Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് പ്രിയങ്കയും മലപ്പുറം വയനാട് ഡിസിസി അധ്യക്ഷന്മാരും സാദിഖലി ശിഹാബ് തങ്ങളും; ഒരു മണിക്കൂർ നീണ്ടുനിന്ന റോഡ്‌ഷോയിൽ ആർത്തിരമ്പിയ പ്രവർത്തകർക്ക് കൈകൊടുത്തും കൈവീശിയും രാഹുലും പ്രിയങ്കയും; വെയിലിനെ ചെറുക്കാൻ പ്രവർത്തകർ നൽകിയ തൊപ്പിയും അവഗണിച്ചു; പ്രവർത്തകർ നൽകിയ ത്രിവർണ്ണപതാകയും കൈയിലേന്തി വീശി; 'ഇന്ത്യയുടെ മക്കളാണ്, രണ്ടു പൊന്നുമക്കൾ' എന്ന് പ്രവർത്തകർ: രാഹുൽഷോയിൽ ഇളകിമറിഞ്ഞ് വയനാട്

കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് പ്രിയങ്കയും മലപ്പുറം വയനാട് ഡിസിസി അധ്യക്ഷന്മാരും സാദിഖലി ശിഹാബ് തങ്ങളും; ഒരു മണിക്കൂർ നീണ്ടുനിന്ന റോഡ്‌ഷോയിൽ ആർത്തിരമ്പിയ പ്രവർത്തകർക്ക് കൈകൊടുത്തും കൈവീശിയും രാഹുലും പ്രിയങ്കയും; വെയിലിനെ ചെറുക്കാൻ പ്രവർത്തകർ നൽകിയ തൊപ്പിയും അവഗണിച്ചു; പ്രവർത്തകർ നൽകിയ ത്രിവർണ്ണപതാകയും കൈയിലേന്തി വീശി; 'ഇന്ത്യയുടെ മക്കളാണ്, രണ്ടു പൊന്നുമക്കൾ' എന്ന് പ്രവർത്തകർ: രാഹുൽഷോയിൽ ഇളകിമറിഞ്ഞ് വയനാട്

ആർ പീയൂഷ്

കൽപ്പറ്റ: 'ഇന്ത്യയുടെ മക്കളാണ്, രണ്ടു പൊന്നുമക്കൾ'- രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ട ആവേശം കൊണ്ട് കോൺഗ്രസ് പ്രവർത്തകർ അലറിവിളിച്ചത് ഇങ്ങനെയായിരുന്നു. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കാൻ എത്തിയത് സംസ്ഥാനത്തെ കോൺഗ്രസിന് പകർന്ന ഊർജ്ജം ചെറുതൊന്നുമല്ല. ആവേശം വാനോളം ഉയർത്തയ റോഡ്‌ഷോ ഒരു മണിക്കൂർ നീണ്ടു നിന്നു. കൽപ്പറ്റ നഗരത്തിന് ഉൾക്കാള്ളാൻ ആകുന്നതിലേറെ ജനസഞ്ചയമായിരുന്നു കൽപ്പറ്റയിൽ എത്തിയത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കം മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പതിനായിരങ്ങൾ ഒഴുകി എത്തിയത്.

വയനാട് കണ്ട ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു ഇന്ന് കൽപ്പറ്റയിൽ കണ്ടത്. രാഹുൽ ഗാന്ധിക്ക് വേണ്ടി മണിക്കൂറുകളോളം കാത്തു നിന്നവർ പ്രിയനേതാവിനെ കണ്ട ആവേശത്തിൽ അക്ഷരാർത്ഥത്തിൽ അലറിവിളിക്കുകയായിരുന്നു. ഇന്നലെ രാത്രി രാഹുൽ കരിപ്പൂരിലെത്തിയതു മുതൽ ആവേശത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. കോഴിക്കോട്ട് ഗസ്റ്റ് ഹൗസിനു മുന്നിലും വിക്രം മൈതാനിക്കുമുന്നിലും പുലർച്ചെ തന്നെ പ്രവർത്തകരും നാട്ടുകാരുമായി നൂറുകണക്കിനു പേരെത്തി. കൽപ്പറ്റയിൽ പ്രവർത്തകരുടെ ബാഹുല്യം മൂലം റോഡ് നിറഞ്ഞു. രാഹുലിനെ ഒരുനോക്ക് കാണുക എന്നതു തന്നെയായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

11.06ന് കൽപറ്റയിലെത്തിയ രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. കനത്ത സുരക്ഷയിൽ നാലു നേതാക്കന്മാർക്കൊപ്പം ഇരുവരും കലക്ടറുടെ ചേംബറിലേക്ക്. ഇവിടെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക തിരക്കുകൾ. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു പിന്നാലെ കാത്തിരുന്ന ആയിരക്കണക്കിനു പ്രവർത്തകരുടെ മധ്യത്തിലേക്ക് കോൺഗ്രസിന്റെ ഇളയ തലമുറ. റോഡിനിരുവശവും കാത്തുനിൽക്കുന്ന പ്രവർത്തകർക്കും കൊടുംചൂടിനെ അവഗണിച്ചെത്തിയ സാധാരണക്കാർക്കും അഭിവാദ്യം അർപ്പിച്ച് റോഡ് ഷോയ്ക്ക് തുടക്കം. തിങ്ങിനിറഞ്ഞ ജനസാഗരത്തിനു നടുവിലൂടെ ഇഴഞ്ഞിഴഞ്ഞാണ് വാഹനം മുന്നോട്ടുപോയത്. ജനസഞ്ചയം ഒഴുകി എത്തിയതോടെ എസ്‌പിജിയും സ്ഥിതിഗതികൾ നിയന്തരിക്കാൻ നന്നേ പണിപ്പെട്ടു.

പത്രിക സമർപ്പിക്കാൻ മുതിർന്നവരെ ഒഴിവാക്കി രാഹുൽ

രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി വയനാട്ടിൽ നിന്നു നാമനിർദ്ദേശ പത്രിക നൽകിയപ്പോൾ ഒപ്പം കൂട്ടിയത് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയെ ആയിരുന്നു. കലക്ട്രേറ്റിൽ പത്രിക നൽകാൻ എത്തിയപ്പോൾ നാല് പേരായിരുന്നു ഒപ്പമുണ്ടായിരുന്നത്. പ്രിയങ്കയ്ക്ക പുറമേ വയനാട് ഡിസിസി അധ്യക്ഷൻ ഐ സി ബാലകൃഷ്ണൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി വി പ്രകാശ്, മലപ്പുറം ലീഗ് അധ്യക്ഷൻ സാദിഖ് അലി തങ്ങൾ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. നാല് സെറ്റ് പത്രികയാണ് രാഹുൽ നല്കിയത്. കലക്ട്രർ മുമ്പാകെ സത്യവാാങ്മൂലവും പറഞ്ഞു.

സംസ്ഥാനത്തെ യുഡിഎഫ് ക്യാംപുകളെ മുഴുവൻ ആവേശത്തിലാക്കി പതിനൊന്നരയോടെയായിരുന്നു നാമനിർദ്ദേശ പത്രികാ സമർപ്പണം. സഹോദരി പ്രിയങ്കയും സംസ്ഥാനത്തെ മുതിർന്ന യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. എഴുപതാണ്ടിലെ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു വയനാട് കലക്ടറേറ്റിൽ രാഹുൽ ഗാന്ധി. കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് അധ്യക്ഷൻ ആദ്യമായി ലോക്സഭയിലേക്കു മൽസരിക്കുന്ന ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ പതിനായിരങ്ങളാണ് ആവേശത്തോടെ വയനാട്ടിൽ എത്തിയത്.

ഇളക്കിമറിച്ച് രാഹുൽ -പ്രിയങ്ക ഷോ

കോഴിക്കോട് നിന്ന് പുറപ്പെട്ട് കൽപറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങിയ നിമിഷം മുതൽ അത്യന്തം ആവേശകരമായിരുന്നു രാഹുലിന്റെ ഓരോ നീക്കങ്ങളും. ഹെലികോപ്റ്റർ ഇറങ്ങി തുറന്ന വാഹനത്തിൽ തന്നെയാണ് കലക്ടറേറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. പിൻനിരയിൽ നിന്ന ഉമ്മൻ ചാണ്ടിയ പിടിച്ചു മുന്നിലേക്ക് നിർത്തി യാത്രയുടെ തുടക്കം. ആവേശക്കൊടുമുടിയിലായിരുന്നു വയനാട്ടിലെത്തിയ ഓരോ യുഡിഎഫ് പ്രവർത്തകനും. കോൺഗ്രസിന്റെ ത്രിവർണപതാകകളും മുസ്ലിംലീഗിന്റെ ഹരിതപതാകയും ആഞ്ഞു വീശി.

ഹെലികോപ്ടറിൽ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം കണ്ട രാഹുൽ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.എസ്.ജി.എം കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തിൽ പ്രവർത്തകരോടൊപ്പം കളക്റ്റ്രേറ്റിലേക്ക് പുറപ്പട്ടു.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ഇസഡ് പ്‌ളസ് കാറ്റഗറിയിലാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കേന്തിയ 36 കമാൻഡോകൾ ഫുൾടൈം കൂടെയുണ്ടായിരുന്നു. 15 മിനിറ്റിനകം പത്രിക സമർപ്പണം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം റോഡ്‌ഷോ നടത്തിയത്. ഒരു മണിക്കൂർ നേരമാണ് രാഹുൽ ഗാന്ധി കൽപ്പറ്റനഗരത്തെ ഇളക്കിമറിച്ച് പ്രകടനം നടത്തിയത്.

പ്രിയങ്കഗാന്ധിയുടെ സാന്നിധ്യവും പ്രവർത്തകരെ വളരേയേറെ ആവേശത്തിലാക്കിയത്. ആർത്തിരമ്പിയ പ്രവർത്തകർക്ക് കൈകൊടുത്തും കൈവീശിയും രാഹുലും പ്രിയങ്കയും രംഗം കൊഴുപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആവേശം വാനോളം ഉയർത്തുന്നതായിരുന്നു. തുറന്ന വാഹനത്തിൽ നിന്നും രാഹുലും പ്രിയങ്കയും അണികളെ കൈവീശി കാണിച്ചു. ചുവന്ന സാരി ധരിച്ചായിരുന്നു പ്രിയങ്ക എത്തിയത്. കത്തുന്ന വെയിലിനെയും അവഗണിച്ച് റോഡ്‌ഷോയിൽ ഇരുവരും പങ്കാളികളായി.

 

വെയിലിനെ ചെറുക്കാൻ പ്രവർത്തകർ നൽകിയ തൊപ്പിയും ധരിക്കാൻ ഇവർ വിസമ്മതിച്ചു. പ്രവർത്തകർ നൽകിയ ത്രിവർണ്ണപതാകയും കൈയിലേന്തി വീശുന്ന രാഹുൽ ഗാന്ധിയെും കാണാമായിരുന്നു. റോഡ് ഷോ കടന്നുപോകുന്ന ഇടങ്ങളിൽ കെട്ടിടത്തിന് മുകളിലായി ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെയും രാഹുലിനെയും കാണാൻ നിലകൊണ്ടത്. ഇന്ത്യയുടെ മക്കളാണ്, രണ്ടു പൊന്നുമക്കൾ' എന്നു പറഞ്ഞ് പ്രവർത്തകർ തടിച്ചു ആർത്തിരമ്പി മുദ്രാവാക്യങ്ങലും വിളിച്ചു.

തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പാണക്കാട് സാദിഖലി തങ്ങൾ, ജോസ് കെ മാണി, അനൂപ് ജേക്കബ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലിംലീഗ് പ്രവർത്തകരും ആഘോഷങ്ങളിൽ പങ്കുചേർന്നതോടെ കൽപറ്റ നഗരം അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. എസ്‌പിജിയും കേരള പൊലീസും തണ്ടർ ബോൾട്ടും ചേർന്ന് കർശന സുരക്ഷയാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒരുക്കിയത്. യാത്രാമധ്യേ പലയിടത്തും രാഹുൽ സുരക്ഷാ വലയം ഭേദിച്ച് പ്രവർത്തകരുടെ അടുത്തേക്ക് വന്നത് ആവേശം ഇരട്ടിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അത് തലവേദനയായി.

വയനാട്ടിൽ മത്സരിക്കുന്നത് ഐക്യസന്ദേശം നൽകാനെന്ന് രാഹുൽ

ഒരു മണിക്കൂർ നീണ്ട റോഡ്‌ഷോ അവസാനിപ്പിച്ച് തിരികെ പോകാൻ തുനിഞ്ഞ ഘട്ടത്തിലാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ഇന്ത്യയുടെ ഐക്യത്തിന് വേണ്ടിയാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എത്ര വിമർശിച്ചാലും താൻ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. നരേന്ദ്ര മോദിയുടേത് ഇന്ത്യയെ വിഘടിപ്പിക്കുന്ന നിലപാട്. അദ്ദേഹത്തിന്റെ ഭരണത്തിൽ ദക്ഷിണേന്ത്യക്ക് ആശങ്കയുണ്ടെന്നും. അതുകൊണ്ട് തന്നെ യൂണിറ്റിയെന്ന സന്ദേശം നൽകാനുമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദി സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും ഭാഷയും സംസ്‌കാരവും തകർക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ ഒറ്റ ഇന്ത്യയെന്ന സന്ദേശം ഉയർത്തിക്കാണിക്കാനാണ് തന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാർത്ഥിത്വും. സിപിഐഎമ്മിനും കോൺഗ്രസിനും ഇടയിൽ രാഷ്ട്രീയ സൗഹൃദ മൽസരം മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും രാഹുൽ വ്യക്തമാക്കി. തന്റെ സിപിഐഎം സുഹൃത്തുക്കൾക്കും മറ്റും താൻ ഇവിടെ മൽസരിക്കുന്നതിൽ അതൃപ്തിയുണ്ട്, എന്നാൽ സിപിഐഎമ്മിനെതിരെയല്ല തന്റെ മൽസരമെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരെ ഒറ്റ രാജ്യമെന്ന സന്ദേശം നൽകാനാണ് കേരളത്തിൽ മൽസരിക്കുന്നതെന്നും രാഹുൽ ആവർത്തിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് അദ്ദേഹം ഹെലികോപ്ടറിൽ മടങ്ങിയത്. കരിപ്പൂരിലേക്ക് ഹെലികോപ്ടറിൽ പോകുന്ന പ്രിയങ്ക ഡൽഹിയിലേക്കും രാഹുൽ നാഗ്പൂരിലേക്കുമാണ് പുറപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP