Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലയിൽ കെട്ടുണ്ടെങ്കിലും തരൂർ വേദിയിൽ എത്തിയത് നിറചിരിയോടെ; വേദിയിൽ അടുത്തടുത്ത കസേരകളിൽ ഇരിക്കവെ അപകട വിവരങ്ങൾ തിരക്കി രാഹുൽ; മൊബൈൽ ഫോണിൽ തുലാഭാരത്തിന്റെ വീഡിയോ ദൃശ്യം കാണിച്ചു കൊടുത്തു അപകടം വിശദീകരിച്ചു തരൂരും; തിരക്കിട്ട ഷെഡ്യൂളിലെ എത്തിയ വേദികളിലെല്ലാം രാഹുൽ എടുത്തു പറഞ്ഞത് കേരളത്തിന്റെ മഹിമയെ കുറിച്ച്; തിരക്കു പിടിച്ച പ്രചരണ പരിപാടികളിൽ രാഷ്ട്രീയ ചർച്ചകൾ ഹെലികോപ്റ്ററിലാക്കി കോൺഗ്രസ് അധ്യക്ഷൻ; വയനാട്ടിലെ പ്രചാരണ പുരോഗതിയും ചോദിച്ചറിഞ്ഞു രാഹുൽ

തലയിൽ കെട്ടുണ്ടെങ്കിലും തരൂർ വേദിയിൽ എത്തിയത് നിറചിരിയോടെ; വേദിയിൽ അടുത്തടുത്ത കസേരകളിൽ ഇരിക്കവെ അപകട വിവരങ്ങൾ തിരക്കി രാഹുൽ; മൊബൈൽ ഫോണിൽ തുലാഭാരത്തിന്റെ വീഡിയോ ദൃശ്യം കാണിച്ചു കൊടുത്തു അപകടം വിശദീകരിച്ചു തരൂരും; തിരക്കിട്ട ഷെഡ്യൂളിലെ എത്തിയ വേദികളിലെല്ലാം രാഹുൽ എടുത്തു പറഞ്ഞത് കേരളത്തിന്റെ മഹിമയെ കുറിച്ച്; തിരക്കു പിടിച്ച പ്രചരണ പരിപാടികളിൽ രാഷ്ട്രീയ ചർച്ചകൾ ഹെലികോപ്റ്ററിലാക്കി കോൺഗ്രസ് അധ്യക്ഷൻ; വയനാട്ടിലെ പ്രചാരണ പുരോഗതിയും ചോദിച്ചറിഞ്ഞു രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിനായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി രണ്ട് ദിവസത്തെ മാരത്തോൺ പ്രചരണ പരിപാടിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുള്ളത്. തിങ്കളാഴ്‌ച്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തിന് ഇന്നലെ നിന്നു തിരിയാൻ സമയമില്ലാത്ത വിധത്തിൽ തിരക്കിട്ട പരിപാടികളായിരുന്നു. തിരുവനന്തപുരത്തു നിന്നു തുടങ്ങിയ ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി തിരികെ തലസ്ഥാനത്ത് എത്തിയ അദ്ദേഹം തരൂരിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. ഇന്ന് കണ്ണൂരിലും വയനാട്ടിലെയും മലപ്പുറത്തെയും മണ്ഡലങ്ങളിൽ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തും.

ഇന്നലെ തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയപ്പോൾ മുതൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് കോൺഗ്രസ് അധ്യക്ഷൻ സംസാരിച്ചത്. കേരളത്തെ അപമാനിക്കാൻ ശ്രമിച്ച ബിജെപി നേതാക്കൾക്കെതിരെ കടുത്ത ഭാഷയിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. തുലാഭാരം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിന് ശേഷം തരൂരിനൊപ്പം പങ്കിട്ട വേദിയൽ വിശ്വപൗരന് വേണ്ടിയുള്ള വോട്ടഭ്യർത്ഥനയും നടത്തി രാഹുൽ ഗാന്ധി. ശശി തരൂർ കോൺഗ്രസിന്റെയും കേരളത്തിന്റെയും മുതൽക്കൂട്ടാണെന്നു അദ്ദേഹം തിരുവനന്തപുരത്തു പഞ്ഞു. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനൊടുവിൽ ശശി തരൂരിനെയും ആറ്റിങ്ങൽ സ്ഥാനാർത്ഥി അടൂർ പ്രകാശിനെയും രാഹുൽ പ്രത്യേകം സദസ്സിൽ അവതരിപ്പിച്ചതു ശ്രദ്ധ പിടിച്ചുപറ്റി.

അപകടത്തെ തുടർന്നു തലയിൽ വലിയ കെട്ടുമായാണു തരൂർ രാഹുലിനൊപ്പം ആവേശമൊട്ടും കുറയാതെ വേദിയിലേക്കു കടന്നുവന്നത്. തരൂരിനുണ്ടായ അപകടം തന്നെ വളരെയധികം വിഷമിപ്പിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അപകടനില തരണം ചെയ്ത് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പു രംഗത്തു പ്രവർത്തനനിരതനായതിൽ അത്യധികം സന്തോഷിക്കുന്നു. പാർലമെന്റിൽ വളരെ നല്ല നിലയിലാണ് അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചത്. രാജ്യാന്തരതലത്തിൽ പ്രശസ്തനായ ഇദ്ദേഹം പാർലമെന്റിൽ ഉണ്ടായിരിക്കേണ്ടതു രാജ്യത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർധിപ്പിച്ച് വീണ്ടും പാർലമെന്റിൽ എത്തിക്കുകയെന്ന വലിയ ഭാഗ്യവും ഉത്തരവാദിത്തവുമാണ് തിരുവനന്തപുരത്തെ വോട്ടർമാർക്കു ലഭിച്ചിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വേദിയിൽ അടുത്തടുത്ത കസേരകളിൽ ഇരിക്കവെ രാഹുൽ, തരൂരിനോടു അപകട വിവരങ്ങൾ തിരക്കി. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് മുകളിൽ നിന്നു തലയിലേക്കു വേഗത്തിൽ പതിച്ചത് ഇരുകൈകളും ഉയർത്തി തരൂർ വിശദീകരിച്ചു. മൊബൈൽ ഫോണിൽ തുലാഭാരത്തിന്റെ വിഡിയോ ദൃശ്യവും കാണിച്ചു കൊടുത്തു. രാഹുൽ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

കേരളത്തെ നെഞ്ചോടു ചേർത്ത് രാഹുൽ

പത്തനാപുരത്തു നിന്നും തുടങ്ങിയ തെരഞ്ഞെടുപ്പു വേദികളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആവേശപൂർവ്വമാണ് നാട്ടുകാർ ഏറ്റെടുത്തത്. രാഹുലിന്റെ സന്ദർശനേ കോൺഗ്രസ് അണികൾക്കിടയിൽ വലിയ ഓളമുണ്ടാക്കി. ഒരു കേരളീയന്റെ മനസ്സറിയുന്ന പ്രസംഗമാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയത്. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച അമിത് ഷായ്ക്കുള്ള മറുപടിയുമായി പത്താനുപുരത്തു തുടങ്ങിയ രാഹുൽ തുടർന്നുള്ള പ്രസംഗങ്ങൾ മറ്റിടങ്ങളിലും ആവർത്തിച്ചു. 'അമിത് ഷാ, നിങ്ങൾ പറയുന്നതു പോലെയല്ല കേരളം. ഉള്ളിന്റെ ഉള്ളിൽ ആത്മവിശ്വാസമുള്ള മണ്ണാണു കേരളം. നിങ്ങളേക്കാൾ താഴ്ന്നവരോ ഉയർന്നവരോ അല്ല, നിങ്ങളോളം തുല്യരാണു ഞങ്ങളെന്നു ലോകത്തോടു വിളിച്ചു പറഞ്ഞ നാടാണു കേരളം. ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു, നിങ്ങൾ ഞങ്ങളെയും - അതാണു കേരളത്തിന്റെ സംസ്‌കാരം.

മറ്റെല്ലാ ശബ്ദങ്ങളെയും ആശയങ്ങളെയും തച്ചുതകർക്കുന്ന ആർഎസ്എസ്- ബിജെപി ശക്തികൾക്കെതിരായ സന്ദേശം കൂടിയാണ് കേരളത്തിൽ നിന്നുള്ള എന്റെ മത്സരം. ഇവിടെ സ്ഥാനാർത്ഥിയാകാൻ കിട്ടിയ അവസരം എനിക്കു ലഭിച്ച ആദരവാണ്. ലോക്‌സഭയിൽ കേരളത്തിന്റെ ശബ്ദമാകാൻ കഴിയുന്നതു വലിയ പദവിയാണ്.

മത്സരിക്കാൻ കേരളം തിരഞ്ഞെടുത്തതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. കേരളം ഒരു പാഠപുസ്തകമാണ്. വ്യത്യസ്ത ആശയങ്ങളെ ബഹുമാനിക്കാൻ കേരളത്തിനറിയാം. സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ മറ്റുള്ള വിശ്വാസങ്ങളെ മലയാളികൾ ഉൾക്കൊള്ളും. മലയാളികളുടെ വിവേകത്തിൽ ഞാൻ വിശ്വസിക്കുന്നു. നല്ല തീരുമാനം എടുക്കാനുള്ള കഴിവിനെ ബഹുമാനിക്കുന്നു. നിങ്ങളുടെ സഹോദരനായി ലോക്‌സഭയിൽ മലയാളത്തിന്റെ ഹൃദയ വിചാരങ്ങളെ പ്രതിഫലിപ്പിക്കും. മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ വിനയാന്വിതനായി സ്വീകരിക്കുന്നു.

ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾക്കു കേരളം മാതൃകയാണ്. നിങ്ങളിൽ ഒരാളാവാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്. കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കാനും മലയാളികളെ കൂടുതൽ കേൾക്കാനും ആഗ്രഹിക്കുന്നു. മലയാളികൾ മറ്റുള്ളവരെ ബഹുമാനിക്കുന്ന രീതിയും കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും പഠിക്കാൻ ആഗ്രഹിക്കുന്നു. ആകെ പഠിക്കാൻ കഴിയാത്തത് മലയാളമാണ്. എന്നാൽ, കുറെ വാക്കുകൾ പഠിച്ചു കഴിഞ്ഞെന്നും രാഹുൽ പറഞ്ഞു. മലയാളത്തിൽ വിഷു, ഈസ്റ്റർ ആശംസകൾ നേരാനും രാഹുൽ മറന്നില്ല.

വിശ്വാസ സംരക്ഷണം ഉറപ്പ്, ഇടതിന് വിമർശനമില്ല

വിശ്വാസ, ആചാരങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയാണ് കോൺഗ്രസ് അധ്യക്ഷൻ എല്ലാ വേദികളിയും പ്രസംഗിച്ചത്. ശബരിമലയുടെ പേരു പറയാതെ, വിശ്വാസ സംരക്ഷണ വിഷയത്തിൽ കോൺഗ്രസ് സർക്കാരിന്റെ നിലപാട് പത്തനംതിട്ടയിൽ രാഹുൽ വ്യക്തമാക്കി. ഒരു സംസ്‌കാരം, ഒരു ഭാഷ, ഒരു മതം, ഒരു ചരിത്രം എന്നു പഠിപ്പിക്കുന്ന സംഘ് പരിവാർ ആശയമല്ല, രാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന മഹത്തായ പരമ്പര്യമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെയും ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്റെ പ്രസംഗങ്ങളിൽ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി സിപിഎമ്മിനെക്കുറിച്ചോ സംസ്ഥാന സർക്കാരിനെക്കുറിച്ചോ മിണ്ടിയില്ല. സിപിഎം തനിക്കെതിരെ എന്തു പറഞ്ഞാലും അവർക്കെതിരെ ഒരു വാക്കുപോലും താൻ പറയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ചടങ്ങിൽ പ്രസംഗിച്ച മറ്റെല്ലാവരും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചപ്പോൾ രാഹുൽ മാത്രം അക്കാര്യത്തിൽ മൗനം പാലിച്ചു.

ഇടതു സുഹൃത്തുക്കളോട് എന്ന ആമുഖത്തോടെയായിരുന്നു ഇടതുപക്ഷത്തെയും ആർഎസ്എസിനെയും പറ്റിയുള്ള പ്രസംഗഭാഗം. 'ഇടതുപക്ഷത്തെയും ആർഎസ്എസിനെയും ഞാൻ വേർതിരിച്ചാണു കാണുന്നത്. തീർച്ചയായും കേരളത്തിൽ ഞങ്ങൾ ഇടതുപക്ഷത്തോടാണു പൊരുതുന്നത്. പക്ഷേ, ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്നത് ഇടതുപക്ഷം ഒരിക്കലും ചെയ്തിട്ടില്ല. ഇടതുപക്ഷം ഒരിക്കലും ഭരണഘടനയെയും രാജ്യത്തെ സ്ഥാപനങ്ങളെയും ചോദ്യം ചെയ്തിട്ടില്ല. സ്ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഈ സ്ഥാപനങ്ങളെ ആർഎസ്എസിൽനിന്നും ബിജെപിയിൽനിന്നും നരേന്ദ്ര മോദിയിൽ നിന്നും രക്ഷിക്കാനാണു ഞങ്ങളുടെ പോരാട്ടം' രാഹുൽ പറഞ്ഞു.

കർഷകരെ അഭിസംബോധന ചെയ്യുന്ന പ്രസംഗങ്ങൾ, ന്യായ് പദ്ധതിയിൽ വിശദീകരണം.

കർഷകരുടെ കാര്യങ്ങളും പ്രസംഗത്തിൽ രാഹുൽ എടുത്തുപറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ, കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ കഴിയേണ്ടി വരില്ല. 20,000 രൂപ കടമുള്ള കർഷകൻ ജയിലിൽ കിടക്കുകയും 2000 കോടി രൂപ കടമുള്ളവർ പുറത്തു നടക്കുകയും ചെയ്യുന്ന സാഹചര്യം കോൺഗ്രസ് ഭരണത്തിലുണ്ടാകില്ല.

റബർ കൃഷിക്കാർ ഉൾപ്പടെ മുഴുവൻ കർഷകരെയും കടക്കെണിയിൽ നിന്നു കരകയറ്റും. മലേഷ്യൻ സർക്കാരുമായി മോദി സർക്കാർ ഏർപ്പെട്ട കരാറാണ് കേരളത്തിലെ റബർ കർഷകരുടെ ദുരിതത്തിനു കാരണം. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്നതോടെ ഈ പ്രതിസന്ധിക്കു പരിഹാരമാകും. ഇന്ത്യൻ പ്രധാനമന്ത്രി മലയാളികളെ രക്ഷിക്കുന്നതിനു പകരം മലേഷ്യക്കാരെയാണ് രക്ഷിച്ചതെന്നും രാഹുൽ പരിഹസിച്ചു. യുപിഎ സർക്കാർ അധികാരത്തിൽ വരുന്നതോടെ കർഷകർക്കു മാത്രമായി ബജറ്റ് ഉണ്ടാകും. കർഷകർക്കു വേണ്ട എല്ലാ മാർഗ നിർദ്ദേശങ്ങളും ബജറ്റിലുണ്ടാകും.

മധ്യവർഗത്തിന്റെ കീശ കാലിയാക്കാൻ ലക്ഷ്യമിട്ടാണ് ന്യായ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ന്യായ് പദ്ധതി നടപ്പാക്കുമ്പോൾ ഒരു മധ്യവർഗക്കാരെന്റെയും കീശ കാലിയാകില്ലെന്ന് ഉറപ്പു നൽകുന്നു രാഹുൽ പറഞ്ഞു. 15 ലക്ഷം നൽകുമെന്നു മോദി പറഞ്ഞതു പോലുള്ള പെരും നുണയല്ല, നൽകാനാവുന്ന പണത്തിന്റെ കാര്യമാണ് കോൺഗ്രസ് പറയുന്നത്. 5 വർഷം കൊണ്ട് 3.6 ലക്ഷം രൂപ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തും. ദാരിദ്ര്യത്തിനു മേലുള്ള സർജിക്കൽ സ്‌ട്രൈക്കാണ് ന്യായ് പദ്ധതി. അതിനുള്ള പണം ഇടത്തരക്കാരിൽ നിന്നല്ല, അനിൽ അംബാനിമാരിൽ നിന്നാണ്. നോട്ട് നിരോധിച്ച മോദി നിങ്ങളുടെ കീശയിലെ പണമെടുത്ത് അംബാനിയുടെ കീശയിലിട്ടു. ന്യായ് പദ്ധതി ചെയ്യുന്നതു തിരിച്ചാണ്. നിങ്ങളുടെ കീശയിൽ നിന്നു മോദി എടുത്ത പണം ഞങ്ങൾ തിരിച്ചു തരാൻ പോകുന്നു രാഹുൽ പറഞ്ഞു. 'ഗബ്ബർ സിങ് ടാക്‌സി'നെ (ജിഎസ്ടി) ഉടച്ചു വാർത്ത് ലളിതമായ കുറഞ്ഞ നിരക്കിലുള്ള പുതിയ ചരക്കു സേവന നികുതി നടപ്പാക്കും.

മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും വേണ്ടതു കോൺഗ്രസ് പ്രകടന പത്രികയിലുണ്ടെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും രാഹുൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ വേറിട്ടതാണ്. പ്രളയത്തിൽ അവർ ചെയ്ത സേവനം നമുക്കറിയാം. അവർക്കായി പ്രത്യേക മന്ത്രാലയമാണു കോൺഗ്രസ് വാദ്ഗാനം. പുതിയ വ്യവസായം തുടങ്ങാൻ മുന്നോട്ടു വരുന്ന യുവസംരംഭകർക്ക് ആദ്യ മൂന്നു വർഷം ഒരു സർക്കാർ ഏജൻസികളുടെയും അനുമതിയില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന പദ്ധതി കോൺഗ്രസ് നടപ്പാക്കും. 3 വർഷം കൊണ്ട് സംരംഭം വിജയകരമാകുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്താൽ മാത്രം സർക്കാർ അനുമതി വാങ്ങിയാൽ മതി. സംരംഭകർ തന്നെ മുന്നോട്ടുവച്ച ആശയമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തിരക്കിട്ട ഷെഡ്യൂൾ, കാര് ഒഴിവാക്കി രാഷ്ട്രീയ ചർച്ചകൾ ഹെലികോപ്റ്ററിലാക്കി രാഹുൽ

ഇന്നലെ തീർത്തും തിരക്കുപിടിച്ച ദിവസമായിരുന്നു രാഹുൽ ഗാന്ധിക്ക് ഇന്നലെ. അതുകൊണ്ട് തന്നെ രണ്ടു ദിവസത്തെ രാഷ്ട്രീയ ചർച്ചകളെല്ലാം ഹെലികോപ്റ്ററിൽ. ഹെലികോപ്റ്ററിൽ ഒപ്പമുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, കെപിസിപി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നവരുമായിട്ടായിരുന്ന രാഷ്ട്രീയ ചർച്ചകൾ. വയനാട്ടിലെ പ്രചാരണ പുരോഗതി നേതാക്കളോട് രാഹുൽ ചോദിച്ചറിഞ്ഞു. കേരളത്തിൽ 17 സീറ്റുകളെങ്കിലും യുഡിഎഫിനു ലഭിക്കുമെന്നാണ് നേതാക്കൾ രാഹുലിനെ ധരിപ്പിച്ചത്. കോട്ടയത്ത് തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിലായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഫോണിൽ രാഹുൽ ചർച്ച നടത്തി.

ഇന്നലെയും ഇന്നുമായി തിരക്കേറിയ പരിപാടികളായതിനാൽ കാർ ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് രാഹുലിന്റെ മുഴുവൻ യാത്രകളും. മഹാരാഷ്ട്രയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുലിനെ മുല്ലപ്പള്ളി രാമചന്ദ്രനും വി എസ്. ശിവകുമാർ എംഎൽഎയും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും ചേർന്ന് സ്വീകരിച്ചു. ശംഖുമുഖത്തെ ഉദയ് സ്യൂട്ട് ഹോട്ടലിൽ തങ്ങിയ രാഹുൽ ഇന്നലെ രാവിലെ 9.30ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്കു പോയി. തുടർന്ന് പത്തനാപുരം, പാലാ, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് ഹെലികോപ്റ്ററിലായിരുന്നു യാത്ര.വൈകിട്ട് 6ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം രാത്രി 7.30ന് വിമാനത്തിൽ കണ്ണൂരിലേക്കു പോയി.'

ഇന്നു രാവിലെ 8.40ന് കണ്ണൂരിൽ നേതാക്കളുമായി ചർച്ച നടത്തും . 9.50ന് തിരുനെല്ലി ക്ഷേത്ര ദർശനം. തുടർന്ന് ഹെലികോപ്റ്ററിൽ ബത്തേരിയിലേക്ക്. അവിടെ പൊതുസമ്മേളനത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് തിരുവമ്പാടി, 2.30ന് വണ്ടൂർ, വൈകിട്ട് 4ന് തൃത്താല എന്നിവിടങ്ങളിൽ പൊതുസമ്മേളനം. 5ന് ഹെലികോപ്റ്ററിൽ കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക്. 6ന് വിമാനത്തിൽ ഡൽഹിക്കു മടങ്ങും.

രാഹുൽ ഇന്ന് വയനാട് മണ്ഡലത്തിൽ

കൽപറ്റ ന്മ കോൺഗ്രസ് അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.00നു കണ്ണൂർ സാധു ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിനു ശേഷം അദ്ദേഹം രാവിലെ 9.50നു തിരുനെല്ലി ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് 10.30 വരെ തിരുനെല്ലി ക്ഷേത്രദർശനം. പിതാവിനായി ബലിതർപ്പണവും നടത്തും. 11നു ബത്തേരിയിൽ എത്തുന്ന രാഹുൽഗാന്ധി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഉച്ചയ്ക്ക് 1.10നു തിരുവമ്പാടി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്നു ഉച്ചയ്ക്കു ശേഷം 2.40നു വണ്ടൂർ കൂരിക്കുണ്ട് ബൈപാസിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. വൈകിട്ട് 4.10നു തൃത്താല ചാലിശ്ശേരി മുലയമ്പറമ്പത്ത് ക്ഷേത്രമൈതാനത്തെ പൊതുസമ്മേളനത്തിനു ശേഷം 5.10നു കോയമ്പത്തൂർ വഴി ന്യൂഡൽഹിയിലേക്ക് മടങ്ങും.

അതിനിടെ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിനായി തുടങ്ങിയ പുതിയ ട്വിറ്റർ ഹാൻഡിലിനു ഔദ്യോഗിക വെരിഫിക്കേഷൻ. അക്കൗണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം തന്നെ അക്കൗണ്ടിന് അംഗീകാരം ലഭിച്ചു. @RGWayanadOffice എന്നതാണ് ട്വിറ്റർ ഐഡി. മലയാളത്തിലാണ് ട്വീറ്റുകൾ. വയനാട്ടിലെ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ പേരിൽ എത്തിക്കുകയാണ് ലക്ഷ്യം. കെപിസിസി സോഷ്യൽ മീഡിയ വാർ റൂമിൽ അനിൽ ആന്റണിക്കാണ് ചുമതല.

വയനാട്ടിൽ കടബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകളുമായി രാഹുൽഗാന്ധി ഇന്നു കൂടിക്കാഴ്ച നടത്തും. പ്രചാരണത്തിനായി ഇന്നു വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയിൽ 4 പേരെയും തിരുനെല്ലിയിൽ 2 പേരെയുമാണ് കാണുക. ഈ വർഷം ഇതുവരെ 6 കർഷകരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തത്. കൃഷിമേഖലയായ വയനാടിനെ തകർത്തതും കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ടതും കോൺഗ്രസിന്റെ നയങ്ങളാണെന്നും വയനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുബത്തോടു രാഹുൽ മാപ്പു ചോദിക്കണമെന്നും പറഞ്ഞ് എൽഡിഎഫ് വ്യാപക പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ 12നു പുൽപള്ളിയിൽ ഇടതു കർഷക സംഘടനകൾ കർഷക പാർലമെന്റും കിസാൻ റാലിയും സംഘടിപ്പിച്ചിരുന്നു. എതിരാളികളുടെ ആക്ഷേപങ്ങൾക്കുള്ള മറുപടിയാണ് രാഹുലിന്റെ കൂടിക്കാഴ്ചയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP