Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയം എസ്‌പി ഹരിശങ്കറും കെ പി ശങ്കരദാസും ആചാരങ്ങളെ നിന്ദിക്കാനും അവഹേളിക്കാനും അങ്ങേയറ്റം ശ്രമങ്ങൾ നടത്തിയെന്ന് ചിദാനന്ദപുരി; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വന്നത് 50000 കേസുകൾ; തന്നെ ഒന്നാംപ്രതിയാക്കി സർക്കാർ എടുത്തത് 475 കേസുകളെന്നു ശശികല ടീച്ചർ; സെക്രട്ടറിയേറ്റ് ധർണയോടെ ശബരിമല യുവതീ പ്രവേശന വിഷയം ആളിക്കത്തിച്ച് ശബരിമല കർമ്മസമിതി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമാക്കി ബിജെപി പ്രചരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു സമിതി

കോട്ടയം എസ്‌പി ഹരിശങ്കറും കെ പി ശങ്കരദാസും ആചാരങ്ങളെ നിന്ദിക്കാനും അവഹേളിക്കാനും അങ്ങേയറ്റം ശ്രമങ്ങൾ നടത്തിയെന്ന്  ചിദാനന്ദപുരി; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വന്നത് 50000 കേസുകൾ; തന്നെ ഒന്നാംപ്രതിയാക്കി സർക്കാർ എടുത്തത് 475 കേസുകളെന്നു ശശികല ടീച്ചർ; സെക്രട്ടറിയേറ്റ് ധർണയോടെ ശബരിമല യുവതീ പ്രവേശന വിഷയം ആളിക്കത്തിച്ച് ശബരിമല കർമ്മസമിതി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമാക്കി ബിജെപി പ്രചരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു സമിതി

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഉദ്ദേശിച്ച് ശബരിമല കർമ്മസമിതി. ശബരിമല വികാരം ആളിക്കത്തിച്ച് ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണം ഏറ്റെടുക്കാനാണ് കർമ്മസമിതിയുടെ നീക്കം. ശബരിമല കർമ്മസമിതി സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ നേതാക്കൾ ആളിക്കത്തിച്ചത് ശബരിമല വികാരം തന്നെയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിച്ച് ഇടത് വിരുദ്ധ വികാരം സൃഷ്ടിക്കാനാണ് കർമ്മസമിതിയുടെ ശ്രമം എന്ന് ധർണയിൽ വ്യക്തമായിരുന്നു. അയ്യപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ നിയമവിരുദ്ധമായി തടസപ്പെടുത്തുകയും ചെയ്യുന്ന കേരള സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾക്കെതിരെയാണ് ശബരിമല കർമസമിതി ഇന്നു പ്രതിഷേധ ധർണ്ണ നടത്തിയത്.

ശബരിമല യുവതീ പ്രവേശന വിഷയം ശബരിമല കർമ്മസമിതി പ്രചാരണ വിഷയമാക്കും അതിനു കർമ്മസമിതിക്ക് യാതൊരു മടിയുമില്ലെന്നാണ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ കർമ്മസമിതിക്ക് മുന്നിൽ യാതൊരു തടസവും ഇല്ലെന്നും കർമ്മസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ലെന്നുമാണ് സ്വാമി ചിദാനന്ദപുരി പറഞ്ഞത്.

ശബരിമലയെ അപമാനിച്ച ഇടത് സർക്കാരിന് അധികാരത്തിൽ തുടരാൻ യാതൊരു അർഹതയുമില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.ശബരിമല ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഹിന്ദു സമൂഹത്തിൽ നിലനിന്ന ആചാര സംഹിതകളെ ധ്വംസിക്കുകയാണ് ഇടത് സർക്കാർ ചെയ്തത്. ശബരിമലയിൽ യുവതികളെ കയറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ എന്തെല്ലാമാണ് ഇടത് സർക്കാർ ചെയ്തിരിക്കുന്നത് എന്ന് ഹിന്ദു സമൂഹത്തിനു മുന്നിലുണ്ട്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ സർക്കാർ അതിമാരകങ്ങളായ വകുപ്പുകൾ ഉപയോഗിച്ച് സർക്കാർ കേസുകൾ ചാർജ് ചെയ്യുകയാണ്. ഇത് കേരളീയ സമൂഹം മറന്നിട്ടില്ല. മറക്കരുത്. മരക്കൂട്ടത്തിൽ എത്തിയ ശശികല ടീച്ചറുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും ടീച്ചർക്കെതിരെ കേസുകൾ തുടർച്ചയായി വന്നു. കോട്ടയം എസ്‌പി ഹരിശങ്കറിനെയും അദ്ദേഹത്തിന്റെ അച്ഛൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെയും കേരളീയർക്ക് മറക്കാൻ കഴിയില്ല. ഇവർ രണ്ടുപേരും ആചാരങ്ങളെ നിന്ദിക്കാനും അവഹേളിക്കാനും അങ്ങേയറ്റം ശ്രമങ്ങൾ നടത്തി. ശബരിമലയെ അവഹേളിച്ച ഇടത് സർക്കാരിന് അധികാരത്തിൽ തുടരാൻ ഒരർഹതയുമില്ല. വരുന്ന തിരഞ്ഞെടുപ്പിൽ ഇടത് സർക്കാർ ചെയ്ത കാര്യങ്ങൾ അവലോകനം ചെയ്തു വേണം കേരള ജനത വോട്ടു ചെയ്യാൻ- -ചിദാനന്ദപുരി പറഞ്ഞു.

തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ ശബരിമല കർമ്മ സമിതി അധ്യക്ഷ ശശികല ടീച്ചറും ഇടത് സർക്കാരിനെ നേരെ ആഞ്ഞടിക്കുകയാണ് ചെയ്തത്.ശബരിമലയിൽ ഇടത് സർക്കാർ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമായി വരുക തന്നെ വേണം. ശബരിമല പ്രശ്‌നത്തിൽ കേസുകളുടെ പെരുമഴക്കാലമാണ് വരുന്നത്. 50000 കേസുകളാണ് ശബരിമല പ്രശ്‌നത്തിൽ ഇടത് സർക്കാർ ചുമത്തിയിരിക്കുന്നത്. 475 കേസുകളിലെ ഒന്നാം പ്രതിയാണ് ഞാൻ.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമാധാനമായി സമരം ചെയ്ത എനിക്ക് നേരെ തുടർ കേസുകൾ ആണ് ചുമത്തിയത്. കോട്ടയത്ത് ഉണ്ടായിരുന്ന ഞാൻ എങ്ങിനെയാണ് അതെ ദിവസം എല്ലാ ജില്ലകളിലും എത്തുക. എല്ലാ ജില്ലകളിലും ഞാൻ അക്രമപ്രവർത്തനം നടത്തി എന്ന് പറഞ്ഞു ഒന്നാം പ്രതിയായാണ് ഈ കേസുകൾ എല്ലാം ഇടത് സർക്കാർ ചാർജ് ചെയ്തിരിക്കുന്നത്. ഇനിയും ഒട്ടനവധി കേസുകൾ എനിക്കെതിരെ ഒരുങ്ങുന്നുണ്ട്. ആയിരത്തിലധികം കേസുകൾ ആണ് ഞാൻ പ്രതിയായി മാറുന്ന കേസുകൾ ആണ് വരാൻ പോകുന്നത് എന്ന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്-ശശികല ടീച്ചർ പറഞ്ഞു.

ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കുക ലക്ഷ്യംവച്ചാണ് ഇന്നത്തെ ശബരിമല കര്മസമിതിയുടെ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നത് എന്നത് നേതാക്കളുടെ പ്രസംഗങ്ങൾ തന്നെ ശരിവയ്ക്കുകയാണ്. ശബരിമല പ്രശ്‌നം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു ജനത മറക്കരുത്. ഈ രീതിയിലാണ് നേതാക്കൾ ഓരോ വാക്കും പ്രയോഗിച്ചത്. ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിൽ ആളിക്കത്തും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്നത്തെ പ്രതിഷേധ ധർണ്ണ. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്നാണ് ശബരിമല കർമസമിതിയുടെ ആഹ്വാനം. ബാനറുകൾക്കും വീടുകൾ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കർമസമിതി തീരുമാനം.

സെക്രട്ടറിയേറ്റിന് മുന്നിൽ നിശ്ചയിച്ചിരിക്കുന്ന ധർണ നാമജപ പ്രതിഷേധമാക്കി മാറ്റി സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം. ശബരിമലയിൽ ഭക്തർക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമങ്ങൾ കർമ്മസമിതി തുറന്നു കാട്ടും. ഇന്നു നടത്തിയ പ്രതിഷേധ ധർണയിൽ സന്യാസി വര്യന്മാർ, സാമുദായിക- ഹൈന്ദവ സംഘടനാ നേതാക്കൾ, അയ്യപ്പഭക്ത സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചിരുന്നു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ ഇന്നു ഉച്ച കഴിഞ്ഞ് കർമസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം ശബരിമല കർമ്മസമിതി വിളിച്ചു ചേർക്കുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP