Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അന്നാദ്യം അമേഠിയിൽ പത്രിക നൽകുമ്പോൾ പരിഭ്രാന്തനായ രാഹുലിന്റെ കൈകൾ വിറച്ചു; ചേട്ടന്റെ മനസ് വായിച്ച അനിയത്തി വളരെ വേഗം കൈകൾകൂട്ടിപ്പിടിച്ച് പകർന്നത് അസാമാന്യ ധൈര്യം; വയനാട്ടിൽ 48 ാം വയസിൽ പുഞ്ചിരിയോടെ തഴക്കം വന്ന നേതാവായി രാഹുൽ പത്രിക നൽകുമ്പോൾ ഫോണെടുത്ത് ഫോട്ടോ പിടിച്ച് സഹോദരിയുടെ കിടിലൻ ട്വീറ്റ്: ഭായ് ജാൻ; ലളിതസുന്ദരമായ സാരിയിൽ ഉന്മേഷഭരിതയായി റോഡ് ഷോയിൽ പങ്കെടുക്കുമ്പോഴും ജനം പറയുന്നു പ്രിയങ്ക തന്നെ താരം

അന്നാദ്യം അമേഠിയിൽ പത്രിക നൽകുമ്പോൾ പരിഭ്രാന്തനായ രാഹുലിന്റെ കൈകൾ വിറച്ചു; ചേട്ടന്റെ മനസ് വായിച്ച അനിയത്തി വളരെ വേഗം കൈകൾകൂട്ടിപ്പിടിച്ച് പകർന്നത് അസാമാന്യ ധൈര്യം; വയനാട്ടിൽ 48 ാം വയസിൽ പുഞ്ചിരിയോടെ തഴക്കം വന്ന നേതാവായി രാഹുൽ പത്രിക നൽകുമ്പോൾ ഫോണെടുത്ത് ഫോട്ടോ പിടിച്ച് സഹോദരിയുടെ കിടിലൻ ട്വീറ്റ്: ഭായ് ജാൻ; ലളിതസുന്ദരമായ സാരിയിൽ ഉന്മേഷഭരിതയായി റോഡ് ഷോയിൽ പങ്കെടുക്കുമ്പോഴും ജനം പറയുന്നു പ്രിയങ്ക തന്നെ താരം

മറുനാടൻ ഡെസ്‌ക്‌

വയനാട്‌:2004 ൽ അമേഠിയിൽ നിന്ന് ലോക്‌സഭാ സീറ്റിലേക്ക് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്ന നാൾ. രാഹുൽ ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്. അച്ഛൻ രാജീവ് ഗാന്ധിയുടെ മണ്ഡലം. മുപ്പതുകളിലായിരുന്ന രാഹുൽ ആകെ പരിഭ്രാന്തിയിലായിരുന്നു. ഒന്നും പരിചയമില്ലല്ലോ. പത്രിക നൽകുമ്പോൾ രാഹുലിന്റെ കൈകൾ വിറച്ചു. ഉടൻ തന്നെ അടുത്തുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി വേഗം രാഹുലിന്റെ കൈപിടിച്ച ധൈര്യം കൊടുത്തു. ഇന്നുരാവിലെ വയനാട്ടിൽ പത്രിക നൽകുമ്പോഴും സമാനമായ രംഗം. 48 ലെത്തിയ രാഹുൽ ഇന്ന് മുതിർന്ന രാഷ്ട്രീയക്കാരനായി മാറിക്കഴിഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം റിട്ടേണിങ് ഓഫീസർക്ക് പത്രിക കൈമാറി. അപ്പോഴും സഹോദരി അടുത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുമ്പാകെ കോൺഗ്രസ് അദ്ധ്യക്ഷൻ ഇരിക്കുമ്പോൾ പ്രിയങ്ക ഫോണെടുത്ത് ഒരു ഫോട്ടോ എടുത്തു. ഉടൻ തന്നെ വികാരത്തിൽ ചാലിച്ച ഒരു ട്വീറ്റും. 'എന്റെ സഹോദരൻ, ഏറ്റവും സത്യസന്ധനായ സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ പുരുഷൻ. വയനാടേ അദ്ദേഹത്തെ കാത്തുകൊള്ളണമേ..അദ്ദേഹം നിങ്ങളെ നിരാശരാക്കില്ല, പത്രികാ സമർപ്പണത്തിന്റെ ആർപ്പും ആരവും കഴിഞ്ഞപ്പോൾ', പ്രിയങ്ക ട്വിറ്ററിൽ കുറിച്ച വാക്കുകൾ.

ജനനേതാവിന്റെ ഒളിമിന്നലുകൾ തെളിഞ്ഞുകാണുന്നത് എപ്പോഴെന്ന് പറയാനാവില്ല. പിന്നിട്ട കാലത്തെവിടെയോ ഉപേക്ഷിച്ചുപോയ ഊർജ്ജമാണ് കോൺഗ്രസിന് ആ ഒളിമിന്നലുകൾ. വയനാട്ടിൽ റോഡ് ഷോയിലെ തിരക്കിനിടെ, പരിക്കേറ്റ മാധ്യമപ്രവർത്തകന്റെ ഷൂവും പേറി സ്‌ട്രെക്ച്ചറിനടുത്ത് ആകുലതയോടെ നിൽക്കുന്ന പ്രിയങ്ക ഗാന്ധി അത്തരമൊരു കാഴ്ചയാണ് ഇന്നുനൽകിയത്. എസ്‌പിജിയുടെ കനത്ത സുരക്ഷാവലയം ഭേദിച്ച് സാധാരണക്കാരോട് ഇടപഴകുന്നത് വെറും ഷോ മാത്രമായി ചിലർ മുദ്രകുത്തിയേക്കും. എന്നാൽ, സെഫോളജിസ്റ്റായ യോഗേന്ദ്ര യാദവ് അടുത്തിടെ പറഞ്ഞത് ഓർക്കുക: ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ആത്മാർഥതയുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. കാര്യങ്ങൾ അറിയാനും പഠിക്കാനും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്ന നേതാവ് ഇപ്പോൾ രാജ്യത്തിനായി ചില ഉത്തരങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. രാജ്യം അത് സ്വീകരിക്കുമോയെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ അറിയാം.

ലളിതമായ കൈത്തറി സാരി ഉടുത്ത് സാധാരണക്കാരിൽ സാധാരണക്കാരിയാവുന്ന പ്രിയങ്ക നൽകുന്ന സന്ദേശവും അതാണ്: രാഹുലിനൊപ്പം ഞാനുമുണ്ടാകും. കോൺഗ്രസ് പ്രവർത്തകരെ ആകെ ഉന്മേഷഭരിതരാക്കുന്ന ഒരുസന്ദേശം. വീണ്ടെടുക്കും ആ നഷ്ടപാരമ്പര്യം. എന്നാൽ, മുകളിൽ നിന്നുകൊണ്ട് തനിക്ക് അത്ഭുതങ്ങൾ ഒന്നും കാട്ടാനാവില്ലെന്നും അവർ ഓർമിപ്പിക്കുന്നു. യാഥാർഥ്യബോധം വേണം. ബൂത്തുതലം മുതലുള്ള കരുത്തുറ്റ പ്രവർത്തനം വേണം. അത്ഭുതങ്ങൾ താനേ വരും. ഇന്ദിര ഗാന്ധിയെ പോലെ പ്രിയങ്ക പ്രിയദർശിനി ആകുന്നത് ഇങ്ങനെയാണ്. അതെ പ്രിയങ്ക തന്നെയായിരുന്നു വയനാട്ടിലെ ഇന്നത്തെ താരം.

കിഴക്കൻ യുപിയുടെ ചുമതലയുള്ള പ്രിയങ്ക പഴയ കോട്ടകൾ തിരിച്ചുപിടിക്കാൻ നടത്തിയ ഗംഗായാത്രയോടെയാണ് അമേഠിയിലും റായ്ബറേലിയിലും മാത്രം ഒതുങ്ങിയിരുന്ന സാന്നിധ്യം ജനഹൃദയങ്ങളിലേക്ക് പടർന്നത്. പച്ചക്കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സാധാരണക്കാരിൽ സാധാരണക്കാരിയായി നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന പ്രിയങ്ക പറയാതെ പറയുന്നതും കോൺഗ്രസ് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന രാഷ്ട്രീയമാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാർശ്വവൽകരിക്കപ്പെട്ട ദളിത് വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നും ഗംഗായാത്ര.

പട്ടിണി മാത്രം അവശേഷിക്കുന്ന നെയ്ത്തുതൊഴിലാളികളോട് അവർ പറഞ്ഞു: കാഞ്ചീപുരത്തും പോച്ചംപള്ളിയിലും ബസ്തറിലും റായ്ഗഡിലും , സമ്പാൽപൂരിലും വിദർഭയിലുമെല്ലാം ഞാൻ കാണുന്നത് ഒരേ ദുരിത ജീവിതമാണ്. കർഷകരുടെയും നെയ്ത്തുകാരുടെയും ആത്മഹത്യ കോൺഗ്രസ് ബിജെപിക്കെതിരെ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്‌നമാണ്. അമ്മ സോണിയ ഗാന്ധിക്കും സഹോദരൻ രാഹുലിനും പിന്നാലെ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വന്തം ലോകത്ത് ഒതുങ്ങിയ പ്രിയങ്കയുടെ വരവിനായി കാത്തിരുന്നത് വെറുതെയായില്ലെന്ന കോൺഗ്രസ് പ്രവർത്തകർ പറയുന്നത് വെറുതെയല്ല. വയനാട്ടിലെ മണ്ണിൽ പ്രിയങ്ക പറയാൻ ശ്രമിച്ചതും അതുതന്നെ: ഞാൻ നിങ്ങളിൽ ഒരാളാണ്. ഇന്ദിരാ ഗാന്ധിയെ പോലെ കോട്ടൺ സാരികൾ ധരിച്ച അവർ വസ്ത്രത്തിന്റെ രാഷ്ട്രീയവും പറയുന്നു. രാജ്യത്തെ കർഷകരുടെ, നെയ്ത്തുകാരുടെ സാധാരണക്കാരുടെ, ഒക്കെ മനസ്സിലേക്ക് മുത്തശ്ശിയെ പോലെ ഇറങ്ങിച്ചെല്ലാൻ പരിശ്രമിക്കുന്നു. നീണ്ട മൂക്കും വിടർന്ന കണ്ണുകളും ഇന്ദിരയുടെ ഹെയർസ്‌റ്റൈലും ഒപ്പം മായാത്ത പുഞ്ചിരിയുമായി അവർ വയനാട്ടുകാരെ കീഴടക്കിയതും ഈ ലളിത സുന്ദര സ്റ്റൈൽ കൊണ്ടുതന്നെ.

തിളങ്ങുന്ന പ്രിയങ്ക സാരികൾ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി ജാക്കറ്റുകളാണ് തരംഗമായതെങ്കിലും ഈ വട്ടം അത് പ്രിയങ്ക സാരികളാണ്. പ്രിയങ്കയുടെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച സാരികൾക്ക് ആവശ്യക്കാരേറെയാണ്. കൈത്തറിയിൽ മാത്രമല്ല, കാഞ്ചിപുരം, നൽഗോണ്ട, പോച്ചംപള്ളി, ബനാറസ്, സമ്പാൽപൂർ സാരികളിലും പ്രിയങ്കയെ കാണാറുണ്ട്. ഗംഗായാത്രയിൽ കറുപ്പും മെറൂണും, പച്ചയും കലർന്ന സാരികളിൽ സാധാരണക്കാർക്കൊപ്പം. ചെങ്കല്ല് നിറമുള്ള ചെട്ടിനാട് സാരികളിലും പ്രിയങ്കയെ കണ്ടു.

സോണിയ ഗാന്ധിക്ക് ഇളം നിറത്തിലുള്ള കൈത്തറി സാരികളാണ് താൽപര്യം. ലളിതമായ കോട്ടൺ സാരികളിൽ പ്രത്യക്ഷപ്പെടുന് പ്രിയങ്ക കൂടുതലും ആകർഷിക്കുന്നത് സ്ത്രീകളെയാണ്. വിശേഷിച്ചും ഗ്രാമീണ സ്തീകളെ. സത്രീകളോട് പ്രത്യേക പരിഗണന കാട്ടുന്ന ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയം തന്നെയാണ് പ്രിയങ്കയും പരീക്ഷിക്കുന്നത്. ആരെയും എളുപ്പം അടുപ്പിക്കുന്ന പെരുമാറ്റവും കരുതലും ഗ്രാമീണ സ്ത്രീകളിൽ ചലനമുണ്ടാക്കുമെന്ന തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

ഇന്ദിരാ വിളികൾക്കപ്പുറം

അച്ഛൻ രാജീവ് ഗാന്ധിയുടെ മരണസമയത്ത് അമ്മയേയും സഹോദരനെയും ചേർത്ത് പിടിച്ച് ധൈര്യം പകരുന്ന പ്രിയങ്കയുടെ ചിത്രം അവരുടെ കരുത്തിന്റെയും പക്വതയുടെയും സൂചകമായി പലരും എടുത്തുകാട്ടാറുണ്ട്. ഒന്നിനെയും കൂസാത്ത ഇന്ദിരയുടെ ധീരതയും കൈമുതലായുണ്ട്. സ്വയം ഉയർന്നുവന്ന മറ്റുനേതാക്കളോട് മല്ലിടാൻ അതുമാത്രം മതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും ഒന്നുറപ്പാണ്: ഇന്ദിരാവിളികൾക്കപ്പുറം സ്വന്തം രാഷ്ട്രീയ വ്യക്തിത്വം ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞാൽ, കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന പുതിയ ഇന്ത്യ സങ്കൽപ്പത്തിന് ചേരും വിധം യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ, നാളത്തെ താരം പ്രിയങ്ക തന്നെയാവും. അതിനുള്ള വഴി കടുപ്പമേറിയതാണെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP