Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ മോദിയുടെ അനിൽ ഭായി പരമാർശവുമായി കേന്ദ്ര സർക്കാരിനെതിരെ കത്തിക്കയറി; പാപനാശിനിയിൽ പിതൃതർപ്പണത്തിനെത്തിയപ്പോൾ മകനും; സുൽത്താൻ ബത്തേരിയിൽ വയനാട്ടുകാരുടെ സഹോദരനായി മാറി ഏറ്റുവാങ്ങിയത് സ്‌നേഹാദരങ്ങൾ; വണ്ടൂരിലെ തിമിർത്ത് പെയ്ത മഴയത്ത് കത്തികയറിയത് ബിജെപിയുടെ വിഭജന രാഷ്ട്രീയം ചർച്ചയാക്കി; പുസ്തകം വായിക്കാതെ വയനാടിന്റെ മനസ് അറിയുമെന്ന് പ്രഖ്യാപിച്ച് മടക്കം; വോട്ട് ചോദിച്ചെത്തിയ രാഹുൽ ഗാന്ധി മലയാളിയുടെ മനസ്സ് കീഴടക്കുമ്പോൾ

കണ്ണൂരിൽ മോദിയുടെ അനിൽ ഭായി പരമാർശവുമായി കേന്ദ്ര സർക്കാരിനെതിരെ കത്തിക്കയറി; പാപനാശിനിയിൽ പിതൃതർപ്പണത്തിനെത്തിയപ്പോൾ മകനും; സുൽത്താൻ ബത്തേരിയിൽ വയനാട്ടുകാരുടെ സഹോദരനായി മാറി ഏറ്റുവാങ്ങിയത് സ്‌നേഹാദരങ്ങൾ; വണ്ടൂരിലെ തിമിർത്ത് പെയ്ത മഴയത്ത് കത്തികയറിയത് ബിജെപിയുടെ വിഭജന രാഷ്ട്രീയം ചർച്ചയാക്കി; പുസ്തകം വായിക്കാതെ വയനാടിന്റെ മനസ് അറിയുമെന്ന് പ്രഖ്യാപിച്ച് മടക്കം; വോട്ട് ചോദിച്ചെത്തിയ രാഹുൽ ഗാന്ധി മലയാളിയുടെ മനസ്സ് കീഴടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: മഞ്ഞിൻ തണുപ്പുള്ള പാപനാശിനിയിൽ അച്ഛന്റെ ഓർമകളെ ഉണർത്തി വയനാടിന് ആവേശമായി രാഹുൽ ഗാന്ധി. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിൽ രാഹുൽ ചർച്ചയാക്കിയത് കേന്ദ്ര സർക്കാരിനെതിരായ വികാരമാണ്. ആർ എസ് എസിനേയും ഇടതു പക്ഷത്തേയും രണ്ട് രീതിയിൽ കാണണമെന്ന് അണികളെ ഓർമിപ്പിച്ച് രാഹുൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖ്യ ശത്രു ആരെന്നും വ്യക്തമാക്കി. യഥാർത്ഥത്തിൽ ഇടതുപക്ഷ മനസ്സുകളെ കൂടി യുഡിഎഫിലേക്ക് അടുപ്പിക്കുകയായിരുന്നു രാഹുൽ ചെയ്തത്. രാഹുലിന്റെ വയനാട്ടിലെ സാന്നിധ്യത്തോടെ പ്രചരണം പുതിയ തലത്തിലെത്തുന്നു. പാപനാശിയിലെ പിതൃതർപ്പണത്തോടെ തന്നെ ഹിന്ദു വിരുദ്ധനാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കും രാഹുൽ മറുപടി നൽകി.

വയനാട്ടിലെ ജനങ്ങളോട് കുറച്ച് മാസത്തേക്കുള്ള ബന്ധമല്ല തനിക്കുള്ളതെന്നും ജീവിതകാലം മുഴുവനും അത് തുടരുമെന്നും മണ്ഡലത്തിലെ രാഹുൽഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തിൽ വാക്കുകൾ വയനാടുകാർക്ക് ആവേശമാണ്. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ വയനാടിന് ഒപ്പം നിൽക്കുമെന്നതിന്റെ ഉറപ്പ്. വയനാട്ടിലെ സഹോദരിമാർക്ക് ഞാൻ സഹോദരനായിരിക്കും, ഇവിടെയുള്ള അമ്മമാർക്കും അച്ഛന്മാർക്കും മകനായിരിക്കും. ഈ ബന്ധം കുറഞ്ഞ കാലം കൊണ്ട് അവസാനിപ്പിക്കാൻ സാധിക്കില്ല. വയനാട്ടിൽ മത്സരിക്കുന്നത് എനിക്ക് ആദരവാണ്-രാഹുൽ പറഞ്ഞു.

വയനാടിന്റെ മനസ്സിൽ പുതുപ്രതീക്ഷകൾ കോരിയിട്ടാണ് രാഹുലിന്റെ മടക്കം. പ്രചരണത്തിന്റെ അവസാന നാളുകളിൽ റോഡ് ഷോയ്ക്ക് രാഹുൽ വീണ്ടുമെത്താൻ സാധ്യതയുണ്ട്. വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യത്തോടെ 20ൽ 20ഉം ജയിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അക്രമ രാഷ്ട്രീയവും പുൽവാമയുമെല്ലാം പിതൃതർപ്പണത്തിലൂടെ ചർച്ചയാക്കിയാണ് രാഹുൽ മടങ്ങുന്നത്. ഇന്നലെ കണ്ണൂരിലായിരുന്നു ആദ്യ പരിപാടി. ഇവിടെ കേന്ദ്ര സർക്കാരിനെതിരെ കത്തിക്കയറി. വയനാട്ടിലെത്തിയപ്പോൾ നാട്ടുകാരിൽ ഒരാളായി മാറുകയായിരുന്നു രാഹുൽ.

രക്തസാക്ഷികൾക്കും വീര സൈനികർക്കും ബലിതർപ്പണം

പാപനാശത്ത് രാജീവ് ഗാന്ധിയുടെ ഓർമകൾ അലിഞ്ഞു ചേർന്ന പുഴയിൽ രാഹുൽ അദ്ദേഹത്തിനും ഇന്ദിരാഗാന്ധിയും ജവാഹർലാൽ നെഹ്‌റുവുമടക്കം ഏഴു തലമുറകളിലെ പൂർവികർക്കും ബലിയിട്ടു. ഒപ്പം, സഹോദരതുല്യരെന്നു രാഹുൽ തന്നെ വിളിച്ച കാസർകോട്ടെ കൃപേഷിനും ശരത്തിനും രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റു പ്രവർത്തകർക്കും. പിന്നെ, പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട എല്ലാ സൈനികർക്കും. ഒടുവിൽ, ലോകശാന്തിക്കും വേണ്ടി പ്രാർത്ഥിച്ചാണ് ക്രിയകൾ പൂർത്തിയായത്.

28 വർഷങ്ങൾക്കു മുൻപു രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി ക്ഷേത്രത്തിലെ പാപനാശിനിയിൽ നിമജ്ജനം ചെയ്തിരുന്നു. കഴിഞ്ഞ തവണ വയനാട്ടിലെത്തിയപ്പോഴും ഇവിടെ വരണമെന്ന് രാഹുൽ ആഗ്രഹിച്ചിരുന്നുവെങ്കിലും സുരക്ഷാ അനുമതി ലഭിച്ചിരുന്നില്ല. മുണ്ടും നേര്യതുമണിഞ്ഞ് രാഹുൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിയത്. ക്ഷേത്രത്തിലെ വാദ്യകലാകാരന്മാർ ചെണ്ടയുടെ അകമ്പടിയോടെ സ്വീകരിച്ചു.

ഈ കാടിനപ്പുറം ബ്രഹ്മഗിരി മല മാവോയിസ്റ്റ് കേന്ദ്രവുമാണ്. പാപനാശിനിയിലെ ചടങ്ങുകൾക്ക് പയ്യന്നൂർ കരുവള്ളൂർ സ്വദേശി പയ്യള്ളിക്ക ഗണേശ് ഭട്ടതിരി കാർമികത്വം വഹിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തി. തിരുവോണം നക്ഷത്രത്തിൽ രാജീവ് ഗാന്ധിക്കായി പിതൃപൂജ നടത്തി. ക്ഷേത്രം മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരിയിൽനിന്ന് പ്രസാദം വാങ്ങിയ ശേഷം തിരികെയിറങ്ങി.

പുസ്തകം വായിക്കാതെ എല്ലാം മനസ്സിലാക്കും

വയനാട്ടിലെ പ്രശ്‌നങ്ങൾ മനസിലാക്കുക പുസ്തകം വായിച്ചായിരിക്കില്ല, ജനങ്ങളിലേക്ക് ഇറങ്ങി വന്നായിരിക്കും. പ്രതിസന്ധികൾ മുഖാമുഖം അറിയണം. എല്ലാ പരിമിതികളും പരിഹരിക്കാൻ കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷ സാഹചര്യം ഇവിടെയുണ്ട്. വികസനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസം തനിക്കുണ്ട്. വ്യാജവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാരനായല്ല ഇവിടെ വന്നത്. വയനാട്ടുകാരുടെ ഹൃദയത്തിലുള്ളതും ആത്മാവിലുള്ളതും അറിയുകയാണ് ലക്ഷ്യം.രാത്രിയാത്രാ നിരോധനം കൊണ്ടുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് തനിക്ക് ബോദ്ധ്യമുണ്ട്. അധികം വൈകാതെ അത് പരിഹരിക്കാനുള്ള ശ്രമം നടത്തും-ഇതായിരുന്നു സുൽത്താൻ ബത്തേരിയിലെ രാഹുലിന്റെ പ്രഖ്യാപനം.

.ദക്ഷിണേന്ത്യയുടെ ശബ്ദം കൂടിയാകാനാണ് അമേതിക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്നത്. ദക്ഷിണേന്ത്യയുടെ വികാരവും ഭാഷയും അഭിപ്രായവും മറ്റ് എവിടെത്തെയും പോലെ പ്രാധാന്യമുള്ളതാണ്. സമാധാനപരമായ സഹവർത്തിത്വത്തിന്റെ മാതൃകയാണ് കേരളമെന്നും രാഹുൽ പറഞ്ഞു.മോദിയുടേത് ഒരുവ്യക്തി എന്ന ആശയംഅഞ്ച് വർഷമായി നരേന്ദ്ര മോദിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തോടുള്ള പോരാട്ടത്തിലാണ്. ഒരു കാഴ്ചപ്പാട്, ഒരുചിന്ത, ഒരുവ്യക്തി എന്ന ആശയമാണ് അവർ നടപ്പാക്കുന്നത്. എല്ലായിടങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ഭാഷകളുമാണുള്ളത്.

എന്തിനാണ് ആർഎസ്എസ് അവരുടെ ആശയത്തെ കേരളത്തിലും തമിഴ്‌നാട്ടിലും അടിച്ചേല്പിക്കുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. നമ്മുടെ ചരിത്രമാണ് പ്രധാനം. അത് നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന ചരിത്രമല്ലെന്ന് രാഹുൽ പറഞ്ഞു.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എന്നിവരും സംസാരിച്ചു.

വണ്ടൂരിലും താരമായി

യുഡിഎഫിന്റെ ഭൂരിപക്ഷ പ്രതീക്ഷയായ വണ്ടൂരിൽ ആവേശം അലകടലായി ഇരമ്പിയാർത്തപ്പോൾ രാഹുൽഗാന്ധിയുടെ വാക്കുകളും ചാട്ടുളിയായി. കനത്ത ചൂടിലാണ് വണ്ടൂരിലെ സമ്മേളനം തുടങ്ങിയത്. പ്രവർത്തകരുടെ ആരവങ്ങൾ ഉച്ചസ്ഥായിലാക്കിയ രാഹുൽഗാന്ധിയുടെ പ്രസംഗം കഴിഞ്ഞതോടെ മഴ തിമിർത്തു പെയ്യുകയായിരുന്നു.

കൃത്യസമയത്തു തന്നെ എത്തിയ രാഹുൽ ഗാന്ധി, ജനപ്രവാഹം കണ്ടപ്പോൾ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ കത്തിക്കയറി. മലയാള ഭാഷയെയും സംസ്‌കാരത്തെയും ഇകഴ്‌ത്തി കാണിക്കാനാണ് ആർഎസ്എസ് ശ്രമിച്ചതെന്നു രാഹുൽ പറഞ്ഞു. ഓരോ നാടിനെയും സംസ്‌കാരത്തെയും വർഗീയമായി വിഭജിക്കുന്ന ആർഎസ്എസിനെ വരുന്ന തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു.

മോദിയുടെ 'അനിൽഭായി'

തൊഴിലില്ലായ്മയും കാർഷികമേഖലയിലെ വിലയിടിവും സാമ്പത്തികതകർച്ചയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങളാണെന്ന് പറഞ്ഞായിരുന്നു കണ്ണൂരിൽ രാഹുൽ ഗാന്ധി കത്തിക്കയറിയത്. കണ്ണൂരിൽ എത്തിയ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. മാവോയിസ്റ്റുകളെയും തീവ്രവാദികളെയും കോൺഗ്രസ് സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് രൂക്ഷ വിമർശനം നടത്തിയത്.

രാജ്യത്തെ വിഭജിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹം. തൊഴിൽ നൽകാത്തതും അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകിയതുമാണ് ഏറ്റവും വലിയ രാജ്യദ്രോഹം. യുവാക്കൾക്ക് തൊഴിൽ നൽകാതെ സാമ്പത്തിക ഘടന തകിടംമറിച്ച ബിജെപിയാണ് ദേശവിരുദ്ധർ. 27,000 യുവാക്കൾക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴിൽ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാർഷിക മേഖലയെ നശിപ്പിക്കുന്നത് കർഷക ആത്മഹത്യയ്ക്ക് കാരണമാകുന്നു. ഇതും ദേശദ്രോഹമാണ്. കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകരാണ് രാജ്യവിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയായിട്ടുള്ളത്. മോദിയുടെ 'അനിൽഭായി' ആയതാണ് അംബാനിക്ക് റഫാൽ കരാറിനുള്ള യോഗ്യത. രാഷ്ട്രീയമായി ദുർബലായവരാണ് രാഷ്ട്രീയ അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നത്.

എന്നാൽ, കോൺഗ്രസ് കരുത്തുറ്റതാണെന്നും അതിനാൽ അക്രമങ്ങളുടെ ആവശ്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. റഫാൽ ഇടപാടിൽ സുപ്രീംകോടതി നോട്ടീസ് നൽകിയതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

പ്രധാനമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കുന്നില്ല

നിങ്ങളെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സാധിക്കാത്തത്. കേരളത്തിലെയും ഒഡീഷയിലെയും ഡൽഹിയിലെയും പ്രാദേശിക-ദേശീയമാധ്യമങ്ങളെ അഭിമുഖീകരിക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയാറാകാത്തതെന്നു രാഹുൽഗാന്ധി ചോദിച്ചു. കോൺഗ്രസ് പാർട്ടിക്കും സഖ്യകക്ഷികൾക്കും തെരഞ്ഞെടുപ്പിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ പറഞ്ഞു.

ആദ്യ ദിനം നാല് യോഗം

കേരളത്തിലെ പര്യടനത്തിന് എത്തിയ രാഹുൽ ചൊവ്വാഴ്ച നാല് യോഗങ്ങളിലാണ് രാഹുൽ സംസാരിച്ചത്. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും ഒടുവിൽ തിരുവനന്തപുരത്തും. രാഹുലിന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ മോദി, പിണറായി സർക്കാരുകളെ പ്രതിക്കൂട്ടിൽ നിറുത്താൻ വെമ്പൽ കൊണ്ടപ്പോൾ, രാഹുൽ സിപിഎമ്മിന്റെ കാര്യത്തിൽ മിതത്വം പാലിച്ചു. കൊല്ലത്തെ കശുഅണ്ടി തൊഴിലാളികളുടെ ദുരിത ജീവിതത്തെ കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് വിമർശിച്ച രാഹുൽ, അവിടെയും സംസ്ഥാന സർക്കാരിന്റെ കർത്തവ്യത്തെക്കുറിച്ച് മിണ്ടിയില്ല. വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളം നൽകുന്ന ആദരവിനുമുള്ള തെളിവാണെന്ന് ആവർത്തിച്ച രാഹുൽ, വിമർശനങ്ങളിൽ ഉന്നം വച്ചത് ബിജെപിയെ മാത്രമാണ്.

പ്രളയക്കെടുതികൾക്ക് ഇരയായവർക്ക് സംസ്ഥാന സർക്കാർ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന രാഹുലിന്റെ ആവശ്യത്തിലും സർക്കാർ വീഴ്ച വരുത്തിയതായി വിമർശനമില്ല. കേരളത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കൾ പിണറായി സർക്കാരിനെതിരെ ആയുധമാക്കിയ അമിക്കസ് ക്യൂറി റിപ്പോർട്ടിനെക്കുറിച്ചും മിണ്ടിയില്ല. ശബരിമല ഉൾപ്പെടുന്ന മണ്ഡലമായ പത്തനംതിട്ടയിലെ പ്രസംഗത്തിലും സിപിഎമ്മിനെ നോവിക്കാതെ പരോക്ഷമായാണ് നിലപാട് വ്യക്തമാക്കിയത്. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും വിശ്വാസികൾക്ക് ഒപ്പമുള്ള കോൺഗ്രസ് ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് രാജ്യത്തോട് ചെയ്ത ദ്രോഹമൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്നുകൂടി രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP