Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി; ആവശ്യം തള്ളിക്കളഞ്ഞ് സോണിയ ഗാന്ധി; കോൺഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകർപ്പൻ വിജയവും അംഗീകരിക്കുന്നതായി വാർത്താസമ്മേളനം വിളിച്ച് അറിയിച്ച് രാഹുൽ; ആശയങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ മോദി വിജയിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ; തോൽവിയിൽ മൂകനായ രാഹുലിനെ ആശ്വസിപ്പിക്കാനെത്തി പ്രിയങ്കയും

തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി; ആവശ്യം തള്ളിക്കളഞ്ഞ് സോണിയ ഗാന്ധി; കോൺഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകർപ്പൻ വിജയവും അംഗീകരിക്കുന്നതായി വാർത്താസമ്മേളനം വിളിച്ച് അറിയിച്ച് രാഹുൽ; ആശയങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ മോദി വിജയിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ; തോൽവിയിൽ മൂകനായ രാഹുലിനെ ആശ്വസിപ്പിക്കാനെത്തി പ്രിയങ്കയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെയും സോണിയ ഗാന്ധിയെയും രാഹുൽ രാജിവെക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചു. എന്നാൽ, യുപിഎ ചെയർപേഴ്‌സൺ സോണിയ ഗാന്ധി രാഹുലിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ കൂറ്റൻ വിജയം നേടിയെങ്കിലും അമേഠിയിലു പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് രാഹുൽ രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചത്.

അതേസമയം കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച രാഹുൽ ഗാന്ധി കോൺ കോൺഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകർപ്പൻ വിജയവും അംഗീകരിക്കുന്നതായി വ്യക്തമാക്കി. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നത്. അതിൽ മോദി വിജയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നതായി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഏഴു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ലീഡു നിലയിൽ ബിജെപി ഒറ്റയ്ക്ക് തന്നെ 300 പിന്നിട്ടതിനു പിന്നാലെയാണ് രാഹുൽ ജനവിധി അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

'സത്യം പറയട്ടെ, തിരഞ്ഞെടുപ്പു തോൽവിയുടെ കാരണം വിലയിരുത്താനുള്ള ദിനമാണ് ഇതെന്നു ഞാൻ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയാണ് അവരുടെ പ്രധാനമന്ത്രിയെന്ന് വിധിയെഴുതിയിരിക്കുന്നു. ആ ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയിൽ ഞാനും മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു. അവിടെ വിജയിച്ച സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങൾ. അമേഠിയിലെ ജനങ്ങളുടെ കാര്യത്തിൽ സ്‌നേഹപൂർവമുള്ള കരുതൽ വേണമെന്ന് അഭ്യർത്ഥിക്കുന്നു' രാഹുൽ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഭയപ്പെടേണ്ടതില്ല. നമ്മൾ പോരാട്ടം തുടരും. ഈ പ്രത്യയശാസ്ത്രത്തിന്റെ വിജയത്തിനായി നമ്മൾ തുടർന്നും പരിശ്രമിക്കും' രാഹുൽ വ്യക്തമാക്കി. അതേസമയം തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി രാജിവെയ്ക്കുമെന്നുള്ള വാർത്തകൾ തെറ്റാണെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു താനും പാർട്ടിയും തമ്മിലുള്ള കാര്യമാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു നടന്ന വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെയും സുർജേവാലയുടെയും പ്രതികരണങ്ങൾ. ''അതു ഞാനും എന്റെയും പാർട്ടിയും തമ്മിലുള്ള കാര്യമാണ്. അതു ഞാനും കോൺഗ്രസും കോൺഗ്രസ് പ്രവർത്തകസമിതിയും തമ്മിലുള്ള കാര്യമാണ്.''- രാഹുൽ പറഞ്ഞു. അതേസമയം രാജ്യമാകെ തകർന്നടിഞ്ഞതോടെ കോൺഗ്രസിൽ ക്യാമ്പിൽ വലിയ മൂകതയാണ് ഉണ്ടായിരിക്കുന്നത്. രാഹുലും വൻ തോൽവിയുടെ ഞെട്ടലിലാണ്. അതുകൊണ്ട് രാഹുലിനെ ആശ്വസിപ്പിക്കാൻ പ്രിയങ്ക ഗാന്ധിയും ഉച്ചയോടെ സോണിയ ഗാന്ധിയും രാഹുലിനെ കണ്ടു.

കോൺഗ്രസിന് നേട്ടം കേരളത്തിലും പഞ്ചാബിലും മാത്രമാണ്. യുപിഎ മൂന്നക്കം കടന്നുമില്ല. 2014ൽ 46 ആയിരുന്നു വോട്ടുനില. ഇപ്പോഴത് 50 കടക്കുന്നു എന്നുമാത്രം. തമിഴ്‌നാട് ഡിഎംകെയുടെ നേതൃത്വത്തിൽ യുപിഎ തൂത്തുവാരി. ബിഹാറിൽ യുപിഎ തകർന്നടിഞ്ഞു. ഈയിടെ ഭരണം പിടിച്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിലാകട്ടെ തോൽവിയുടെ പടുകുഴിയിലും. ഇതിനിടെ ആവേശത്തിലായ ബിജെപി ക്യാംപിൽ കാര്യങ്ങൾക്ക് വേഗം കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് അഞ്ചിന് പാർട്ടി ആസ്ഥാനത്തെത്തും. ബിജെപി പാർലമെന്ററി പാർട്ടി യോഗം അഞ്ചരയ്ക്ക് ചേരും. 26ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന. രാജ്യമെമ്പാടും ബിജെപി വൻ മുന്നേറ്റം നേടിയതിന് പിന്നാലെയാണ് പാർട്ടി മറ്റ് നടപടികൾ വേഗത്തിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP