Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങി ബിജെപി; കാർഷിക മേഖലയുടെ തകർച്ച വീഴ്ചയ്ക്ക് ആക്കം കൂട്ടി; പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത് ആയുധമാക്കി പ്രതിപക്ഷം; കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി കൂടിയായപ്പോൾ അടിപതറി ബിജെപി നേതൃത്വം; രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പറയാൻ കാരണങ്ങൾ ഏറെ

വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങി ബിജെപി; കാർഷിക മേഖലയുടെ തകർച്ച വീഴ്ചയ്ക്ക് ആക്കം കൂട്ടി; പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത് ആയുധമാക്കി പ്രതിപക്ഷം; കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി കൂടിയായപ്പോൾ അടിപതറി ബിജെപി നേതൃത്വം; രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പറയാൻ കാരണങ്ങൾ ഏറെ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: കാലിന് അടിയിലെ മണ്ണുചോർന്നു പോകുന്ന അവസ്ഥ. രാജസ്ഥാനിൽ ബിജെപിയുടെ സ്ഥിതി ഇപ്പോൾ ഇതാണ്. വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തിൽ ഭരണത്തുടർച്ച സ്വപ്നം കാണുന്നുണ്ടെങ്കിലും സഫലമാകാത്ത ഒരു സ്വപ്നമാണിതെന്ന് രഹസ്യമായിട്ടെങ്കിലും ബിജെപി സമ്മതിക്കും. കാർഷികമേഖയുടെ തകർച്ചയും ഭരണവിരുദ്ധ വികാരവും ഇന്ധനവില വർധനയുമെല്ലാം ബിജെപിയുടെ പ്രഭാവത്തിന് മങ്ങലേല്പിച്ചതിനു പിന്നാലെ ദൗസ എംപിയും നാഗോർ എംഎൽഎയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതോടെ അവസാന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.

വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങിക്കിടക്കുന്ന വോട്ട്
രാജസ്ഥാനിലെ സുപ്രധാന തെരഞ്ഞെടുപ്പു വിഷയമായിരുന്നു വെളുത്തുള്ളി. ഒരു കിലോ വെളുത്തുള്ളി വിറ്റാൽ കർഷകർക്ക് ഒടുവിൽ കൈയിലെത്തുന്നത് രണ്ടു രൂപാ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉത്പാദനത്തിന്റെ നല്ലൊരു ഭാഗവും രാജസ്ഥാനിൽ നിന്നാകയാൽ വെളുത്തുള്ളി കർഷകരുടെ രാഷ്ട്രീയ നിലപാട് ഇവിടെ അധികാരത്തിൽ ആരു വരണമെന്നതിൽ നിർണായകമാണ്. 2016-ൽ ഒരു കിലോ വെളുത്തുള്ളിക്ക് സീസണിൽ കർഷകർക്ക് 100 രൂപയ്ക്ക് മുകളിൽ ലഭിച്ചിരുന്നു. ഒരു ക്വിന്റൽ വെളുത്തുള്ളി 13,000 രൂപയ്ക്കു വരെ വിറ്റ ചരിത്രം ഇവിടുത്തെ കർഷകർക്കുണ്ട്.

എന്നാൽ നോട്ട് നിരോധനം വന്നതോടെ എല്ലാം കീഴ്മേൽ മറിയുകയായിരുന്നു. പിന്നീടങ്ങോട്ട് കുത്തനെ വിലയിടിവാണ് കർഷകർക്ക് നേരിടേണ്ടി വന്നത്. കൃഷിക്ക് ചെലവാക്കുന്ന തുക പോലും കൈയിൽ കിട്ടാത്ത അവസ്ഥയിലായി കർഷകർ. കഴിഞ്ഞ രണ്ടു വർഷം സംസ്ഥാനത്ത് വെളുത്തുള്ളി ഉൽപ്പാദനം വർദ്ധിച്ചതും തിരിച്ചടിയായി. ഉത്പാദനം വർധിച്ചതോടെ കർഷകർക്ക് കിലോയ്ക്ക് രണ്ട് രൂപയും മാത്രം കിട്ടുന്ന അവസ്ഥയായി. വെളുത്തുള്ളി കർഷകരെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. വിലയിടിവിനെ തുടർന്ന് ഈ വർഷം അഞ്ചു വെളുത്തുള്ളി കർഷകരാണ് ആത്മഹത്യ ചെയ്തത്. ഗ്രാമീണ മേഖലകളിൽ ഉയർന്നിരിക്കുന്ന ജനരോഷം ബിജെപി സർക്കാരിന് പ്രതികൂലമായി തന്നെ ഇത്തവണ ബാധിക്കും. വിളകളുടെ വില മെച്ചപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും വോട്ടായി പെട്ടിയിൽ വീഴാൻ സാധ്യതയില്ല.

പാർട്ടിയിലെ ഭിന്നത
ബിജെപിയുടെ അടിത്തറ ഇളക്കിക്കൊണ്ട് കൂട്ടരാജി തുടരുന്നത് പാർട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല. ദൗസ മണ്ഡലത്തിൽ നിന്നുള്ള എംപി ഹരീഷ് ചന്ദ്ര മീണ ബുധനാഴ്ചയാണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. സീറ്റ് നിഷേധിച്ചതിലും മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികളെ പട്ടികയിൽ കുത്തിത്തിരുകിയതിലും പ്രതിഷേധിച്ച് മന്ത്രിയായ സുരേന്ദ്ര ഗോയലും മുൻ ജനറൽ സെക്രട്ടറി കുൽദീപ് ദാൻഖറും എംഎൽഎ ഹാബിബുർ റഹ്മാനും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്രസിങ് കഴിഞ്ഞമാസം ബിജെപിവിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.

ജാതി സമവാക്യങ്ങൾ ശക്തമായിട്ടുള്ള രാജസ്ഥാനിൽ കിഴക്കൻ മേഖലകളിൽ നിർണായമാകുന്ന മീണ വിഭാഗത്തിൽ നിന്നുള്ള മീണ വിഭാഗത്തിൽ നിന്നുള്ള ഹരീഷ് ചന്ദ്രയുടെ രാജി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്. പാളയത്തിൽ പട എന്ന അവസ്ഥ നേരിടുന്ന ബിജെപിക്ക് ഇവയെ മറികടക്കാൻ നിലവിലുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിജെപിയിലെ അസ്വാരസ്യം മറനീക്കി പുറത്തു വന്നതോടെ ബിജെപിയുടെ പ്രധാന കോട്ടയായ രാജസ്ഥാൻ കൈവിട്ടു പോകുമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള ഭിന്നതയും സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. വസുന്ധര രാജെയുടെ പ്രവർത്തനരീതികളോട് കടുത്ത എതിർപ്പുള്ള വലിയൊരു പക്ഷവും പാർട്ടിക്കുള്ളിലുണ്ട്.

ഭരണവിരുദ്ധ വികാരം
വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. 2003 മുതൽ 2008 വരെയും പിന്നീട് 2013 മുതൽ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ വാണ വസുന്ധര രാജെ സിന്ധ്യയ്ക്ക് പക്ഷേ ജനങ്ങളുടെ മനസിൽ കൂടുകൂട്ടാൻ സാധിച്ചില്ലെന്നു വേണം പറയാൻ. 67 മണ്ഡലങ്ങളിലെ വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ 65 ശതമാനം പേരും അതൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ വസുന്ധര രാജെ പരാജയമാണെന്നാണ് 48 ശതമാനത്തിന്റെ വിലയിരുത്തൽ.

നിരവധി പുതുമുഖങ്ങളെ അവതരിപ്പിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ഇത്തവണ ബിജെപി ശ്രമിച്ചത്. ആഭ്യന്തര മന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെയെല്ലാം ജനങ്ങൾക്കിടയിൽ വിരുദ്ധാഭിപ്രായം ഉണ്ട്. പുതുമുഖങ്ങളെ അവതരിപ്പിച്ചപ്പോൾ പലർക്കും സീറ്റ് നഷ്ടമായി. ഇതും പാർട്ടിക്കുള്ളിൽ തന്നെ ബിജെപിക്കേറ്റ് തിരിച്ചടിയാണ്. പാർട്ടിയുടെ പ്രധാന വോട്ടു ബാങ്കായ രജപുത്രർ അടക്കമുള്ളവർ ഇടഞ്ഞുതന്നെയാണ് നിൽക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയുള്ള ഏകാധിപത്യ ഭരണത്തിൽ കടുത്ത എതിർപ്പാണ് പാർട്ടിക്കുള്ളിലും പുറത്തും അലയടിക്കുന്നത്.

കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്
ഭരണം തിരിച്ചുപിടിക്കാമെന്ന് ഏതാണ്ട് ഉറപ്പായ കോൺഗ്രസ് തുടക്കം മുതൽ തന്നെ മികച്ച തന്ത്രങ്ങൾ മെനയുകയായിരുന്നു. ഉള്ളിലുള്ള വിമതരെ തന്നെ കൂട്ടുപിടിച്ച് ബിജെപിയെ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണ് ആദ്യം മുതൽ ഇവിടെ പരീക്ഷിച്ചത്. കാർഷിക മേഖലയുടെ ഇടിവ്. കർഷക ആത്മഹത്യ, ഇന്ധനവില തുടങ്ങിയവയെല്ലാം എടുത്തു കാട്ടി ബിജെപി സർക്കാരിനെ താഴെയിറക്കാൻ പയറ്റുന്ന കോൺഗ്രസ് അധികാര വഴിയിലേക്കുള്ള തിരിച്ചുവരവാണ് സ്വപ്നം കാണുന്നത്. സമുദായ-ജാതസമവാക്യങ്ങൾ പാലിച്ചു നോട്ടം കൊയ്യാനും കോൺഗ്രസ് ഇവിടെ ശ്രമിക്കുന്നുണ്ട്. ഒബിസി വിഭാഗത്തിൽ പെട്ട സച്ചിൻ പൈലറ്റ് (ഗുജ്ജർ), അശോക് ഗലോട്ട്(മാലി) എന്നിവരുടെ സാന്നിധ്യം ഇതിൽ നിർണായകമാണ്.

പൊതുവേ പാർട്ടിക്കുള്ളിൽ ഉണ്ടാകാറുള്ള ചേരിപ്പോര് ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ കോൺഗ്രസ് രാജസ്ഥാനിൽ പയറ്റുന്നത്. സച്ചിൻ പൈലറ്റിനേയും അശോക് ഗലോട്ടിനേയും ഒരേ പ്രാധാന്യത്തോടെ തന്നെ ഉയർത്തിക്കാട്ടിയാണ് ചേരിപ്പോര് ഒഴിവാക്കിയിരിക്കുന്നത്. രണ്ടും കല്പിച്ച് കളത്തിലിറങ്ങിയിരിക്കുന്ന കോൺഗ്രസ് ഏതുവിധേനയും അധികാരം പിടിച്ചെടുക്കും എന്ന മട്ടിൽ തന്നെയാണ് മുന്നേറുന്നത്. അതുകൊണ്ടു തന്നെ എല്ലാ സർവേ ഫലങ്ങളും ഇവിടെ കോൺഗ്രസിന് അനുകൂലമാണ്. ബിജെപിക്ക് ഉടനെയൊരു തിരിച്ചുവരവ് അസാധ്യം എന്നു തന്നെയാണ് എല്ലാ ഫലങ്ങളും ചൂണ്ടിക്കാട്ടുന്നത്.

മൂന്നാം മുന്നണിയുടെ സാന്നിധ്യം
പത്രികാ സമർപ്പണം ആരംഭിച്ച സംസ്ഥാനത്ത് മൂന്നാം മുന്നണിയുടെ സാന്നിധ്യം ബിജെപിയുടേയും കോൺഗ്രസിന്റേയും ഉറക്കം കെടുത്തുന്നതാണ്. ബിജെപി വിട്ട ജാട്ട് നേതാവ് ഹനുമാൻ ബേനിവാൾ എംഎൽഎ, ബ്രാഹ്മണ നേതാവ് ഘനശ്യാം തിവാരി എംഎൽഎ, എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണിക്കുള്ള കളമൊരുങ്ങുന്നത്. ഇവരുടെ രാഷ്ട്രീയലോക് താന്ത്രിക് പാർട്ടി, വാഹിനി പാർട്ടി എന്നിവ സിപിഎം നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ 200 സീറ്റുകളിൽ മത്സരിക്കുന്ന ബിഎസ്‌പിയേയും കൂടെക്കൂട്ടാൻ ഇവർ ശ്രമിക്കുന്നുണ്ട്. പ്രബലർ ഒരുമിക്കുന്ന മൂന്നാം മുന്നണിയുടെ സാന്നിധ്യം ഭൂരിപക്ഷം കുറയ്ക്കാൻ പോലും വഴിവച്ചേക്കും.

ജാതി സമവാക്യങ്ങൾ
ജാതി സമവാക്യങ്ങൾ ഏറ്റവും വിജയകരമായി അനുകൂലമാക്കിയിട്ടുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. രജപുത്ര, ജാട്ട്, ഗുജ്ജർ, മീണ തുടങ്ങിയ വിഭാഗങ്ങളാണ് ഇതിൽ പ്രധാനം. ബിജെപിക്ക് അനുകൂലമായി രജപുത്രർ വോട്ടു ചെയ്യുമ്പോൾ കോൺഗ്രസ് അനുഭാവികളാണ് ജാട്ടുകൾ. പരമ്പരാഗതമായി ഇത്തരത്തിലാണ് ജാതി വോട്ടുകൾ വിഭജിക്കപ്പെടുന്നത്. വസുന്ധര രാജെയുടെ ഭരണത്തിൽ രജപുത്രർ തികച്ചും അതൃപ്തരാണെന്നുള്ള കാര്യം പകൽപോലെ വ്യക്തമാണിപ്പോൾ. വസുന്ധരാ രാജെയുടെ പല തീരുമാനങ്ങളിലും പാളിച്ച പറ്റി എന്നു വിശ്വസിക്കുന്നവരാണ് രജപുത്രരിൽ ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP