Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പതിനേഴു കൊല്ലം ഭരിച്ച് മുടിച്ചു; പച്ചരി ആഴക്കു തിന്നിരിക്കുന്ന കോൺഗ്രസിന് വോട്ടില്ല'; കുയ്യാലി പാലത്തിന്റെ അടിത്തട്ടിൽ ഇന്നും കൺതുറന്ന് നിൽക്കുന്നത് അരനൂറ്റാണ്ട് പഴക്കമുള്ള ചുവരെഴുത്തുകൾ; 65ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓർമ്മകൾക്ക് ഇന്നും പത്തരമാറ്റ് തിളക്കം; 52 വർഷം പഴക്കമുള്ള പാലത്തിന്റെ സിമന്റ് പൊളിഞ്ഞിളകാൻ തുടങ്ങിയിട്ടും കാലത്തെ അതിജീവിച്ച വാക്കുകൾക്ക് ചെറുപ്പം തന്നെ

'പതിനേഴു കൊല്ലം ഭരിച്ച് മുടിച്ചു; പച്ചരി ആഴക്കു തിന്നിരിക്കുന്ന കോൺഗ്രസിന് വോട്ടില്ല'; കുയ്യാലി പാലത്തിന്റെ അടിത്തട്ടിൽ ഇന്നും കൺതുറന്ന് നിൽക്കുന്നത് അരനൂറ്റാണ്ട് പഴക്കമുള്ള ചുവരെഴുത്തുകൾ; 65ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓർമ്മകൾക്ക് ഇന്നും പത്തരമാറ്റ് തിളക്കം; 52 വർഷം പഴക്കമുള്ള പാലത്തിന്റെ സിമന്റ് പൊളിഞ്ഞിളകാൻ തുടങ്ങിയിട്ടും കാലത്തെ അതിജീവിച്ച വാക്കുകൾക്ക് ചെറുപ്പം തന്നെ

സജീവൻ വടക്കുമ്പാട്

വടകര : വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശ്ശേരിക്ക് സമീപം കുയ്യാലിപ്പാലത്തിന്റെ പാർശ്വങ്ങളിൽ അരനൂറ്റാണ്ടിലധികം പഴക്കമുള്ള ചുവരെഴുത്തുകൾ ഇന്നും മിഴിച്ച് നിൽക്കുന്നത് കാണാം. കാലത്തിനും കാലാവസ്ഥകൾക്കും മായ്ക്കാൻ കഴിയാത്ത ആ ചുവരെഴുത്തുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ് പറയുന്നത്. പുഴയിൽ പാലത്തിനു മധ്യഭാഗത്തെ തൂണിൽ ചുണ്ണാമ്പു കൊണ്ട് എഴുതിയത് ഇപ്രകാരമാണ്.'പാട്യം ഗോപാലനേയും എ. ശ്രീധരനേയും വിജയിപ്പിക്കുക.'1967 ലാണ് അരങ്ങിൽ ശ്രീധരൻ ലോക്‌സഭയിലേക്ക് മത്സരിച്ചത്.നാലാം നിയമസഭയിലേക്കും നാലാം ലോക്‌സഭയിലേക്കും ഒരുമിച്ചാണ് അന്ന് മത്സരം നടന്നത്.

1965-ൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് 1967 മാർച്ച് വരെ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണമായിരുന്നു. 1967 മാർച്ചിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലെ 133 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. സിപിഎം, സിപിഐ, എസ്.എസ്‌പി, മുസ്ലിം ലീഗ് തുടങ്ങിയ ഏഴു കക്ഷികൾ ചേർന്ന് സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. ഈ മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് സോഷ്യലിസ്റ്റായ അരങ്ങിൽ ശ്രീധരൻ മത്സരിച്ചത്.അദ്ദേഹം വിജയിച്ചു.

ചുവരെഴുത്തിൽ പറയും പോലെ പാട്യം ഗോപാലനായിരുന്നില്ല സപ്ത കക്ഷിയുടെ നിയമസഭാ സ്ഥാനാർത്ഥി. പാർട്ടിയിൽ ഇ.എം.എസ്സിന്റെ അടുത്ത ആളായിരുന്നു പാട്യം ഗോപാലൻ.  1965 ലെ തെരഞ്ഞെടുപ്പിൽ വി.ആർ.കൃഷ്ണയ്യരെ പരാജയപ്പെടുത്തിയ പാട്യത്തെ തന്നെയാണ് സ്ഥാനാർത്ഥിയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ അന്ന് പാർട്ടിയിലെ റെബൽ ശബ്ദമായിരുന്ന കെ.പി.ആർ.ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി സീറ്റ് പിടിച്ചു വാങ്ങുകയായിരുന്നെന്നാണ് ചരിത്രമെന്ന് ആദ്യകാല നേതാക്കൾ ഓർക്കുന്നു.

അന്ന് തൊട്ടേയിവിടെ ഗ്രൂപ്പിസവും കുതികാൽ വെട്ടുമുണ്ടായിരുന്നെന്ന് ചുരുക്കം. ഈ ഒരു ചരിത്രം കൂടി പുതിയ തലമുറയെ ഓർമ്മിപ്പിക്കുകയാണ് കുയ്യാലിപ്പാലത്തിലെ ഇന്നും മായാത ചുവരെഴുത്തുകൾ. തീർന്നില്ല, പാലത്തിന്റെ അരികുകളിൽ മുദ്രാവാക്യ സമാനമായ എഴുത്തുകൾ വേറെയുമുണ്ട്.'പതിനേഴു കൊല്ലം മുടിച്ച് ഭരിച്ചു.പച്ചരി ആഴക്കു തിന്നിക്കുന്ന കോൺഗ്രസിന് വോട്ടില്ല.'1965 ലെ ഇന്ത്യാ-പാക് യുദ്ധത്തെ പരാമർശിച്ച് 'അതിർത്തി കാക്കാൻ കഴിയാത്ത കോൺഗ്രസിന് വോട്ടില്ല 'എന്നും എഴുതിയിട്ടുണ്ട്.

1965 ൽ ഉദ്ഘാടനം ചെയ്ത പാലത്തിന്റെ സിമന്റും മറ്റും പൊളിഞ്ഞിളകാൻ തുടങ്ങിയെങ്കിലും കാലത്തെ ജയിച്ച് ചുവരെഴുത്തുകൾ മായാതെ നിൽക്കുന്നു. സോഷ്യലിസ്റ്റുകൾക്ക് മുൻതൂക്കമുള്ള പ്രദേശമായിരുന്നു കുയ്യാലി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP