Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടതിന് കീറാമുട്ടിയായി പൊന്നാനി; പി വി അൻവർ എംഎൽഎയുടെ പേര് പാർട്ടി തള്ളിയതോടെ സ്ഥാനാർത്ഥിയെ തീരുമാനമായില്ല; പൊതുസ്വതന്ത്രനാകാൻ ഫസൽ ഗഫൂറിന്റെ പേരും പരിഗണനയിൽ; താനൂർ എംഎ‍ൽഎ. വി. അബ്ദുറഹിമാൻ സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് വ്യവസായപ്രമുഖൻ ഗഫൂർ പി. ലില്ലീസ് എന്നിവരും ലിസ്റ്റിൽ; പൊന്നാനിയിൽ അവസാനം ഇടതു സ്ഥാനാർത്ഥിയായി എത്തുക ഈ വേദനിക്കുന്ന കോടീശ്വരന്മാരോ?

ഇടതിന് കീറാമുട്ടിയായി പൊന്നാനി; പി വി അൻവർ എംഎൽഎയുടെ പേര് പാർട്ടി തള്ളിയതോടെ സ്ഥാനാർത്ഥിയെ തീരുമാനമായില്ല; പൊതുസ്വതന്ത്രനാകാൻ ഫസൽ ഗഫൂറിന്റെ പേരും പരിഗണനയിൽ; താനൂർ എംഎ‍ൽഎ. വി. അബ്ദുറഹിമാൻ സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് വ്യവസായപ്രമുഖൻ ഗഫൂർ പി. ലില്ലീസ് എന്നിവരും ലിസ്റ്റിൽ; പൊന്നാനിയിൽ അവസാനം ഇടതു സ്ഥാനാർത്ഥിയായി എത്തുക ഈ വേദനിക്കുന്ന കോടീശ്വരന്മാരോ?

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് അറിയപ്പെടുന്ന പൊന്നാനി ലോക്സഭാ മണ്ഡലം ഇത്തവണ എന്തുവിലകൊടുത്തും പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ ഇവിടെ ജയിച്ചുകയറിയത്. ഇത്തവണ മികച്ച സ്ഥാനാർത്ഥി മൽസരിച്ചാൽ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. പക്ഷേ അതിനായുള്ള മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ ചർച്ചകൾ പുരോഗമിക്കുകയാണ്.
പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതെ പൊതുസ്വതന്ത്രനെ രംഗത്തിറക്കാൻ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആരെ നിർത്തുമെന്ന് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല.

ഇതിനായി എംഇഎസ് പ്രസിഡന്റ് ഡോ ഫസൽ ഗഫൂറിനെ സിപിഎം സമീപിച്ചെങ്കിലും അദ്ദേഹം തീരുമാനം ഒന്നും അറിയിച്ചിട്ടില്ല. ഫസൽ ഗഫൂർ മൽസരിച്ചാൽ അട്ടിമറി വിജയം ഉറപ്പാണെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. നിലമ്പൂർ എംഎൽഎ പി.വി.അൻവർ, താനൂർ എംഎൽഎ. വി.അബ്ദുറഹിമാൻ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, വ്യവസായപ്രമുഖൻ ഗഫൂർ പി. ലില്ലീസ് തുടങ്ങിയവരുടെ പേരുകളും മണ്ഡലത്തിൽ സജീവമാണ്. എന്നാൽ പി.വി. അൻവറിന്റെ പേര് പാർട്ടി സംസ്ഥാന സമിതി തള്ളിയിട്ടുണ്ട്. സിപിഎം പ്രാദേശിക കമ്മിറ്റികൾക്കും അൻവറിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് യോജിപ്പില്ല. നിരവധി ആഴിമതി ആരോപണൾ നേരിടുന്ന അൻവറിനെ സ്ഥാനാർത്ഥിയാക്കിയാൽ കാര്യങ്ങൾ കുഴയുമെന്നാണ് സിപിഎം വിലയിരുത്തുന്നത്.

2014-ൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച വി.അബ്ദുറഹിമാനാണ് പരിഗണനയിലുള്ള മറ്റൊരാൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് കോട്ടയായിരുന്ന താനൂരിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അബ്ദുറഹിമാന് മണ്ഡലത്തിലുള്ള സ്വീകാര്യതയും വ്യക്തിപരിചയും മുൻതൂക്കം നൽകുന്നു. സിപിഎം. പ്രാദേശികഘടകങ്ങളുടെ പൂർണപിന്തുണയും അദ്ദേഹത്തിനുണ്ട്. എന്നാൽ താനൂർ എംഎ‍ൽഎയായതിനാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകേണ്ടതില്ലെന്നാണ് വി.അബ്ദുറഹിമാന്റെ തീരുമാനമെന്നും സൂചനയുണ്ട്. അതേസമയം, സ്ഥാനാർത്ഥിയാകാൻ സിപിഎമ്മും ഇടതുമുന്നണിയും ഒരുപോലെ ആവശ്യപ്പെട്ടാൽ വി. അബ്ദുറഹിമാൻ തന്നെ വീണ്ടും കളത്തിലിറങ്ങിയേക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ പി.കെ. അബ്ദുറബ്ബിനെതിരെ മത്സരിച്ച സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, തിരൂരിൽ മത്സരിച്ച ഗഫൂർ പി. ലില്ലീസ് തുടങ്ങിയവരാണ് സിപിഎം. പരിഗണിക്കുന്ന മറ്റു സ്വതന്ത്രർ. വ്യവസായപ്രമുഖരായ ഇരുവർക്കും മണ്ഡലത്തിലുള്ള പരിചയങ്ങളും വ്യക്തിബന്ധങ്ങളും വോട്ടാക്കി മാറ്റാമെന്ന് സിപിഎമ്മും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ലീഗിന്റെ ഭൂരിപക്ഷം കുത്തനെ കുറയുന്നതും താനൂർ ഉൾപ്പെടെയുള്ള പരമ്പരാഗത ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞതുമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്. 2014-ന് സമാനമായ പോരാട്ടം കാഴ്ചവച്ചാൽ ഇത്തവണ പൊന്നാനിയിൽ അട്ടിമറി വിജയം നേടാമെന്ന് തന്നെയാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ.

വേദനിക്കുന്ന കോടീശ്വരന്മാർ ഇത്തവണയും ഉണ്ടാകുമോ?

അതേസമയം നവമാധ്യമങ്ങളിൽ വേദനിക്കുന്ന കോടീശ്വരന്മാർ എന്ന് പരിഹസിക്കപ്പെടുന്ന ഇത്തരം വ്യവസായികളെ പരിഗണിക്കുന്നതിൽ വിമർശനവും പൊതുസമൂഹത്തിൽനിന്ന് ഉയരുന്നുണ്ട്. കോടീശ്വരന്മാർ എന്നു മാത്രമല്ല, മലപ്പുറത്തെ ഇടതു സ്വതന്ത്രരിൽ പലരും മുൻ കോൺഗ്രസുകാരാണന്നും പാർട്ടി അണികളിൽനിന്ന് വിമർശനം ഉയരുന്നുണ്ട്. താനൂർ എംഎൽഎ വി. അബ്ദുറഹ്മാനാണ് മുൻ കോൺഗ്രസുകാരിൽ മുഖ്യൻ. കെപിസിസി മുൻ അംഗവും തിരൂർ നഗരസഭ വൈസ് ചെയർമാനുമായിരുന്നു ഇദ്ദേഹം. ഐടിസിയുടെ മൊത്തവിതരണക്കാരനായ അബ്ദുറഹ്മാൻ ജില്ലയിലെ പ്രമുഖ വ്യവസായിയാണ്. ഗൾഫിലും ഇദ്ദേഹത്തിന് നിരവധി സ്ഥാപനങ്ങളുണ്ട്.

നിലമ്പൂരിലെ എംഎൽഎ പി.വി. അൻവറും മുൻ കോൺഗ്രസുകാരനാണ്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അൻവർ, കെ. കരുണാകരന്റെ പാർട്ടിയായ ഡിഐസിയിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരേ നിലമ്പൂരിലെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. പക്ഷേ കാശിന്റെ പിൻബലത്തിൽ അതെല്ലാം ഒതുക്കി തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെപേരിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും അൻവറിന് സാധ്യതാ പട്ടികയിൽ ഇടം നേടാനായി എന്നതും അമ്പരിപ്പിക്കുന്നത്.

ബിസിനസുകാരനായ ഗഫൂർ ലില്ലിയാണ് തിരൂർ മണ്ഡലത്തിൽ കഴിഞ്ഞതവണ മൽസരിച്ച് തോറ്റയാളാണ്. സിപിഎമ്മുമായോ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായോ ഗഫൂർ ലില്ലിക്ക് ഈ മൽസരമല്ലാതെ മറ്റ് യാതൊരു മുൻ ബന്ധവുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ ഇടതസ്വതന്ത്രനായി മൽസിരിച്ച നിയാസ് പുളിക്കലകത്തും മുൻ കോൺഗ്രസുകാരനാണ്. പ്രമുഖ വ്യവസായിയുമാണ്. മുൻ മന്ത്രി അബ്റുറബ്ബിനെതിരെ കഴിഞ്ഞതവണ മികച്ച പോരാട്ടം നടത്തിയ നിയാസ് ഇപ്പോൾ സിഡ്ക്കോയുടെ ചെയർമാനാണ്. ഇദ്ദേഹത്തെയും ലോക്സഭയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.

കാത്തിരിപ്പ് ഫസൽഗഫൂറിനായി

എന്നാൽ ബനാത്തവാലയടക്കമുള്ള പ്രമുഖരെ പാർലമെന്റിൽ എത്തിച്ച പൊന്നാനി, ഒരുകാലത്തും തങ്ങളെ കൈവിടില്ലെന്നുമാണ് മുസ്ലീ ലീഗ് കണക്കുകൂട്ടുന്നത്. 2004ൽ കോൺഗ്രസ് കേരളത്തിൽ നിന്നും ഒറ്റ എംപിയെയും ജയിപ്പിക്കാനാവാതെ പരാജയം ഏറ്റുവാങ്ങിയപ്പോൾ പൊന്നാനി മണ്ഡലത്തിൽ വിജയിച്ച് ലീഗ് മാനം കാക്കുകയായിരുന്നു. ലീഗിന്റെ ഉരുക്കുകോട്ടയായ മഞ്ചേരി തകർന്നപ്പോഴും പൊന്നാനി ലീഗിനൊപ്പം തന്നെ ഉറച്ചു നിൽക്കയായിരുന്നു.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോകസഭാ നിയോജകമണ്ഡലം. 2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്സഭാമണ്ഡലത്തിലേക്ക് പോകുകയും, പുതുതായി രൂപവത്കരിച്ച തവനൂർ, കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനുർ, പൊന്നാനി, താനുർ എന്നീ മുന്നു മണ്ഡലങ്ങളിൽ എൽഡിഎഫും ബാക്കിയുള്ളവയിൽ യുഡിഎഫുമാണ് വിജയിച്ചത്.

മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലമായ തവനൂരിൽനിന്നും സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയിൽനിന്നും കിട്ടുന്ന ലീഡ് തങ്ങളെ തുണക്കുമെന്നാണ ഇടതുപക്ഷം കരുതുന്നത്. അതിനുപുറമെ തൃത്താലയിലും അവർ ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ കോട്ടയായിരുന്ന തിരൂരങ്ങാടിയിലും തിരൂരിലും കോട്ടയ്ക്കലിലും ലീഗ് ജയിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും എൽഡിഎഫിന് പ്രതീക്ഷയേകുന്നു. അതുകൊണ്ടുതന്നെ ഫസൽ ഗഫൂറിനെപ്പോലെ ഒരു പൊതുസ്വതന്ത്രൻ ഉണ്ടെങ്കിൽ ജയം ഉറപ്പാണെന്നാണ് പ്രവർത്തകർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP