Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

80 ാം വയസ്സിലും മഴ നനഞ്ഞുകൊണ്ട് ശരദ് പവാർ നടത്തിയ തീപ്പൊരി പ്രസംഗം വെറുതെയായില്ല; എൻസിപി വിട്ട ഉദയൻരാജെ ബോൺസ്ലെയുടെ സത്താറ സീറ്റിൽ എട്ടുനിലയിൽ പൊട്ടി ബിജെപി; 85000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത് എൻസിപി സ്ഥാനാർത്ഥി ശ്രീനിവാസ് പാട്ടിൽ; ശിവജിയുടെ പാരമ്പര്യവും തീവ്രദേശീയതയും ഉയർത്തിയ ബിജെപി കാമ്പയിൻ ഫലം കണ്ടില്ല; ഉരുക്കുകോട്ടയിൽ അജയ്യനായി പവാർ

80 ാം വയസ്സിലും മഴ നനഞ്ഞുകൊണ്ട് ശരദ് പവാർ നടത്തിയ തീപ്പൊരി പ്രസംഗം വെറുതെയായില്ല; എൻസിപി വിട്ട ഉദയൻരാജെ ബോൺസ്ലെയുടെ സത്താറ സീറ്റിൽ എട്ടുനിലയിൽ പൊട്ടി ബിജെപി; 85000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത് എൻസിപി സ്ഥാനാർത്ഥി ശ്രീനിവാസ് പാട്ടിൽ; ശിവജിയുടെ പാരമ്പര്യവും തീവ്രദേശീയതയും ഉയർത്തിയ ബിജെപി കാമ്പയിൻ ഫലം കണ്ടില്ല; ഉരുക്കുകോട്ടയിൽ അജയ്യനായി പവാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിലെ ഏറ്റവും വികാരനിർഭരമായ രംഗങ്ങളിൽ ഒന്നായിരുന്നു എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ മഴ നനഞ്ഞുകൊണ്ടുള്ള പ്രസംഗം. 80 വയസ്സുള്ള മുതിർന്ന നേതാവ് വാർധക്യത്തിന്റെ എല്ലാ അവശതകളെയും അവഗണിച്ചുകൊണ്ട് നടത്തിയ പ്രസംഗം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പവാറിന്റെ കോട്ടകൊത്തളം എന്നറിയപ്പെടുന്ന സത്താറയിൽ വികാര നിർഭരനായി വോട്ടർമാരോട് അഭ്യർത്ഥന നടത്തിയത്, തന്നെ ചതിച്ചവനെ തറപറ്റിക്കണം എന്നായിരുന്നു. എൻസിപി എംപിയായിരുന്ന ഉദയൻരാജെ ബോൺസ്ലെ രാജിവെച്ച് ബിജെപിയിൽ ചേർന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ വേണ്ടി വന്നത്. ഈ ഉദയൻരാജെയാണ് പവാർ ചതിയൻ
എന്ന് വിശേഷിപ്പിച്ചത്.

ഉദയൻരാജെ ഭോസലെയെ പിന്നിലാക്കി 85000 വോട്ടുകൾക്കാണ് എൻസിപി സ്ഥാനാർത്ഥി ശ്രീനിവാസ് പാട്ടീൽ വിജയിച്ചത്.മറാത്ത രാജാവായിരുന്ന ശിവജിയുടെ പിന്മുറക്കാരനായ ഉദയൻരാജെ ബോൺസ്ലെ മണ്ഡലം വീണ്ടും ബിജെപിക്ക് വേണ്ടി പിടിച്ചെടുക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. ശിവജിയുടെ പാരമ്പര്യവും മോദിയുടെ ദേശീയതയും കലർത്തിയായിരുന്നു ബിജെപിയുടെ കാമ്പയിൻ. എന്നാൽ അത് എട്ടുനിലയിൽ പൊട്ടുകയായിരുന്നു. ജനം പവാറിന്റെ വാക്കുകൾ മാത്രമാണ് ഇവിടെ കേട്ടത്.

സത്താറയിൽ മഴ നനഞ്ഞുകൊണ്ട് പാർട്ടി അദ്ധ്യക്ഷൻ ശരത് പവാർ നടത്തിയ പ്രസംഗം വോട്ടർമാരെ വൻതോതിൽ സ്വാധീച്ചുവെന്നാണ് നീരീക്ഷകരുടെ വിലയിരുത്തൽ.അത് തെറ്റിയില്ലെന്നാണ് ഉയർന്ന ഭൂരിപക്ഷം തെളിയിക്കുന്നത്.സത്താറ ജില്ലയിലെ ജനങ്ങൾക്ക് പവാറിനോടുള്ള ഇഷ്ടം വീണ്ടും തിരിച്ചുപിടിച്ചുവെന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ അവർ വിലമതിക്കുന്നുവെന്നും നിരീക്ഷകർ പറഞ്ഞിരുന്നു.സത്താറ മണ്ഡലം എക്കാലത്തെയും ശരത് പവാറിന്റെ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളിൽ നാലും എൻ.സി.പിയുടെ കയ്യിലാണ്. ഒരെണ്ണം കോൺഗ്രസിന്റെ കയ്യിലും. ഒരു സീറ്റ് മാത്രമാണ് ശിവസേനയുടെ കയ്യിലുള്ളത്.ശരത് പവാറിന് വലിയ തിരിച്ചടിയായിരുന്നു ബോൺസ്ലെയുടെ രാജി. അതുകൊണ്ട് തന്നെ ബോൺസ്ലെയെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുക എന്നത് പവാർ അഭിമാന പ്രശ്നമായാണ് എടുത്തത്. സ്ഥാനമാനങ്ങൾക്കുവേണ്ടി തന്നെ വഞ്ചിച്ച ഉദയൻരാജെയെ കെട്ടുകെട്ടിക്കണം എന്നായിരുന്നു പവാർ എല്ലായിടത്തും പ്രസംഗിച്ചതും.

ബിജെപി അമിത്ഷാ അടക്കമുള്ള സകലനേതാക്കളെയും കൂട്ടി കാടിളക്കി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസിന് ഒരു ലീഡ് കാമ്പയിനർ പോലും ഇല്ലായിരുന്നു. രാഹുൽ ഗാന്ധി ഒരു പേരിന് മാത്രം ചില തവണ വന്നുപോയതൊഴിച്ചാൽ തീർത്തും ദുർബലമായിരുന്നു കോൺഗ്രസ് സംഘടനാ സംവിധാനം. എന്നാൽ ഈ 80ാം വയസ്സിലും സടകുടഞ്ഞ് എഴുനേറ്റ് എൻസിപി നേതാവ് ശരദ്പവാർ നടത്തിയ ശക്തമായ പ്രചാരണമാണ് മുന്നണിയെ രക്ഷിച്ചത്. പവാറിനെതിരെ ഈയിടെയാണ് എൻഫോഴ്സമെന്റ് വകുപ്പ് അഴിമതിക്കേസ് എടുത്തത്. എന്നാൽ ജയിലിൽപോയി കിടക്കാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് പവാർ നടത്തിയ വൈകാരിക പ്രസംഗം വോട്ടർമാരെ വല്ലാതെ സ്വാധീനിച്ചിരുന്നു. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും തിളക്കമാർന്ന പ്രകടനമാണ് കോൺഗ്രസ്- എൻസിപി സഖ്യം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP