Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിയെ മത്സരിപ്പിച്ച് നാട് കടത്താനുള്ള ഐ ഗ്രൂപ്പിന്റെ അമിതാവേശത്തിന് തടയിടാൻ എ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്ത്; മുൻ മുഖ്യമന്ത്രിയെ എംപിയാക്കാൻ വിട്ട് തരില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ; ഹൈക്കമാണ്ടും അയയുന്നു; സിറ്റിങ് എംഎൽഎമാർ ആരും മത്സരിക്കേണ്ടെന്ന വാദത്തിന് തത്വത്തിൽ അംഗീകാരം

ഉമ്മൻ ചാണ്ടിയെ മത്സരിപ്പിച്ച് നാട് കടത്താനുള്ള ഐ ഗ്രൂപ്പിന്റെ അമിതാവേശത്തിന് തടയിടാൻ എ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്ത്; മുൻ മുഖ്യമന്ത്രിയെ എംപിയാക്കാൻ വിട്ട് തരില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ; ഹൈക്കമാണ്ടും അയയുന്നു; സിറ്റിങ് എംഎൽഎമാർ ആരും മത്സരിക്കേണ്ടെന്ന വാദത്തിന് തത്വത്തിൽ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസിലെ എ വിഭാഗത്തിൽ തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ അകറ്റാനുള്ള തന്ത്രങ്ങളെ അംഗീകരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിലെ ധാരണ. ഉമ്മൻ ചാണ്ടിയേക്കാൾ ഏറെ ജൂനിയറായ കെ സി വേണുഗോപാലിന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി പദം കൊടുത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്. വേണഗോപാലിനേക്കാൾ ചെറിയ സ്ഥാനത്ത് ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി ഇരിക്കുന്നത് ക്ഷീണമാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ സംസ്ഥാനത്ത് തന്നെ നിർത്താനാണ് തീരുമാനം. വീണ്ടും കേരളത്തിൽ അധികാരം പിടിച്ച് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കേരളത്തിൽ ഭരണം പിടിക്കാൻ ഉമ്മൻ ചാണ്ടി അനിവാര്യമാണെന്ന് ഹൈക്കമാണ്ടിനെ ധരിപ്പിക്കാൻ എ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയെങ്കിലും കോൺഗ്രസിൽ ഉണർവ്വുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനവും ശരാശരിക്ക് താഴെയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ കേരളത്തിലെ സാന്നിധ്യം അനിവാര്യമാണെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ നേതൃയോഗത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പരിശോധിച്ചായിരിക്കും സ്ഥാനാർത്ഥി നിർണ്ണയമെന്ന് മുകുൾ വാസ്‌നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിർണായകമാകും. ഇത് മനസ്സിലാക്കി കേരളത്തിൽ ഉമ്മൻ ചാണ്ടിയുണ്ടാകേണ്ടതിന്റെ അനിവാര്യത ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്തും. ഇതിനൊപ്പം സിറ്റിങ് എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിക്കേണ്ടെന്ന നയവും പ്രഖ്യാപിക്കും. കേരളത്തിൽ ജയസാധ്യതയുള്ള നിരവധി നേതാക്കൾ എല്ലാ മണ്ഡലത്തിലും കോൺഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ കോട്ടയത്തും ഇടുക്കിയിലും ഒന്നും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.

ഉമ്മൻ ചാണ്ടി മത്സരിക്കുന്ന കാര്യം കെപിസിസിയിൽ പോലും ചർച്ചയായിട്ടില്ല. എന്നാൽ നേതാക്കളടക്കം ഉമ്മൻ ചാണ്ടിയുടെ പേര് ഉയർത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയിൽ മത്സരിക്കുമെന്ന സൂചനകൾക്കൊപ്പം തന്നെ കേരള കോൺഗ്രസിന്റെ സീറ്റായ കോട്ടയത്തും ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞ് കേൾക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ ഉമ്മൻ ചാണ്ടിയെ കേരളത്തിൽ നിന്ന് അടർത്തി മാറ്റാനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. ലോക്‌സഭയിൽ ഓരോ സീറ്റും നിർണ്ണായകമാണ്. എന്നാൽ കോട്ടയത്തും ഇടുക്കിയിലും ആരു നിന്നാലും ജയിക്കാം. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി മത്സരിക്കേണ്ട ആവശ്യമില്ല. എന്നാൽ ആലപ്പുഴയിലെ സ്ഥിതി അതല്ലെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഈ ചർച്ച സജീവമാക്കിയാകും ഉമ്മൻ ചാണ്ടിയെ നാടുകടത്താനുള്ള ഐ ഗ്രൂപ്പിന്റെ നീക്കെത്തെ ചെറുക്കുക. ആലപ്പുഴയിൽ കെ സി വേണുഗോപാൽ വീണ്ടും മത്സരിക്കാനിടയില്ല. ഈ സാഹചര്യത്തിൽ ആലപ്പുഴയിൽ ചെന്നിത്തലയാണ് കരുത്തനായ സ്ഥാനാർത്ഥി. ആലപ്പുഴയിൽ ചെന്നിത്തല മത്സരിച്ച് ദേശീയ നേതാവാകട്ടേ എന്നും ഉമ്മൻ ചാണ്ടി കേരളത്തിൽ നിൽക്കട്ടേയെന്നുമാണ് എ ഗ്രൂപ്പ് ഉയർത്തുന്ന വാദം.

ദേശീയ മാധ്യമങ്ങളുടേതായി ഇതുവരെ പുറത്ത് വന്ന സർവ്വേകളിലെല്ലാം കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രവചിക്കുന്നു. തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഏറ്റവും സജീവമാകുന്നത് ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്കാണ്. സോളാർ അഴിമതി, ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയാണ് ഉമ്മൻ ചാണ്ടി മന്ത്രി സഭ പുറത്ത് പോകുന്നത്. തോൽവിക്ക് ശേഷം നേതൃപരമായ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതെ പിറകോട്ട് വലിഞ്ഞ ഉമ്മൻ ചാണ്ടിയെ ദേശീയ നേതൃത്വം ഇടപെട്ടാണ് തിരികെ കൊണ്ട് വന്നത്. ഐഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയും നൽകി. ഇതെല്ലാം മുന്നിൽ വച്ചാണ് ഉമ്മൻ ചാണ്ടിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ഐ ഗ്രൂപ്പ് രംഗത്ത് വന്നത്. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദം ഉറപ്പിക്കാനായിരുന്നു ഇത്. കേരളത്തിൽ രാഷ്ട്രീയ മോഹമുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും പിന്താങ്ങി. ഇടക്കിയിൽ ഉമ്മൻ ചാണ്ടിയാണ് മികച്ചതെന്ന് ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്തി എംപിയായി മത്സരിപ്പിക്കാനായിരുന്നു നീക്കം. ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നും ഏത് സീറ്റും നൽകാമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കുരയും ചെയ്തു.

ഉമ്മൻ ചാണ്ടി മത്സര രംഗത്തുണ്ടെങ്കിൽ അത് കോൺഗ്രസിന് വലിയ കരുത്താകും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കോൺഗ്രസ് പ്രവർത്തകർ, പ്രത്യേകിച്ച് കോട്ടയത്തെ കോൺഗ്രസുകാർ ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിനോട് താൽപര്യമില്ലായ്മയാണ് പ്രകടിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നതോടെ ഉമ്മൻ ചാണ്ടിയുടെ തട്ടകം ഡൽഹിയാകും. ഉമ്മൻ ചാണ്ടിയുടെ അഭാവം കോൺഗ്രസിലെ എ ഗ്രൂപ്പിനെ ദുർബലപ്പെടുത്തും എന്ന ആശങ്കയും ഇവർക്കുണ്ട്. ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ ആവേശം കാണിക്കുന്നത് കേരളത്തിൽ ഒതുക്കുന്നതിന് വേണ്ടിയാണെന്നും എ ഗ്രൂപ്പ് കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കേണ്ടതില്ല എന്ന് എ ഗ്രൂപ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. അതേസമയം താൻ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ഒതുക്കുന്നതിന് വേണ്ടിയാണോ ലോക്സഭയിലേക്ക് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നത് എന്ന ചോദ്യത്തിന് എല്ലാവരും സഹപ്രവർത്തകരാണ് എന്നാണ് മറുപടി.

സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രചാരണങ്ങൾക്ക് പിന്നിലെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നുു. ചർച്ചകൾ മുറുകുമ്പോഴും മൽസരരംഗത്തേക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഉമ്മൻ ചാണ്ടി. അതിനിടെ ഉമ്മൻ ചാണ്ടി മൽസരിക്കുന്ന കാര്യത്തില് തീരുമാനം ആയിട്ടില്ലെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികും വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പരസ്യ ചർച്ചകളിൽ എ ഗ്രൂപ്പ് അതൃപ്തി പ്രകടിപ്പിച്ചതിലെ രാഷ്ട്രീയം ഐ ഗ്രൂപ്പും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇനി പരസ്യ ചർച്ച ഐ ഗ്രൂപ്പുകാരും നടത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP