കെതിരെ അണികളുടെ രോഷപ്രകടനം, സൈബർ ആക്രമണം, അങ്ങനെ തൃശ്ശൂരും സുരേഷ് ഗോപിയും വാർത്തയിൽ നിറഞ്ഞു നിന്നു. മറ്റൊരു ബിജെപി സ്ഥാനാർത്ഥിക്കും ലഭിക്കാത്ത അത്ര മാധ്യമ ശ്രദ്ധ. താരമൂല്യവും നാടകീയ പ്രസ്താവനകളുമായി കളം നിറഞ്ഞാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സുരേഷ് ഗോപിയെ ജനങ്ങളിലേക്കടുപ്പിച്ചത്.

പാർലമെന്റിലെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തൃശൂരിനെ എനിക്ക് വേണം, തൃശൂർ ഞാനിങ്ങെടുക്കുവാ...പ്രയോഗങ്ങളും ഗർഭിണിയുടെ വയറിൽ തടവിയ വീഡിയോയുമെല്ലാം സുരേഷ് ഗോപിക്ക് വലിയ പ്രചാരം നൽകി. സമൂഹ്യമാധ്യമങ്ങളിൽ നിരന്തരം ട്രോളിന് വിധേയമായതും അദ്ദേഹത്തിന് സഹായകമായി. നിലവിൽ രാജ്യസഭ എംപിയാണ് സുരേഷ് ഗോപി. വളരെ വൈകി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് തൃശ്ശൂരിലേത് എന്നിട്ടും സുരേഷ് ഗോപി ഇരുമുന്നണികൾക്കൊപ്പം ഒപ്പത്തിനൊപ്പമെത്തി എന്നുമാത്രമല്ല. ത്രികോണ മത്സരമെന്ന് മാധ്യമങ്ങളെക്കൊണ്ട് തലക്കെട്ടുവരെ എഴുതിച്ചു. അതും വെറും പതിനേഴു ദിവസം കൊണ്ട്.

ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന ടി.എൻ പ്രതാപൻ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തൃശ്ശൂരിൽ നിന്ന് നെഗറ്റീവ് വാർത്തകൾ പ്രതീക്ഷിക്കാമെന്ന് വരെ പറഞ്ഞുവെച്ചു. തന്റെ കോട്ടയായ തീരദേശ മേഖലയിൽ പോലും ഹിന്ദുവോട്ടുകൾ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നും പ്രതാപൻ തുറന്നു പറഞ്ഞു. ശബരിമലയെ മുൻ നിർത്തിയാണ് തൃശ്ശൂർ വിധിയെഴുതുന്നതെങ്കിൽ പ്രതാപനു കിട്ടേണ്ട വോട്ടുകൾ സുരേഷ് ഗോപിക്കാവും വീഴുകയെന്നതായിരുന്നു പ്രവചനങ്ങൾ. ആ സാധ്യതയ്ക്ക് മുകളിലാണ് അയ്യനെ പറ്റി പരാമർശിച്ചും മറ്റും വികാരം വോട്ടാകാനുള്ള സാധ്യതയെ ഒന്നുകൂടി ആളിക്കത്തിച്ചത്. ഒപ്പം സുരേഷ് ഗോപിയുടെ താരപരിവേഷം കൂടിയായപ്പോൾ ബിജെപി വിജയ പ്രതീക്ഷ പങ്കുവെച്ച മണ്ഡലങ്ങളുടെ പട്ടികയിൽ അങ്ങനെ തൃശ്ശൂരുമെത്തി.

സാധാരണക്കാർക്ക് വേണ്ടി എന്നു തൃശ്ശൂരിന്റെ ശബ്ദം ലോകസഭയിൽ മുഴങ്ങി കേൾക്കാന്, സാധാരണക്കാരുടെ പ്രതീകമായ ഒരു മനുഷ്യന്റെ ശബ്ദം., സ്നേഹത്തിന്റെ കരുതലുമായി നിങ്ങളുടെ സ്വന്തം സുരേഷ് ഗോപി., ഈ പുഞ്ചിരിയിൽ നിങ്ങളുടെ ഹൃദയം നിറയും, മറക്കാൻ കഴിയാതെ ഇന്നും ഓർമ്മയിൽ ആ മുഖം ഇതൊക്കെയായിരുന്നു സുരേഷ് ഗോപിക്കായി ബിജെപി ചർച്ചയാക്കിയ പ്രധാന മുദ്രാവാക്യങ്ങൾ. ഇതിനൊപ്പിച്ച് പോകുന്നിടത്തെല്ലാം ജനക്കൂട്ടവുമായി അടുക്കാനാണ് സുരേഷ് ഗോപിയും ശ്രമിച്ചത്.

'ഓർമ്മയുണ്ടോ ഈ മുഖം?' ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്നും മലയാളികളെ ഹരം പിടിപ്പിക്കുന്ന ഭരത്ചന്ദ്രന്റെ മാസ്സ് ഡയലോഗ്. 1994 ഏപ്രിൽ 14 നാണു മലയാളികൾക്ക് പുത്തനനുഭവമായി സൂപ്പർസ്റ്റാർ സുരേഷ്‌ഗോപിയെ നായകനാക്കി ഷാജി കൈലാസ് -രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ കമ്മീഷണർ എന്ന ബ്ലോക്ക്‌ബസ്റ്റർ സിനിമ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് റിലീസ് ചെയ്തത്.

ഇതിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ആൾ കേരള ഭരത് സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചപ്പോൾ സുരേഷ്‌ഗോപി അതിനായി വേദിയാക്കിയത് പുല്ലഴിയിലെ സെന്റ്. ജോസഫ് ഹോം ആയിരുന്നു. കാലങ്ങൾക്കിപ്പുറവും ഭരത് ചന്ദ്രൻ എന്ന കഥാപാത്രം ഉയർത്തിയ സത്യസന്ധതയും ധാർമ്മികമൂല്യവും യഥാർത്ഥ ജീവിതത്തിലും സുരേഷ്‌ഗോപി നിലനിറുത്തുന്നുവെന്നത് മണ്ഡലത്തിലെ ജനങ്ങളിലെത്തിക്കാൻ ബിജെപി പരമാവധി ശ്രമിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP