Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

മംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഡനുമെല്ലാം ജീവൻ നൽകിയ ചാലപ്പുറത്തുകാരന്റെ മനസ് മാറി; കോഴിക്കോട് നോർത്തിൽ ഇടത് സ്ഥാനാർത്ഥിയായി രഞ്ജിത് മത്സരിക്കും; മൂന്നുതവണ മത്സരിച്ച ജനകീയനായ എ.പ്രദീപ് കുമാർ ഔട്ട്

മംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഡനുമെല്ലാം ജീവൻ നൽകിയ ചാലപ്പുറത്തുകാരന്റെ മനസ് മാറി;  കോഴിക്കോട് നോർത്തിൽ ഇടത് സ്ഥാനാർത്ഥിയായി രഞ്ജിത് മത്സരിക്കും; മൂന്നുതവണ മത്സരിച്ച ജനകീയനായ എ.പ്രദീപ് കുമാർ ഔട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്കായി തിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങിയ സിപിഎമ്മും ഇടതുമുന്നണിയും, പരമാവധി സീറ്റുകൾക്കായി ഇത്തവണയും സെലിബ്രിറ്റികളുടെ പിന്നാലെയാണ്. മൂന്നുതവണ മത്സരിച്ചവർ മാറണമെന്ന പൊതുധാരണ പ്രകാരം, സിപിഎം ശക്തികേന്ദ്രമായ കോഴിക്കോട് നോർത്തിൽ ജനകീയനായ എ.പ്രദീപ് കുമാർ ഔട്ടായി. ഇന്നസെന്റിന്റെയും മുകേഷിന്റെയും പിന്നാലെ വെള്ളിത്തിരയിൽ നിന്ന് മറ്റൊരാൾ കൂടി മത്സരത്തിനായി കച്ചമുറുക്കി ഇറങ്ങുന്നു. സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ മത്സരിക്കും.

\മണ്ഡലത്തിലെ താമസക്കാരൻ എന്നതും രഞ്ജിത്തിന് അനുകൂലമായി. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.

ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായി സിനിമയിലെത്തി പിന്നീട് സംവിധായകനായ രഞ്ജിത് അഭിനയത്തിലും കൈനോക്കി. ആദ്യം താൻ മത്സരിക്കാൻ ഇല്ലെന്ന് നിലപാടിലായിരുന്നു രഞ്ജിത്ത്. പിന്നീട് പാർട്ടിയുടെ സമ്മർദ്ദമേറിയപ്പോൾ രംഗത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. മധ്യവർഗ ഹിന്ദു വോട്ടുകൾക്ക് സ്വാധീനമുള്ള നോർത്ത് മണ്ഡലത്തിൽ പ്രദീപ് കുമാറല്ലെങ്കിൽ സാധ്യത പട്ടികയിലുള്ളവരിൽ പ്രധാനി രഞ്ജിത്തായിരുന്നു. കോഴിക്കോട് ബാലുശ്ശേരി കരുമല സ്വദേശിയായ രഞ്ജിത് കോർപറേഷൻ പരിധിയിലുള്ള ചാലപ്പുറത്താണിപ്പോൾ താമസം.

മത്സരിക്കാൻ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു.പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎൽഎമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായെന്നാണ് വിവരം.പാർട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികൻ കൂടിയാണ് രഞ്ജിത്. കെ.എസ്.യു അധ്യക്ഷൻ അഭിജിത്തിനെയാണ് യുഡിഎഫ് കോഴിക്കോട് നോർത്തിൽ പരിഗണിക്കുന്നത്. ബിജെപിക്കായി എം ടി.രമേശ് മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്.

സിനിമാ മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു രഞ്ജിത്തിന്റെ പോസ്റ്റ്.

രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരിക്കൽ കൂടി

'വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർത്ഥിച്ചു. അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു.അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും.

ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...'

ജനകീയനായ പ്രദീപ് കുമാർ ഔട്ട്

മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എ പ്രദീപ് കുമാർ വിജയിച്ച മണ്ഡലമാണ് കോഴിക്കോട് നോർത്ത്. കേരളത്തിനാകെ മാതൃകയായ നടക്കാവ് സ്‌കൂൾ പോലുള്ള പൊതുവിദ്യാലയങ്ങളുടെ നവീകരണം നടപ്പാക്കിയത് പ്രദീപിന്റെ നേതൃത്വത്തിലാണ്. 2011ൽ കോൺഗ്രസിലെ പിവി ഗംഗാധരനെയായിരുന്നു പ്രദീപ് കുമാർ നേരിട്ടത്. അന്ന് 8,968 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോഴിക്കോട് നോർത്ത് സിപിഎമ്മിന് നൽകിയത്. പ്രദീപ് കുമാറിന് 57,123 വോട്ടുകൾ ലഭിച്ചപ്പോൾ, ഗംഗാധരന് ലഭിച്ചത് 48,125 വോട്ടുകൾ മാത്രം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മണ്ഡലം നിലനിർത്താൻ സിപിഎം പ്രദീപ് കുമാറിനെ തന്നെയാണ് നിയോഗിച്ചത്. കോൺഗ്രസിലെ പിഎം സുരേഷ് ബാബുവായിരുന്നു ഇത്തവണ എതിരാളി. സംസ്ഥാനത്താകെ വീശിയ ഇടത് തരംഗം കോഴിക്കോട് നോർത്തിനെയും സ്വാധീനിച്ചപ്പോൾ പ്രദീപ് കുമാറിന് ലഭിച്ചത് 27,873 വോട്ടുകളുടെ ഭൂരിപക്ഷം. പ്രദീപ് കുമാറിന് 64,192 വോട്ടുകൾ ലഭിച്ചപ്പോൾ സുരേഷ് ബാബുവിന്റെ പിന്തുണ 36,319 വോട്ടിൽ ഒതുങ്ങി.

2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലം ഉൾപ്പെടുന്ന കോഴിക്കോട് ലോക് സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് എ പ്രദീപ് കുമാർ തന്നെയാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായിരുന്ന എംകെ രാഘവനോട് സ്വന്തം മണ്ഡലത്തിലും പ്രദീപ് കുമാറിന് പിന്നോട്ട് പോകേണ്ടി വന്നിരുന്നു. എംകെ രാഘവന് കോഴിക്കോട് നോർത്തിൽ 54,246 വോട്ടുകൾ ലഭിച്ചപ്പോൾ പ്രദീപ് കുമാറിന്റെ പിന്തുണ 49,688 വോട്ടിൽ ഒതുങ്ങി. കോഴിക്കോട് നോർത്തിൽ യുഡിഎഫിന് 4558 വോട്ടിന്റെ ലീഡും ലഭിച്ചു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുപക്ഷം ഭൂരിപക്ഷം തിരിച്ചുപിടിച്ചു എന്നത് മുന്നണിക്ക് പ്രതീക്ഷയേകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP