Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ദിവസം മുന്നേ കൊട്ടിക്കലാശം നടത്തിയിട്ടും തെല്ലും കുറവില്ല ആവേശം; കെ എം മാണി ഇല്ലാത്ത പാലായിൽ അവസാന ദിവസത്തെ വാക് പോര് 'സർക്കാർ ഭക്ഷണം' ആർക്കൊക്കെ വേണ്ടി എന്ന കാര്യത്തിൽ; വികസനവും അഴിമതിയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ ജോസ് ടോമും മാണി സി കാപ്പനും എൻ ഹരിയും; ശക്തമായ മത്സരം തന്നെയെന്ന് സർവേഫലങ്ങൾ സൂചന നൽകുമ്പോഴും തരംഗം പ്രതീക്ഷിച്ച് യുഡിഎഫും തളർന്ന് വീഴില്ലെന്ന ആത്മവിശ്വാസത്തിൽ എൽഡിഎഫും

ഒരു ദിവസം മുന്നേ കൊട്ടിക്കലാശം നടത്തിയിട്ടും തെല്ലും കുറവില്ല ആവേശം; കെ എം മാണി ഇല്ലാത്ത പാലായിൽ അവസാന ദിവസത്തെ വാക് പോര് 'സർക്കാർ ഭക്ഷണം' ആർക്കൊക്കെ വേണ്ടി എന്ന കാര്യത്തിൽ; വികസനവും അഴിമതിയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ ജോസ് ടോമും മാണി സി കാപ്പനും എൻ ഹരിയും; ശക്തമായ മത്സരം തന്നെയെന്ന് സർവേഫലങ്ങൾ സൂചന നൽകുമ്പോഴും തരംഗം പ്രതീക്ഷിച്ച് യുഡിഎഫും തളർന്ന് വീഴില്ലെന്ന ആത്മവിശ്വാസത്തിൽ എൽഡിഎഫും

മറുനാടൻ മലയാളി ബ്യൂറോ

പാല: കെ എം മാണിയില്ലാതെ പാലായിൽ ആദ്യ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവും. ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പതിവ് തെറ്റിച്ച് മൂന്ന് മുന്നണികളും ഇന്ന് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. നാളെ ശ്രീനാരായണ ഗുരു സമാധി ആയതിനാൽ പരസ്യ പ്രചാരണം ഇന്ന് അവസാനിപ്പിക്കാൻ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ വിവിധ ഇടങ്ങളിൽ പങ്കെടുത്തു. പാലാ കുരിശുപള്ളി കവലയിലായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം. ഒരു ദിനം മുമ്പേ ആയതിനാൽ 5 മണിയെന്ന സമയ നിബന്ധന ബാധകമല്ലാത്തതും കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു. മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി, ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവരെല്ലാവരും മണ്ഡലത്തിൽ സജീവമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്ന് പ്രചാരണ രംഗത്തുണ്ടായിരുന്നു. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. മുതിർന്ന ബിജെപി നേതാക്കളെ ഉൾപ്പെടെ എത്തിച്ചാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.

പാലരിവട്ടവും കിഫ്ബിയും ആയുധമാക്കിയാണ് ഭരണ - പ്രതിപക്ഷ കക്ഷികളുടെ കൊട്ടിക്കലാശം. ഈ ഉപതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണായുധമായി ഇടത് പക്ഷം പാലാരിവട്ടം പാലം അഴിമതി ഉയർത്തിക്കാട്ടുമ്പോൾ കിഫ്ബി അഴിമതി ആരോപണവുമായി പ്രതിരോധം തീർക്കുകയാണ് യുഡിഎഫ്. പാലാരിവട്ടം പാലം അഴിമതിയിൽ മുന്മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ അത് ആയുധമാക്കിയാണ് മുഖ്യമന്ത്രിയുടെ പാലാ പ്രചാരണം. തെറ്റുകാരെ രക്ഷിക്കുകയെന്ന യുഡിഎഫ് നയമല്ല ഇടത് സർക്കാരിന്റേതെന്ന് വ്യക്തമാക്കിയാണ് പാലാ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ പിണറായി വിജയൻ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം അഴിമതി മുഖ്യ വിഷയമാക്കുന്നത്.

എന്നാൽ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം, ചെകുത്താൻ വേദമോതുന്നതുപോലെയാണെന്നും ഉണ്ടയില്ലാ വെടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പാലാരിവട്ടത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിപക്ഷം ബേജാറാകുന്നത് എന്തിനെന്ന് കോടിയേരി ബാലകൃഷ്ണനും ചോദിച്ചു. അതേസമയം, പാലാരിവട്ടത്തെ നേരിടാൻ കിഫ്ബിയാണ് പ്രതിപക്ഷത്തിന്റെ ആയുധം.

കിഫ്ബിക്ക് കീഴിലെ കെഎസ്ഇബി പദ്ധതികളിൽ കോടികളുടെ അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. ലാവ്‌ലിൻ കേസ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നു. കിഫ്ബി, കിയാൽ ഓഡിറ്റിൽ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് ചോദിച്ച് കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. പാലാരിവട്ടം അഴിമതിക്കേസ് പാലയിലെ വിജയത്തെ ബാധിക്കില്ല. കമ്പനിക്ക് മുൻകൂർ ഫണ്ട് അനുവദിച്ചതിനെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കുന്നത് വിദൂരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും യുഡിഎഫിനെതിരെയും ആരോപണമുന്നയിച്ചുകൊണ്ട് ബിജെപിയും അഴിമതി അവസാന ലാപ്പിൽ പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. അഴിമതി നടത്തിയതിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പ്രതികരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്‌ലിൻ കേസിൽ പിണറായിയുടെ പങ്ക് തെളിയിക്കപ്പെടുമെന്നും കൃഷ്ണദാസ് പറഞ്ഞു.

മൂന്ന് സ്ഥാനാർത്ഥികളും പാലായിൽ വിജയം അവകാശപ്പെടുന്നു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകും. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലത്തിൽ വിജയം പ്രവചിക്കുക അസാധ്യമാണ്. കെ.എം മാണിയുടെ സ്മരണകൾ പറഞ്ഞാണ് യുഡിഎഫ് വോട്ട് തേടുന്നത്. എന്നാൽ മണ്ഡലത്തിൽ പരിചിതനായ മാണി. സി. കാപ്പനിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടന്ന മികച്ച പ്രകടനത്തിലാണ് എൻ.ഡി.എ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.

മറുനാടൻ മലയാളി പാലാ അഭിപ്രായ സർവേയുടെ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിതുപോലെ യുഡിഎഫ് തരംഗം മണ്ഡലത്തിൽ പ്രകടമല്ല എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 40 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വോട്ടുചെയ്യുമെന്ന് പറയുമ്പോൾ, 38 ശതമാനം പേർ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനെ അനുകൂലിക്കുന്നവരാണ്. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയെ 11 ശതമാനം പേർ അനുകൂലിക്കുന്നു. ഈ സർവേയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം മറ്റുള്ളവർക്കും നോട്ടക്കും കിട്ടിയ വർധിച്ച പിന്തുണയാണ്. മറ്റുള്ളവർ 6 ശതമാനവും നോട്ട 5 ശതമാനവും വോട്ടുകൾ നേടുമെന്നാണ് സർവേയിൽ കാണുന്നത്. അതായത് ചെറുതല്ലാത്ത ഒരു വിഭാഗം ഇനിയും ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പാലായിൽ അന്തിമ വിധി നിർണ്ണയിക്കുക അവസാന നിമിഷം തീരുമാനമെടുക്കുന്ന ഇത്തരം വോട്ടർമാർ തന്നെ ആയിരിക്കും. തങ്ങളുടെ അഭിപ്രായം മനസ്സിൽ മാത്രം സൂക്ഷിച്ച ഈ വോട്ടർമാർ ഒരു അട്ടിമറി സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. എതായാലും പാലായിൽ ആർക്കും ഈസി വാക്കോവർ ഇല്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം എന്താണെന്നാണ് നിങ്ങൾ കരുതുന്നതെന്ന ചോദ്യത്തിന്, കൂടുതൽ വോട്ടർമാരും നൽകിയ ഉത്തരം വികസനം എന്നായിരുന്നു. സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലും കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങളും തൊട്ടു പിന്നിലുമുണ്ട്. എന്നാൽ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പാലായിലെ വികസനത്തെ എങ്ങനെ നോക്കിക്കാണുന്ന എന്ന കൃത്യമായ അനുബന്ധ ചോദ്യത്തിന് മികച്ചത് എന്നാണ് 60 ശതമാനം വോട്ടർമാരും പറയുന്നത്. 55 ശതമാനം വോട്ടർമാർ മികച്ചത് എന്നും അഞ്ചു ശതമാനം വോട്ടർമാർ വളരെ മികച്ചത് എന്ന് പറയുമ്പോൾ, വളരെ മോശം എന്ന് പറയുന്നത് വെറും 15 ശതമാനമാണ്. ഇത് കൃത്യമായ രാഷ്ട്രീയ വോട്ടുകൾ ആണെന്ന് വ്യക്തം. ബാക്കിയുള്ള 25 ശതമാനം പേർ മണ്ഡലത്തിലെ വികസനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. അതായത് പാലായിലെ വോട്ടർമാരിൽ ഭൂരിഭാഗവും കെ എം മാണി മണ്ഡലത്തിൽ നടപ്പാക്കിയ വിഷങ്ങളിൽ സംതൃപ്തരാണെന്ന് വ്യക്തം. ഈ ഘടകമാണ് യുഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP