Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടകര പിടിക്കാൻ അടവുകൾ പലവിധം സുലഭം; പി.ജയരാജനെതിരെ കെ.മുരളീധരനെ പട നയിക്കാൻ വിട്ടതിന് പിന്നാലെ 'ജനതാദൾ സൂത്ര'വുമായി യുഡിഎഫ്; ജനതാദൾ യുഡിഎഫിനൊപ്പമെന്ന് അണികളെ മയക്കും വിധം പോസ്റ്ററുകളും ഫ്‌ളകസുകളും; നിലവിലില്ലാത്ത പാർട്ടിയുടെ പേരിലുള്ള കള്ളക്കളി പൊളിക്കാൻ ഉറച്ച് ഇതരപാർട്ടികൾ

വടകര പിടിക്കാൻ അടവുകൾ പലവിധം സുലഭം; പി.ജയരാജനെതിരെ കെ.മുരളീധരനെ പട നയിക്കാൻ വിട്ടതിന് പിന്നാലെ 'ജനതാദൾ സൂത്ര'വുമായി യുഡിഎഫ്; ജനതാദൾ യുഡിഎഫിനൊപ്പമെന്ന് അണികളെ മയക്കും വിധം പോസ്റ്ററുകളും ഫ്‌ളകസുകളും; നിലവിലില്ലാത്ത പാർട്ടിയുടെ പേരിലുള്ള കള്ളക്കളി പൊളിക്കാൻ ഉറച്ച് ഇതരപാർട്ടികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: പി ജയരാജൻ എൽഡിഎഫ് സ്ഥാനാർത്ഥിയും കെ മുരളീധരൻ യു ഡി എഫ് സ്ഥാനാർത്ഥിയുമായി രംഗത്ത് എത്തിയതോടെ വടകരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പാർട്ടിയുടെ പേരിൽ സംശയം സൃഷ്ടിച്ചുകൊണ്ട് ചില തരം താണ രാഷ്ട്രീയം കളിക്കാൻ യു ഡി എഫ് ശ്രമം നടത്തുന്നത്. നേരത്തെ സീറ്റുമായി ബന്ധപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ, ജനതാദൾ എസ് പാർട്ടികൾക്കിടയിൽ ചില അസ്വസ്ഥതകൾ നിലനിന്നിരുന്നു. പ്രവർത്തകരിലെ ഈ അസ്വസ്ഥത മുതലെടുത്ത് നേട്ടമുണ്ടാക്കാനാണ് യു ഡി എഫിന്റെ ശ്രമം.

വിദഗ്ധമായ രീതിയിൽ പോസ്റ്ററുകളും ഫ്ളെക്സുകളുമെല്ലാം അടിച്ച് ജനതാദൾ യു ഡി എഫിനൊപ്പമാണെന്ന് പാർട്ടി അണികളെ വിശ്വസിപ്പിക്കുംവിധമാണ് യു ഡി എഫിന്റെ പ്രചരണം. വോട്ടർമാരിലും ജനങ്ങളിലും തെറ്റിദ്ധാരണ പരത്തി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദ് ചെയ്ത ജനതാദൾ എന്ന പാർട്ടിയുടെ പേരിലാണ് യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി വ്യാപകമായി പോസ്റ്റർ പ്രചരണം നടത്തുന്നത്. നിലവിൽ ലോക് താന്ത്രിക് ജനതാദളും ജനതാദൾ എസ് പാർട്ടികളാണ് പ്രവർത്തിക്കുന്നത്. ഇത് രണ്ടും എൽ ഡി എഫിനൊപ്പമാണ്. വീരേന്ദ്രകുമാർ ഇടതുപക്ഷത്തിനൊപ്പം പോയപ്പോൾ മാറാതെ നിന്ന ഒരു വിഭാഗം ജനതാദൾ (യുണൈറ്റഡ്) എന്ന പേരിൽ ചെറിയ തോതിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ജനതാദൾ (യു ഡി എഫ്) എന്ന പേരിൽ മറ്റൊരു ചെറു ഗ്രൂപ്പുമുണ്ട്. ഈ പേരുകൾ ഉപയോഗപ്പെടുത്തി ജനതാദൾ എന്ന് പോസ്റ്ററുകൾ അടിച്ച് മുരളീധരന് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയാണ് യു ഡി എഫ്.

എന്നാൽ നിലവിലില്ലാത്ത പാർട്ടിയുടെ പേരിൽ നടത്തുന്ന കള്ളക്കളിക്കെതിരെ വിവിധ പാർട്ടികൾ രംഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. പോസ്റ്റർ പ്രചരണം നടത്തുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ വ്യക്തമാക്കി.
പോസ്റ്റർ പ്രചരണം നടത്തുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനവും തെരെഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. ജനതാദൾ എന്ന പാർട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചതാണ്. ഈ പേര് ഉപയോഗിക്കുന്നത് എൽ ഡി എഫ് കക്ഷിയായ ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകരെ ആശയക്കുഴപ്പിലാക്കുന്നതിന് വേണ്ടിയാണ്. 1991 ലെന്ന പോലെ കോ - ലി - ബി സഖ്യവും ഇപ്പോൾ ആർ എം പിയും കൂടി ഒന്നിച്ച് നിന്നാലും മതേതര ശക്തികൾ ഇത്തരം വർഗ്ഗീയ മുന്നണിയെ ചെറുത്ത് തോൽപ്പിക്കുമെന്നായപ്പോൾ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് യു ഡി എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനതാദൾ എന്ന പേരിലുള്ള വ്യാജ പ്രചരണം തടയണമെന്ന് ജനതാദൾ എസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ജനതാദൾ എസ് എന്ന പാർട്ടി ഇടത് മുന്നണിക്കൊപ്പമാണെന്നിരിക്കെ വടകരയിലെ എതിർ സ്ഥാനാർത്ഥിക്കുവേണ്ടി ജനതാദൾ എന്ന പേരിൽ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരണം നടത്തുന്നതിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരക്കാർക്കെതിരെ നടപടി കൈകൊള്ളണമെന്നും വ്യാജ പ്രചരണം തടയാൻ അടിയന്തരമായി ഇടപെടണമെന്നും ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും വടകര പാർലമെന്റ് മണ്ഡലം വരണാധികാരിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP