Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ആയിരത്തോളം സ്‌കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത് 15 ലക്ഷം കുട്ടികൾ; ബജറ്റിലെ നാലിലൊരു ഭാഗവും നീക്കി വയ്ക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി; ഡിജിറ്റൽ പഠനവും മികച്ച ലാബുകളുമൊക്കെയായി ഡൽഹിയിലെ പള്ളിക്കൂടങ്ങൾ ഹൈടെക്കായി; അദ്ധ്യാപകരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലടക്കം അയച്ച് പരിശീലനം നൽകി; ഡൽഹി തെരഞ്ഞെടുപ്പിൽ ഇത്തവണ സ്‌കൂളുകൾ മുഖ്യ ഇലക്ഷൻ അജണ്ടയെന്ന് ബിബിസി; കേരളമടക്കം കണ്ടുപടിക്കാൻ ഒരു കെജ്രിവാൾ മാതൃക കൂടി

ആയിരത്തോളം സ്‌കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത് 15 ലക്ഷം കുട്ടികൾ; ബജറ്റിലെ നാലിലൊരു ഭാഗവും നീക്കി വയ്ക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി; ഡിജിറ്റൽ പഠനവും മികച്ച ലാബുകളുമൊക്കെയായി ഡൽഹിയിലെ പള്ളിക്കൂടങ്ങൾ ഹൈടെക്കായി; അദ്ധ്യാപകരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലടക്കം അയച്ച് പരിശീലനം നൽകി; ഡൽഹി തെരഞ്ഞെടുപ്പിൽ ഇത്തവണ സ്‌കൂളുകൾ മുഖ്യ ഇലക്ഷൻ അജണ്ടയെന്ന് ബിബിസി; കേരളമടക്കം കണ്ടുപടിക്കാൻ ഒരു കെജ്രിവാൾ മാതൃക കൂടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്‌കൂളുകൾക്ക് തെരഞ്ഞെടുപ്പിൽ എന്താണ് കാര്യം? വോട്ടുബാങ്കിൽ മാത്രം വിശ്വസിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് അക്കാര്യത്തിലും മാതൃകയാവുകയാണ് അരവിന്ദ് കെജ്രിവാൾ. ആസന്നമായ ഡൽഹി തെരഞ്ഞെടുപ്പിൽ ആ ആദ്മി പാർട്ടിക്ക് തുണയാവുന്നത് വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണെന്ന് ലോക മാധ്യമമായ ബിബിസിപോലും വ്യക്തമാക്കുന്നു. ബിബിസി ലേഖകൻ സൗദിക് ബിശ്വാസ് എഴുതിയ 'എന്തുകൊണ്ട് സ്‌കൂളുകൾ ഡൽഹി തെരഞ്ഞെടുപ്പിന്റെ കേന്ദ്രമാവുന്നു' എന്ന ലേഖനത്തിലാണ് വിദ്യാഭ്യാസത്തിലെ ആആദ്മി മാതൃകയെ പ്രകീർത്തിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കണ്ടുപടിക്കേണ്ടയാണ് ഈ മാതൃക. വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിക്കുന്ന കേരളത്തിലെ അവസ്ഥവെച്ചുനോക്കുമ്പോൾ തീർത്തും ഹൈട്ടക്കാണ് ഡൽഹിയിലെ സ്‌കൂളുകൾ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു വോട്ട് തേടുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നശേഷം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളുടെ തുടർച്ച കൈവരിക്കുന്നതിന് തങ്ങളെ തുടർന്നും അധികാരത്തിലെത്തിക്കണമെന്നു ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി നടന്ന മീറ്റിംഗിൽ കെജ്രിവാൾ ഉടനീളം പറയുന്നത്.
നിങ്ങൾ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താൽ ആരാണ് നമ്മുടെ സ്‌കൂളുകളുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നും കെജ്രിവാൾ ചോദിക്കുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോ രാഷ്ട്രീയ പ്രവർത്തകരോ വിദ്യാഭാസ മേഖലയുടെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യാറില്ലെന്നും വേഗത്തിൽ ഫലം ലഭിക്കാത്തതാണ് അതിനു കാരണമെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.

വിദ്യഭ്യാസം മുഖ്യ വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്ന പൊതുധാരണയെ തിരുത്തുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുൻപുണ്ടായിരുന്ന ആർക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കെജ്രിവാൾ സർക്കാർ കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം കുട്ടികളാണ് ആയിരത്തോളം സ്‌കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത്. കാശ്മീർ വിഷയം, പൗരത്വ ഭേദഗതി നിയമം, അയോധ്യ തർക്കം തുടങ്ങിയ എല്ലാ വിഷയങ്ങളിലും കെജ്രിവാളിന്റെ മുഖ്യ ശത്രു ബിജെപിയാണ്. സാധാരണക്കാരുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പഠനാന്തരീക്ഷവും നൽകുന്ന നയത്തിലൂടെ തങ്ങളുടെ എതിരാളികളെ നേരിടാനുള്ള ശ്രമത്തിലാണ് അവർ.

മുൻവർഷങ്ങളിൽ ബഡ്ജറ്റിന്റെ 16% മാത്രമാണ് വിദ്യാഭ്യാസത്തിനു ചെലവഴിച്ചിരുന്നത്. എന്നാൽ കെജ്രിവാൾ സർക്കാർ ബഡ്ജറ്റിലെ നാലിലൊരു ഭാഗവും നീക്കിയിരുത്തുന്നത് വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലെ ശരാശരി 14.8% ആണിത്. വിദ്യാഭ്യാസത്തിന് വേണ്ടി വലിയ തുക നീക്കിവയ്ക്കുന്നത് നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സഹായിക്കുന്നതാണ്. പാവപ്പെട്ട കുട്ടികളാണ് വിദ്യാഭ്യാസത്തിനു ഇത്തരം പൊതുസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്നും മധ്യവർഗ-ഉപരിവർഗ വിദ്യാർത്ഥികൾ സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നതെന്നും കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ് ശൈലേന്ദ്ര ശർമ്മ പറഞ്ഞു. സൗജന്യമായി കിട്ടുന്നതെല്ലാം നിലവാരമില്ലാത്തതാണെന്ന തോന്നലാണ് ഇതിനു കാരണം. അതേസമയം കുടിയേറ്റ-അധസ്ഥിത വിദ്യാർത്ഥികൾ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

വിദ്യാഭ്യാസ മുന്നേറ്റങ്ങൾ പൊതുവെ ശ്രമകരവും ദീർഘവീക്ഷണമില്ലാതെയും ചെയ്യുന്നതായിയാണ് കണ്ടു വരുന്നത്. എന്നാൽ സങ്കീർണ്ണമല്ലാത്ത ചെറിയ ചുവടുകളിലൂടെയാണ് കെജ്രിവാൾ മുന്നേറുന്നതും പ്രശംസനീയമായ വിജയങ്ങൾ നേടുന്നതും. ക്ലാസ്സ്മുറികൾ പുതുക്കിയും, കളിസ്ഥലങ്ങൾ വൃത്തിയാക്കിയും, ടോയ്ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും വിദ്യാഭാസ അന്തരീക്ഷം ഉണർത്തുകയാണ് ആദ്യമായി ചെയ്തത്. അതുപോലെ ക്ലാസ്സ്മുറികളിൽ സിസിടിവി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവാദപരമായ നീക്കങ്ങളും നടപ്പിലാക്കി. നല്ല ഡെസ്‌കുകൾ, ഡിജിറ്റൽ പഠനം, നിലവാരമുള്ള ലൈബ്രറി, സജ്ജമായ ലാബുകൾ, തുടങ്ങി പഠനത്തെ ആകർഷകമാക്കുന്നതെല്ലാം പ്രാവർത്തികമാക്കി. വിവിധ സമ്മർദ്ദ സാഹചര്യങ്ങളിൽ നിന്നും വരുന്ന സാധാരണ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകൾ ആശ്വാസമാണ്.

തിരഞ്ഞെടുത്ത അദ്ധ്യാപകരെ സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി, യുകെയിലെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ അയച്ചു സ്‌കൂൾ മാനേജ്മെന്റിനെകുറിച്ചും അനുബന്ധ കോഴ്സുകളിലും പരിശീലങ്ങൾ നൽകുന്നു. 200 ഇൽ അധികം മെന്റർ ടീച്ചേർസ് 5 സ്‌കൂളുകളെ നിരീക്ഷിച്ചു നിർദ്ദേശങ്ങൾ നൽകിവരുന്നു. കുട്ടികളെ സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ കരിക്കുലം അവലംബിച്ചിരിക്കുന്നു. നിരക്ഷരരായ മാതാപിതാക്കളെയടക്കം ഉൾപ്പെടുത്തി പലതവണ അദ്ധ്യാപക-രക്ഷാകർതൃ മീറ്റിംഗുകൾ വയ്ക്കുന്നത് കുട്ടികളുടെ രക്ഷാകർത്താക്കളുമായും നല്ല ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു. ഡൽഹിയിലെ 4.4 ദശലക്ഷം സ്‌കൂൾ കുട്ടികളിൽ 34% വും ഇതിനോടകം തന്നെ ഗവണ്മെന്റ് സ്‌കൂളിന്റെ ഭാഗമായിക്കഴിഞ്ഞു. ആ വളർച്ച തുടർന്ന് കൊണ്ടുമിരിക്കുന്നു. വർഷാവസാനത്തോടെ ഡൽഹിയിൽ 55 പുതിയ സ്‌കൂളുകളും 20,000 ക്ലാസ് മുറികളും അധികമായി രൂപപ്പെടും.

ഭൂരിപക്ഷം സ്‌കൂളുകളിലും പഠന ഭാഷ ഹിന്ദി ആണ്. എന്നാൽ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഒപ്പം പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ പല പ്രധാനപ്പെട്ട മത്സര പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും ഈ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നുമുണ്ട്. ഈ അടുത്ത കാലത്തു ഡൽഹി ഗവണ്മെന്റ് നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു കുട്ടികളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത്. ഉയർന്ന പഠന നിലവാരമുള്ള കുട്ടികളും താഴ്ന്ന പഠന നിലവാരമുള്ള കുട്ടികളും എന്നിങ്ങനെയുള്ള തരം തിരിവുകൾ അവരെ വേർതിരിച്ചു കാണിക്കുന്നതിന് മാത്രമേ സഹായിക്കൂ എന്നും അത് കുട്ടികൾക്ക് ഗുണം ചെയ്യില്ലെന്നും വിദ്യാഭ്യാസ പ്രവർത്തകൻ കുസും ജെയിൻ ആരോപിച്ചു. എന്നാൽ കഴിവിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത് കുട്ടികളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി ശർമ്മ അഭിപ്രായപ്പെട്ടു.

ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളുടെ നിരക്കാണ് ഡൽഹിയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്നത്. സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകുന്നതാണ് ഇതിനു കാരണം. അല്ലാത്ത പക്ഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ ആരും തയ്യാറാകുകയില്ല. അല്ലെങ്കിൽ ആ പണം വിനിയോഗിച്ചു ആൺകുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ അയക്കുകയോ കോച്ചിങ് ക്ലാസുകൾ നൽകുകയോ ചെയ്യുന്നു. പാവങ്ങളുട സ്വപ്നങ്ങൾക്ക് കരുത്തുപകരുകയാണ് കെജ്രിവാൾ സർക്കാർ. വരുന്ന തിരഞ്ഞെടുപ്പിലും സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ ഊർജം പകരുന്ന കെജ്രിവാൾ സർക്കാർ തങ്ങളുടെ നയം തുടരുകയാണ്.തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ.

അഞ്ചു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണവും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. ഇത്തവയും സർവേകൾ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP