Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി സി തോമസിനൊപ്പം മാണിയെ ഉപേക്ഷിച്ചു പോയ ജോർജ്ജു കുട്ടി അഗസ്തി മാണിക്ക് വേണ്ടി മത്സരിക്കാൻ പൂഞ്ഞാറിലെത്തും; ഒരേസമയം എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ ഉറപ്പിച്ച് പി സി ജോർജ്ജും രംഗത്ത്: ഒടുവിൽ പൂഞ്ഞാറിലെ കളം വ്യക്തമായി

പി സി തോമസിനൊപ്പം മാണിയെ ഉപേക്ഷിച്ചു പോയ ജോർജ്ജു കുട്ടി അഗസ്തി മാണിക്ക് വേണ്ടി മത്സരിക്കാൻ പൂഞ്ഞാറിലെത്തും; ഒരേസമയം എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ ഉറപ്പിച്ച് പി സി ജോർജ്ജും രംഗത്ത്: ഒടുവിൽ പൂഞ്ഞാറിലെ കളം വ്യക്തമായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൂഞ്ഞാർ സീറ്റ് പി സി ജോർജ്ജിന് വിട്ടു നൽകില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയോടെ തന്റെ തനതു ശൈലിയിൽ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. പൂഞ്ഞാറിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് ജോർജ്ജിന്റെ നീക്കങ്ങൾ. ഇടതു മുന്നണിയിൽ സീറ്റ് ഫാരീസ് അബൂബക്കറും സംഘവും തീരുമാനിക്കുന്നത് പോലെയാണെന്ന് പറഞ്ഞ ജോർജ്ജിനെ ഇടതു മുന്നണി എന്തായാലും അടുപ്പിക്കില്ലെന്ന കാര്യവും ഉറപ്പായി. മണ്ഡലത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നും പി സി ജോസഫ് മത്സരിക്കുമെന്ന കാര്യമാണ് ഏതാണ്ട് ഉറപ്പായിരിക്കുന്നത്. കേരളാ കോൺഗ്രസ് മാണി വിഭാഗം ആരെയാണ് ഇനി സ്ഥാനാർത്ഥിയാക്കുന്നത് എന്ന കാര്യമാണ് അറിയേണ്ടത്.

കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് വേണ്ടി കോൺഗ്രസ് സീറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും ഈ സീറ്റ് വിട്ടുകൊടുക്കാൻ മാണി തയ്യാറായിട്ടില്ല. ഇക്കാര്യം അദ്ദേഹം ശക്തമായി വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ മാണി ശക്തമായി വാദിക്കുന്നതിന് പിന്നിൽ നിലവിൽ ചിത്രത്തിലില്ലാത്ത ഒരു നേതാവാണ്. മുൻപ് കെ എം മാണിക്കൊപ്പം ഉറച്ചു നിൽക്കുകയും പി സി തോമസിനൊപ്പം പാർട്ടി വിടുകയും ചെയ്ത് ഇടക്കാലം കൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്ത ജോർജ്ജുകുട്ടി അഗസ്തിയെയാണാണ് പരിഗണിക്കുന്നത് എന്നതാണ് സൂചന. മാണി ജോർജ്ജു കൂട്ടിയുമായി ആശയവിനിമയം നടത്തി സ്ഥാനാർത്ഥിയാകണം എന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മുന്നിയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുമ്പോൾ മാണി തന്നെ ജോർജ്ജ് കുട്ടി അഗസ്തിയുടെ  പേര് നിർദ്ദേശിക്കുമെന്നാണ് അറിയുന്നത്. കോരുത്തോട്, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഏറെ ജനകീയനായ നേതാവാണ് ജോർജ്ജ് കുട്ടി അഗസ്തി. . പി സി തോമസിനൊപ്പം മാണിയുടെ നിലപാടിനോട് വിയോജിച്ചു കൊണ്ടാണ് അദ്ദേഹം പണ്ട് പാർട്ടി വിട്ടത്. എന്നാൽ, പി സി തോമസ് പിൽക്കാലത്ത് പല വള്ളങ്ങളിലായി കാലുവച്ചതോടെ അദ്ദേഹം പതിയെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. അടുത്തകാലത്തായി ആത്മീയ കാര്യങ്ങളിൽ വ്യാപൃതനായിരിക്കയാണ് ജോർജ്ജുകുട്ടി അഗസ്തി..

ആത്മീയ ക്ലാസെടുക്കലും മറ്റുമാണ് അദ്ദേഹം ഇപ്പോൾ സ്ഥിരമായി ചെയ്യുന്നത്. പള്ളികളിൽ മാത്രമല്ല, ആത്മീയ പ്രഭാഷണങ്ങളുമായി അദ്ദേഹം അമ്പലങ്ങളിലും മറ്റ് വേദികളിലും സജീവമാണ്. ജോർജ്ജുകുട്ടി അഗസ്തിയോടാണ്‌  മാണിക്ക് താൽപ്പര്യമെന്ന് വ്യക്തമായതോടെ കേരളാ കോൺഗ്രസിലെ മറ്റ് സ്ഥാനാർത്ഥി മോഹികളും നിരാശരായി. നിർമ്മല, സജി മഞ്ഞക്കടമ്പൻ തുടങ്ങിയവരാണ ഈ സീറ്റിൽ നോട്ടമിട്ടിരുന്നത്. എന്നാൽ, ക്ലീൻ ഇമേജുള്ള ജോർജ്ജുകുട്ടി അഗസ്തിയെ  മാണി ദൂതൻ മുഖേന മത്സരിക്കാൻ തയ്യാറായിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

അതേസമയം ഇതുവരെ നടത്തികള കളികളെല്ലാം പാളിയ പി സി ജോർജ്ജ് സ്വയം മത്സരിക്കാൻ ഒരുങ്ങുകയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ ഇതുവരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. മറിച്ച് ബിഡിജെഎസിന് നൽകിയ സീറ്റിൽ സ്ഥാനാർത്ഥി പ്രചരണം തുടങ്ങുകയും ചെയ്തു. യുഡിഎഫ്, എൽഡിഎഫ്, ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് എതിരെ ജോർജ്ജിനെതിരെ അങ്കത്തിനുണ്ടാകും. ഇവരുടെ ഇടയിൽ പൂഞ്ഞാറിൽ ജയിച്ച് കയറുകയെന്നത് ജോർജിന് അഭിമാന പ്രശ്‌നവുമാണ്. അതുകൊണ്ട് ബിജെപിയുമായി രഹസ്യമായി ജോർജ്ജ് ധാരണയുണ്ടാക്കുമെന്നാണ് അറിയുന്നത്.

പ്രത്യക്ഷത്തിൽ ജോർജ്ജിനെ പിന്തുണയ്ക്കില്ലെങ്കിലും എസ്ഡിപിഐയും ബിജെപിയും ജോർജ്ജിന് വേണ്ടി വോട്ട് മറിച്ചു നൽകിയേക്കും. യുഡിഎഫിനെതിരെ പടനയിക്കുമ്പോഴും ജോർജിന്റെ പ്രതീക്ഷ എൽഡിഎഫിലായിരുന്നു. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. മുന്നണി സംവിധാനങ്ങൾക്ക് പറ്റിയ ആളല്ല പി സി ജോർജെന്ന സിപിഐ(എം) മുതിർന്ന നേതാക്കളുടെ അഭിപ്രായമാണ് പിന്തുണ നഷ്ടപ്പെടാൻ കാരണമെന്നാണ് സൂചന. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ എല്ലാ വിവാദ വിഷയങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും പി.സി. ജോർജ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇതെല്ലാം ജോർജിനെ വിശ്വസിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലെത്താൻ പിണറായി വിജയനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.

കൂടാതെ ജോർജിന്റെ പൂർവകാലവും ചില നേതാക്കൾ പങ്കുവച്ചു. പിണറായി വിജയനെ വിമർശിച്ചു നടന്ന കാലത്ത് വി.എസിനൊപ്പമായിരുന്നു ജോർജ്. പിന്നീട് വി.എസിനെ തള്ളി ഉമ്മൻ ചാണ്ടിക്കൊപ്പം ചേർന്നു. എന്നാൽ, അവിടെയും കൂടുതൽ കാലം നിന്നില്ല. ഇടതു മുന്നണിയെന്ന ലക്ഷ്യത്തോടെ മാണിയോടും യു.ഡി.എഫിനോടും വിടപറഞ്ഞു.

അവസാന നിമിഷത്തിൽ സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിലുമായിരുന്നു ജോർജിന് പ്രതീക്ഷയുണ്ടായത്. ഒട്ടേറെ ചർച്ചകൾക്കും വിലയിരുത്തുലുകൾക്കും ശേഷമാണ് ജോർജിനെ കൈവിടാമെന്ന തീരുമാനത്തിൽ സിപിഐ(എം) എത്തിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിനിടയിലും ജോർജിനെ പിന്തുണച്ചത് സിപിഎമ്മിന്റെ പൂഞ്ഞാർ അടക്കമുള്ള മണ്ഡലം കമ്മറ്റികളായിരുന്നു. മണ്ഡലത്തിൽ ജോർജിനുള്ള സ്വാധീനം പരമാവധി ഉപയോഗപ്പെടുത്താമെന്ന് ഇവർ കണക്കുകൂട്ടി.

മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ മൂന്നെണ്ണവും ഈരാറ്റുപേട്ട നഗരസഭയും പി.സി. ജോർജിന്റെ സെക്യുലറിന്റെ പിന്തുണയോടെ ഇടതു മുന്നണിയാണ് ഭരിക്കുന്നത്. കാഞ്ഞിരപ്പള്ളി,പാല മണ്ഡലങ്ങളിൽ ജയിക്കാൻ ജോർജിന്റെ സഹായം ആവശ്യമാണെന്ന പ്രാദേശിക ഘടകങ്ങളുടെ റിപ്പോർട്ട് അവഗണിച്ചാണ് പാർട്ടി തീരുമാനമെടുത്തത്. എന്നാൽ, ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകുന്നതിലൂടെ ഇതെല്ലാം പരിഹരിക്കാമെന്ന് സിപിഐ(എം) കണക്ക് കൂട്ടുന്നു. കേരള കോൺഗ്രസിൽ (എം) നിന്ന് ധൈര്യമായി ഇറങ്ങി പോരുമ്പോൾ ജോർജിന്റെ പ്രതീക്ഷ എൽഡിഎഫായിരുന്നു. എന്നാൽ, ഫ്രാൻസിസ് ജോർജും സംഘവും കേരള കോൺഗ്രസ് വിട്ടതോടെ ജോർജിന്റെ നില പരുങ്ങലിലായി. ഇപ്പോഴത് പൂർത്തിയാവുകയും ചെയ്തു.

നിലവിലെ സാഹചര്യത്തിൽ എസ്ഡിപിഐയുടെയും ബിജെപിയുടെയും ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകരുടെയും പിന്തുണയോടെ ജോർജ്ജ് മത്സര രംഗത്തേക്ക് വരുമെന്നാണ് അറിയുന്നത്. സ്ഥാനാർത്ഥിത്വം നിഷേധിക്കും എന്ന് വ്യക്തമായതോടെ നേരത്തെ മുതൽ തന്നെ മണ്ഡലത്തിൽ സ്വന്തം നിലയിൽ ജോർജ്ജ് ഗ്രിപ്പുണ്ടാക്കിയിരുന്നു. മാദ്ധ്യമങ്ങൾ വഴിയും താൻ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ജോർജ്ജ് ഉണ്ടാക്കി. മാണി പിടിച്ചു വാങ്ങുന്ന സീറ്റിൽ ഒരു വിഭാഗം കോൺഗ്രസുകാരും ജോർജ്ജ് അനുകൂലമായി നിലകൊണ്ടാ്ൽ അട്ടിമറി സാധ്യതയുണ്ടെന്ന വിധത്തിലാണ് ജോർജ്ജിന്റെ പ്രചരണം. കാഞ്ഞിരപ്പള്ളി മെത്രാന്റെ പ്രതിനിധിയായി ജോർജ്ജ് ജെ മാത്യുവിനെ മാറ്റാൻ സാധിച്ചത് നേട്ടമായി തന്നെയാണ് ജോർജ്ജ് കാണുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP