Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.ടി.യുടെ മരണം സുവർണാവസരമായി കണ്ട് മുഖ്യമന്ത്രിയുടെ പ്രസംഗം; പഴയ 'കുലംകുത്തി' പ്രയോഗം അടക്കം എടുത്തിട്ട് രോഷത്തോടെ യുഡിഎഫും; പിണറായിയെ നിയമസഭയിൽ നഖശിഖാന്തം എതിർത്ത പി ടി തോമസിനെ ചുറ്റിപ്പറ്റി തൃക്കാക്കരയിലെ ചർച്ച; ക്യാമ്പു ചെയ്തു നയിക്കാൻ മുഖ്യമന്ത്രി തൃക്കാക്കരയിലേക്ക്

പി.ടി.യുടെ മരണം സുവർണാവസരമായി കണ്ട് മുഖ്യമന്ത്രിയുടെ പ്രസംഗം; പഴയ 'കുലംകുത്തി' പ്രയോഗം അടക്കം എടുത്തിട്ട് രോഷത്തോടെ യുഡിഎഫും; പിണറായിയെ നിയമസഭയിൽ നഖശിഖാന്തം എതിർത്ത പി ടി തോമസിനെ ചുറ്റിപ്പറ്റി തൃക്കാക്കരയിലെ ചർച്ച; ക്യാമ്പു ചെയ്തു നയിക്കാൻ മുഖ്യമന്ത്രി തൃക്കാക്കരയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ചർച്ച വീണ്ടും പി ടി തോമസിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പി ടി തോമസിലേക്ക് ചർച്ചകൾ വഴിതിരിച്ചു വിട്ടതും. ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലെ ജനങ്ങൾക്ക് തെറ്റുതിരുത്താനുള്ള സൗഭാഗ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വിവാദമായി. ഇതിനെതിരെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നത്.

''നാടാകെ, ജനങ്ങളാകെ, തൊണ്ണൂറ്റൊമ്പത് നൂറാക്കാൻ ആഗ്രഹിക്കുന്നഘട്ടത്തിൽ, പറ്റിയ അബദ്ധം തിരുത്താനുള്ള ഒരവസരംകൂടി, ഒരു സൗഭാഗ്യമായി തൃാക്കാക്കരക്കാർക്ക് കൈവന്നിരിക്കുകയാണെന്നും അത് വിനിയോഗിക്കണ''മെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പി ടി യുടെ മരണം സുവർണാവസരം ആണെന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസും മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരേ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഃഖകരവും പദവിക്ക് യോജിക്കാത്തതുമാണെന്ന് ഉമ പറഞ്ഞു.

പി.ടി.യെപ്പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായിക്കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. മരണത്തെ അദ്ദേഹം ആഘോഷമാക്കിമാറ്റുകയാണ്. പി.ടി. തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി.ടി.യെ അറിയാവുന്നതുകൊണ്ടാണ് രണ്ടാംവട്ടവും പ്രതികൂലസാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിച്ച് തൃക്കാക്കരയിലെ ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിച്ചത്.

പി.ടി.യുടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അതു നഷ്ടമായാണ് കാണുന്നത്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല, രാഷ്ട്രീയപോരാട്ടമാണെന്നും ഉമ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തിനു ചേരാത്ത പ്രയോഗമാണത്. പറഞ്ഞത് മുഖ്യമന്ത്രിയായതിനാൽ കേരളം അപമാനഭാരത്താൽ തലകുനിച്ചിരിക്കുകയാണ്. നിയമസഭയിൽ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി. തോമസ്. ആ വിരോധം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയത് -സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളെ കോൺഗ്രസ് ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് സിപിഎം. തിരിച്ചടിച്ചു. മുഖ്യമന്ത്രി പറഞ്ഞത് വ്യക്തിപരമല്ല. ഇടതുപക്ഷ സർക്കാർ ചരിത്രംസൃഷ്ടിച്ച് മുന്നോട്ടുപോകുമ്പോൾ തൃക്കാക്കരയ്ക്ക് മാത്രമായി മാറിനിൽക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് മന്ത്രി പി. രാജീവ് വിശദീകരിച്ചു. യു.ഡി.എഫിനെ തോൽപ്പിക്കാൻ എൽ.ഡി.എഫിന് സൗഭാഗ്യംവന്നിരിക്കുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ജനങ്ങൾക്കും ആ സൗഭാഗ്യമാണ് വന്നിരിക്കുന്നത്. യു.ഡി.എഫും അതിനെ അങ്ങനെകണ്ടാൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമം വികസനവും രാഷ്ട്രീയവും പറയാൻ കഴിയാത്തതിന്റെ പരിഭ്രാന്തി മൂലമാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ദുർവ്യാഖ്യാനവും കൊണ്ട് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവർക്കും മനസ്സിലാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാൻ തൃക്കാക്കരയ്ക്ക് കഴിഞ്ഞില്ല. ആ തെറ്റ് തിരുത്തണം. അതിനുള്ള സൗഭാഗ്യം വന്നിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ കൺവൻഷനും പ്രസംഗത്തിനും എൽഡിഎഫിന്റെ സ്ഥാനാർത്ഥിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഇതോടെ യുഡിഎഫ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയാണ് ഇത്തരം വ്യാഖ്യാനങ്ങൾ വ്യക്തമാക്കുന്നതെന്ന് രാജീവ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ക്യാമ്പു ചെയ്തു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹം കൊച്ചിയിൽ ക്യാമ്പു ചെയ്തു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP