Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷയില്ലാതെ വോട്ടിങ്ങ് മെഷീനുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിച്ച് പ്രതിപക്ഷ പാർട്ടികൾ; ചാനലുകളുടെ വീഡിയോയിൽ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്ന് കമ്മീഷൻ; വോട്ടെണ്ണുമ്പോൾ വോട്ടിങ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്ന് പ്രതിപക്ഷം; എക്സിറ്റ്പോൾ കഴിഞ്ഞതോടെ പോര് മെഷീനെചൊല്ലി; പരാജയഭീതിയെന്ന് തിരിച്ചടിച്ച് ബിജെപി

സുരക്ഷയില്ലാതെ വോട്ടിങ്ങ് മെഷീനുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിച്ച് പ്രതിപക്ഷ പാർട്ടികൾ; ചാനലുകളുടെ വീഡിയോയിൽ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്ന് കമ്മീഷൻ; വോട്ടെണ്ണുമ്പോൾ വോട്ടിങ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്ന് പ്രതിപക്ഷം; എക്സിറ്റ്പോൾ കഴിഞ്ഞതോടെ പോര് മെഷീനെചൊല്ലി; പരാജയഭീതിയെന്ന് തിരിച്ചടിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകൾ സൂക്ഷിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിനെ തുടർന്ന്, 21 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം യന്ത്രങ്ങളുടെ സുരക്ഷയിൽ സംശയം വേണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്.

്എന്നാൽ ചാനലുകളുടെ വീഡിയോയിൽ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്ന് കമ്മീഷൻ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. വിശദമായ നിവേദനം നൽകിയാണ് പിന്നീട് പ്രതിപക്ഷ നേതാക്കൾ മടങ്ങിയത്. വോട്ടെണ്ണുമ്പോൾ വിവി പാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഉച്ചയ്ക്ക് 1.30 ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ യോഗം ചേർന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. വിവി പാറ്റുകൾ എണ്ണുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയിൽ പാകപ്പിഴകളുണെന്ന് പ്രതിപക്ഷ നേതാൾ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കണം. സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികൾ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. വോട്ടെണ്ണുമ്പോൾ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവി പാറ്റുകളും എണ്ണണം എന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇത് കഴിയില്ല എന്ന നിലപാടിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ.

സംശയത്തിന്റെ ഒരു അണുപോലും വരാൻ പാടില്ലായിരുന്നെന്ന് പ്രണബ് മുഖർജി

അതിനടെ ഇ.വി എം തിരിമറി ആരോപണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. വോട്ടർമാരുടെ വിധിയിൽ കൃത്രിമം നടന്നെന്ന റിപ്പോർട്ടുകളിൽ താൻ ആശങ്കാകുലനാണെന്ന് പ്രണബ് ട്വീറ്റ് ചെയ്തു.'തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള ഇ.വി.എമ്മുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അഭ്യൂഹങ്ങളുണ്ടാകുന്നതു നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെപ്പോലും ചോദ്യം ചെയ്യുന്നതാണ്. ജനവിധി അലംഘനീയമാണ്. സംശയത്തിന്റെ ഒരണുപോലും അതിനുമുകളിൽ വരാൻ പാടില്ല.'- അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വ്യത്യസ്തമായ എന്തെങ്കിലും രീതികൾ അവലംബിക്കേണ്ടതുണ്ടെന്ന് ഇന്നലെ നടന്ന ഒരു പുസ്തകപ്രകാശച്ചടങ്ങളിൽ പ്രണബ് പറഞ്ഞിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കാൻ കഴിയില്ലെന്നും ഏറ്റവും മികച്ച രീതിയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രണബ് മുഖർജി പറഞ്ഞു.

ഇവിഎമ്മുകൾ സൂക്ഷിച്ചത് സുരക്ഷയില്ലാതെയോ?

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് മെഷീൻ തിരിമറിയിൽ ആരോപണം ശക്തമാക്കുന്നുണ്ട്. എക്‌സിറ്റ് പോളിലെ ബിജെപി വിജയം ഇവി എം അട്ടിമറി ലക്ഷ്യമിട്ടാണെന്ന വിധത്തിലാണ് മമത ബാനർജി അടക്കമുള്ളവർ പ്രതികരിച്ചത്. ഈ ആരോപണങ്ങൾ പുറത്തുവന്ന ശേഷം സൈബർ ലോകത്ത് ചില വീഡിയോകളും മറ്റും പുറത്തുവന്നിരിക്കയാണ്. അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകൾ സ്ട്രോങ് റൂമിൽ എത്തിച്ചതായി റിപ്പോർട്ടുകളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരൺ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങൾ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആർ.ജെ.ഡി-കോൺഗ്രസ് പ്രവർത്തകർ പിടികൂടി എന്നാണ് വാർത്ത. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകൾ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവർത്തകർ പറഞ്ഞതായാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശിലെ ചന്ദൗളിയിൽ ഇവി എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുറത്ത് വരുന്ന വീഡിയോകൾ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകൾ എത്തിക്കുന്നതായാണ് കാണിക്കുന്നത്. ഈ വീഡിയോയുടെ വാസ്തവം എത്രത്തോളമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും പക്ഷെ ഇന്നാണ് മെഷീനുകൾ കൊണ്ടു വരുന്നതെന്നും വീഡിയോ പകർത്തിയ ആൾ പറയുന്നതായി കേൾക്കാം. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം കോൺഗ്രസ്, എസ്‌പി-ബി.എസ്‌പി പ്രവർത്തകർ സ്വന്തം പ്രവർത്തകരെ ഞായറാഴ്ച മുതൽ തന്നെ ചന്ദൗളി മാർക്കറ്റിന് സമീപമുള്ള സ്ട്രോങ് റൂമിന് പുറത്ത് പ്രവർത്തകരെ കാവൽ നിർത്തുന്നുണ്ട്.

ഹരിയാനയിലെ ഫത്തേഹ്ബാദിൽ സ്ട്രോങ്റൂമുകളിലേക്ക് ഇ.വി എം നിറച്ച ട്രക്കുകൾ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് എംപി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദ്ദേശമാണ് തരൂർ മന്നോട്ടു വെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP