Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദിവാസി ഊരുകളിലെ ദുരിതങ്ങൾ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടി; ജാതിഭ്രഷ്ടിനെതിരെയും ഊരുവിലക്കുകൾക്ക് എതിരെയും പോരാടി; പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോന്ന യോഗ്യതകൾ തനിക്കുണ്ടെന്ന് അഡ്വ. ശ്രീജിത്ത് പെരുമന; വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ

ആദിവാസി ഊരുകളിലെ ദുരിതങ്ങൾ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടി; ജാതിഭ്രഷ്ടിനെതിരെയും ഊരുവിലക്കുകൾക്ക് എതിരെയും പോരാടി; പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോന്ന യോഗ്യതകൾ തനിക്കുണ്ടെന്ന് അഡ്വ. ശ്രീജിത്ത് പെരുമന; വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട് ലോക്‌സഭാ സീറ്റിൽ സിപിഐ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പായിട്ടില്ല. ടി സിദ്ദിഖ് മത്സരിക്കാൻ എത്തുമോ അതോ രാഹുൽ ഗാന്ധി വരുമോ എന്നുമാണ് അറിയേണ്ടത്. എന്തായാലും മുഖ്യ സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ വ്യക്തത ഇനിയും വരേണ്ടതുണ്ടെങ്കിലും ചില സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കാൻ രംഗത്തുണ്ടാകുമെന്ന് ഉറപ്പു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖനാണ് അഡ്വ. ശ്രീജിത്ത് പെരുമന.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് ശ്രീജിത്ത് പെരുമാന അറിയിച്ചിരിക്കുന്നത്. വയനാട്ടിലെ ആദിവാസി മേഖലയിലുള്ളവരുടെ ദുരന്തം പുറംലോകത്തെ അറിയിക്കുന്ന സംഭവങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചും മറ്റും ശ്രദ്ധേയനാണ് ശ്രീജിത്ത് പെരുമന. അതുകൊണ്ട് തന്നെ തനിക്ക് സ്ഥാനാർത്ഥിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ തീരുമാനിക്കുകയായിപുന്നു എന്ന് ശ്രീജിത്ത് പെരുമന അറിയിച്ചു.

എന്തുകൊണ്ടാണ് താൻ മത്സരിക്കുന്നത് എന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ വിശദമായ പോസ്റ്റുമിട്ടു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥിയെയും, സ്ഥാനാർത്ഥിത്വത്തെയും, സാഹചര്യങ്ങളെയും സംബന്ധിച്ച് നിങ്ങളറിയാൻ...

പാർട്ട് -2

( ആദ്യഭാഗത്തിന്റെ ലിങ്ക് ആദ്യ കമന്റിൽ )

സാമൂഹിക ഇടപെടലുകൾ

അധികാരമോ, ശുപാർശകളോ, പണ പിരിവുകളോ ഇല്ലാതെ എന്റെ ആത്മസംതൃപ്തിക്കും, മാനവികതയ്ക്കും വേണ്ടി തന്നാലാകും വിധം നടത്തിയ ഇടപെടലുകൾ പലപ്പോഴും പൊതു നന്മയ്ക് വേണ്ടിമാത്രമായിരുന്നു എന്ന വലിയ ചാരിതാർഥ്യം പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കുണ്ട്. ലാഭമായി ആകെ ബാക്കിയായിട്ടുള്ളത് ശരീരത്തിൽ ഏറ്റ മർദ്ദനങ്ങളും, ക്രിമിനൽ കേസുകളും, വധ ഭീഷണികളും, സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും മാത്രമാണ്.

വയനാട്ടിലെ ജന സംഖ്യയിൽ 45 ശതമാനത്തോളം അഥവാ ഏകദേശം പകുതിയോളം വരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലുതല്ലെങ്കിലും കാര്യപ്രസക്തമായ ഇടപെടലുകൾ കഴിഞ്ഞ കാലങ്ങളിൽ നടത്താൻ സാധിച്ചിട്ടുണ്ട്. അത് അവിവാഹിതകളായ ആദിവാസി അമ്മമാരുടെ കാര്യത്തിൽ തുടങ്ങി ആദിവാസികളുടെ ഭൂമി പ്രശ്‌നങ്ങളിലും, അവരിലേക്കെത്തുന്ന വ്യാജ മദ്യമുൾപ്പെടെയുള്ള ലഹരിയുടെ കാര്യത്തിലായാലും, ആരോഗ്യ കാര്യത്തിലായാലും പരിമിതികളിൽ നിന്നുകൊണ്ട് ഇപെടാനും ഒരുപരിധിവരെ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്.

ഭൂമിയെയും, പ്രകൃതിയെയും, ആത്യന്തികമായി ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെയും കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ വായനാട്ടിലെത്തുന്ന ഭൂമി- റിസോർട്ട്- മദ്യ-മണൽ- പരിസ്ഥിതി-വന്യജീവി-വനം മാഫിയകളോട് കഴിഞ്ഞ ആറ് വർഷങ്ങളിലേറെയായി നിരന്തരം നടത്തുന്ന ഒറ്റയാൾപോരാട്ടങ്ങളിൽ പലതും വർഷങ്ങൾക്ക് ശേഷം ഫലം കണ്ടിട്ടുണ്ട് എന്നത് വലിയ പ്രചോദനമാണ്.

കേരള കർണ്ണാടക അതിർത്തിയിൽ ആദിവാസികൾ തിങ്ങി പാർക്കുന്ന കോളനികൾക്കരികിൽ, നാഗർഹൊളെ നാഷണൽ പാർക്കിനുള്ളിൽ കർണ്ണാടക എക്‌സൈസ് മന്ത്രിയുടെ സഹോദരന്റെ ഉടമസ്ഥതതയിലുള്ള അനധികൃത ബാറും, അനുബന്ധ റിസോർട്ടുകളും അടച്ചുപൂട്ടാൻ സാധിച്ചത് പ്രദേശത്തു അധിവസിക്കുന്ന നിരവധി ആദിവാസി യുവാക്കളുടെ ജീവനുകളാണ് രക്ഷിച്ചത് ഒപ്പം രാജ്യത്തെ ഏറ്റവും വലിയ ടൈഗർ റിസർവ്വിലെ മൃഗങ്ങളുടെ സ്വൈര്യ വിഹാരവും നിലനിർത്താനായത് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നനായിരുന്നു.

കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഭാഗമായി ഞാൻ ശേഖരിച്ച കേരള കർണ്ണാടക അനധികൃത മണൽ കടത്തിന്റെ രേഖകൾ അന്നത്തെ കർണ്ണാടക പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി എന്നെ നേരിട്ട് വിളിച്ച് കൈപ്പറ്റുകയും തുടർന്ന് അദ്ദേഹം പ്രസ്തുത രേഖകൾ സഭയിൽ ഉയർത്തി കർണ്ണാടക നിയമസഭാ അരമണിക്കൂറോളം സ്തംഭിപ്പിച്ചു മന്ത്രിമാരുടെ രാജി ഉൾപ്പെടെ ആവശ്യപ്പെടുകയും ശേഷം പ്രത്യേക സിഐഡി അന്വേഷണം പ്രഖ്യാപിച്ച് കർണ്ണാടകയിലെ നദികളെ കൊന്നുകൊണ്ടു കേരളത്തിലേക്ക് നടത്തിവന്നിരുന്ന മണൽകടത്ത് പൂർണ്ണമായും നിരോധിക്കുകയും ചെയ്തത് പശ്ചിമഘട്ടത്തിൽജീവിക്കുന്ന ഒരു മനുഷ്യൻ എന്നനിലയിൽ എന്റെ പോരാട്ടങ്ങളിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ്. തുടർന്ന് കേരളത്തിന്റെ ഭാഗത്തുള്ള കബനീ നദിയിലും മറ്റു നദികളിലും മണൽ വാരൽ നിരോധിക്കപ്പെട്ടു എന്നതും ആ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു.

വയനാട്ടിൽ ചേക്കേറിയ റിസോർട്ട് ഭൂമാഫിയകൾ വയനാടിന്റെ പ്രകൃതിയെ നശിപ്പിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു വർഷങ്ങൾക്ക് മുൻപ് റിസോർട്ട് മാഫിയകൾക്കെതിയരെയുള്ള പോരാട്ടങ്ങൾ ആരംഭിച്ചത്. അതിനിടയിൽ എന്നെ മാവോയിസ്റ്റായി മുദ്രകുത്താനും, ആക്രമിക്കാനും വരെയുള്ള ശ്രമങ്ങളുണ്ടായി. എങ്കിലും മുട്ടുമടക്കാതെ നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് ഇന്നത്തെ പല റിസോർട്ടുകളും മലയും, കാടും പുഴയും കയ്യേറി റിസോർട്ട് പണിയാതെ പിന്തിരിഞ്ഞതും പലരും കേസുകളുമായി കോടതികൾ കയറി ഇറങ്ങുന്നതും.

ഏഷ്യയിലെ അവശേഷിക്കുന്ന ഏക ഗുഹാവാസികളായ വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂരിലെ ചോല നായിക്കന്മാരുടെ അനധികൃത രക്ത കടത്തലും അനുബന്ധ സംഭവ വികാസങ്ങളും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിൽ മേൽ വിഷയം അടിയന്തര സാഹചര്യയമായി കണ്ടു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ട്രൈബൽ മന്ത്രിയെ നേരിട്ട് കാണുകയും, ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് ഡൽഹിയിലെത്തി പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രറട്ടറിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ഇപ്പോൾ നടന്നുവരികയാണ്. നൂറിൽ താഴെ മാത്രം അംഗസംഘ്യയുള്ള ചോല നായ്ക്കർ വോട്ടു ബാങ്കുകളല്ലാത്തതിനാൽ ഒരിക്കൽ പോലും ഈ വിഷയത്തിൽ സ്ഥലം എംപിയോ എം എൽ എ മാരോ ഇടപെടുകയോ അവരുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനോ, ജീവൻ സംരക്ഷിക്കാനോ ശ്രമങ്ങളെങ്കിലും നടത്തിയിട്ടില്ല എന്നതും ഖേദകരമാണ്. ചോല നായിക്കരുടെ വിഷയത്തിൽ ഇടപെട്ടതിനു പലഭാഗങ്ങളിൽ നിന്നും ഇപ്പോഴും എനിക്കുള്ള ഭീഷണികൾ തുടരുന്നുമുണ്ട്.

നാട്ടിൽ നടത്തിയ ചെറുതും വലുതുമായ ഇത്തരം ഇടപെടലുകളെ സംബന്ധിച്ചു ഓർത്തെടുത്താൽ ഒരുപക്ഷെ ഈ ഫെയിസ്ബുക്ക് പേജുകൾ മതിയാകാതെ വരും ...

ദേശീയ മനുഷ്യാവകാശ കംമ്മീഷൻ മുൻപാകെ ഒരുപക്ഷെ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പരാതികൾക്കൊടുത്ത ഒരാൾ ഞാനായിരിക്കും. മനുഷ്യാവകാശ കമ്മീഷൻ ട്രൈബൽ കമ്മീഷൻ, ചൈൽഡ് കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾക്ക് മുന്നിൽ നൂറുകണക്കിനായ എന്റെ മനുഷ്യാവകാശ ലംഘന പരാതികൾ തീർപ്പും കാത്തു കിടക്കുന്നുണ്ട്..

യമനിൽ ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ തുടങ്ങി ഝാർഖണ്ഡിൽ സർക്കർ ആശുപത്രിയുടെ തറയിൽഭക്ഷണംനൽകിയ പാൽമാ ദേവി എന്ന വയോധികക്ക് വേണ്ടിയും, സ്വന്തം പ്രിയതമയുടെ മൃദശരീരം ചുമന്ന ഒഡിഷയിലെ ധനാ മാജിക്ക് വേണ്ടിയും, തിരുനെൽവേലിയിൽ ചുട്ടെരിക്കപ്പെട്ട അമ്മമ്മയ്ക്കും പിഞ്ചു കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഒടുവിൽ പാലക്കാട് സാമൂഹിക ദ്രോഹികളാൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മൃഗീയമായി കൊല്ലപ്പെട്ട മധുവിന് വേണ്ടിയും അങ്ങനെ സമൂഹത്തിൽ പകച്ചു നിൽക്കുന്ന മനുഷ്യജീവിതങ്ങൾക്ക് തന്നാലാകുന്ന സഹായം ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ സാമൂഹിക ജീവിതത്തിലെ ധന്യമാക്കുന്ന ചില നിമിഷങ്ങളാണ്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് അവസാന ആശ്രയം എന്ന നിലയിൽ എന്നിലേക്ക് ഓടിയെത്തിയ മാനന്തവാടിയിലെ അരുൺ, സുകന്യ ദമ്പതിമാരുടെ കഥയും വ്യത്യസ്തമല്ല. പ്രണയിച്ചു വിവാഹം കഴിച്ചതിനു ഊരുവിലക്കും, ഭ്രഷ്ട്ടും, കുലദ്രോഹികൾ എന്ന പദവികളും സ്വന്തം സമുദായം തന്നെ ചാർത്തിക്കൊടുത്ത അവർ പ്രധാനമന്ത്രിക്ക് അയച്ച പരാതിപോലും ലക്ഷ്യം കാണാതെ വന്നപ്പ്‌പോഴാണ് എന്നെ കാണാൻ വരുന്നത്. പിന്നീടിങ്ങോട്ട് നടത്തിയ നിയമപരമായ പോരാട്ടങ്ങൾക്കൊടുവിൽ ആ കുടുംബം സസന്തോഷം ഒരുമിച്ചു ജീവിക്കുമ്പോൾ ബാക്കിയാകുന്നത് ഊരുവിലക്കിന്റെ കഥ പുറംലോകത്തെ അറിയിച്ച ആളെന്ന നിലയിൽ തെരുവിൽ ഞാൻ ഏറ്റുവാങ്ങേണ്ടിവന്ന കായികമായ മർദ്ദനങ്ങൾ മാത്രമാണ്. സാമൂഹികപ്രവർത്തനത്തിന്റെ ശേഷിപ്പുകൾ.

പറഞ്ഞുവെക്കാൻ ഏറെയുണ്ട് ഇത്തരം കഥനകഥകൾ, പലതും അതിന്റെ ഗുണഭോക്താക്കൾവരെ മറന്നുതുടങ്ങിയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇത്തരം സെന്റിമെൻസുകൾ പറഞ്ഞുകൊണ്ട് വോട്ടുപ്പിടിക്കലൊന്നുമല്ല ലക്ഷ്യം മറിച്ച് രാഷ്ട്രീയത്തിലിടപെടാൻ തനിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന അഭിനവ രാഷ്ട്രീയ ബുദ്ധിജീവികളുടെ വരാൻ പോകുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായി കണക്കാക്കിയാൽ മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP