Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മിനിമം വരുമാനം പദ്ധതി കോൺഗ്രസ് അധ്യക്ഷന്റെ ഇമേജ് കൂട്ടി; ഉത്തരേന്ത്യയിൽ രാഹുൽ തരംഗം അലയടിക്കുമെന്ന് വിലയിരുത്തൽ; തെക്കേ ഇന്ത്യയുടെ മനസ്സ് പിടിക്കാൻ രാഹുൽ മത്സരിക്കണമെന്ന ആവശ്യം അതിശക്തം; കർണ്ണാടകയിൽ സുരക്ഷിത മണ്ഡലം കണ്ടെത്താനാകാതെ ഹൈക്കമാണ്ട്; രണ്ട് സീറ്റിൽ മത്സരിച്ചാൽ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷനെത്തുമെന്ന വിലയിരുത്തലിന് ശക്തി കൂടി; ഗാന്ധി വന്നില്ലെങ്കിൽ താൻ തന്നെ സ്ഥാനാർത്ഥിയെന്ന് സിദ്ദിഖും; വയനാട്ടിലെ സ്ഥാനാർത്ഥിയിൽ സർവ്വത്ര ആശയക്കുഴപ്പം

മിനിമം വരുമാനം പദ്ധതി കോൺഗ്രസ് അധ്യക്ഷന്റെ ഇമേജ് കൂട്ടി; ഉത്തരേന്ത്യയിൽ രാഹുൽ തരംഗം അലയടിക്കുമെന്ന് വിലയിരുത്തൽ; തെക്കേ ഇന്ത്യയുടെ മനസ്സ് പിടിക്കാൻ രാഹുൽ മത്സരിക്കണമെന്ന ആവശ്യം അതിശക്തം; കർണ്ണാടകയിൽ സുരക്ഷിത മണ്ഡലം കണ്ടെത്താനാകാതെ ഹൈക്കമാണ്ട്; രണ്ട് സീറ്റിൽ മത്സരിച്ചാൽ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷനെത്തുമെന്ന വിലയിരുത്തലിന് ശക്തി കൂടി; ഗാന്ധി വന്നില്ലെങ്കിൽ താൻ തന്നെ സ്ഥാനാർത്ഥിയെന്ന് സിദ്ദിഖും; വയനാട്ടിലെ സ്ഥാനാർത്ഥിയിൽ സർവ്വത്ര ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വന്നില്ലെങ്കിൽ വയനാട് മണ്ഡലത്തിൽ താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നും വിശ്വസിച്ച് കോഴിക്കോട് ഡി.സി.സി. അധ്യക്ഷൻ ടി. സിദ്ദിഖ്. അതിനിടെ രാഹുലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ഹൈക്കമാണ്ട് എടുത്തിട്ടില്ല. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്ന് വേണോ കർണ്ണാടകത്തിൽ നിന്ന് വേണമോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. ഏതായാലും ദക്ഷിണേന്ത്യയിൽ പോരിനിറങ്ങാൻ തീരുമാനിച്ചാൽ വയനാടിൽ നിന്ന് രാഹുൽ മത്സരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കർണ്ണാടകത്തിൽ സുരക്ഷിത മണ്ഡലങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണം.

രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്്ഥാനാർഥിത്വത്തിൽ തീരുമാനം എടുത്തിട്ടില്ല. ഡൽഹിയിൽ വിവിധ പരിപാടികൾ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിയാലോചന നടത്തും. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനമെടുത്താൽ വയനാടിനായിരിക്കും മുൻഗണന. മിനിമം വരുമാനം പദ്ധതി ഉത്തരേന്ത്യൻ വോട്ടർമാരിൽ രാഹുലിന്റെ ജനപ്രീതി വർധിപ്പിക്കും. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയിലെ മണ്ഡലം തിരഞ്ഞെടുക്കുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിക്കില്ല. കർണാടകയിൽ ജെഡിഎസിനെ പൂർണമായും വിശ്വസിക്കാനാവാത്തതിനാൽ കേരളം സുരക്ഷിതമെന്നാണ് വിലയിരുത്തൽ. വടകരയിലും വയനാട്ടിലും ഇനിയും സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. രാഹുലിന്റെ മനസ്സ് അറിയുന്നതിനാണ് കോൺഗ്രസ് ഹൈക്കമാണ്ട് കാത്തിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷന് മൽസരിക്കാൻ കർണാടകത്തിനെക്കാൾ നല്ലത് കേരളമാണന്ന വിലയിരുത്തലിലാണ് നേതൃത്വം. രാഹുൽ ഗാന്ധി വയനാട്ടിൽ വരാനുള്ള സാധ്യതകൾ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. അമേഠിയിൽ പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണനയിലുണ്ടെന്നതാണ് മറ്റൊരു പ്രധാനഘടകം. രാഹുൽ ഗാന്ധി കർണാടകയിൽ മൽസരിക്കണമെന്ന് പിസിസി ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസിന് നൂറു ശതമാനം സുരക്ഷിതമായ ആറ് മണ്ഡലങ്ങളിൽ നാലെണ്ണവും പട്ടികജാതി പട്ടിക വർഗ സംവരണമാണ്. ജെഡിഎസിനെ പൂർണമായും വിശ്വസിക്കാനും കോൺഗ്രസിനാവില്ല. വയനാട് മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണെന്നതും അനുകൂല ഘടകമായാണ് പാർട്ടി വിലയിരുത്തുന്നത്. പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയറിയിച്ച് വിളിച്ച വയനാട് ഡിസിസിയോട് കാത്തിരിക്കാനാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയായ ഏപ്രിൽ 4 വരെ പ്രഖ്യാപനം നീളാനുള്ള സാധ്യതയും ഉണ്ട്.

ഇതിനിടെയാണ് രാഹുൽ എത്തിയില്ലെങ്കിൽ താൻ തന്നെ വയനാട് സ്ഥാനാർത്ഥിയാകുമെന്ന് ഇന്നലെ സിദ്ദിഖ് വെളിപ്പെടുത്തിയത്. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ തിരുവനന്തപുരം രണ്ടാം അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽനിന്ന് ഇന്നലെ ജാമ്യമെടുത്ത ശേഷമായിരുന്നു് സിദ്ദിഖിന്റെ പ്രതികരണം. നാമനിർദ്ദേശപത്രിക നൽകുന്നതിന്റെ ഭാഗമായാണ് സിദ്ദിഖ് ഇന്നലെ തലസ്ഥാനത്തെത്തി തനിക്കെതിരേയുള്ള കോടതി നടപടികളിൽ ജാമ്യമെടുത്തു മടങ്ങിയത്. ഇത് നാമനിർദ്ദേശ പത്രിക നൽകുന്നതിന് വേണ്ടിയായിരുന്നു. രാഹുൽ മത്സരത്തിന് വിമുഖത അറിയിച്ചാലുണ്ടാകുന്ന സാഹചര്യത്തെ നേരിടാനാണ് ഇത്.

കേസിൽ ജാമ്യമില്ലാ വാറന്റ് നിലനിൽക്കെയാണ് സിദ്ദിഖ് ഇന്നലെ അഭിഭാഷകൻ മിറാണ്ടയോടൊപ്പം തലസ്ഥാനത്തെ അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ എത്തിയത്. 2014ൽ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനെ ആക്രമിച്ചെന്ന കേസിലെ ഒന്നാം പ്രതിയാണ് സിദ്ദിഖ്. ജൂൺ 12നായിരുന്നു കേസ് പരിഗണിക്കാൻ നിശ്ചയിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക കൊടുക്കാനുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് കേസ് ഇന്നലെ തന്നെ എടുക്കണമെന്ന് അഭിഭാഷകൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അപേക്ഷ പരിഗണിച്ച കോടതി ഉച്ചയ്ക്ക് ഒരു മണിയോടെ കേസ് വിളിച്ച് ജാമ്യം അനുവദിച്ചു. ചങ്ങനാശേരിയിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുടെ പത്‌നിക്ക് അന്ത്യാഞ്ജലി അർപ്പിച്ചശേഷമാണ് സിദ്ദിഖ് തലസ്ഥാനത്തെത്തിയത്. തുടർന്ന് ആലപ്പുഴയിൽ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹം വയനാട്ടിലേക്കു മടങ്ങി.

്അതിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് അനുകൂലമായ വലിയ തരംഗമുണ്ടാക്കാൻ അതിനു കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് സംസ്ഥാനത്തെ യു.ഡി.എഫ് നേതൃത്വം ഏകകണ്ഠമായാണ് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നത് ബൂത്തുതലം വരെയുള്ള പ്രവർത്തകരുടെ ആഗ്രഹമാണ്. ഏറെക്കാലമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിനൊപ്പം തമിഴ് നാടും കർണാടകവും ഈ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിനു മുമ്പും കോൺഗ്രസ് അധ്യക്ഷന്മാർ ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിച്ചിട്ടുണ്ടെന്നും അന്നെല്ലാം കോൺഗ്രസിന് അനുകൂലമായ തരംഗം ദക്ഷിണേന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന കാര്യം കോൺഗ്രസിനുള്ളിലും ഒപ്പം ഘടകകക്ഷികളുമായും ചർച്ച ചെയ്തു. ഇക്കാര്യം രാഹുലുമായി ചർച്ച ചെയ്തത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു

അതിനിടെ രാഹുൽ ഗാന്ധി മത്സിക്കുകയാണെമെങ്കിൽ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബിജെപി. വയനാട് സീറ്റ് വിട്ടു നൽകുന്നതിൽ എതിർപ്പില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു. തൃശൂരിൽ മത്സരിക്കുമെന്ന സൂചനയും തുഷാർ നൽകി. ആലത്തൂരിൽ ടി.വി.ബാബു, ഇടുക്കിയിൽ ബിജു കൃഷ്ണൻ, മാവേലിക്കരയിൽ തഴവ സഹദേവൻ എന്നിവരാണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ. വയനാട്ടിലെയും തൃശൂരെയും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എൻ.ഡി.എ നേതൃത്വത്തിന്റെ കൂടി തീരുമാനത്തിനായി കാക്കുകയാണ് ബി.ഡി.ജെ.എസ്. രാഹുൽ ഗാന്ധി വയനാട് മത്സരിച്ചാൽ സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കാനാണ് ധാരണ. അവിടെ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് പാർട്ടിയിൽ നിർദ്ദേശമുണ്ടെങ്കിലും വ്യക്തിപരമായി തൃശൂരിൽ മത്സരിക്കാനാണ് താല്പര്യമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കിൽ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയും സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP