Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പ്രതിയായതോടെ സിപിഐയിൽ നിന്നും പുറത്താക്കി; വർഷങ്ങൾക്ക് ശേഷം സിപിഎമ്മിലെത്തി; ഇത്തവണ രാജഗോപാൽ പന്നിയങ്കരയിൽ നിന്ന് വീണ്ടും കോർപറേഷനിലേക്ക് മത്സരിക്കുന്നു; കുഞ്ഞാലിക്കുട്ടി കൂടി ഉൾപ്പെട്ട കേസായതിനാൽ പ്രചരണായുധമാക്കാനാവാതെ യുഡിഎഫും

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പ്രതിയായതോടെ സിപിഐയിൽ നിന്നും പുറത്താക്കി; വർഷങ്ങൾക്ക് ശേഷം സിപിഎമ്മിലെത്തി; ഇത്തവണ രാജഗോപാൽ പന്നിയങ്കരയിൽ നിന്ന് വീണ്ടും കോർപറേഷനിലേക്ക് മത്സരിക്കുന്നു; കുഞ്ഞാലിക്കുട്ടി കൂടി ഉൾപ്പെട്ട കേസായതിനാൽ പ്രചരണായുധമാക്കാനാവാതെ യുഡിഎഫും

ജാസിം മൊയ്ദീൻ

കോഴിക്കോട്; കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ്. ഇന്നത്തെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലഘട്ടം. കുഞ്ഞാലിക്കുട്ടിയെ പോലെ തന്നെ ഈ കേസുമായി രാഷ്ട്രീയ ജീവിതത്തിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ട ഒരാളായിരുന്നു അന്നത്തെ കോഴിക്കോട് കോർപറേഷൻ മേയറായിരുന്ന ഒ രാജഗോപാൽ.

സിപിഐ നേതാവായിരുന്ന അദ്ദേഹത്തെ കേസിൽ പ്രതിചേർക്കപ്പെട്ടതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐയിൽ നിന്നും പുറത്താക്കിയ ഒ രാജഗോപാൽ വർഷങ്ങൾക്ക് ശേഷം സിപിഎമ്മിൽ ചേർന്നു. ആരോപണം ഉയർന്ന് 23 വർഷങ്ങൾക്ക് ശേഷം മുൻ സിപിഐ നേതാവും കോഴിക്കോട് കോർപറേഷൻ മേയറുമായിരുന്ന ഒ രാജഗോപാൽ ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. കോഴിക്കോട് കോർപറേഷനിലേക്ക് പന്നിയങ്കര വാർഡിൽ നിന്നും ഇടതുമുന്നണിക്ക് വേണ്ടി സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിട്ടാണ് ഒ രാജഗോപാൽ ജനവിധി തേടുന്നത്.

1988ലും 94ലും കോഴിക്കോട് കോർപറേഷനിൽ സിപിഐ പ്രതിനിധിയായിരുന്ന അദ്ദേഹം ഇത്തവണ സിപിഎം സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. സിപിഐയിൽ നിന്ന് പുറത്താക്കി ആറ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സിപിഎമ്മിൽ ചേർന്നിരുന്നു. നിലവിൽ സിപിഎമ്മിന്റെ പന്നിയങ്കര ലോക്കൽ കമ്മറ്റി അംഗംകൂടിയാണ് ഒ രാജഗോപാൽ. നേരത്തെ അദ്ദേഹം മേയറായിരുന്ന സമയത്ത് പ്രതിനിധീകരിച്ചിരുന്ന പന്നിയങ്കര വാർഡിൽ നിന്നു തന്നെയാണ് ഇത്തവണ അദ്ദേഹം ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് തവണകളായി എൽഡിഎഫിന് നഷ്ടപ്പെട്ട വാർഡ് മുൻ കൗൺസിലറിലൂടെ തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒ രാജഗോപാലിനെ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.

അതേ സമയം ഒ രാജഗോപാലിനെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ പ്രചരണായുധമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം. കാരണം ഒ രാജഗോപാൽ ഉൾപ്പെട്ട കേസിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്ന് തങ്ങളുടെ ഏറ്റവും മുതിർന്ന നേതാവായ പികെ കുഞ്ഞാലിക്കുട്ടിയുടേതാണ് എന്നതാണ്. ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് അറിയപ്പെടുന്നത് തന്നെ കുഞ്ഞാലിക്കുട്ടിയുടെ പേരിനോടൊപ്പം ചേർത്താണ്.

അതു കൊണ്ട് തന്നെ ഈ കേസിന്റെ പേരിൽ ഒ രാജഗോപാലിനെതിരെ പ്രചരണം നടത്താൻ യുഡിഎഫിനും കഴിയില്ല. എന്നാൽ ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ പശ്ചാത്തലത്തിൽ ഐസ്‌ക്രീം പാർലർപെൺവാണിഭ കേസ് വീണ്ടും പ്രചരണായുധമാക്കിയിരിക്കുകയാണ് ബിജെപി. കളങ്കിതരായവരെയാണ് സിപിഎം മത്സരിപ്പിക്കുന്നത് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പറഞ്ഞത്.

1997ൽ റജീനയെന്ന സ്ത്രീയുടെ വെളപ്പെടുത്തലോടു കൂടിയാണ് ഐസ്‌ക്രീംപാർലർ കേസ് ഉയർന്നു വരുന്നത്. രണ്ട് പെൺകുട്ടികളുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു റജീനയുടെ വെളിപ്പെടുത്തലുകൾ. ഐസ്‌ക്രീം പാർലർ ഉടമ ശ്രീദേവിക്ക് രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമായിരുന്നു കേസിൽ ഒ രാജഗോപാലിനും സിപിഎം നേതാവായിരുന്ന ടിപി ദാസനുമെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനം.ഒ രാജഗോപാലിനൊപ്പം തന്നെ കേസിൽ പ്രതി ചേർക്കപ്പെടുകയും ആരോപണ വിധേയനാകുകയും ചെയ്തിരുന്ന ഒരാളായിരുന്നു സിപിഎം നേതാവായിരുന്ന ടിപി ദാസൻ. എന്നാൽ ടിപി ദാസൻ സിപിഎമ്മിൽ തന്നെ തുടർന്നു. കേസ് നടക്കുന്ന കാലത്ത് കോർപറേഷൻ മേയറായിരുന്ന ഒ രാജഗോപാലിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും നടന്നു. ഒ രാജഗോപാലിന് മേയർ സ്ഥാനത്തുനിന്നും രാജിവെക്കേണ്ടി വന്നു.

പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ കേസ് പിന്നീട് അട്ടിമറിക്കപ്പെട്ടു എന്ന ആരോപണങ്ങളും ഉയർന്നു. കേസ് അട്ടമറിക്കപ്പെട്ടു എന്ന ആരോപണങ്ങൾക്ക് തെളിവായി ജസ്റ്റിസ് നാരായണ പണിക്കർ, ജസ്റ്റിസ് തങ്കപ്പൻ തുടങ്ങിയവരെ സ്വാധീനിച്ചതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP