Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴയ കോട്ടകൾ തിരിച്ചുപിടിക്കാൻ ചെറിയ യുദ്ധങ്ങൾ മതിയാവില്ല; അകന്നുപോയ ദളിതരെ പാർട്ടിയോട് ആവോളം അടുപ്പിക്കണം; പച്ചക്കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സാധാരണക്കാരിൽ സാധാരണക്കാരിയായി നിലത്ത് ചമ്രം പടിഞ്ഞിരുന്ന് പ്രിയങ്ക; എല്ലാവരോടും ചിരിച്ച് സംസാരിച്ച് വരുന്നില്ലേ എന്റെ കൂടേ എന്ന് ചോദിച്ച് ഗംഗാ കി ബേട്ടിയായി ഒരുയാത്ര; ദഹിപ്പിക്കൂ മോദിയുടെ ലങ്ക..സഹോദരി പ്രിയങ്ക വിളികളോടെ കിഴക്കൻ യുപിയിൽ ഗംഗായാത്രയ്ക്ക് തുടക്കം

പഴയ കോട്ടകൾ തിരിച്ചുപിടിക്കാൻ ചെറിയ യുദ്ധങ്ങൾ മതിയാവില്ല; അകന്നുപോയ ദളിതരെ പാർട്ടിയോട് ആവോളം അടുപ്പിക്കണം;  പച്ചക്കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സാധാരണക്കാരിൽ സാധാരണക്കാരിയായി നിലത്ത് ചമ്രം പടിഞ്ഞിരുന്ന് പ്രിയങ്ക; എല്ലാവരോടും ചിരിച്ച് സംസാരിച്ച് വരുന്നില്ലേ എന്റെ കൂടേ എന്ന് ചോദിച്ച് ഗംഗാ കി ബേട്ടിയായി ഒരുയാത്ര; ദഹിപ്പിക്കൂ മോദിയുടെ ലങ്ക..സഹോദരി പ്രിയങ്ക വിളികളോടെ കിഴക്കൻ യുപിയിൽ ഗംഗായാത്രയ്ക്ക് തുടക്കം

മറുനാടൻ ഡെസ്‌ക്‌

 അലഹബാദ്: തിരഞ്ഞെടുപ്പ് വന്ന് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ആലോചിച്ചുനിൽക്കാനാവില്ല രാഷ്ട്രീയ പാർട്ടികൾക്ക്. മുഖ്യ എതിരാളികൾക്ക് കൃത്യമായ മറുപടി കണ്ടെത്തണം, അത് കൃത്യമായി പറയണം. കോൺഗ്രസ് കണ്ടുപിടിച്ച വലിയ മറുപടിയാണ് പ്രിയങ്ക ഗാന്ധി. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടകളായിരുന്ന മേഖലകൾ തിരിച്ചുപിടിക്കുക. അതിന് പഴയ തന്ത്രങ്ങളും വഴികളും പോരാ. പുതിയ വഴികൾ തേടണം. അതാണ് പ്രിയങ്കയുടെ ബോട്ടിലുള്ള ഗംഗായാത്ര. വേറിട്ട ഒരുസർക്കാരിന്റെ സ്വപ്‌നങ്ങൾ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുക, അതാണ് പ്രിയങ്കയുടെ ദൗത്യം.

പ്രയാഗ് രാജ് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വരെയുള്ള 140 കിലോമീറ്ററാണ് പ്രിയങ്കയുടെ ഗംഗായാത്ര. 47 കാരിയായ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇന്ന് ഗംഗാപുത്രിയായി-ഗംഗാ കി ബേട്ടി. പ്രയാഗ് രാജിലെ പോസ്റ്ററുകൾ കാറ്റിൽ ഇളകിയാടുമ്പോഴേക്കും മനയ്യ ഘാട്ടിൽ നിന്നും പ്രിയങ്ക യാത്ര തുടങ്ങി. പച്ച കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സാധാരണക്കാരിൽ സാധാരണക്കാരിയായി. എല്ലാവരോടും തുറന്നുചിരിച്ച്, സംസാരിച്ച് അങ്ങനെ ഒഴുകി നീങ്ങി. അക്കൂട്ടത്തിൽ വിദ്യാർത്ഥികളുണ്ടായിരുന്നു. വരുന്നില്ലേ എന്റെ കൂടേ? അവർ ചിലരോടൊക്കെ ചോദിച്ചു. കിഴക്കൻ യുപിയെ ഇളക്കി മറിക്കുകയാണ് ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടി. മൂന്നുപതിറ്റാണ്ടു നീണ്ട കോൺ്ഗ്രസിന്റെ വരൾച്ചയ്ക്ക് സ്ഥിരമായ പരിഹാരം.

പ്രയാഗ സംഗമത്തിനടുത്ത് ബഡേ ഹനുമാൻ മന്ദിറിനടുത്ത് പാർട്ടി നേതാക്കളോടൊപ്പം പൂജയോടെയാണ് യാത്ര തുടങ്ങിയത്. ബിജെപിയിൽ നിന്നും വന്ന സാവിത്രി ഭായി ഫൂലേ, കോൺ്ഗ്രസ് എംഎൽഎ രാം പൂർ ഖാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബോട്ടിൽ ചമ്രം പടിഞ്ഞിരുന്ന് നാട്ടുകാരുടെ പ്രശ്‌നങ്ങൾ കേട്ടു. ദുംദുമാ ഘാട്ടിൽ എത്തിയപ്പോൾ ചെറിയ ഒരു പ്രസംഗം. ഞാൻ ഇവിടെ പ്രസംഗിക്കാൻ വന്നതല്ല...നിങ്ങളെ കേൾക്കാൻ വന്നതാണ്..പ്രശ്‌നങ്ങൾ കേൾക്കാൻ വന്നതാണ്. പ്രവർത്തിക്കുന്ന ഒരുസർക്കാരല്ലേ നിങ്ങൾക്ക് വേണ്ടത്, പ്രിയങ്ക ചോദിച്ചു. എന്റെ സഹോദരൻ രാഹുൽ ഗാന്ധി പറഞ്ഞാൽ പ്രവർത്തിക്കുന്നയാളാണ്. മധ്യപ്രദേശിലും, രാജസ്ഥാനിലുമൊക്കെ കോൺഗ്രസ് അധികാരത്തിലെത്തി 10 ദിവസത്തിനകം കർഷകരുടെ വായ്പകൾ എഴുതിത്ത്തള്ളി, പ്രിയങ്ക ഓർമിപ്പിച്ചു.

ഈ തിരഞ്ഞെടുപ്പിൽ ബുദ്ധിപൂർവം വോട്ട് ചെയ്യു..സഹോദരീസഹോദരന്മാരെ...ഒരു കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റൂ...നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. ഗംഗാപുത്രന്മാരായ വഞ്ചിക്കാർക്ക് മണൽ ഖനനത്തിനുള്ള അവകാശം ഇല്ലെന്ന കാര്യം എനിക്കറിയാം, പ്രിയങ്ക പറഞ്ഞു. സിർസ ഘാട്ടിലും പ്രിയങ്ക പരാമർശിക്കുന്നത് കോൺഗ്രസിന്റെ തൊഴിലുറപ്പ് പോലുള്ള പദ്ധതികളാണ്. പോകുന്നിടത്തെല്ലാം രാഹുലിനെയാണ്..തന്നെയല്ല പ്രിയങ്ക ഉയർത്തിക്കാട്ടുന്നത്. കോൺ്ഗ്രസിനെയും രാഹുലിനെയും ശക്തിപ്പെടുത്തിയാൽ വികസനം നിങ്ങളെ തേടി വരും. അവർ പറയുന്നു.

ബധോഹി ജില്ലയിലെ സീതാമാർഹിയിലാണ് ഇന്ന് പ്രിയങ്ക തങ്ങുന്നത്. രാവിലെ യാത്ര തുടരും. ജലമാർഗം മാത്രമല്ല യാത്ര, കാൽനടയായും ജനങ്ങളെ കാണും പ്രിയങ്ക. ഗംഗാനദി സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ്. മനുഷ്യരോട് അത് വിവേചനം കാട്ടുന്നില്ല. യുപിയുടെ ജീവധാരയായ ഗംഗാജിയുടെ പിന്തുണയോടെ ഞാൻ നിങ്ങളിലേക്കെത്തും, ഞായറാഴ്ച എഴുതിയ തുറന്ന കത്തിൽ അവർ പറഞ്ഞു.

ലക്‌നൗവിൽ നിന്ന് ഞായറാഴ്ച രാത്രി പ്രയാഗ് രാജിലെത്തിയ പ്രിയങ്കയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് കോൺ്ഗ്രസ് പ്രവർത്തകർ നൽകിയത്. ദഹിപ്പിക്കൂ മോദിയുടെ ലങ്ക, സഹോദരി പ്രിയങ്ക, സഹോദരി പ്രിയങ്ക' എന്ന മുദ്രാവാക്യമാണ് എല്ലായിടത്തും മുഴങ്ങിയത്. സ്വരാജ് ഭവന്റെ ഒരു ചിത്രവും പ്രിയങ്ക ട്വീറ്റ് ചെയ്തു. സ്വരാജ് ഭവന്റെ ഈ വരാന്തയിലിരിക്കുമ്പോൾ എനിക്ക് എന്റെ മുത്തശ്ശി പിറന്നുവീണ മുറി കാണാം. രാത്രി എന്നെ ഉറക്കുന്ന സമയത്ത് മുത്തശ്ശി ജോവാൻ ഓഫ് ആർക്കിന്റെ കഥ പറഞ്ഞുതരുമായിരുന്നു. ഇപ്പോഴും ആ വാക്കുകൾ മുഴങ്ങിക്കേൾക്കുന്നു. അന്നൊക്കെ അവർ പറയാറുണ്ടായിരുന്നു..ഭയത്തെ അകറ്റൂ..എല്ലാകാര്യങ്ങളും ശരിയാകും, പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ.

ഗംഗയുടെ തീരത്തുള്ള ചെറുഗ്രാമങ്ങളിൽ ഒബിസി, ദലിത് വിഭാഗങ്ങളിലെ അനേകായിരങ്ങളാണു തിങ്ങിപ്പാർക്കുന്നത്. യാത്രയ്ക്കിടെ പ്രധാന ക്ഷേത്രങ്ങളിൽ നടത്തുന്ന സന്ദർശനങ്ങളിലുമുണ്ടാകും രാഷ്ട്രീയ സന്ദേശം.ഹോളിക്കു തലേന്ന്, മോദിയുടെ മണ്ഡലമായ വാരണാസിയിൽ വമ്പൻ പരിപാടികളുമായാണു സമാപനം. പ്രയാഗ്രാജ് മുതൽ വാരാണസി വരെയുള്ള യാത്രയിൽ 140 കിലോമീറ്ററാണ് ബോട്ടിൽ യാത്ര ചെയ്യുന്നത്..

കഴിഞ്ഞ 30 വർഷമായി തുടർച്ചയായി വന്ന സർക്കാരുകൾ പിന്നോക്ക പ്രദേശങ്ങളിൽ താമസിക്കുന്നവരെ അവഗണിക്കുകയായിരുന്നു. അവരെ പാർട്ടിയോട് അടുപ്പിക്കുകയാണ് കോൺഗ്രസിന്റെ ദൗത്യം. അതേസമയം, പ്രിയങ്കയുടെ ബോട്ട് പ്രചാരണത്തെ താഴ്‌ത്തിക്കെട്ടാനാണ് ബിജെപിയുടെ ശ്രമം. എല്ലാ തിരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്‌നിക്ക് പോലെയാണെന്ന് പാർട്ടി നേതാക്കൾ പരിഹസിച്ചു. അതേസമയം ഗംഗാതീരത്തുള്ള പാർശ്വവൽകരിക്കപ്പെട്ട ദളിത് വിഭാഗങ്ങളെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ഗംഗാശുചീകരണ പദ്ധതി പരാജയമായിരുന്നുവെന്ന് സ്ഥാപിക്കാനും ശ്രമമുണ്ടാകും. യുപിയിൽ ഏഴുഘട്ടങ്ങളിലായി ഏപ്രിൽ 11 മുതൽ 10 വരെയാണ് തിരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP