Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ള തന്നെ; തുഷാറിനെ അനുനയിപ്പിച്ച് എൻഡിഎയിൽ പിടിച്ചു നിർത്തുന്നതിന് പിന്നിലും പിള്ളയുടെ നയതന്ത്രം; ചെങ്ങന്നൂരിൽ തൂഷാറിന്റെ മനസ്സ് അനുകൂലം ആക്കണമെങ്കിൽ പിള്ള തന്നെ മത്സരിക്കണമെന്ന തിരിച്ചറിവിൽ കുമ്മനം; കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ബിജെപി കാത്തിരിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം എൻഡിഎ യോഗത്തിന് ശേഷം; സമ്മതംമൂളി ശ്രീധരൻ പിള്ളയും

ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ള തന്നെ; തുഷാറിനെ അനുനയിപ്പിച്ച് എൻഡിഎയിൽ പിടിച്ചു നിർത്തുന്നതിന് പിന്നിലും പിള്ളയുടെ നയതന്ത്രം; ചെങ്ങന്നൂരിൽ തൂഷാറിന്റെ മനസ്സ് അനുകൂലം ആക്കണമെങ്കിൽ പിള്ള തന്നെ മത്സരിക്കണമെന്ന തിരിച്ചറിവിൽ കുമ്മനം; കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ബിജെപി കാത്തിരിക്കില്ല;  ഔദ്യോഗിക പ്രഖ്യാപനം എൻഡിഎ യോഗത്തിന് ശേഷം; സമ്മതംമൂളി ശ്രീധരൻ പിള്ളയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരെ സ്ഥാനാർത്ഥിയാക്കിയാലും ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ള തന്നെ മത്സരിക്കാനെത്തും. ശ്രീധരൻ പിള്ളയാണ് സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കുന്ന പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ബിജെപി തുടങ്ങിക്കഴിഞ്ഞു. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണത്തിൽ സജീവമാകാനാണ് ബിജെപിയുടെ നീക്കം. സ്ഥാനാർത്ഥിയാകാൻ ശ്രീധരൻ പിള്ളയും സമ്മതിച്ചു കഴിഞ്ഞു.

ബിജെപി ബന്ധം പുനഃപരിശോധിക്കുന്നതിനും ചെങ്ങന്നൂരിൽ മത്സരിക്കുന്നത് ആലോചിക്കുന്നതിനും ചേർന്ന ബിഡിജെഎസ് സംസ്ഥാന നേതൃയോഗം തൽക്കാലം എൻഡിഎയിൽ തുടരാൻ തീരുമാനിച്ചു പിരിഞ്ഞിരുന്നു. ബിജെപി ഉന്നതരുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ബിഡിജെഎസ് നിലപാട് മയപ്പെടുത്തിയത്. കടുത്ത തീരുമാനം എടുക്കരുതെന്ന അഭ്യർത്ഥന മാനിച്ച് അനുരഞ്ജനത്തിന് അവസരം ഒരുക്കുന്നതിനാണ് തീരുമാനം. ഈ സാഹചര്യത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിഎസ് ശ്രീധരൻ പിള്ളയെ തന്നെ സ്ഥാനാർത്ഥിയാക്കനാണ് ബിജെപിയുടെ തീരുമാനം. ബിഡിജെഎസിന്റെ വെടിനിർത്തലിന് പിന്നിലും ശ്രീധരൻ പിള്ളയായിരുന്നു.

ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള എൻ.ഡി.എ. സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതൃത്വം ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്. എൻഡിഎയിൽ ഇതു സംബന്ധിച്ച് ധാരണയായതായാണ് വിവരം. എന്നാൽ, എൻ.ഡി.എ. യോഗത്തിനു ശേഷമേ ഇക്കാര്യം തീരുമാനിക്കൂ എന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കഴിഞ്ഞതവണ ചെങ്ങന്നൂരിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നതാണ് ശ്രീധരൻപിള്ളയെ വീണ്ടും മത്സരിപ്പിക്കുന്നതിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. വീണ്ടും മത്സരിക്കാൻ ശ്രീധരൻപിള്ള ആദ്യം വിമുഖത പ്രകടിപ്പിച്ചിരുന്നു. സംഘപരിവാർ നേതാക്കൾ നടത്തിയ സമ്മർദത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം.

ശ്രീധരൻപിള്ള തന്നെ സ്ഥാനാർത്ഥിയാകണമെന്ന് എൻ.ഡി.എ. ഘടകകക്ഷികളും ബിജെപി. നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ശ്രീധരൻപിള്ള സ്ഥാനാർത്ഥിയല്ലെങ്കിൽ സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് ബിജെപി. ദേശീയാധ്യക്ഷൻ അമിത്ഷായെ കണ്ടിരുന്നു. കണിച്ചുകുളങ്ങരയിൽ വെള്ളിയാഴ്ച നടന്ന നേതൃയോഗത്തിനുശേഷം ബി.ഡി.ജെ.എസ്. നേതാക്കളും പി.എസ്. ശ്രീധരൻപിള്ളയെ പിന്തുണച്ചിരുന്നു. ശ്രീധരൻ പിള്ളയാണെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന നിലപാടിലാണ് ബിഡിജെഎസ്. അങ്ങനെ എൻഡിഎയുടെ പിന്തുണയുടെ കരുത്തിൽ ശ്രീധരൻ പള്ളി മത്സരിക്കാനെത്തും.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിഎസ് ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കോർ കമ്മറ്റി യോഗം നേരത്തെ തീരുമാനിച്ചതാണ്. പ്രചരണത്തിൽ മുന്നോട്ട് കുതിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ശ്രീധരൻ പിള്ളയും സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. ഇതോടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഏവരും കരുതി. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞ ശേഷം മതി പ്രഖ്യാപനമെന്ന നിലപാടിൽ പാർട്ടി എത്തി. കോൺഗ്രസിനായി മുൻ എംഎൽഎ പിസി വിഷ്ണുനാഥ് മത്സരിക്കാനിടയില്ലെന്ന സൂചനകൾ പുറത്തുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. വിഷ്ണുനാഥ് അല്ലെങ്കിൽ എം മുരളി സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലാണ് ശ്രീധരൻ പിള്ളയെ മത്സരിപ്പിക്കാൻ ബിജെപി.

യു.ഡി.എഫിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി.വിജയകുമാറിന്റെ പേരുമുണ്ട്. പലവട്ടം പട്ടികയിൽവന്നു തള്ളിപ്പോയ പേരാണ് വിജയകുമാറിന്റേത്. ജനകീയനായ കോൺഗ്രസ് നേതാവായി നിൽക്കുമ്പോഴും അദ്ദേഹം ക്ഷേത്രങ്ങൾ, എൻ.എസ്.എസ്., പള്ളിയോടം, വിവിധ സമുദായങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മണ്ഡലത്തിൽ സജീവമാണ്. സംഘപരിവാർ അനുഭാവി വോട്ടുകളിലും വിജയകുമാറിന് സ്വാധീനം ചെലുത്താനാകും. കോൺഗ്രസിലെ ഹൈന്ദവ മുഖമാണ് വിജയകുമാറിന്റേത്. ഈ സാഹചര്യത്തിൽ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണിച്ചു. എന്നാൽ എൻഡിഎ ഘടകകക്ഷികൾക്ക് ശ്രീധരൻ പിള്ളയോടായിരുന്നു താൽപ്പര്യം. ഇത് മനസ്സിലാക്കിയാണ് ശ്രീധരൻ പിള്ളയെ തന്നെ ബിജെപി മത്സരിപ്പിക്കുന്നത്.

കഴിഞ്ഞ തവണ ബിജെപി. സ്ഥാനാർത്ഥിയായി പി.എസ്.ശ്രീധരൻപിള്ള നേടിയ 42,000 വോട്ടുകൾ സംഘടനയുടെ വലിയ നേട്ടമായിരുന്നു. അത് നിലനിർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പറ്റിയ സ്ഥാനാർത്ഥികൾക്കായി കോൺഗ്രസും സിപിഎമ്മും തലപുകയ്ക്കുന്നതിനിടെയാണ് ബിജെപി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞതെരഞ്ഞെടുപ്പിലും ശ്രീധരൻ പിള്ളയായിരുന്നു ബിജെപി. സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ്. പിന്തുണയോടെ 42,682 വോട്ട് നേടിയ എൻ.ഡി.എ. മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും വിജയിച്ച രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ.

കോൺഗ്രസിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എ.ഐ.സി.സി സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് രാഹുൽ ഗാന്ധിക്കു താൽപര്യമില്ല. അടുത്തു നടക്കാൻ പോകുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയിലേക്ക് വിഷ്ണു നാഥിനെ നിയോഗിച്ചേക്കും. എം മുരളിയുടെ പേരും പരിഗണനയിലുണ്ട്. എന്നാൽ വിഷ്ണുനാഥിനെ തന്നെ മത്സരിപ്പിക്കണമെന്ന വാശിയിലാണ് ഉമ്മൻ ചാണ്ടി. ഇത് തീരുമാനത്തെ സ്വാധീനിച്ചേക്കും.

സിപിഎം സ്ഥാനാർത്ഥിയായി സിഎസ് സുജാതയുടെ പേരാണ് ആദ്യം ഉയർന്നത്. ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ ചെങ്ങന്നൂരെന്ന സിറ്റിങ് സീറ്റ് നിലനിർത്താൻ യോജിച്ച വ്യക്തിയെ ഇനിയും സിപിഎമ്മിന് കണ്ടെത്താനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP