Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലയെ നോട്ടമിട്ടുള്ള ഷോൺ ജോർജ്ജിന്റെ മോഹം നടന്നേക്കില്ല; പി സി ജോർജ്ജിന്റെ പാർട്ടിക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിൽ ബിജെപി എത്തിയതോടെ നറുക്കു വീഴാൻ സാധ്യത പി സി തോമസിന്; മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് എൻഡിഎ നേതൃത്വത്തെ താൽപ്പര്യം അറിയിച്ചു; കേരളാ കോൺഗ്രസിനകത്തെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ ശ്രമിക്കുമെന്നും പി സി തോമസിന്റെ അവകാശവാദം

പാലയെ നോട്ടമിട്ടുള്ള ഷോൺ ജോർജ്ജിന്റെ മോഹം നടന്നേക്കില്ല; പി സി ജോർജ്ജിന്റെ പാർട്ടിക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിൽ ബിജെപി എത്തിയതോടെ നറുക്കു വീഴാൻ സാധ്യത പി സി തോമസിന്; മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് എൻഡിഎ നേതൃത്വത്തെ താൽപ്പര്യം അറിയിച്ചു; കേരളാ കോൺഗ്രസിനകത്തെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ ശ്രമിക്കുമെന്നും പി സി തോമസിന്റെ അവകാശവാദം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പാല നിയമസഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസിൽ നിന്നും ജോസ് കെ മാണി സ്ഥാനാർത്ഥിയായേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥിയായി കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് എൻസിപിയിലെ മാണി സി കാപ്പന് തന്നെയാണ്. അതേസമയം എൻഡിഎയിൽ നിന്നും ആര് സ്ഥാനാർത്ഥിയാകും എന്നതിനെ കുറിച്ച് വ്യക്തത ഇനിയും കൈവരാനുണ്ട്. എങ്കിലും ബിജെപിക്ക് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥി ഉണ്ടായേക്കില്ലെന്നാണ് രാഷ്ട്രീയ സൂചന.

അതേസമയം പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പിസി തോമസ് രംഗത്തെത്തി. സ്ഥാനാർത്ഥിയാകാൻ താൽപര്യം ഉണ്ടെന്ന് എൻഡിഎ നേതൃത്വത്തെ അറിയിക്കുമെന്നും പിസി തോമസ് പറഞ്ഞു. എൻഡിഎക്ക് നല്ല വിജയ സാധ്യതയാണ് പാലാ മണ്ഡലത്തിലുള്ളത്. കേരളാ കോൺഗ്രസിനകത്തെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ സ്ഥാനാർത്ഥിത്വം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരളാ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങളെന്നും പിസി തോമസ് വിശദീകരിക്കുന്നു.

റബ്ബർ കർഷകർക്ക് കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. അനുകൂല ഘടകങ്ങളെല്ലാം നേതൃത്വത്തെ ധരിപ്പിക്കുമെന്നും പിസി തോമസ് പറഞ്ഞു. അതേസമയം പാലാ സീറ്റിൽ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിനെ പാലായിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനോട് ബിജെപി കോട്ടയം ജില്ലാ ഘടകം എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇക്കാര്യത്തിൽ തർക്കം ഉടലെടുത്തിരുന്നു. പിന്നീട് എൻ.ഡി.എയിൽ പുതിയ പാർട്ടിയാണെന്നും അതിനാൽ പാലാ സീറ്റിൽ അവകാശവാദം ഉന്നയിക്കില്ലെന്നുമാണ് പി.സി.ജോർജിന്റെ നിലപാട്. പാലായിൽ ഉചിതമായ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും ഇത്തവണ വിജയ സാധ്യതയുണ്ടെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. ഇതോടെ പി സി തോമസിനാണ് സാധ്യത വർദ്ധിപ്പിക്കുന്നത്.

ശബരിമല അടക്കമുള്ള വിഷയങ്ങളിലേറ്റ തിരിച്ചടിക്ക് ശേഷം നിലപാടുകളിൽ അയവ് വരുത്തിയ എൽ.ഡി.എഫ് നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. അതേസമയം എൻഡിഎയ്ക്ക് കരുത്തു കാട്ടാനുള്ള പോരാട്ടം കൂടിയാണ് ഇത്. മൂന്ന് മുന്നണികൾക്കും പാലാ ഉപതിരഞ്ഞെടുപ്പ് നിർണായകമാകുമ്പോൾ രാഷ്ട്രീയ രംഗം ചൂടേറുമെന്ന് ഉറപ്പാണ്. അടുത്ത മാസം 23നാണ് തിരഞ്ഞടുപ്പ് നടക്കുന്നത്. ബുധനാഴ്ച മുതൽ പത്രികാ സമർപ്പണം തുടങ്ങും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ ഏഴിനാണ്. അഞ്ചിനാണ് സൂക്ഷ്മ പരിശോധന നടക്കുക. സെപ്റ്റംബർ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

അതേസമയം, ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുമുന്നണി പൂർണസജ്ജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇത്തവണ ഇടതുമുന്നണി പാലായിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണയൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്. വിശ്വാസികളെ യു.ഡി.എഫും ബിജെപിയും ചതിക്കുകയായിരുന്നുവെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണ്. ബാക്കി കാര്യങ്ങൾ എൽ.ഡി.എഫ് യോഗം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കേരള കോൺഗ്രസിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിഷ.ജോസ്.കെ.മാണി മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച ജോസ്.കെ.മാണി സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. നാളെ യു.ഡി.എഫ് യോഗം ചേർന്നതിന് ശേഷം ജനാധിപത്യ രീതിയിൽ ചർച്ച ചെയ്ത് രമ്യമായി സ്ഥാനാർത്ഥി നിർണയം നടത്തും. തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിഷയോ ജോസ്.കെ.മാണിയോ തന്നെ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP