Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലായുടെ മാണിക്യമായി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് കയറിയതും മാണി തന്നെ! കെ എം മാണിയുടെ സഹതാപത്തെ മറികടന്ന് പാലായെ ഇടത് കോട്ടയാക്കി മാണി സി കാപ്പൻ; എൻസിപി സ്ഥാനാർത്ഥി ജയിച്ചത് 2943 വോട്ടിന്; മാണി സി കാപ്പൻ 54137 വോട്ട് നേടിയപ്പോൾ രണ്ടില ചിഹ്നം ഇല്ലാതെ മത്സരിച്ച ജോസ് ടോമിന് കിട്ടിയത് 51194 വോട്ടും; ബിജെപിക്കായി ഹരി നേടിയത് 18044 വോട്ടും; മാണി സി കാപ്പന്റേത് കേരളാ കോൺഗ്രസ് കോട്ടകൾ തകർത്തുള്ള വിജയം; തോൽവി അംഗീകരിച്ച് യുഡിഎഫ്

പാലായുടെ മാണിക്യമായി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് കയറിയതും മാണി തന്നെ! കെ എം മാണിയുടെ സഹതാപത്തെ മറികടന്ന് പാലായെ ഇടത് കോട്ടയാക്കി മാണി സി കാപ്പൻ; എൻസിപി സ്ഥാനാർത്ഥി ജയിച്ചത് 2943 വോട്ടിന്; മാണി സി കാപ്പൻ 54137 വോട്ട് നേടിയപ്പോൾ രണ്ടില ചിഹ്നം ഇല്ലാതെ മത്സരിച്ച ജോസ് ടോമിന് കിട്ടിയത് 51194 വോട്ടും; ബിജെപിക്കായി ഹരി നേടിയത് 18044 വോട്ടും; മാണി സി കാപ്പന്റേത് കേരളാ കോൺഗ്രസ് കോട്ടകൾ തകർത്തുള്ള വിജയം; തോൽവി അംഗീകരിച്ച് യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാക്കാരെ ഇനി മാണി സി കാപ്പൻ നയിക്കും. പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ സി പിക്കായി മത്സരിച്ച മാണി സി കാപ്പൻ 2943 വോട്ടിന് ജയിച്ചു. മാണി സി കാപ്പന് 54137 വോട്ടാണ് കിട്ടിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് 51194 വോട്ട് കിട്ടി. ബിജെപിയുടെ എൻ ഹരിക്ക് 18044 വോട്ടും. ബിജെപിക്കും ഉപതെരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞു. പാലയുടെ മാണിക്യമായ കെ എം മാണി വിടപറഞ്ഞതിനെ തുടർന്ന് നടത്തേണ്ടി വന്ന ഉപതിരഞ്ഞെടുപ്പിൽ പാലാക്കാർ തിരഞ്ഞെടുത്തത് മറ്റൊരു മാണിയെ എന്നതാണ് വസ്തുത. യുഡിഎഫ് കോട്ടകൾ ഇളക്കി കൊണ്ടാണ് മാണി സി കാപ്പൻ വിജയം കൊയ്തത്.

2006,2011,2016 വർഷങ്ങളിൽ പാലാ നിയമസഭയിലേക്ക് മത്സരിച്ച മാണി സി കാപ്പൻ ശക്തമായ മത്സരമാണ് കെഎം മാണിക്ക് സമ്മാനിച്ചത്. ബാർകോഴ വിവാദത്തിൽ കുടുങ്ങിയ മാണി 5000 വോട്ടുകൾക്ക് കഷ്ടിച്ചാണ് 2016-ൽ പാലായിൽ നിന്നും ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് നഷ്ടമായ വിജയമാണ് മൂന്ന് വർഷത്തിനിപ്പുറം കാപ്പൻ തിരികെ പിടിക്കുന്നത്.

കെ.എം.മാണിയുടെ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ജോസ് ടോമിന് മുന്നിലെത്താൻ സാധിക്കാത്തത് കേരള കോൺഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. അപ്രതീക്ഷിതമായിരുന്നു മാണി സി.കാപ്പന്റെ മുന്നേറ്റം.

യുഡിഎഫ് കോട്ടകളെ തകർത്താണ് മാണി സി കാപ്പന്റെ വിജയം. യുഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ഉണ്ടായിരുന്ന പഞ്ചായത്തുകളിൽ പോലും കാപ്പൻ വൻ വിജയമാണ് നേടിയത്. തുടക്കം മുതൽ ലീഡ് എടുത്ത ഇടതു സ്ഥാനാർത്ഥി ഓരോ ഘട്ടങ്ങളിലും കൃത്യമായി ലീഡെടുത്ത് മുന്നേറുകയായിരുന്നു. ജോസ് ടോമിന്റെ ഭരണങ്ങാനം പഞ്ചായത്തിൽ പോലും കാപ്പൻ ലീഡെടുത്തു. യുഡിഎഫ് കോട്ടയായ രാമപുരത്ത് ലീഡ് നേടിയ കാപ്പൻ മറ്റിടങ്ങളിലും ലീഡു പിടിക്കുകയാിരുന്നു. കടനാടിലും മേലുകാവിലും കാപ്പൻ മുന്നേറ്റം തുടർന്നു. ആദ്യ ഘട്ടത്തിൽ അഞ്ച് വോട്ടിന്റെ മാത്രം ലീഡ് നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം വോട്ടുമറിക്കൽ ആരോപണവുമായി രംഗത്തുവന്നതും പരാജയഭീതിയിലേക്ക് പോകുന്നുവെന്ന് വ്യക്തമായ സൂചന നൽകുന്നതായി.

യുഎഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരം പഞ്ചായത്തിൽ ആദ്യ റൗണ്ടിൽ തന്നെ ലീഡ് നേടി.  പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റൽ വോട്ടുകളും 14 സർവീസ് വോട്ടുകളുമാണുള്ളത്. 15 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം അസാധുവാണ്. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷൻ ലഭിക്കാത്തതിനാലാണ് അസാധുവായത്. ആറ് വീതം വോട്ടുകളും എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചു. 

14 സർവീസ് വോട്ടുകളിലും മൂന്നെണ്ണം അസാധുവായി. സർവീസ് വോട്ടുകളിൽ മാണി സി.കാപ്പന് ആറും ബിജെപി സ്ഥാനാർത്ഥി എൻ.ഹരിക്ക് രണ്ടും ടോം ജോസിന് ഒന്നും വോട്ടുകൾ ലഭിച്ചു. സ്വതന്ത്രൻ സി.ജെ.ഫിലിപ്പിന് ഒരു വോട്ടും ഒരു വോട്ട് നോട്ടക്കുമാണ് ലഭിച്ചത്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലായിലുള്ളത്.

യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്റേത്. വോട്ടെണ്ണിയ എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എൻസിപി നേതാവാണു മാണി സി.കാപ്പൻ. ആദ്യ മണിക്കൂറുകളിൽ ഒരിക്കൽപോലും യുഡിഎഫിന് ലീഡ് നേടാനായില്ലെന്നതു മുന്നണിയിൽ വലിയ ബഹളങ്ങൾക്ക് വഴിയൊരുക്കും. മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. അഞ്ചു മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും ഇന്നത്തെ ഫലം നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP