Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി; പ്രിയങ്കാ ഗാന്ധി വരാണസിയിൽ മോദിയെ നേരിടാൻ ഇറങ്ങിയാൽ രാഹുൽ വയനാട്ടിലേക്ക് വണ്ടി കയറും; കർണാടകയിൽ സാഹചര്യങ്ങൾ അത്രകണ്ട് അനുകൂലമല്ലെന്ന് വിലയിരുത്തി ഹൈക്കമാൻഡ്; അന്തിമ തീരുമാനം നാളെയുണ്ടായേക്കും

രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി; പ്രിയങ്കാ ഗാന്ധി വരാണസിയിൽ മോദിയെ നേരിടാൻ ഇറങ്ങിയാൽ രാഹുൽ വയനാട്ടിലേക്ക് വണ്ടി കയറും; കർണാടകയിൽ സാഹചര്യങ്ങൾ അത്രകണ്ട് അനുകൂലമല്ലെന്ന് വിലയിരുത്തി ഹൈക്കമാൻഡ്; അന്തിമ തീരുമാനം നാളെയുണ്ടായേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. ഇതു സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്ന വിവരമാണ് പുറത്തുവരുന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഞായറാഴ്ച രാഹുൽ ആന്ധ്രയിലേക്കു പ്രചാരണത്തിനു പോകുന്നതിനു മുൻപു തന്നെ ഇക്കാര്യത്തിലുള്ള തീരുമാനം ഡൽഹിയിൽ നിന്നുണ്ടാകും. സംസ്ഥാന നേതൃത്വം ഒന്നടങ്കമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കണമെന്നാവശ്യപ്പെട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു. ഏഴു ദിവസം വൈകിയെങ്കിലും എഴുപതാണ്ടിലെ വികസനത്തിലേക്കുള്ള വഴി തെളിഞ്ഞു. രാഹുൽ വരുമെന്ന ശുഭപ്രതീക്ഷയിലാണ്. രാഹുലിന്റെ വിശ്വസ്ത പ്രചാരകനായി മുന്നോട്ടു പോകുമെന്നും ഇത്രയും ദിവസത്തെ അനിശ്ചിതാവസ്ഥ തന്നെ അലോസരപ്പെടുത്തിയില്ലെന്നും സിദ്ദിഖ് വയനാട്ടിൽ പറഞ്ഞു.

നാമനിർദേശപത്രിക നൽകാൻ നാലുദിവസം കൂടിമാത്രം ശേഷിക്കെ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ഐഎസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞിരുന്നു. തീരുമാനം വൈകുന്നതിലുള്ള ആശങ്ക ഞായറാഴ്ച ഉമ്മൻ ചാണ്ടി രാഹുൽഗാന്ധിയെ നേരിൽകണ്ട് അറിയിക്കും. അതേസമയം കർണാടകത്തിലെ സാഹചര്യങ്ങൾ രാഹുൽ ഗാന്ധിയുടെ വിജയത്തിന് അനുകൂലമല്ല എന്ന വിലയിരുത്തലാണ് കോൺഗ്രസ് ഹൈക്കമാൻഡിൽ ഉയർന്നുവരുന്നത്. രാഹുൽ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയിലും മത്സരിപ്പിച്ചുകൊണ്ടുള്ള തന്ത്രത്തെ കുറിച്ച് ഹൈക്കമാൻഡ് ആലോചന തുടങ്ങിയിട്ടുണ്ട്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ അദ്ദേഹം സുരക്ഷിത മണ്ഡലം തേടിപ്പോയെന്ന് ബിജെപി പ്രചാരണം നടത്തും. ഇത് മറികടക്കാൻ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാമെന്നാണ് ഇപ്പോൾ ഉയരുന്ന ചർച്ചകൾ. മോദിക്കെതിരെ പ്രിയങ്ക ഇറങ്ങുമ്പോൾ ഹിന്ദി മേഖലയിൽ അതിന്റെ ഗുണം കോൺഗ്രസിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നപ്പോൾ എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക പ്രതികരിച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ആണെന്ന് രാഹുൽ ഗാന്ധി പറയുകയും ചെയ്തതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്.

വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ മത്സര രംഗത്തിറക്കിയാൽ മോദിയെ മണ്ഡലത്തിൽ തളച്ചിടാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഇത് മറ്റ് സീറ്റുകളിലെ ബിജപിയുടെ സാധ്യതകളെ കുറയ്ക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്നും കണക്കുകൂട്ടുന്നു. കർണാടകയിലെ രണ്ടുമണ്ഡലങ്ങളാണ് രാഹുൽ ഗാന്ധിക്കായി കണ്ടുവെച്ചിരുന്നത്. ഈ രണ്ടുമണ്ഡലങ്ങളിലെ ജയസാധ്യത സംബന്ധിച്ചും നേരിയ ആശങ്ക കോൺഗ്രസിനുണ്ട്. ഈയൊരു ഘട്ടത്തിലാണ് വയനാട് എന്ന സാധ്യതയിലേക്ക് വീണ്ടും ചർച്ചകൾ എത്തുന്നത്. അങ്ങനെയെങ്കിൽ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മണ്ഡലമാണ് കോൺഗ്രസ് അധ്യക്ഷൻ വിജയിക്കാൻ വേണ്ടി തിരഞ്ഞെടുത്തത് എന്ന് ബിജെപി വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.

മറ്റൊന്ന് ബിജെപിയെ നേരിടാൻ സാധിക്കാതെ കോൺഗ്രസ് അധ്യക്ഷൻ ഒളിച്ചോടിയെന്ന പ്രചാരണവും അവർ നടത്തും. ഇതിനെ മറികടക്കാൻ വാരാണസിയിലെ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP