Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലായിൽ ഇടതുവിജയം ചെങ്കൊടിയും സഖാക്കളെ വിളിയുമില്ലാതെ; നഷ്ടപ്പെട്ട ആറായിരം വോട്ടുകൾ ബിജെപിയുടെതല്ല; എൻ ഡി എയുടേത്; കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സംവിധാനമല്ല ഇപ്പോൾ എൻഡിഎ; വോട്ട് ചോർച്ച അന്വേഷിക്കും; പാലായിലെ തിരിച്ചടിയെ കുറിച്ച് ശ്രീധരൻ പിള്ളയുടെ പ്രതികരണം

പാലായിൽ ഇടതുവിജയം ചെങ്കൊടിയും സഖാക്കളെ വിളിയുമില്ലാതെ; നഷ്ടപ്പെട്ട ആറായിരം വോട്ടുകൾ ബിജെപിയുടെതല്ല; എൻ ഡി എയുടേത്; കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സംവിധാനമല്ല ഇപ്പോൾ എൻഡിഎ; വോട്ട് ചോർച്ച അന്വേഷിക്കും; പാലായിലെ തിരിച്ചടിയെ കുറിച്ച് ശ്രീധരൻ പിള്ളയുടെ പ്രതികരണം

സ്വന്തം ലേഖകൻ

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ടു കുറച്ചതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. നഷ്ടപ്പെട്ട ആറായിരം വോട്ടുകൾ ബിജെപിയുടെതല്ല, എൻഡിഎയുടെതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സംവിധാനമല്ല ഇപ്പോഴത്തേതെന്നും പിള്ള പറഞ്ഞു. വോട്ട് ചോർച്ച അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വോട്ടുകൾ എതിർ സ്ഥാനാർത്ഥിക്കാണ് ലഭിച്ചതെന്ന് ആരോപിച്ച് ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. 2016ലെ വോട്ട് ഒരു മുന്നണിക്കും കിട്ടിയില്ല. ബിജെപിയുടെ മേൽ പഴിചാരി രക്ഷപ്പെടുന്നത് ശരിയല്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. അധികാര ദുർവിനിയോഗം നടത്തിയാണ് പാലായിലെ ഇടതുവിജയം. തെരഞ്ഞെടുപ്പിൽ പണമൊഴുക്കി. പ്രചാരണത്തിൽ ചെങ്കൊടി ഉപയോഗിച്ചില്ല. കമ്യൂണിസം പറഞ്ഞില്ല. സഖാക്കളെ എന്ന് വിളിക്കുന്നത് പോലും ഉപേക്ഷിച്ചായിരുന്നു പ്രചാരണം. മാനവും മുഖവും നഷ്ടപ്പെടുത്തി നേടിയ ഗതികെട്ട വിജയമാണ് ഇടതുപക്ഷത്തിന്റെതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി.കാപ്പന് 54,181 വോട്ടാണു ലഭിച്ചത്. എന്നാൽ ഇക്കുറി ലഭിച്ചത് 54,137 വോട്ട്; 44 വോട്ടിന്റെ കുറവ്. ബിജെപി വോട്ട് എൽഡിഎഫിനു ലഭിച്ചുവെന്ന് യുഡിഎഫ് ആരോപിക്കുമ്പോഴും മാണി സി.കാപ്പനു ലഭിച്ച വോട്ടിൽ വർധനയുണ്ടായിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമാണ്. 1,79,107 പേരാണ് ഇത്തവണ വോട്ടർപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 1,27,939 പേരാണു വോട്ട് രേഖപ്പെടുത്തിയത്. 51,168 പേർ വിട്ടു നിന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 1,39,775 പേർ വോട്ട് ചെയ്തിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വോട്ടു ചെയ്തവരിൽ 11,836 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2016-ൽ കെ.എം. മാണി 58,884 വോട്ട് നേടിയപ്പോൾ ഇക്കുറി ജോസ് ടോമിന് ലഭിച്ചത് 51,194 വോട്ട്. 7,690 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ബിജെപിക്കാകട്ടെ കഴിഞ്ഞ തവണയും ഇക്കുറിയും എൻ.ഹരി തന്നെയായിരുന്നു സ്ഥാനാർത്ഥി. 2016-ൽ 24,821 വോട്ട് ലഭിച്ച ഹരിക്ക് ഇക്കുറി 18,044 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. രണ്ടു സ്വതന്ത്രന്മാർ ആയിരത്തിലേറെ വോട്ട് നേടി. സി.ജെ. ഫിലിപ് 1085 വോട്ടും മജു പുത്തൻകണ്ടം 1012 വോട്ടും സ്വന്തമാക്കി. നോട്ടയാണ് ആറാം സ്ഥാനത്ത്- 742.

കഴിഞ്ഞ രണ്ട തെരഞ്ഞെടുപ്പുകളിൽ ലഭിച്ച എണ്ണായിരത്തോളം വോട്ടുകൾ കുറഞ്ഞത് ബിജെപിക്കുള്ളിലും ചർച്ചയായിട്ടുണ്ട്. എൻ ഡി എയുടെ ഘടകകക്ഷിയായ ബിഡിജെഎസിലേക്കാണ് ബിജെപി നേതൃത്വം വിരൽ ചൂണ്ടുന്നതെങ്കിലും പണം വാങ്ങി എൻ ഹരി തന്നെ വോട്ട് യുഡിഎഫിന് മുറിച്ചുവെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളക്കക്കണ്ടം ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഹരിക്ക് 24821 വോട്ടാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന പി സി തോമസിന് 26533 വോട്ടും കിട്ടി. ഇക്കുറി അതിന്റെ അടുത്തെത്താൻ കഴിഞ്ഞില്ലെന്നതാണ് ആരോപണങ്ങൾക്ക് ഇടയാക്കിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP