Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി

അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികളാണെന്ന് നദ്വി കുറ്റപ്പെടുത്തി. മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പി അടിച്ചു ജയിക്കുന്നവർ ആണെന്ന് പറഞ്ഞ വിഎസിന്റെയും ജില്ലയുടെ ഉള്ളടക്കം വർഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകൾ ആർഎസ്എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദൻ.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവർത്തനമാണ്. കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിൽ മുസ്ലിം വിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരാണ് സിപിഎം. അധികാരത്തിൽ വന്നാൽ എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ, ബംഗാളിലും ഇത് കണ്ടതാണ്. ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ സമ്മതിദാന അവകാശം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ബഹാഉദ്ദീൻ മുഹമ്മദ് നദ്വി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പി അടിച്ചു ജയിക്കുന്നവർ ആണെന്ന് പറഞ്ഞ വി.എസിന്റെയും ജില്ലയുടെ ഉള്ളടക്കം വർഗീയതയാണെന് പറഞ്ഞ കടകം പള്ളിയുടെയും പ്രസ്താവനകൾ ആർ എസ് എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്‌ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്‌ലിം വിദ്വേഷ പ്രവർത്തനമാണ്. കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിൽ മുസ്‌ലിം വിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരാണ് സിപിഎം '.. ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നമ്മുടെ രാജ്യം അതിപ്രധാനമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ജനാധിപത്യ ആശയങ്ങളും മതതേര ചിന്തകളും ഈയിടെയായി അപ്രസക്തമായിക്കഴിഞ്ഞ നാട്ടിൽ മതേതരത്വം വീണ്ടെടുക്കാനും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനും തീവ്ര ശ്രമങ്ങൾ നടത്തേണ്ട സാഹചര്യമാണിപ്പോൾ.

ന്യൂനപക്ഷ വിഭാഗങ്ങൾ - വിശിഷ്യ മുസ്ലിംകൾ -ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയും നിർലജ്ജം നുണ പറഞ്ഞും പ്രധാനമന്ത്രിയടക്കം ജനവിധി തേടുമ്പോൾ കപട ന്യൂനപക്ഷ പ്രീണനവുമായി സംസ്ഥാനത്ത് കമ്മ്യൂണിസവും പരസ്യമായി രംഗത്തുണ്ട്.

ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്. മലപ്പുറത്ത് വിദ്യാർത്ഥികൾ കോപ്പിയടിച്ച് വിജയിക്കുകയാണെന്ന വി എസ് അച്യുതാനന്ദന്റെയും ജില്ലയുടെ ഉള്ളടക്കം വർഗീയമാണെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രന്റെയും പ്രസ്താവനകൾ ആർ.എസ്.എസിനു വേണ്ടി നടത്തിയ ദാസ്യപ്പണിയെല്ലാതെ മറ്റെന്താണ് ?

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സമുദായ സംരക്ഷണം ഏറ്റെടുക്കുന്ന കമ്മ്യൂണിസ്റ്റുകൾ കാലങ്ങളായി അവരുടെ പാർട്ടിഗ്രാമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിദ്വേഷപ്രവർത്തനങ്ങളുടെയും അപരവത്കരണത്തിന്റെയും നേർ സാക്ഷ്യങ്ങൾ നിരവധിയാണ്. കണ്ണൂരിലെ തളിപ്പറമ്പിനടുത്ത് ചെനയന്നൂരിൽ പള്ളി നിർമ്മാണത്തിനെതിരെ നിരന്തരം രംഗത്ത് വന്നതും കരിമ്പം എന്ന പ്രദേശത്ത് പള്ളിയുടെ നിർമ്മാണം തടസ്സപ്പെടുത്തിയതുമെല്ലാം കമ്മ്യൂണിസ്റ്റുകളായിരുന്നു.

പള്ളി നിർമ്മാണത്തിന് തടസ്സം നിൽക്കാൻ കാരണം സാമുദായിക രാഷ്ട്രീയപാർട്ടി അവിടെ കൊടി നാട്ടുമെന്നും മുസ്ലിം മതസംഘടനകൾ നിരന്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നായിരുന്നു നിലവിലെപാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ അന്ന് പ്രസംഗിച്ചത്. കുറ്റിയാട്ടൂരിലെ മുസ്ലിം ഏരിയകളിൽ വൈദ്യുതിയടക്കമുള്ള അടിസ്ഥാന വികസനം നിഷേധിച്ച് പ്രയാസപ്പെടുത്തിയതും മാണിയൂർ ബുസ്താനുൽ ഉലൂം അറബിക് കോളേജിനും മസ്ജിദിനുമിടയിലുള്ള റോഡ് വികസനം കാലങ്ങളായി അവഗണിച്ചതും ഇതേ കമ്മ്യൂണിസ്റ്റുകൾ തന്നെയാണ്.

ഇരുപത് വർഷം മുമ്പ് കീഴല്ലൂർ പഞ്ചായത്തിൽ നിർമ്മിച്ച പള്ളി കമ്മ്യൂണിസ്റ്റ് സമ്മർദ്ദം മൂലം കാലങ്ങളോളം ആരാധനാരഹിതമായി കിടന്നു. ചിലരുടെ വർധിച്ച ഇടപെടൽ മൂലം കേവലം നിസ്‌കാരം അനുവദിച്ചെങ്കിലും ബാങ്കടക്കമുള്ള മറ്റു മതകീയപ്രവൃത്തികളെ അവർ നിരോധിച്ചു. ആലങ്കോട് കാഞ്ഞിരങ്ങാട്ടും എട്ട് വർഷത്തോളം ബാങ്ക് വിളി തടഞ്ഞു.

കാസർഗോഡ് ചീമേനിയിൽ ഒരു പൊതുപരിപാടിയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സ്ഥാപിച്ച പതാകകൾ അഴിപ്പിച്ച് പ്രവർത്തകരെ കൈയേറ്റം ചെയ്തതും ഇക്കൂട്ടർ തന്നെയായിരുന്നു. തട്ടമിട്ട മുസ്ലിം പെൺകുട്ടിയുടെ പരസ്യം നൽകി ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണവും പിതൃത്വവും ഏറ്റെടുക്കാൻ വെമ്പൽ കൊള്ളുന്നവരുടെ പൂർവികർ തന്നെയാണ് റഷ്യയിൽ മുസ്ലിം പണ്ഡിതരെ നിഷ്ഠൂരമായി വധിച്ചത്.

ത്രിപുരയിലും ബംഗാളിലും പതിറ്റാണ്ടുകളായി അവർ നടത്തിയ ചെയ്തികളുടെ തിക്ത ഫലങ്ങൾ ഇന്നും സമുദായം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അധികാരം കൈവന്നാൽ എവിടെയും സമാന നടപടികൾ ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. അതുകൊണ്ടാണ് കാലങ്ങൾക്കു മുൻപേ മമ്പുറം തങ്ങൾ അവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയത്.

സമസ്തയുടെ സാത്വികരായ പണ്ഡിതരും സമുദായത്തെ നിരന്തരം ഉണർത്തി. രാജ്യത്തിന്റെ മതേതര പാരമ്പര്യം വീണ്ടെടുക്കാനും പാരമ്പര്യവും പൈതൃകവും സംരക്ഷിക്കപ്പെടാനും ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാകണം. ആയതിനാൽ നമ്മുടെ സമ്മതിദാനാവകാശം കരുതലോടെ രേഖപ്പെടുത്താം. അല്ലാഹു അനുഗ്രഹിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP