Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചേട്ടന്റെ വിജയം ഉറപ്പിക്കാനും ഭൂരിപക്ഷം ഇരട്ടിയാക്കാനും അനിയത്തിക്കുട്ടി ഇന്ന് വയനാട്ടിൽ; മാനന്തവാടിയിലും പുൽപള്ളിയിലും നിലമ്പൂരും അരീക്കോട്ടും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്ന പ്രിയങ്കാ ഗാന്ധി വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടിലും പോകും; ഇന്ദിരയുടെ ഏക കൊച്ചുമകളെ കാണാൻ സ്‌നേഹത്തോടെ വയനാട്ടുകാർ; രാഹുൽ സ്ഥാനാർത്ഥിത്വത്തിൽ ആവേശം മാറാതെ കേരളം

ചേട്ടന്റെ വിജയം ഉറപ്പിക്കാനും ഭൂരിപക്ഷം ഇരട്ടിയാക്കാനും അനിയത്തിക്കുട്ടി ഇന്ന് വയനാട്ടിൽ; മാനന്തവാടിയിലും പുൽപള്ളിയിലും നിലമ്പൂരും അരീക്കോട്ടും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്ന പ്രിയങ്കാ ഗാന്ധി വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടിലും പോകും; ഇന്ദിരയുടെ ഏക കൊച്ചുമകളെ കാണാൻ സ്‌നേഹത്തോടെ വയനാട്ടുകാർ; രാഹുൽ സ്ഥാനാർത്ഥിത്വത്തിൽ ആവേശം മാറാതെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ഇനി വോട്ടെടുപ്പിനുള്ളത് മൂന്ന് നാൾ മാത്രം. കേരളത്തിലെ പ്രചരണത്തിൽ ആവേശം നിറയ്ക്കാൻ എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി വീണ്ടുമെത്തുകയാണ്. വയനാട്ടിൽ മത്സരിക്കുന്ന സഹോദരൻ രാഹുൽ ഗാന്ധിക്ക് വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. രാഹുലിന്റെ വിജയം വയനാട്ടിലെ യുഡിഎഫ് കോട്ടയിൽ ഉറപ്പാണ്. അതുകൊണ്ട് തന്നെ പരമാവധി ഭൂരിപക്ഷം ഉയർത്താനാണ് പ്രിയങ്കയുടെ വരവ്. അഞ്ച് ലക്ഷം ഭൂരിപക്ഷമാണ് യുഡിഎഫിന്റെ മനസ്സിൽ. എന്നാൽ രാഹുലിന്റെ വിജയമാർജിൻ കുറയ്ക്കാൻ ശക്തമായ ഇടപെടലുമായി സിപിഎമ്മും രംഗത്തുണ്ട്. ഇത് മനസ്സിലാക്കിയാണ് പ്രിയങ്ക വീണ്ടും വയനാട്ടിൽ എത്തുന്നത്. നിരവധി പൊതുയോഗങ്ങളിൽ അവർ പങ്കെടുക്കും. വയനാട്ടിലെ യാത്രകൾ റോഡ് ഷോ മോഡലാകാനാണ് സാധ്യത.

രാവിലെ 10ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഹെലികോപ്ടറിൽ മാനന്തവാടിയിൽ എത്തിച്ചേരും. 10.30ന് മാനന്തവാടിയിൽ പൊതുസമ്മേളനം. 11.45ന് പുൽപള്ളിയിൽ കർഷകസംഗമത്തിൽ പങ്കെടുക്കും.1.20ന് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ടുവീട്ടിൽ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച. 2ന് നിലമ്പൂരിലും 3.40ന് അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്. രാത്രി വൈത്തിരിയിലെ റിസോർട്ടിൽ തങ്ങുന്ന പ്രിയങ്ക നാളെ തിരിച്ചുപോകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. വൈത്തിരിയിൽ മാവോയിസ്റ്റ് വെടിവയ്പുണ്ടായ സാഹചര്യത്തിൽ കോഴിക്കോട്ടെ റിസോർട്ടിലും പ്രിയങ്കയ്ക്കു താമസസൗകര്യം പരിഗണിക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് പ്രിയങ്കയ്ക്ക് ഒരുക്കുക. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക എത്തിയപ്പോൾ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. അവിടെ മരപ്പട്ടി പ്രശ്‌നക്കാരനായി. ആ സാഹചര്യത്തിലാണ് റിസോർട്ടിലേക്കുള്ള താമസം മാറ്റം.

നേരത്തെ, രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ച ശേഷം നടത്തിയ റോഡ് ഷോയിൽ പ്രിയങ്കയും പങ്കെടുത്തിരുന്നു. തുടർന്ന് സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക ഗാന്ധി കുറിപ്പിട്ടിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രാഹുലിനായി വോട്ട് തേടിയത്. 'എന്റെ സഹോദരൻ, എന്റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാൻ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യൻ. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാൻ അനുവദിക്കില്ല... നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുലിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. പ്രിയങ്ക എന്ത് പറയുന്നമെന്ന കാര്യത്തിൽ വലിയ ആകാംക്ഷയിലാണ് വയനാടും കേരളമാകെയും. ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന് താൻ പറഞ്ഞത് രാഹുൽ കൃത്യമായി പാലിച്ചിരുന്നു. അതേ നിലപാടാണോ പ്രിയങ്കയുടേതെന്നും ഇന്ന് വ്യക്തമാകും.

മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൽ നിന്ന് മാറി രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കാണ് മാറുന്നത്. രാഹുലിനൊപ്പം പ്രിയങ്കയെ സൂപ്പർ ഹീറോയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസിന്റെ ന്യായ് പദ്ധതി 1.2 കോടി വീടുകളിലേക്ക് എത്തിക്കുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം രീതികളാണ് കോൺഗ്രസ് തുടങ്ങിയിരിക്കുന്നത്. 200 സീറ്റുകൾ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപിക്കെതിരെ ദേശീയ തലത്തിൽ ഒരു സൂപ്പർ ഹീറോയായി പ്രിയങ്കയെ കോൺഗ്രസ് അവതരിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളിലും വൻ ജനക്കൂട്ടമാണ് അവരുടെ പ്രചാരണത്തിനെത്തുന്നത്. സ്ത്രീകൾക്കിടയിൽ കോൺഗ്രസ് അധ്യക്ഷന്റെ സ്വീകാര്യത വർധിപ്പിക്കാനാണ് പ്രിയങ്കയ്ക്കുള്ള ജോലി.

പ്രിയങ്ക ഗാന്ധിക്ക് പുറമെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചരണത്തിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാട്ടിലെത്തുന്നുണ്ട്. സുൽത്താൻബത്തേരിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിലും പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും. പ്രിയങ്ക ഗാന്ധിക്ക് പുറമെ മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദും വെള്ളിയാഴ്ച വയനാട്ടിൽ പ്രചാരണത്തിനെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച വയനാട്ടിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP