Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ലാതെ രാജാജി; സ്വന്തം വീടില്ലാത്തതിനാൽ മാറി മാറി താമസിക്കേണ്ടി വന്നത് 39 വാടകവീടുകളിൽ; ഇപ്പോൾ താമസം സഹോദരീ ഭർത്താവിന്റെ വീട്ടിൽ; യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ആസ്തി 23.07 ലക്ഷം രൂപ; 19 ലക്ഷം മതിപ്പുവിലയുള്ള ഇന്നോവ കാറും 12 ലക്ഷം രൂപ വരുന്ന കൃഷിഭൂമിയും പ്രതാപന് സ്വന്തം; പൊരിഞ്ഞ പോര് നടക്കുന്ന പൂരങ്ങളുടെ നാട്ടിൽ ഇടതു-വലതു മുന്നണി സ്ഥാനാർത്ഥികൾ നൽകിയ നാമനിർദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങനെ

സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ലാതെ രാജാജി; സ്വന്തം വീടില്ലാത്തതിനാൽ മാറി മാറി താമസിക്കേണ്ടി വന്നത് 39 വാടകവീടുകളിൽ; ഇപ്പോൾ താമസം സഹോദരീ ഭർത്താവിന്റെ വീട്ടിൽ; യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ആസ്തി 23.07 ലക്ഷം രൂപ; 19 ലക്ഷം മതിപ്പുവിലയുള്ള ഇന്നോവ കാറും 12 ലക്ഷം രൂപ വരുന്ന കൃഷിഭൂമിയും പ്രതാപന് സ്വന്തം; പൊരിഞ്ഞ പോര് നടക്കുന്ന പൂരങ്ങളുടെ നാട്ടിൽ ഇടതു-വലതു മുന്നണി സ്ഥാനാർത്ഥികൾ നൽകിയ നാമനിർദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങനെ

കെ.എം.അക്‌ബർ

തൃശൂർ: പൊരിഞ്ഞ പോരാണ് പൂരങ്ങളുടെ നാട്ടിൽ ഇത്തവണ നടക്കുന്നത്. ഇടതു-വലതു മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക നൽകി കഴിഞ്ഞു. പ്രചാരണവും മൂന്നു റൗണ്ട് വരെ പൂർത്തിയാക്കി. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ല. വീടുമില്ല. അതുകൊണ്ടു തന്നെ 39 വാടകവീടുകളിൽ മാറി മാറി താമസിക്കേണ്ടി വന്നു രാജാജിക്ക്. സഹോദരി ഷീലയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ജയദീപിന്റെ പേരിലുള്ള കണ്ണാറയിലെ വീട്ടിലാണ് താമസം. കടബാധ്യതയുള്ളത് 20 ലക്ഷം രൂപ. സ്വന്തമായി വാഹനമില്ല. 30,296 രൂപ ബാങ്കിൽ നിക്ഷേപമായുണ്ട്.

5000 രൂപ പണമായി കൈയിലുമുണ്ട്. ഭാര്യ ശാന്തയുടെ പേരിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന 28 സെന്റ് ഭൂമിയും ഒരു പവൻ സ്വർണവുമുണ്ട്. മകൾ ധുന മരിയ ഭാർഗവിക്ക് ഒരു പവൻ സ്വർണവുമുണ്ട്. ഇതിന് 22400 രൂപ വീതം വില കണക്കാക്കുന്നു. ഭാര്യയുടെ കൈവശം 3000 രൂപയും മകളുടെ കൈവശം 1000 രൂപയുമുണ്ട്. സഹോദരീ ഭർത്താവ് ജയദീപിന്റെ പേരിലുള്ള കണ്ണാറയിലെ വീട് നിൽക്കുന്ന സ്ഥലം ഈടു നൽകിയാണ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തിട്ടുള്ളത്. രാജാജിയുടെ പേരിൽ കേസുകൾ നിലവിലില്ല. അതേസമയം, തൃശൂർ ലോകസഭാ യു.ഡി.എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ ആസ്തി 23.07 ലക്ഷം രൂപ.

കയ്യിലുള്ളത് 30,000 രൂപയും ഭാര്യയുടെ കൈവശമുള്ളത് 5,000 രൂപയും. 19 ലക്ഷം മതിപ്പുവിലയുള്ള ഇന്നോവ കാർ പ്രതാപനുണ്ട്. വാഹന വായ്പയുൾപ്പെടെ 10 ലക്ഷം രൂപയുടെ ബാധ്യതയും. ഭാര്യയുടെ പേരിലുള്ള 25 ലക്ഷം രൂപ മൂല്യമുള്ള വീടാണ് പ്രതാപനുള്ളത്. 12 ലക്ഷം രൂപ വരുന്ന കൃഷിഭൂമിയുമുണ്ട്. ഭാര്യയുടെ കൈവശം 9.60 ലക്ഷം രൂപ വിലവരുന്ന 320 ഗ്രാം സ്വർണമുണ്ട്. ഭാര്യയുടെ പേരിലുള്ള ആസ്തി 13.90 ലക്ഷം രൂപയാണ്. വിദ്യാഭ്യാസ വായ്പയുൾപ്പെടെ 19 ലക്ഷം രൂപയാണ് ആശ്രിത ബാധ്യത. ആശ്രിതരുടെ കൈവശമുള്ളത് 24 ലക്ഷം രൂപയാണ്. ഏഴു കേസുകളാണ് പ്രതാപനെതിരെ നിലവിലുള്ളത്.

മലയാള മനോരമയുടെ ബാലജനസഖ്യത്തിലെ പ്രവർത്തനങ്ങളിലൂടെ ആരംഭം കുറിച്ച രാജാജിക്ക് മികച്ച സംഘാടന മികവുണ്ടെന്ന് ഏവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്ന കാര്യമാണ്. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ ബാലജന സഖ്യത്തിന്റെ മേഖലയിലെ അമരക്കാരനായി. തൃശൂർ സെന്റ് അലോഷ്യസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് യൂണിയൻ മാഗസിൻ എഡിറ്ററായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീകേരള വർമ്മ കോളേജിലെ ബിരുദ പഠന കാലത്താണ് എഐഎസ്എഫിന്റെ സജീവാംഗമാകുന്നത്. യൂണിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായി. പിന്നീട് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.

വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കിടെയാണ് കമ്യൂണിസ്റ്റു പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ തൃശൂർ ജില്ലാ ലേഖകൻ എന്ന നിലയിൽ മാധ്യമ രംഗത്തേക്ക് കടക്കുന്നത്. എഐവൈഎഫ് മുഖപത്രമായ 'യൂത്ത് ലൈഫി'ന്റെ പത്രാധിപ ചുമതല ഏറ്റെടുത്തതോടെ രാജാജിയുടെ പ്രവർത്തന മേഖല ഡൽഹിയായി. ഈ ഘട്ടത്തിലാണ് ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെഡറേഷൻ മുഖപത്രമായ 'വേൾഡ് യൂത്തി'ന്റെ പത്രാധിപസമിതി അംഗമായി. 2011 മുതൽ 13 വരെ ജനയുഗം എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. 2015 മുതൽ ജനയുഗം പത്രാധിപരാണ്.

1985 മുതൽ 96 വരെ ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്ന രാജാജിയുടെ പ്രവർത്തനം ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 78 രാജ്യങ്ങളിൽ യുവജന ഫെഡറേഷൻ ഉപാധ്യക്ഷനെന്ന നിലയിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ലോക യുവജന ഫെഡറേഷന്റെ ഏഷ്യൻ ഫെസഫിക് തലവനായിരുന്നു. ഒപ്പം മുഖപത്രമായ വേൾഡ് യൂത്തിന്റെ പത്രാധിപ സമിതി അംഗവുമായി രാജാജി. 1985-ൽ മോസ്‌കോയിൽ നടന്ന 12ാം ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ലീഡറായി. ഉത്തര കൊറിയയിൽ നടന്ന 13ാം ലോക യുവജന സമ്മേളനത്തിന്റെ സ്ഥിരം സമിതി കോ-ഓർഡിനേറ്റർ പദവി നിർവഹിക്കാനുള്ള ചുമതല രാജാജിക്കായിരുന്നു.

ലോക സാമ്രാജ്യത്വ വിരുദ്ധ പോരാളിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം വുഫ്ഡി ഡിപ്ലോമ' ലഭിച്ച ഇന്ത്യൻ യുവനേതാവാണ് രാജാജി മാത്യു തോമസ്. പ്രതിവിപ്ലവകാരികൾക്കെതിരെ നിക്വരാഗൻ സ്റ്റാന്റിനിസ്റ്റുകൾ നടത്തിയ പോരാട്ടങ്ങൾക്ക് പിന്തുണകൊടുക്കാൻ ലോക യുവജന പ്രസ്ഥാനം നിയോഗിച്ചത് ഉപാധ്യക്ഷനായ രാജാജിയെയായിരുന്നു. ഫലസ്തീൻ വിമോചന പോരാട്ടത്തിന് ശക്തിപകർന്ന് ലോകത്തെമ്പാടും ഐക്യദാർഢ്യ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിലും ലോക യുവജന നേതാവ് എന്ന നിലയിൽ രാജാജി നിർണായക പങ്ക് വഹിച്ചു.

വർണ്ണവിവേചനത്തിനെതിരെയും കോളനി വാഴ്ചയ്ക്കെതിരെയും ആഫ്രിക്കൻ നാടുകളിൽ നടന്ന പോരാട്ടങ്ങളിലും രാജാജിയുടെ പങ്കാളിത്തം പറയുന്നുണ്ട്. 1990ൽ സൗത്ത് ആഫ്രിക്കൻ രാഷ്ട്രമായ നമീബിയയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആ നാട്ടിലെ സ്വാതന്ത്ര്യ സമര പോരാളികൾക്കൊപ്പം സാർവദേശീയ യുവജന സംഘടനയും രാജാജിയെ പോലുള്ള അതിന്റെ പ്രതിനിധികളും അഭിനന്ദിക്കപ്പെട്ടിരുന്നു.

ഇന്ത്യൻ യുവജന ഫെഡറേഷന്റെ (എഐവൈഎഫ്) ദേശീയ ജനറൽ സെക്രട്ടറിയായി രണ്ടു ടേം രാജാജി പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ യുവജന സംഘടനകളുടെ വേദിയായ ലോക യുവജന ഫെഡറേഷന്റെ നേതാവായിരുന്ന രാജാജി മാത്യു തോമസ് വി പി സിങ് സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാരിനു കീഴിലുള്ള യുവജന കമ്മീഷനിൽ അംഗമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP