Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു'; ഗുരുതരമായ കേസുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടുണ്ടെന്നും പിണറായി വിജയൻ; ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ പലതും പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

'വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു'; ഗുരുതരമായ കേസുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടുണ്ടെന്നും പിണറായി വിജയൻ; ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ പലതും പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർ​ഗീയതയുടെ ആൾരൂപമായ അമിത് ഷാ കേരളത്തിലെത്തി നീതിബോധം പഠിപ്പിക്കേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടിവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഗുരുതരമായ കേസുകൾ നേരിട്ടത് താനല്ല അമിത് ഷാ ആയിരുന്നെന്നും ചൂണ്ടിക്കാട്ടി. ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് നൽകിയ സ്വീകരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരൂഹ മരണത്തെക്കുറിച്ചാണ് അമിത് ഷാ ഇവിടെ വന്ന് പറഞ്ഞത്. എന്താണെന്ന് വ്യക്തമാക്കിയാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറാണ്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ഞാൻ ജയിലിൽ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധമായി പിന്തുടരൽ തുടങ്ങിയ ഗുരുതരമായ കേസുകൾ നേരിട്ടത് ആരായിരുന്നു. അതൊക്കെ നിങ്ങൾ നേരിട്ടിട്ടുണ്ട്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സൊറാബുദ്ദീൻ ഷെയ്ക്ക് അടക്കമുള്ളവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ആ കേസ് കേൾക്കാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. അമിത് ഷായ്ക്ക് അതേപ്പറ്റി മിണ്ടാൻ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടിവരും, അദ്ദേഹം പറഞ്ഞു.

നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷായെന്ന് രാജ്യമാകെ അറിയാത്തതല്ല. വർഗീയത ഏതെല്ലാം തരത്തിൽ വളർത്തിയെടുക്കുന്നതിന് എന്തും ചെയ്യുന്ന ആളാണ്. മതസൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും നാട്ടിൽ വന്നാണ് ഇന്നലെ അദ്ദേഹത്തിന്റെ ഉറഞ്ഞുതുള്ളൽ ഉണ്ടായത്, മുഖ്യമന്ത്രി പറഞ്ഞു.

പൊതുയോഗത്തിൽ അമിത് ഷായ്ക്കെതിരേ പിണറായി വിജയൻ ആഞ്ഞടിച്ചു.  ബിജെപി അധികാരത്തിൽ വന്നതിനുശേഷം തിരുവനന്തപുരം എയർപോർട്ട്‌ വഴി സ്വർണക്കടത്ത്‌ വർധിച്ചത്‌ എങ്ങനെയെന്നും അമിത്‌ ഷാ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ അന്വേഷണം അമിത്‌ഷായ്‌ക്കും കൂട്ടർക്കും വേണ്ടപ്പെട്ടവർക്കെതിരേ തിരിഞ്ഞപ്പോഴല്ലേ അന്വേഷണത്തിന്റെ ഗതി മാറ്റിയത്‌. ശരിയായ രീതിയിൽ അന്വേഷണം  നടന്നാൽ മന്ത്രിവരെ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല മന്ത്രിതന്നെ പെട്ടേക്കും. തുടർന്നല്ലേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് എന്നും പിണറായി വിജയൻ ചോദിച്ചു. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അമിത് ഷാ ഉയർത്തിയത്. ബിജെപിയുടെ വിജയ യാത്രയുടെ സമാപന വേദിയിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി കേരള മുഖ്യനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിൽ നടന്ന പല അഴിമതികളുടെയും തെളിവു തന്റെ കയ്യിലുണ്ടെന്നും അതെല്ലാം ഉന്നയിച്ചു മുഖ്യമന്ത്രിയെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപിക്കുന്ന കേരള മുഖ്യമന്ത്രി തന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അമിത് ഷാ അവ ഒന്നൊന്നായി ഉന്നയിച്ചത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയായിരുന്നില്ലേ. പ്രതിയായ വനിതയ്ക്കു മാസം 3 ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ. ആ സ്ത്രീക്കു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതപദവി നൽകിയില്ലേ. നിങ്ങളും പ്രിൻസിപ്പൽ സെക്രട്ടറിയും സർക്കാർ ചെലവിൽ ഈ സ്ത്രീയെ വിദേശത്തു കൊണ്ടുപോയില്ലേ. അവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദർശകയല്ലേ. വിമാനത്താവളത്തിലെ കള്ളക്കടത്തു പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് കസ്റ്റംസിനു മേൽ സമ്മർദം ചെലുത്തിയില്ലേ. ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ഇൗ ചോദ്യങ്ങൾക്കെല്ലാം പിണറായി വിജയൻ ഉത്തരം പറയണമെന്നായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടത്.

പ്രളയത്തിൽ കേരളത്തിൽ 500 പേർ മരിച്ചതു രാജ്യത്തെ ഞെട്ടിച്ചു. എന്നാൽ ദുരിതാശ്വാസ–പുനർനിർമ്മാണത്തിനല്ല, സ്വർണത്തട്ടിപ്പുകാരെ സംരക്ഷിക്കാനായിരുന്നു സർക്കാരിനു തിടുക്കമെന്നും അമിത് ഷാ പറഞ്ഞു.എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ആശങ്ക ഈ നാടിനെക്കുറിച്ചല്ല, അവരുടെ വോട്ടുബാങ്കിനെക്കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോൺഗ്രസും വർഗീയ പാർട്ടികളായ എസ്ഡിപിഐയുമായി സഖ്യത്തിലാണ്. കോൺഗ്രസ് മുസ്‌ലിം ലീഗുമായി സഖ്യത്തിലാണ്. ഇവിടെ കോൺഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിന്റെ പാർട്ടിയുമായി കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവർ ശിവസേനക്കാരുമായി സഖ്യത്തിലാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ നയം എന്താണെന്നു ജനങ്ങളോടു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP