Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; വെട്ടേറ്റ് തുന്നിച്ചേർത്തതിനാൽ നിശ്ചലമായ വലതുകൈക്ക് പകരം ഇടതുകൈ ഉയർത്തി പി ജയരാജൻ സംസാരിക്കുമ്പോൾ കൈയടിച്ച് ജനം; ആർഎസ്എസും കോൺഗ്രസും നടത്തിയ അക്രമങ്ങൾ മറന്നുപോകരുത്; യുഡിഎഫ് കൊലയാളി രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചാണ് വടകരയിൽ എൽഡിഎഫും മുന്നേറുന്നത്; പി. ജയരാജന്റെ പ്രചാരണത്തിൽ നിറയുന്നത് വൻ ജനാവലി

ഞാൻ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; വെട്ടേറ്റ് തുന്നിച്ചേർത്തതിനാൽ നിശ്ചലമായ വലതുകൈക്ക് പകരം ഇടതുകൈ ഉയർത്തി പി ജയരാജൻ സംസാരിക്കുമ്പോൾ കൈയടിച്ച് ജനം; ആർഎസ്എസും കോൺഗ്രസും നടത്തിയ അക്രമങ്ങൾ മറന്നുപോകരുത്; യുഡിഎഫ് കൊലയാളി രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചാണ് വടകരയിൽ എൽഡിഎഫും മുന്നേറുന്നത്; പി. ജയരാജന്റെ പ്രചാരണത്തിൽ നിറയുന്നത് വൻ ജനാവലി

ആർ പീയൂഷ്

വടകര: ആർഎസ്എസ് ആക്രമണത്തിൽ വെട്ടേറ്റ് നുറുങ്ങിയ ശരീരം തുന്നിക്കൂട്ടിയെടുത്തപ്പോൾ നിശ്ചലമായിപ്പോയ വലതു കൈക്ക് പകരം ഇടതുകൈയുയർത്തി പി ജയരാജൻ സംസാരിക്കുമ്പോൾ ആൾക്കൂട്ടം ആർത്തിരമ്പുകയാണ്. അക്രമ രാഷ്ട്രീയം എന്ന യുഡിഎഫ് പ്രചാരണം വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജൻ നേരിടുന്നത് സ്വന്തം അനുഭവങ്ങൾ പറഞ്ഞുകൊണ്ടാണ്. വടകരയിലെ പൊള്ളുന്ന ചൂടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും, പാർട്ടിക്കാരുടെ പ്രിയപ്പെട്ട പിജെക്ക് പറയാനുള്ളത് അക്രമരാഷ്ട്രീയത്തിന്റെ ദുരിതങ്ങൾ തന്നെ.

'ആർഎസ്എസ് അക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ. എന്നെ മാത്രമല്ല, പ്രതിഷേധിക്കുന്നവരെയും അവർക്കെതിരെ പ്രവർത്തിക്കുന്നവരെയും നിശബ്ദമാക്കുക അവരുടെ രീതിയാണ്. എത്രയോ ബുദ്ധിജീവികളും എഴുത്തുകാരും ഈ രാജ്യത്ത് വെടിയേറ്റ് മരിച്ചു കഴിഞ്ഞു. അവരാണ് ഇപ്പോൾ അക്രമത്തെകുറിച്ച് വിലപിക്കുന്നത്. '- പി ജയരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അരയും തലയും മുറുക്കിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ജയരാജൻ വടകര മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് കൊലയാളി രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് ജയരാജൻ മണ്ഡലത്തിൽ വോട്ടർമാരെ കാണുന്നത്. ഇതിനായി ബൂത്ത് അടിസ്ഥാനത്തിൽ കുടുംബ യോഗങ്ങൾ വിളിച്ചു ചേർക്കുകയും വ്യാജ പ്രചരണങ്ങളാണ് നടത്തുന്നതെന്നും വിശദീകരിക്കുകയാണ് ജയരാജൻ. യു.ഡി.എഫ് സ്ഥാനാർത്ഥി കൊലപാതകം പറഞ്ഞ് വോട്ട് പിടിക്കുകയാണ്. അവർ ചെയ്തിരിക്കുന്ന കൊലപാതകവും ആർ.എസ്എസ് നടത്തിയ കൊലപാതകവും അവർ മിണ്ടുന്നില്ല. ഇത് ബിജെപിയുമായുള്ള അവിശുദ്ധ ബന്ധം മൂലമാണെന്നും ജയരാജൻ കുടുംബയോഗങ്ങളിൽ വ്യക്തമാക്കി.

കൂടാതെ മുസ്ലിം ലീഗും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ നേതത്വത്തിൽ മറ്റു മണ്ഡലങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ച് വീടുകൾതോറും കയറി ഇറങ്ങി തനിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചു വിടുന്നുണ്ട്.വർഗ്ഗീയ ശക്തികളെ ഉപയോഗിച്ച് സി.പിഎമ്മിനെ തകർക്കാൻ കഴിയില്ല. തന്നെ വിജയിപ്പിച്ചാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും നാടിന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നും വോട്ടർമാർക്ക് വാക്കു നൽകുകയും ചെയ്താണ് ഓരോ കുടുംബ യോഗങ്ങളിൽ നിന്നും ജയരാജൻ വിടവാങ്ങുന്നത്.

ഇന്ന് രാവിലെ കുറ്റ്യാടിയിലാണ് ആദ്യ കുടുംബയോഗം ആരംഭിച്ചത്. നിരവധി സ്ത്രീകളാണ് അവിടെ പങ്കെടുത്തത്. പൂമാലയിട്ടും ഷാൾ അണിയിച്ചും ആലങ്കാരികമായി നിർമ്മിച്ച കതിർക്കുലകളും പൂച്ചെണ്ടുകളും നൽകിയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചത്. യു.ഡി.എഫിന്റെ കുപ്രചരണങ്ങളിൽ വീഴരുത് എന്ന് പറഞ്ഞുകൊണ്ടാണ് ജയരാജൻ സംസാരിച്ചു തുടങ്ങിയത്. പരാജയ ഭീതിയിലായപ്പോൾ എങ്ങനെയും തന്നെ തോൽപ്പിക്കാനുള്ള ആയുധമായിട്ടാണ് കൊലപാതക രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവരും ഇത് കേട്ട് വീട്ടിൽ പോയി ഇരിക്കാതെ അയൽക്കാരോടും സുഹത്തുക്കളോടും ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നന്ദി പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയായി.

വിവിധ കേന്ദ്രങ്ങൾ കയറിയ ശേഷം പി.ടി ഉഷയുടെ കോച്ചായിരുന്ന ഒ.എം മ്പ്യാരെകാണാനായി മണിയൂരിലെ വീട്ടിലേക്കായി യാത്ര. അവിടെ എത്തുമ്പോൾ ഉച്ചയായി. ഒ.എം നമ്പ്യാർ ഉറക്കത്തിലായിരുന്നു. അദ്ദേഹത്തിന്റെ മക്കളും കൊച്ചി മക്കളും ജയരാജനെ സ്വീകരിച്ചു. അകത്തെ മുറിയിലെത്തിയപ്പോൾ ഉറങ്ങുന്ന നമ്പ്യാരെ വിളിച്ചുണർത്താൻ നോക്കിയിട്ടും നടന്നില്ല.പുലർച്ചെ രണ്ട് മണിക്കാണ് ഉറങ്ങിയതെന്നും അതു കൊണ്ടാണ് കണ്ണു തുറക്കാത്തതെന്നും മക്കൾ പറഞ്ഞു. കുറച്ചു നേരം കാത്തു നിന്ന ശേഷം നമ്പ്യാർക്ക് ലഭിച്ച അവാർഡുകളുടെ ശേഖരം ജയരാജൻ നോക്കി കണ്ടു. ഈ സമയം നമ്പ്യാർ ഉണർന്നു എന്നു മരുമകൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അടുത്തെത്തി. പാതി മയക്കത്തിൽ തന്നെയായിരുന്നു നമ്പ്യാർ. ജയരാജന് ഹസ്തദാനം നൽകിയെങ്കിലും ഒന്നും മിണ്ടിയില്ല. പതിയെ ഉറക്കത്തിലേക്ക് വീണ്ടും പോയി. മക്കളോടും കൊച്ചു മക്കളോടും വിശേഷങ്ങൾ പങ്കു വച്ച് ശേഷം പുറത്തേക്കിറങ്ങിയപ്പോൾ ഒരു പാത്രം നിറയെ ലഡുവുമായി മരുമകൾ എത്തി. ജയരാജനൊപ്പമുണ്ടായിരുന്നവർക്കൊക്കെ വിതരണം ചെയ്തു.

സിപിഎം ലോക്കൽ കമ്മറ്റി അംഗം എ.വി ബാബുവിന്റെ വസതിയിലായിരുന്നു ഭക്ഷണം. വലിയ സദ്യ വട്ടം തന്നെയായിരുന്നു അവിടെ ഒരുക്കിയിരുന്നത്. പായസം ഉൾപ്പെടെയായിരുന്നു സദ്യ. സദ്യക്ക് ശേഷം അൽപ്പം പോലും വിശ്രമിക്കാതെ പുറത്തേക്കിറങ്ങി. പ്രകടന പത്രികയുടെ പ്രകാശനം പ്രസ്സ് ക്ലബ്ബിലുണ്ട്. വാഹനത്തിൽ കയറുന്നതിന് മുൻപ് ചെറുപ്പക്കാർക്കും കുട്ടികൾക്കും സെൽഫിക്ക് പോസ് ചെയ്തു. നിറഞ്ഞ പുഞ്ചിരിയോടെ വാഹനത്തിൽ കയറി നേരെ പ്രസ്സ് ക്ലബ്ബിലേക്ക്. അവിടെ പ്രകടന പത്രിക പ്രകാശനം ചെയ്്ത ശേഷം മാധ്യമ പ്രവർത്തകർക്കൊപ്പം സംവാദത്തിൽ ഏർപ്പെട്ടു. ശേഷം വടകരയിലെ പൊതു പരിപാടിയിലേക്ക്.

പ്രചരണത്തിനെത്തുന്ന സ്ഥലങ്ങളിലെല്ലാം വലിയ ആവേശത്തിലാണ് പ്രവർത്തകർ. മുദ്രാവാക്യം വിളികളോടെയാണ് എതിരേൽക്കുന്നത്. ഓരോ വാക്കുകൾ പറയുമ്പോഴും നിറഞ്ഞകൈയടിയായിരുന്നു. മണിയൂരിലെ മന്ദിരത്തൂരിൽ രാവിലെ 11 മണിമുതൽകാത്തിരുന്ന പ്രവർത്തകരെ കാണാനെത്തിയപ്പോൾ ഉച്ചയ്ക്ക് ഒന്നരയായി. മത്സരം കടുത്ത് നിൽക്കുന്ന വടകരയിൽ അക്രമരാഷട്രീയം എന്ന യു.ഡി.എഫിന്റെ പ്രചരങ്ങൾൾക്ക് ശക്തമായ രീതിയിൽ മറു പ്രചരണം നൽകിയാണ് എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. വലിയ ആത്മ വിശ്വാസത്തിൽ തന്നെയാണ് താനെന്നും വടകരയിൽ വിജയം ഉറപ്പാണെന്നും പി.ജയരാജൻ മറുനാടനോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP