Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടിയായി എൻസിപിയിലെ പൊട്ടിത്തെറി; മാണി സി കാപ്പനെ മത്സരിപ്പിച്ചതിനെതിരെ കോട്ടയം ജില്ലാ കമ്മിറ്റിയിൽ രാജി; ഉഴവൂർ വിജയൻ പക്ഷത്തുണ്ടായിരുന്ന പാർട്ടി ദേശീയസമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 100ഓളം പേർ രാജിവെച്ചു; കാപ്പനെ സ്ഥാനാർത്ഥി ആക്കിയത് ഏകപക്ഷീയ തീരുമാനമെന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ മാണി സി കാപ്പന് തിരിച്ചടി

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടിയായി എൻസിപിയിലെ പൊട്ടിത്തെറി; മാണി സി കാപ്പനെ മത്സരിപ്പിച്ചതിനെതിരെ കോട്ടയം ജില്ലാ കമ്മിറ്റിയിൽ രാജി; ഉഴവൂർ വിജയൻ പക്ഷത്തുണ്ടായിരുന്ന പാർട്ടി ദേശീയസമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 100ഓളം പേർ രാജിവെച്ചു; കാപ്പനെ സ്ഥാനാർത്ഥി ആക്കിയത് ഏകപക്ഷീയ തീരുമാനമെന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ മാണി സി കാപ്പന് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കെ എം മാണിയുടെ അഭാവത്തിൽ പാലാ മണ്ഡലത്തിൽ പരിചിതനായ സ്ഥാനാർത്ഥി താനാണെന്നും അതിനാൽ വിജയിച്ചു കയറുമെന്നും അവകാശപ്പെട്ട് പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പന് കനത്ത തിരിച്ചടി. കാപ്പനെ മത്സരിപ്പിച്ചതിന് എതിരെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. നൂറോളം പേർ എൻസിപിയിൽ നിന്നും രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിൽ നിൽക്കവേയുള്ള രാജി മാണി സി കാപ്പന് ശരിക്കും തിരിച്ചടിയായി. ഉഴവൂർ വിജയൻ പക്ഷത്തുണ്ടായിരുന്നവരാണ് രാജിവെച്ചത്.

അഭിപ്രായഭിന്നതയെ തുടർന്ന് ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളി ഉൾപ്പടെ 100ഓളം പേർ രാജിവെച്ചതായാണ് വിവരം. ഇവർ പ്രത്യേകം യോഗം ചേരുകയും ചെയ്തു. എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റിയിൽ ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തെ തന്നെ അടി തുടങ്ങിയിരുന്നു. മാണി സി. കാപ്പനെ പാലായിൽ സ്ഥാനാർത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് മറുവിഭാഗം ദേശീയ നേതൃത്വത്തെ വരെ സമീപിച്ചിരുന്നു. എന്നാൽ, ഇത് അവഗണിച്ചാണ് പാലായിൽ സ്ഥാനാർത്ഥി നിർണയം നടത്തിയത്.

പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് എൻ.സി.പിയോട് എൽ.ഡി.എഫ് നിർദേശിച്ചിരുന്നു. പക്ഷേ, പരിഹരിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി നേതാക്കൾ ഉൾപ്പടെ 100ഓളം പേർ രാജി തീരുമാനത്തിലെത്തിയത്. ഉഴവൂർ വിജയൻ വിഭാഗത്തെ നിരന്തരം അടിച്ചമർത്തുന്നതിനെതിരെയുള്ള പ്രതിഷേധമാണ് രാജിയെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടിയിൽ ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചായിരുന്നു രാജി.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എൻ.സി.പിയിലെ കൂട്ടരാജി പ്രചാരണപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് എൽ.ഡി.എഫ് നേതാക്കൾ.

കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയമസഭ മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23നാണ്. 27നാണ് വോട്ടെണ്ണൽ. പാലായിൽ വീണ്ടും മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിൽ തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഘട്ടം ഘട്ടമായി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നത് മാണി സി കാപ്പന് അനുകൂല ഘടകമാകുകയായിരുന്നു. കഴിഞ്ഞ തവണ നാലായിരം ആയിരുന്നു കെ എം മാണിയുടെ ഭൂരിപക്ഷം. തുടർന്ന് എൻസിപിക്കായി മാറ്റിവെച്ച സീറ്റിൽ മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചുകൊണ്ടുള്ള എൻ.സി.പി നിർദ്ദേശം എൽഡിഎഫ് അംഗീകരിക്കുകയായിരുന്നു.

മാണി സി.കാപ്പന് പാലായിൽ വിജയ സാധ്യതയില്ല. അവഗണനയെ തുടർന്നു പാർട്ടിയിൽ തുടരാൻ ഇല്ലെങ്കിലും മറ്റൊരു പാർട്ടിയിലും ചേരില്ല. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് പ്രതികരിച്ചു. എന്നാൽ കുറച്ചു പേർ എൻസിപി വിട്ടതുകൊണ്ടു പാലായിൽ ഒന്നും സംഭവിക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. യുഡിഎഫിലേതു പോലെ എൽഡിഎഫിലും പ്രശ്‌നങ്ങളുണ്ടെന്നു വരുത്തിതീർക്കാൻ ചിലരെ ചട്ടുകമാക്കി. പാർട്ടിവിട്ടവർ പുറത്തു തന്നെയെന്നും മന്ത്രി പറഞ്ഞു.

അതേസമയം മറുവശത്ത് പി ജെ ജോസഫ് വിഭാഗം ഇടഞ്ഞു നിൽക്കുന്നതാണ് യുഡിഎഫിന് തലവേദനയാകുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് മുന്നണി യോഗത്തിൽ ജോസഫ് പങ്കെടുത്തിരുന്നു. പ്രചരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. യുഡിഎഫ് കൺവെൻഷന് നേരിട്ട അപമാനം പി ജെ ജോസഫിന് ഇക്കുറി നേരിടേണ്ടി വന്നില്ല. ചിരിച്ചും കൈകൊടുത്തും ജോസഫിനെ, ജോസ് കെ മാണി നേരിട്ട് സ്വീകരിച്ചു. അഭിപ്രായ ഭിന്നതകൾ അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടണമെന്നും യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രചാരണത്തിൽ നിന്നും വിട്ട് നിന്നിരുന്ന പി ജെ ജോസഫ്, എ കെ ആന്റണി പങ്കെടുക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ധാരണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP