Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രികോണ പ്രതീതി ഉയർത്തി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ; ഓടി നടന്ന് വോട്ടുപിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ; മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയും പീഡനാരോപണങ്ങൾ ചർച്ചയാവുമ്പോഴും ഇടത് ക്യാമ്പ് പ്രതിരോധിക്കുന്നത് സിറ്റിങ് എംപിയുടെ ജനകീയതയും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി; എല്ലാ സർവേകളും പ്രവചിക്കുന്നപോലെ പാലക്കാട്ട് മുന്നേറ്റം എൽഡിഎഫിനൊപ്പം; അവസാനഘട്ടത്തിലും തെളിയുന്നത് ഭൂരിപക്ഷം കുറഞ്ഞാലും ഇടതുകോട്ട എംബി രാജേഷ് കാക്കുമെന്ന് തന്നെ

ത്രികോണ പ്രതീതി ഉയർത്തി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ; ഓടി നടന്ന് വോട്ടുപിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ; മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയും പീഡനാരോപണങ്ങൾ ചർച്ചയാവുമ്പോഴും ഇടത് ക്യാമ്പ് പ്രതിരോധിക്കുന്നത് സിറ്റിങ് എംപിയുടെ ജനകീയതയും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി; എല്ലാ സർവേകളും പ്രവചിക്കുന്നപോലെ പാലക്കാട്ട് മുന്നേറ്റം എൽഡിഎഫിനൊപ്പം; അവസാനഘട്ടത്തിലും തെളിയുന്നത് ഭൂരിപക്ഷം കുറഞ്ഞാലും ഇടതുകോട്ട എംബി രാജേഷ് കാക്കുമെന്ന് തന്നെ

ആർ പീയൂഷ്

പാലക്കാട്: കേരളത്തിൽ ഇതുവരെ നടന്ന എല്ലാ അഭിപ്രായ സർവേകളിലും ഒരുപോലെ പ്രവചിപ്പിക്കപ്പെട്ട ഒന്നാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വിജയം. കഴിഞ്ഞ തവണത്തെപോലെ ഒരുലക്ഷം വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും ഇവിടെ എംബി രാജേഷ് ജയിക്കുമെന്നുതന്നെയാണ്, പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ പറയാൻ കഴിയുക. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എംപി എം.ബി രാജേഷിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാർ എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു. സംസ്ഥാനത്ത് ബിജെപി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ, പാലക്കാടിനെ ഉരുക്കുകോട്ടയായും കാണുന്നു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെയാണ് യു.ഡി.എഫ്. കരുനീക്കം. ജയിക്കില്ലെങ്കിലും ത്രികോണ പ്രതീതി ഉയർത്തതാൻ കഴിയുന്ന പോരാട്ടം നടത്തിയെന്ന് ബിജെപിക്കും അഭിമാനിക്കാം.

ചർച്ചയും തർക്കവും വികസനത്തെ ചൊല്ലി

കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകളും നിർണായകമാണ്. വികസനപ്രശ്‌നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്. എംപിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.ബി രാജേഷ് വോട്ട് തേടുന്നത്. എന്നാൽ റെയിൽവേ ഉൾപ്പടെയുള്ള മേഖലകളിൽ വേണ്ടത്ര വികസനം കൊണ്ടുവരാൻ എം.ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഐ.ഐ.ടി ഉൾപ്പടെയുള്ള കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ് എംപി എന്നാണ് എൻ.ഡി.എ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്. വ്യവസായ വികസനവും റെയിൽവേ വികസനവുമെന്ന പോലെ കാർഷിക രംഗത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളെല്ലാം ചർച്ചാവിഷയമാവുന്നുണ്ട്. പക്ഷേ, അതിനെയെല്ലാം ശക്തമായ സിപിഎം. സംഘടനാ സംവിധാനം വഴി മറികടക്കാനാവുമെന്ന എം പി എന്ന നിലയിൽ ലോക്സഭയിലുള്ള രാജേഷിന്റെ പ്രകടനവും ഫണ്ട് വിനോയോഗത്തിലെ നേട്ടവുമൊക്കെ ഇടതുമുന്നണി എടുത്തു പറയുന്നുണ്ട്. രാജേഷിന്റെ ജനകീയ പ്രതിഛായതന്നെയാണ് ഇവിടെ ഇടതിന് തുണയാവുന്നത്.

ആദ്യതവണ ആയിരത്തിൽപ്പരം വോട്ടുകൾക്ക് കടന്നുകൂടിയ എം.ബി രാജേഷ് രണ്ടാമങ്കത്തിൽ എംപി വീരേന്ദ്രകുമാറിലെ ഒരുലക്ഷത്തിൽപ്പരം വോട്ടുകൾക്ക് വീഴ്‌ത്തിയാണ് പാർലമെന്റിലേക്ക് പോയത്.ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേർന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊർണൂരും ഒറ്റപ്പാലവും. കേരളത്തിലെ വലിയ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലം. തൊട്ടടുത്ത് കോങ്ങാട് മണ്ഡലം. കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ പുതുശ്ശേരി ഉൾപ്പെടുന്ന മലമ്പുഴ മണ്ഡലം, പാലക്കാട്. ഇവയൊക്കെ മുന്നോട്ടുവയ്ക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ പ്രശ്നങ്ങളാണ്. കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയായ കഞ്ചിക്കോട് ഉൾപ്പെടുന്ന പ്രദേശമാണ് പാലക്കാട് മണ്ഡലം. അതുകൊണ്ടുതന്നെ നോട്ട് നിരോധനം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ഇവിടെ വോട്ടിങിൽ പ്രതിഫലിച്ചേക്കാം

സിപിഎമ്മിനു വിനയായി പീഡന ആരോപണങ്ങൾ

വ്യക്തിപരമായ ആരോപണപ്രത്യാരോപണങ്ങളില്ലാതെയാണ് മത്സരം. ശക്തമായ ത്രികോണമത്സരത്തിനാണ് പാലക്കാട് ഇത്തവണ വേദിയൊരുക്കുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ വിഷയങ്ങളെല്ലാം ചർച്ചാവിഷയമാവുന്നതിനൊപ്പം സിപിഎമ്മിനെതിരേ ഉയർന്ന മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയുമൊക്കെ പീഡനാരോപണങ്ങളും എതിർകക്ഷികൾ പ്രചാരണരംഗം കൊഴുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്.

.ശബരിമല വിഷയവും വലിയതോതിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാം ഊഴത്തിൽ എം.ബി രാജേഷിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് കാലുവാരിയെന്ന ആരോപണം യുഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പറഞ്ഞതാണ്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ജയിച്ചുകയറാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പി.കെ ശശി വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്ക എൽ.ഡി.എഫ് ക്യാംപിനുണ്ട്.

2009-ൽ പാലക്കാട് ലോക്‌സഭാ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന്ശേഷം രണ്ടുതവണയും ഇടതുപക്ഷത്തോടൊപ്പമാണ് നിന്നത്. രണ്ടുതവണയും എം.ബി. രാജേഷായിരുന്നു വിജയി. ആദ്യതവണത്തെ 1820 വോട്ടിന്റെ ഭൂരിപക്ഷം രണ്ടാംതവണ 1,05,300 ആക്കി വർധിപ്പിച്ചു. 12,05,798 വോട്ടർമാരിൽ 9,09,060 പേരാണ് 2014 ൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആകെ കിട്ടിയത് 4,30,953 വോട്ട്. യു.ഡി.എഫിന് 3,62,916. ഭൂരിപക്ഷം 68,037. ബിജെപിക്ക് 1,82,368. മലമ്പുഴയിലും പാലക്കാട്ടും ബിജെപി. ആണ് രണ്ടാം സ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാടും പാലക്കാടും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.

ഇടതിന്റെ പ്രതീക്ഷ പാർട്ടി ഗ്രാമങ്ങളിൽ

ഒറ്റപ്പാലം, ഷൊർണ്ണൂർ, മലമ്പുഴ കോങ്ങാട് മണ്ഡലങ്ങളിലണ് എൽ.ഡി.എഫിന്റെ ഉറച്ച വോട്ടുകൾ. ഇവിടുത്തെ പാർട്ടി ഗ്രാമങ്ങളിലെ കർഷകരും തൊഴിലാളികളുമായ സാധാരണക്കാരിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. പാലക്കാട്, പട്ടാമ്പി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ യു.ഡി.എഫിന്റെയും വോട്ട് ബാങ്കാണ്.. ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിവിടങ്ങലിൽ പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ രാജേഷിന് വോട്ട് കുറയുമോ എന്ന ഭീതിയുണ്ട്. ബി.ഡി.ജെ.എസ് പ്രവർത്തകർ പ്രചരണം കൊഴുപ്പിച്ചാൽ നഷ്ട്ടപ്പെടുന്നത് രാജേഷിന്റെ വോട്ടുകളാണ്. ബിജെപിക്ക് വോട്ട് പോകുമെങ്കിലും ഇത് വലിയ രീതിയിൽ ഗുണം ചെയ്യുന്നത് വി.കെ ശ്രീകണ്ഠനാണ്.

ഒരു വോട്ടിനാണെങ്കിലും മണ്ഡലത്തിൽ സീറ്റ് നിലനിർത്താൻ എ.ബി രാജേഷിന് കഴിയും എന്നു തന്നെയാണ് നിരീക്ഷണം. അതേ സമയം ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റി പ്രദേശമായ പാലക്കാട് ടൗണിൽ രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോകുകയും വി.കെ ശ്രീകണ്ഠൻ രണ്ടാം സ്ഥാനത്തേക്ക് വരികയും ചെയ്യും. അട്ടപ്പാടി മേഖലയിലെ ജനങ്ങൾ എൽ.ഡി.എഫിന്റെ മുതൽക്കൂട്ടാണ് ഇവിടെ രാജേഷിന് തന്നെയാണ് മുൻതൂക്കം. എങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഒരു നിർണ്ണായക ഘടകമാണ്. ശബരിമല വിഷയവും അക്രമ രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിനൊപ്പം ഈ വോട്ടുകൾ യു.ഡി.എഫിന് പോകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. രാജേഷിന് കഴിഞ്ഞ രണ്ട് തവണയും ലഭിച്ച സവർണ്ണ വോട്ടുകൾ മൂന്നായി വിഭജിക്കും. കൃഷ്ണകുമാറിനും ശ്രീകണ്ഠനുമായി പങ്കിടുന്ന അവസ്ഥയിലേക്കാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ന്യൂന പക്ഷ വോട്ടുകൾ നിർണ്ണായകമായ സ്ഥലമാണ് പട്ടാമ്പി, മണ്ണാർകാട്, പാലക്കാട് ആ വോട്ടുകൾ എല്ലാം യുഡിഎഫിനാണ്. പ്രചരണത്തിൽ ആദ്യം മോശമായ യുഡിഎഫ് വളരെ വേഗമാണ് പ്രചരണ രംഗത്ത് മുന്നേറിയത്. മാത്രമാകും.

അടിക്കടി വോട്ട് വർധിപ്പിച്ച് ബിജെപി

പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന പാലക്കാട്ട് വർഷങ്ങളായി സ്വാധീനം വർധിപ്പിക്കുന്ന ചരിത്രമാണ് ബിജെപിക്ക് ഉള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക മുൻസിപാലിറ്റിയാണ് പാലക്കാട്. കൂടാതെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസിനോട് പോരടിച്ച് രണ്ടാമതെത്തിയ മുൻസിപാലിറ്റി വൈസ് ചെയർമാൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രവചനാതീതമായത്. ഡി.സി.സി പ്രസിഡന്റായി ജില്ലയിൽ സംഘടനാരംഗത്ത് നിറഞ്ഞുനിന്ന വി.കെ ശ്രീകണ്ഠനിലൂടെ മൂന്നു പതിറ്റാണ്ട് മുമ്പ് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ കൂടാതെ പാലക്കാട്ടും ബിജെപി രണ്ടാമതെത്തിയിരുന്നു. കൂടാതെ ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലും നിർണായക സ്വാധീനം ബിജെപിക്ക് ഉണ്ട്. തെക്കൻ കേരളം കഴിഞ്ഞാൽ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഏറെ സ്വാധീനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.

മലമ്പുഴയിൽ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്നിരുന്നെങ്കിലും ഇക്കൊല്ലം മൂന്നിലേക്ക് മടങ്ങും. കാരണം കഴിഞ്ഞ തവണ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പെന്തകോസ്ത് വിഭാഗത്തിൽ പെട്ട വി എസ്. ജോയി ആയതിനാൽ യു.ഡി.എഫിന് ലഭിക്കേണ്ട ഹിന്ദു വോട്ടുകൾ ബിജെപി ക്ക് ലഭിച്ചു. എന്നാൽ ഇക്കൊല്ലം അതുണ്ടാവില്ല. ശബരിമല വിഷയം ഉൾപ്പടെയുള്ള അനുകൂലഘടകങ്ങൾ മുതലാക്കി ജയിച്ചുകയറാവുന്ന മികച്ച സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാറെന്ന് ബിജെപി ക്യാംപ് വിലയിരുത്തുന്നു. കൂടാതെ ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP