Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ തരംഗം കേരളത്തിൽ ആഞ്ഞുവീശുമോ? കേരളത്തിൽ നടക്കുന്നത് കോൺഗ്രസ് - സിപിഎം പാർട്ടികളുടെ നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് കെ ഗോവിന്ദൻകുട്ടി; രാഹുലിന്റെ ഒളിച്ചോട്ടമാണ് സിപിഎം എതിർക്കുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ; ഇടത് വോട്ട് ബാങ്കിനെ സ്വാധീനിക്കില്ല; പ്രതിഫലിക്കുന്നത് കോൺഗ്രസിന്റെ ആന്തരിക വൈരുധ്യങ്ങൾ മാത്രമെന്ന് വർഗീസ് ജോർജ്; രാഹുൽ തരംഗമാകില്ലെന്നു എം എസ് കുമാറും; കോൺഗ്രസ് അധ്യക്ഷന്റെ വരവ് കേരളരാഷ്ട്രീയത്തെ മാറ്റിമറിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് നേതാക്കൾ

രാഹുൽ തരംഗം കേരളത്തിൽ ആഞ്ഞുവീശുമോ? കേരളത്തിൽ നടക്കുന്നത് കോൺഗ്രസ് - സിപിഎം പാർട്ടികളുടെ നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് കെ ഗോവിന്ദൻകുട്ടി; രാഹുലിന്റെ ഒളിച്ചോട്ടമാണ് സിപിഎം എതിർക്കുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ; ഇടത് വോട്ട് ബാങ്കിനെ സ്വാധീനിക്കില്ല; പ്രതിഫലിക്കുന്നത് കോൺഗ്രസിന്റെ ആന്തരിക വൈരുധ്യങ്ങൾ മാത്രമെന്ന് വർഗീസ് ജോർജ്; രാഹുൽ തരംഗമാകില്ലെന്നു എം എസ് കുമാറും; കോൺഗ്രസ് അധ്യക്ഷന്റെ വരവ് കേരളരാഷ്ട്രീയത്തെ മാറ്റിമറിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് കരുതുംപോലെ രാഹുൽ തരംഗം കേരളത്തിൽ ആഞ്ഞുവീശുമോ? വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലെ കോൺഗ്രസിനെ സഹായിക്കുമോ? രാഹുൽ കേരളത്തിൽ കോൺഗ്രസിന് ഭാഗ്യം വരുത്തുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷയ്ക്ക് അടിസ്ഥാനമുണ്ടോ? ഇടത് ശക്തികേന്ദ്രമായ കേരളത്തിൽ സ്ഥാനാർത്ഥിയായി രാഹുൽ വഞ്ചന കാട്ടിയെന്ന ഇടതു നിലപാട് ശരിയാണോ? രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിലകൊള്ളുമ്പോൾ ബിജെപിയുടെ നിലപാട് എന്തായിരിക്കും? കേരളത്തിലെ ഇടത് വലത് മുന്നണികളും ബിജെപിയുമൊക്കെ ഒട്ടുവളരെ ചോദ്യങ്ങളാണ് രാഹുലിന്റെ വരവോടെ അഭിമുഖീകരിക്കുന്നത്.

കോൺഗ്രസ് കരുതുംപോലെ ഒരു കോൺഗ്രസ് തരംഗം രാഹുലിന്റെ പേരിൽ ആഞ്ഞുവീശില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ശബരിമല മുഖ്യപ്രശ്‌നമായി കരുതുന്നുവെങ്കിലും രാഹുലിന്റെ വരവോടെ ബിജെപിയുടെ നിലപാടുകളിൽ കൂടി പ്രകടമായ മാറ്റം വരുമെന്നാണ് വിലയിരുത്തൽ. മുഖ്യശത്രു ഇടത്പക്ഷമാണെന്നു കേരളത്തിലെ ബിജെപി കരുതുന്നുണ്ടെങ്കിലും കേന്ദ്ര ബിജെപി അങ്ങിനെ കരുതണമെന്നില്ലെന്നാണ് സൂചന. കോൺഗ്രസിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക എന്നത് മാത്രമാണ് കേന്ദ്ര ബിജെപിയുടെ ലക്ഷ്യം. ഇത് കേരളത്തിലും പ്രതിഫലിക്കും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

രാഹുൽ കേരളത്തിൽ മത്സരിക്കുമ്പോൾ രാഹുൽ തരംഗം കേരളത്തിൽ ആഞ്ഞുവീശിയെന്നു പറയുന്നത് കേന്ദ്രത്തിലെ ബിജെപിക്ക് ക്ഷീണം ചെയ്യുന്ന നിലപാടായി മാറും. കേരളത്തിലെ ഇടതുപക്ഷം മുഖ്യാശത്രൂവെന്ന റോളിൽ നിന്ന് ബിജെപിയെ നീക്കി രാഹുലിന്റെ ചിത്രം പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്.നിലവിൽ സിപിഎമ്മും ബിജെപിയും രാഹുലിനെതിരെ, രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന്നെതിരെ ഒന്നിച്ചു നിലകൊള്ളുകയാണ്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം മാറ്റിമറിക്കും എന്ന് തന്നെയാണ് രാഷ്ട്രീയ നേതാക്കൾ നിലപാട് എടുക്കുന്നത്. രാഹുലിന്റെ വരവോടെ ഇരുപതിൽ ഇരുപത് ലോക്‌സഭാ എന്നാണ് ഇപ്പോൾ കോൺഗ്രസ് അവകാശപ്പെടുന്നത്. പക്ഷെ കോൺഗ്രസിന്റെ ഈ ലക്ഷ്യത്തിനു കടകവിരുദ്ധമായ നിലപാട് ആയിരിക്കും ബിജെപി സ്വീകരിക്കുക.

ഇരുപത് സീറ്റുകൾ രാഹുലിന്റെ വരവിൽ കോൺഗ്രസ് നേടിയാൽ അത് ബിജെപിയുടെ കേന്ദ്ര ഭരണ സാധ്യതകളെ അട്ടിമറിക്കാൻ പര്യാപ്തമായ ഘടകങ്ങളിൽ ഒന്നായി അത് മാറും. അത് ബിജെപി അനുവദിക്കാൻ സാധ്യത കുറവാണ്. ഇടതുപക്ഷത്തേക്കാളും രാഹുൽ ഇഫക്ട് കേരളത്തിൽ ഇല്ലാ എന്ന് തെളിയിക്കേണ്ട ബാധ്യത ബിജെപിക്കുണ്ട്. കേരളത്തിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ദേശീയ തലത്തിൽ തന്നെ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം കോൺഗ്രസുമായി അകൽച്ചയിലാണ്. രാഹുലിന്റെ സ്ഥാനാര്ഥിത്വത്തോടെ സിപിഎമ്മും ബിജെപിയും ഒരേ മനസുമായാണ് ഇപ്പോൾ പ്രചാരണ രംഗത്ത് ചുവട് വയ്ക്കുന്നത്. അന്ധമായ ബിജെപി വിരോധം ഇപ്പോൾ കേരളത്തിലെ സിപിഎം പ്രചാരണങ്ങളിൽ മുഴക്കുന്നില്ല. ബിജെപിയുടെ സ്ഥാനത്ത് മുഖ്യശത്രുവായി രാഹുലും കോൺഗ്രസും ഇടത് പ്രചാരണവേദികളിൽ കടന്നുവരികയും ചെയ്യുന്നുണ്ട്.

നിലവിൽ കോൺഗ്രസ് എംപിമാർ വരുന്നതിനേക്കാളും ബിജെപിക്ക് നല്ലത് സിപിഎം എംപിമാർ വരുന്നതാണ്. പക്ഷെ ബിജെപി ചുവട് മാറ്റുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തിരഞ്ഞെടുപ്പ് രംഗത്ത് പ്രകടമല്ല. കോൺഗ്രസിന്റെ ഓരോ അംഗബലവും ഓരോ സീറ്റും കുറയുന്നത് കേന്ദ്രത്തിൽ ബിജെപിയെ അധികാര കസേരയിലേക്ക് കൂടുതൽ അടുപ്പിക്കും. ഈ യാഥാർഥ്യം മുന്നിൽ നിൽക്കെ കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് ബിജെപി എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യം കാത്തിരുന്നു അറിയേണ്ട കാര്യമാണ്. നിലവിൽ കേരളത്തിൽ ബിജെപി ജയിക്കും എന്ന് കരുതുന്ന ഒരു സീറ്റ് പോലും തത്കാലം ബിജെപിയുടെ മുന്നിലില്ല. കടുത്ത മത്സരത്തിന് മാത്രമാണ് തിരുവനന്തപുരം, പത്തനംതിട്ടപോലുള്ള സീറ്റുകളിൽ പോലും ബിജെപി ലക്ഷ്യമിടുന്നത്.

'കേരളത്തിൽ ലോക്‌സഭാ മത്സരം കടുത്തതാകും. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ നടത്തുന്നത് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. അതുകൊണ്ട് തന്നെ വിജയിക്കാൻ ഏതു രീതിയിലുള്ള നീക്കങ്ങളും ബിജെപി നടത്തും. രാഹുലിന്റെ വരവ് കോൺഗ്രസ് വോട്ടു കൂട്ടും. അത് തർക്കമില്ലാത്ത കാര്യമാണ്. പക്ഷെ ഫലം പ്രവചനാതീതമാകും- പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞൂ.

'മത്സരിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷെ രാജ്യത്ത് കഴിഞ്ഞ കുറെ മാസങ്ങൾകൊണ്ട് രൂപപ്പെട്ട ബിജെപി വിരുദ്ധ ഫാസിസ്റ്റു വിരുദ്ധ മനസിനെ ഈ രാഹുൽ തളർത്തിക്കളഞ്ഞു. ഇന്ത്യയിലെ മുഖ്യശത്രുവാര് എന്ന ചോദ്യമാണ് ഇപ്പോൾ മുഴങ്ങുന്നത്. മോദി സർക്കാരാണ് ജനങ്ങളുടെ ശത്രു. ഫാസിസ്റ്റു നയങ്ങളാണ് രാജ്യത്തിന്റെ ശത്രു. മോദിവീണ്ടും വന്നാൽ തിരഞ്ഞെടുപ്പ് ഇല്ലാതാകും. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ അന്ത്യമാകും. നിയമവാഴ്ച ഇല്ലാതാകും. മതേതരത്വത്തിന്റെ അന്ത്യമാകും. ഇതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളി നേരിടാനാണ് എല്ലാ ഇടതുപാർട്ടികൾ കക്ഷികളും ബിജെപിക്ക് എതിരെ ഉറച്ചു നിൽക്കുന്നത്. എന്നാൽ രാഹുൽ ചെയ്തതോ? ബിജെപിക്ക് സ്വാധീനമില്ലാത്ത, ഒരു സ്ഥാനാർത്ഥി പോലുമില്ലാത്ത ഒരു മണ്ഡലത്തിൽ വന്നു ഇടതുപക്ഷത്തിന് എതിരെ സ്ഥാനാർത്ഥിയാവുകയാണ്;-സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ മറുനാടനോട് പറഞ്ഞു.

ഇന്ത്യയിൽ നിലനിന്ന മോദി വിരുദ്ധ വികാരം രാഹുൽ തകർത്ത് കളഞ്ഞു. ഇത് മോദിയെ സഹായിക്കുന്ന ഒരു സമീപനമാണ്. ഇതാണ് ഞങ്ങളുടെ ആക്ഷേപം. രാഹുൽ ശരിക്കും മോദി വിരുദ്ധ പോരാട്ടത്തിൽ നിന്ന് ഒളിച്ചോടുകയാണ്. ബിജെപി പറയുന്നത് രാഹുൽ അമേഠിയിൽ തോൽക്കും. അതാണ് വയനാട്ടിലേക്ക് ഒളിച്ചോടിയത്. ഇത് ആരോപണങ്ങളാണ് വരുമ്പോൾ എങ്ങിനെ നിഷേധിക്കും. രാഹുൽ ഇത്തരം ഒരു ആരോപണത്തിന് ഇടയുണ്ടാക്കി. ബിജെപിയുടെ മടയിൽ കയറി രാഹുൽ ആക്രമിക്കേണ്ടിയിരുന്നു. രാഹുൽ അത് ചെയ്തില്ല. യുപി പിടിക്കാതെ എങ്ങിനെ കോൺഗ്രസ് ഇന്ത്യ പിടിക്കും. യുപിയിൽ ഒരു മത്സരത്തിന് പോലും കോൺഗ്രസ് സന്നദ്ധമല്ലാത്ത അവസ്ഥയാണ്. യുപിയിൽ പോരാടി ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് പിടിക്കേണ്ടിയിരുന്നു.

80 യുപി സീറ്റിൽ 72 സീറ്റും പിടിച്ചാണ് മോദി ഇന്ത്യയിൽ അധികാരത്തിൽ വന്നത്. മോദി കാണിച്ച ഈ വഴിയേ സഞ്ചരിക്കാൻ രാഹുൽ തയ്യാറാകുന്നില്ല. രാഹുലിന്റെ ഈ ഒളിച്ചോട്ടത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്. രാഹുൽ വന്നാലും ഇല്ലെങ്കിലും കേരളത്തിൽ രാഹുൽ വന്നാൽ കിട്ടാവുന്ന സീറ്റിനു ഒരു കണക്കുണ്ട്. അതുകൊണ്ട് തന്നെ ഒരു രാഹുൽ തരംഗവും കേരളത്തിൽ ആഞ്ഞുവീശുന്നില്ല. ബിജെപി കേരളത്തിൽ ജയിക്കില്ല. അതിനുള്ള ഗ്യാരണ്ടി കേരളത്തിലെ ഇടതുപക്ഷമാണ്. പിന്നെയെന്തിന് രാഹുൽ കേരളത്തിൽ മത്സരിക്കണം-ആനത്തലവട്ടം ആനന്ദൻ ചോദിക്കുന്നു.

'കോൺഗ്രസ് പറയുന്ന രാഹുൽ തരംഗം കേരളത്തിൽ ഇടതുപക്ഷത്തിന് ഭീഷണിയല്ല-എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്തെ രാഹുൽ ബാധിക്കില്ല. നിലവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി മുന്നിലാണ്. കോൺഗ്രസിന്റെ ആന്തരിക വൈരുധ്യങ്ങളാണ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാര്ഥിത്വത്തിൽ പ്രതിഫലിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ദുർബലാവസ്ഥകളെ മറികടക്കാനുള്ള വിഫലമായ പരിശ്രമങ്ങളാണ് രാഹുലിന്റെ വരവിൽ വ്യക്തമാകുന്നത്. ഇടതുമുന്നണിയുടെ വോട്ട് ബാങ്കിനെ പിളർത്താൻ ഇത് പര്യാപ്തമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 45 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. യുഡിഎഫിന് 39 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. നാല് പുതിയ പാർട്ടികൾ ആണ് ഇടതുമുന്നണിയിലേക്ക് ഇപ്പോൾ കടന്നുവന്നത്. ഇതോടെ ഇടതുമുന്നണിയുടെ വോട്ടുബാങ്ക് 49 ശതമാനമായി മാറി. അപ്പോൾ ഇടതുമുന്നണിയുടെ വോട്ട്ബാങ്ക് പത്ത് ശതമാനം കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് പറയുന്ന രീതിയിൽ രാഹുൽ ഒരു തരംഗമായി കേരളത്തിൽ ആഞ്ഞുവീശില്ല-വർഗീസ് ജോർജ് പറയുന്നു.

കേരളത്തിൽ രാഹുൽ തരംഗമില്ല. ഈ രാഹുൽ തരംഗം കേരളത്തിൽ കോൺഗ്രസിനെ സഹായിക്കാനും പോകുന്നില്ല- ബിജെപി സംസ്ഥാന വക്താവ് എം.എഎസ്.കുമാർ മറുനാടനോട് പറയുന്നു. രാഹുലിന്റെ വരവ് ഇടതുപക്ഷത്തിനെയാണ് ബുദ്ധിമുട്ടിലാക്കിയത്. ഇടതുപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് വയനാട്ടിൽ എതിർക്കുന്നു. ഇത് സിപിഎമ്മിന് നിഷേധിക്കാൻ സാധിക്കുമോ? കുമാർ ചോദിക്കുന്നു. ഇന്ത്യയിൽ പല ഇടത്തും, മാഹിയിൽ വരെ ഇടതു പാർട്ടികളൂം കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. രാഹുലിനെ വയനാട്ടിൽ എതിർക്കുന്ന കാര്യത്തിൽ ഇതുകൊണ്ട് തന്നെ സിപിഎമ്മിന് സ്വയം വിശദീകരിക്കേണ്ടി വരും. ഇന്ത്യയിൽ ബിജെപി പൊതുവെ കോൺഗ്രസിനെതിരെയാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ വയനാട് രാഹുൽ മത്സരിച്ചാലും ബിജെപിക്ക് ഒരു പ്രശ്‌നമായി മാറുന്നില്ല.

കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് ഇല്ലാതെ കോൺഗ്രസിനെ മത്സരിക്കാൻ പര്യാപ്തമാക്കുന്നു എന്നത് മാത്രമാണ് രാഹുലിന്റെ വരവിൽ കോൺഗ്രസിനുണ്ടാകുന്ന നേട്ടം. ന്യൂനപക്ഷ വോട്ടു ബാങ്കുകൾ രാഹുലിന്റെ വരവിൽ കോൺഗ്രസിന് അനുകൂലമായേക്കും. പക്ഷെ രാഹുൽ തരംഗം ഒന്ന് കേരളത്തിലില്ല. യുപിയിലുമില്ല. എങ്കിൽ മത്സരിക്കുന്ന സീറ്റിൽ ഉൾപ്പെടെ യുപിയിൽ കോൺഗ്രസ് ജയിച്ച് കയറേണ്ടേ? അത് നടക്കുന്നില്ലല്ലോ-എം.എസ്.കുമാർ ചോദിക്കുന്നു. രാഷ്ട്രീയ എതിരാളികൾ രാഹുൽ തരംഗം കേരളത്തിൽ വീശില്ലെന്നു ഉറച്ചു വിശ്വസിക്കുമ്പോഴും കോൺഗ്രസിന്റെ കച്ചിത്തുരുമ്പ് രാഹുൽ ഗാന്ധിയാണ്. ഈ രാഹുൽ ഇഫക്റ്റിൽ കേരളത്തിലെ ഇരുപത് സീറ്റും കോൺഗ്രസ് ലക്ഷ്യം വയ്ക്കുകയാണ്. കോൺഗ്രസ് കരുതുംപോലെ ഒരു രാഹുൽ ഇഫക്ട് കേരളത്തിലുണ്ടോ എന്ന കാര്യം വരുന്ന നാളുകൾ വിധിയെഴുതും. സിപിഎമ്മിന്റയും ബിജെപിയുടെയും സമീപനങ്ങളും ഇതിന്നിടയിൽ നിർണ്ണായകമായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP