Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ടയുടെ സസ്‌പെൻസ് പുറത്തുവിടാതെ ബിജെപി ഉരുണ്ടുകളിക്കുമ്പോൾ ചുറ്റിക്കറങ്ങുന്നത് പുതിയ സീറ്റ്‌മോഹികളുടെ പേരുകൾ; ഹോട്ട്‌സീറ്റിലേക്ക് കോൺഗ്രസിൽ നിന്നും പേരുകൾ കെട്ടിയിറക്കി സോഷ്യൽ മീഡിയ; തന്റെ പേര് അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ കുപിതനായി പ്രയാർ ഗോപാലകൃഷ്ണൻ; താൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ..അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ലെന്ന് പ്രയാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് പി.ജെ.കുര്യനും

പത്തനംതിട്ടയുടെ സസ്‌പെൻസ് പുറത്തുവിടാതെ ബിജെപി ഉരുണ്ടുകളിക്കുമ്പോൾ ചുറ്റിക്കറങ്ങുന്നത് പുതിയ സീറ്റ്‌മോഹികളുടെ പേരുകൾ; ഹോട്ട്‌സീറ്റിലേക്ക് കോൺഗ്രസിൽ നിന്നും പേരുകൾ കെട്ടിയിറക്കി സോഷ്യൽ മീഡിയ; തന്റെ പേര് അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ കുപിതനായി പ്രയാർ ഗോപാലകൃഷ്ണൻ; താൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ..അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ലെന്ന് പ്രയാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് പി.ജെ.കുര്യനും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ ബിജെപി സസ്‌പെൻസ് പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഊഹാപോഹങ്ങൾ ഏറെയാണ്. കെ.സുരേന്ദ്രന് നറുക്കുവീഴുമെന്ന് പ്രതീക്ഷിച്ചിരിക്കെ കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കി കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വം പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടു. ഇതോടെ, സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശീധരൻ പിള്ളയുടെ സമ്മർദ്ദം മൂലമാണ് പ്രഖ്യാപനം മാറ്റി വച്ചതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായി. സംഗതി വെറും സാങ്കേതികം മാത്രമെന്ന് ബിജെപി നേതാക്കൾ ഇന്നലെ പറഞ്ഞെങ്കിലും വെള്ളിയാഴ്ചയും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായില്ല.

കോൺഗ്രസിൽ നിന്നും ചിലരെ അടർത്തിയെടുത്ത് ബിജെപിയിലേക്ക് കൊണ്ടുവരാനാണ് പ്രഖ്യാപനം വൈകിക്കുന്നതെന്നും വ്യാഖ്യാനങ്ങൾ വന്നു.സർപ്രൈസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസിനെ ഞെട്ടിക്കാനാണ ബിജെപിയുടെ നീക്കമെന്ന് വ്യാഖ്യാനവും വന്നു. ഇക്കൂട്ടത്തിൽ വന്ന അത്ഭുതനാമമാണ് പ്രയാർ ഗോപാലകൃഷ്ണൻ. പ്രമുഖ കോൺഗ്രസ് നേതാവ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തയും വന്നു. എന്നാൽ, തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെതിരെ പ്രയാർ രംഗത്തെത്തി.
കോൺഗ്രസിൽ നിന്നും രാജ്യവ്യാപകമായി നേതാക്കൾ ബിജെപിയിലേക്ക് വരുന്നുണ്ടെന്നും, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ട് ദേശീയ നേതാക്കളുമായി ബിജെപി.കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിലൊരാൾ അർദ്ധസമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരമെന്നായിരുന്നു വാർത്ത. എന്നാൽ, ഈ വാർത്ത പരാമർശിച്ചുകൊണ്ട് പ്രയാർ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് ഇങ്ങനെയാണ്.

ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല...
എന്തായാലും ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ....
അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ല..
എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവർക്ക് നല്ല നമസ്‌ക്കാരം....

നേരത്തെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യന്റെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. പത്തനംതിട്ടയിൽ ബിജെപി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് കുര്യന് വേണ്ടിയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായി. കുര്യന്റെ ജന്മനാടായ മല്ലപ്പള്ളിയിലും സംഗതി വൈറൽ ആയിരിക്കുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ ബിജെപി സീറ്റ് പ്രഖ്യാപിക്കാതിരുന്നതോടെ ഊഹാപോഹങ്ങളുടെ പ്രവാഹമായിരുന്നു. ടോം വടക്കൻ മുതൽ പ്രയാർ ഗോപാലകൃഷ്ണന്റെ പേരു വരെ ഉയർന്നു കേട്ടു. ഇന്ന് രാവിലെ മുതലാണ് കുര്യന്റെ് പേരും കൂട്ടത്തിൽ ഉയർന്നത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിവിധ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട വാർത്ത പെട്ടെന്ന് വൈറൽ ആയി.

ഇടതു സൈബർ സഖാക്കളും സംഗതി ഏറ്റെടുത്തു പ്രചരിച്ചു. ആരാണ് തനിക്കിട്ട് സ്നേഹപ്പാര നീട്ടിയത് എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് കുര്യൻ. മൽസരിക്കാനായിരുന്നെങ്കിൽ കോൺഗ്രസ് സീറ്റിൽ പത്തനംതിട്ടയിൽ കുര്യനുണ്ടാകുമായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ആന്റോയ്ക്ക് മൂന്നാമതും അവസരം നൽകുന്നതിന് മുൻപ് പിജെ കുര്യനുമായി ദേശീയ സംസ്ഥാന നേതൃത്വം സംസാരിച്ചിരുന്നു. പത്തനംതിട്ടയിൽ കുര്യന് സീറ്റ് നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ, അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഈ നിരാസം ബിജെപിയിൽ മൽസരിക്കാൻ വേണ്ടിയാണെന്നാണ് ഇപ്പോഴുള്ള പ്രചാരണം. പത്തനംതിട്ടയിൽ കുര്യൻ ജയിച്ചില്ലെങ്കിലും കുഴപ്പമില്ല. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഗവർണർ, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി എന്നിങ്ങനെയുള്ള ഓഫറുകളും ഉണ്ടെന്ന് പറയുന്നു. കോൺഗ്രസുകാർ വരെ കിംവദന്തി വിശ്വസിച്ചിരിക്കുകയാണ്. പത്രം ഓഫീസുകളിലേക്ക് വിളിച്ച് ചില കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യം ആരായുന്നുണ്ട്. എന്തായാലും വൈറലായ പ്രചാരണത്തിന് മറുപടി നൽകാൻ കുര്യന് നേരിട്ട് ഇറങ്ങേണ്ടി വരും.

കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് വിവാദത്തിന്റെ കുന്തമുനയായി കരുതുന്ന പത്തനംതിട്ടയിൽ ആരു സ്ഥാനാർ്ഥിയാകുമെന്നു തീരുമാനിക്കാൻ കേരള നേതൃത്വത്തിനു കഴിയാതെ പോകുന്ന അവസ്ഥയിൽ സാധാരണ ഗതിയിൽ കേന്ദ്ര നേതൃത്വം അർത്ഥശങ്കയില്ലാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തുകയാണ് പതിവ്. ഈ രീതിയിലാണ് ബിജെപി അധ്യക്ഷൻ കേരളത്തിലെ ബിജെപി കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിന്റെ തൊട്ടു മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തെ രാത്രിക്ക് രാത്രി മിസോറാം ഗവർണർ ആയി പറപ്പിച്ചതും വി.മുരളീധരന് സംസ്ഥാന അധ്യക്ഷൻ ആയ കുമ്മനം പോലും അറിയാതെ എംപിയായി നിയമിച്ച തീരുമാനങ്ങൾ എല്ലാം കേന്ദ്ര നേതൃത്വം പ്രത്യേകിച്ച് അമിത് ഷാ ഇങ്ങിനെ എടുത്ത തീരുമാനങ്ങൾ ആണ്. ഇതേ അമിത് ഷായ്ക്ക് പോലും പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലാ എന്നത് ബിജെപിയുടെ കേരളത്തട്ടിലെ പ്രതിസന്ധിയുടെ ആഴം തന്നെയാണ് കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP