Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി.കെ.ശ്രീമതി ജാതി കാർഡ് ഇറക്കി വോട്ടുപിടിക്കുന്നു; ഇത് നാട്ടിലെ സാമുദായിക ഐക്യം തകർക്കും; കഴിഞ്ഞ തവണ തോറ്റത് ഇക്കളി തിരിച്ചറിയാൻ വൈകിപ്പോയതുകൊണ്ടെന്നും കെ.സുധാകരൻ മറുനാടനോട്; തൊഴിൽ സ്ഥാപനങ്ങളിലും കോളേജുകളിലും വോട്ടുതേടി യുഡിഎഫ് സ്ഥാനാർത്ഥി; പഴുതടച്ചുള്ള പ്രചാരണത്തിൽ ആവേശം കൊണ്ട് അണികളും

പി.കെ.ശ്രീമതി ജാതി കാർഡ് ഇറക്കി വോട്ടുപിടിക്കുന്നു; ഇത് നാട്ടിലെ സാമുദായിക ഐക്യം തകർക്കും; കഴിഞ്ഞ തവണ തോറ്റത് ഇക്കളി തിരിച്ചറിയാൻ വൈകിപ്പോയതുകൊണ്ടെന്നും കെ.സുധാകരൻ മറുനാടനോട്; തൊഴിൽ സ്ഥാപനങ്ങളിലും കോളേജുകളിലും വോട്ടുതേടി യുഡിഎഫ് സ്ഥാനാർത്ഥി; പഴുതടച്ചുള്ള പ്രചാരണത്തിൽ ആവേശം കൊണ്ട് അണികളും

രഞ്ജിത്ത് ബാബു

 കണ്ണൂർ: ഇടതു മുന്നണി സ്ഥാനാർത്ഥി പി.കെ. ശ്രീമതി ജാതിക്കാർഡ് ഇറക്കി വോട്ട് പിടിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ആരോപിച്ചു. കഴിഞ്ഞ തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അനുഭാവികളുടെ വീടുകളിൽ കയറി നേതാക്കളും സ്ഥാനാർത്ഥിയും ജാതി പറഞ്ഞ് വോട്ട് തേടിയിരുന്നു.അക്കാര്യം വൈകി മാത്രമേ തങ്ങൾക്ക് അറിയാൻ കഴിഞ്ഞുള്ളൂവെന്നും അതാണ് കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലത്തിൽ താൻ പരാജയപ്പെടാനുള്ള പ്രധാന കാരണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ' മറുനാടൻ മലയാളിക്ക അനുവദിച്ച അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു. എ.കെ. ജിക്ക് ശേഷം ശ്രീമതി എന്ന് അവർ അർദ്ധോക്തിയിൽ പറഞ്ഞതിന് പിന്നിൽ വലിയ അർഥമുണ്ടായിരുന്നുവെന്ന് പിന്നീടാണ് യു.ഡി.എഫ് തിരിച്ചറിഞ്ഞത്.

അന്നതിനെ പ്രതിരോധിക്കാൻ കഴിയാതെ പോയതും ജാതി രാഷ്ട്രീയം തിരിച്ചറിയാത്തതു മൂലമാണ്. അതേ ജാതിക്കാർഡ് ഇറക്കിയാണ് ശ്രീമതിയും സിപിഎം. പ്രവർത്തകരും ഈ തെരഞ്ഞെടുപ്പിലും വോട്ട് ചോദിക്കുന്നത്. ജാതി പറഞ്ഞ് വോട്ട് തേടുന്ന അപകടകരമായ അവസ്ഥ നാട്ടിലെ സാമുദായിക ഐക്യം തകർക്കുമെന്ന് സുധാകരൻ പറഞ്ഞു. ഇടതുമുന്നണി ഈ നയം പുനഃപരിശോധിക്കണം. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട നാടാണോ കേരളം എന്ന് ഇടത് പക്ഷമുന്നണി ആലോചിക്കണം. ജാതിയും മതവും ഇല്ലെന്ന് പുറമേ പറയുന്ന സിപിഎം. കണ്ണൂരിൽ ജാതി പറഞ്ഞ് വോട്ട് തേടുന്ന അവസ്ഥയിലേക്ക് താഴ്ന്നിരിക്കയാന്നെന്ന് സുധാകരൻ ആരോപിച്ചു. ഒരുമിച്ച് നടക്കുന്നവന്റെ ജാതിയും മതവും താൻ അന്വേഷിക്കാറില്ല എന്നും സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. അതു തന്നെയാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകേണ്ടതും.

വികസനം വന്നാൽ അത് ജനങ്ങളിൽ പ്രതിഫലിക്കേണ്ടതുണ്ട്. എന്നാൽ കണ്ണൂരിൽ അത്തരമൊരു സാഹചര്യമുണ്ടോ? സുധാകരൻ ചോദിച്ചു. അതി ക്രൂരവും പൈശാചികവുമായ അക്രമം നടത്തി നിലവിലെ സാമൂഹിക ക്രമങ്ങളെ തച്ചുടക്കുകയാണ് സിപിഎം. രാജ്യം സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവിടെ കൊലപാതക രാഷ്ട്രീയം അരങ്ങേറുകയാണ്. അക്രമ രാഷ്ട്രീയത്തിനെതിരെ കണ്ണൂർ ജനത ഇത്തവണ വോട്ട് ചെയ്യുക തന്നെ ചെയ്യും. കണ്ണൂരിൽ താൻ വിജയിച്ചാൽ അഴീക്കൽ തുറമുഖം പ്രാവർത്തികമാക്കാനാണ് മുഖ്യ പരിഗണന നൽകുക. റോബോട്ടിക് യുഗത്തിലേക്ക് കാലൂന്നുകയാണ് നാം. അതിനാൽ ഐ.ഐ. എം പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ണൂരിൽ കൊണ്ടു വരേണ്ടതുണ്ട്. കണ്ണൂരിലെ യുവാക്കളുടെ ലക്ഷ്യത്തിന് വേണ്ടി അക്കാദമിക് സാഹചര്യം ഒരുക്കുന്നതിലും താൻ മുൻഗണന നൽകുമെന്ന് സുധാകരൻ പറഞ്ഞു.

ആവേശത്തിരയിളക്കി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അഴീക്കോട് നിയമസഭാ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം. രാവിലെ 9 മണിക്ക് ചെട്ടിപ്പീടികയിൽ നിന്നും ആരംഭിക്കേണ്ട പ്രചാരണം രണ്ട് മണിക്കൂറോളം താമസിച്ചാണ് ആരംഭിച്ചത്. നവീകരിച്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടന ചടങ്ങിന് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പം പങ്കെടുക്കേണ്ടതിനാലാണ് ഇന്നത്തെ പ്രചാരണത്തിന് താമസം നേരിട്ടത്. ചടങ്ങ് കഴിഞ്ഞ ഉടൻ തന്നെ ആദ്യ പ്രചരണ കേന്ദ്രത്തിൽ സുധാകരൻ എത്തി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. പ്രശസ്തമായ മൈബ്രാ കമ്പനിയിലെ തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചാണ് തുടക്കം.

മഹാ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളായ സ്ഥാപനത്തിൽ ഓരോ നിലയിലും കയറിച്ചെന്ന് അക്രമരാഷ്ട്രീയത്തിനെതിരെ കോൺഗ്രസ്സിനെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യകത സുധാകരൻ ലഘു പ്രസംഗത്തിലൂടെ അവതരിപ്പിച്ചു കൊണ്ടാണ് തൊഴിലാളികളെ ഉത്ബോധിപ്പിച്ചത്. തൊഴിലാളികൾ നൽകിയ പൂച്ചെണ്ടും ഏറ്റുവാങ്ങിയാണ് സ്ഥാനാർത്ഥിയുടെ മടക്കം. സ്ഥാപനത്തിൽ സ്ഥാനാർത്ഥികൾക്കും ഒപ്പമുള്ളവർക്കും പഴങ്ങൾ നൽകിയാണ് തൊഴിലാളികൾ വിട നൽകിയത്. അവിടുന്ന് നേരെ പോയത് ഗവൺമെന്റ് പ്രസ്സിലാണ്. മിനുട്ടുകൾക്കകം പ്രസ്സിലെ ജീവനക്കാരെ കണ്ട് പൊടിക്കുണ്ടിലെ മിൽമയുടെ കണ്ണൂർ ഡയറിയിലേക്ക്. സ്ഥാനാർത്ഥി മിൽമയുടെ കവാടത്തിലെത്തിയപ്പോൾ തൊഴിലാളികൾ മുദ്രവാക്യം വിളിച്ചുകൊണ്ട് സ്വീകരിച്ചു. സുധാകരൻ എത്തിയതറിയിക്കാൻ പടക്കം പൊട്ടിച്ചും തൊഴിലാളികളെ വിളിച്ചു കൂട്ടി. മിൽമയിലെത്തിയ സുധാകരൻ ജീവനക്കാരേയും തൊഴിലാളികളേയും കാണാൻ അരമണിക്കൂറോളം ചിലവഴിച്ചു. തുടർന്ന് അടുത്ത പ്രചാരണ കേന്ദ്രത്തിലേക്ക്. ഓരോ കേന്ദ്രത്തിൽ നിന്നും സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെ ബാഹുല്യം കൊണ്ട് തന്നെ ഒപ്പമുള്ളവർക്ക് വിജയ പ്രതീക്ഷ ഇരട്ടിക്കുകയാണ്.

പള്ളിക്കുന്ന് ജെബീസ് കോളേജിലാണ് പിന്നീട് സ്ഥാനാർത്ഥി കടന്നു ചെന്നത്. കോളേജിലെ ക്ലാസുകളിൽ കയറി കേന്ദ്രത്തിൽ മതേതര മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധിപ്പിച്ചു. തുടർന്ന് ചിറക്കൽ കോവിലകത്തായിരുന്നു സുധാകരന്റെ സന്ദർശനം. പിന്നീട് കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിൽ എത്തിച്ചേർന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെട്ട നൂറോളം പേരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് അഴീക്കൽ ഹാർബർ, അഴീക്കൽ സിൽക്ക്, എന്നിവിടങ്ങളിലും സന്ദർശനം നടത്തി. അഴീക്കൽ നെറ്റ് ഫാക്ടറിയിലുമെത്തി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ച ശേഷം നേരെ പോയത് അറബി കോളേജിലേക്കാണ്. അഴീക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ലഭിച്ച സ്വീകരണം വിജയ പ്രതീക്ഷ ഇരട്ടിച്ചതായി സേവാദൾ നേതാവ് സി.വി. സന്തോഷ് പറയുന്നു.

കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലത്തിൽ നേരിട്ട പരാജയത്തിന്റെ കാരണങ്ങളിൽ പഴുതടച്ച് മണ്ഡലം തിരിച്ച് പിടിക്കുക എന്ന വാശിയിലാണ് സുധാകരൻ. ഒപ്പം പാർട്ടിയും യു.ഡി.എഫും സജീവമായതോടെ കോൺഗ്രസ്സ് അണികളിൽ വിജയ പ്രതീക്ഷ ഉടലെടുത്തിരിക്കയാണ്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കാര്യത്തിൽ കണക്ക് കൂട്ടലുകൾക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് കണ്ണൂർ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 1,02,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്. ഈ ആത്മ വിശ്വാസത്തോടെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ നിയമസഭാ വോട്ട് നിലയിൽ നിന്നും ലോകസഭാ വോട്ടുകൾ മാറി മറിയുന്നത് കണ്ണൂരിൽ പതിവാണ്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ലയാണ് സിപിഎം. നെ സംബന്ധിച്ച് കണ്ണൂർ. എങ്കിലും പലപ്പോഴും ലോകസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎം. ന് കണ്ണൂർ മണ്ഡലത്തിൽ കാലിടറിയിട്ടുണ്ട്. 2009 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ കെ. സുധാകരൻ 43,151 വോട്ടിന് ജയിച്ചു കയറിയതാണ് ഒടുവിലത്തെ തെളിവ്. 2014 ൽ സിറ്റിങ് എം. പി. യായ കെ. സുധാകരനെ അട്ടിമറിച്ച് സിപിഎം. ലെ പി.കെ. ശ്രീമതി വിജയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP