Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഎസ്എസിന്റെ ശരിദൂരം യുഡിഎഫിന് ലോട്ടറി ആകുമോ? അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എൻഎസ്എസ് പരസ്യ പ്രചരണവുമായി രംഗത്ത്; കോന്നിയിലും വട്ടിയൂർക്കാവിലും അടക്കം യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്‌ക്വാഡ് പ്രവർത്തനം നടത്താൻ കരയോഗങ്ങളുടെ തീരുമാനം; കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വട്ടിയൂർക്കാവിൽ; മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എൻഎസ്എസ് നേതാക്കൾ നിലപാട് വിശദീകരിച്ച് രംഗത്ത്; ശബരിമല വിഷയത്തിൽ ബിജെപിക്ക് ആത്മാർത്ഥയില്ലെന്നും വിമർശനം

എൻഎസ്എസിന്റെ ശരിദൂരം യുഡിഎഫിന് ലോട്ടറി ആകുമോ? അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എൻഎസ്എസ് പരസ്യ പ്രചരണവുമായി രംഗത്ത്; കോന്നിയിലും വട്ടിയൂർക്കാവിലും അടക്കം യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്‌ക്വാഡ് പ്രവർത്തനം നടത്താൻ കരയോഗങ്ങളുടെ തീരുമാനം; കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വട്ടിയൂർക്കാവിൽ; മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എൻഎസ്എസ് നേതാക്കൾ നിലപാട് വിശദീകരിച്ച് രംഗത്ത്; ശബരിമല വിഷയത്തിൽ ബിജെപിക്ക് ആത്മാർത്ഥയില്ലെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി എൻഎസ്എസ് രംഗത്ത്. അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂല നിലപാടുമായി മുന്നോട്ടു പോകുകയാണ് യുഡിഎഫ്. ശരിദൂര നിലപാടാണ് സുകുമാരൻ നായരും എൻഎസ്എസും സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഈ നിലപാട് യുഡിഎഫിന് ലോട്ടറി ആകുമെന്ന നിഗമനമാണ് പൊതവേ ഉയരുന്നത്. എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം വട്ടിയൂർക്കാവും കോന്നിയുമാണ് പ്രധാനമായും പരിഗണിക്കുന്ന മണ്ഡലങ്ങൾ. മണ്ഡല പരിധിയിലെ കരയോഗങ്ങളിൽ പൊതുയോഗം വിളിച്ച് ചേർത്താണ് പിന്തുണക്കാര്യം അറിയിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വരുംദിവസങ്ങളിൽ സ്‌ക്വാഡ് പ്രവർത്തനം നടത്താനും കരയോഗങ്ങൾ തീരുമാനിച്ചു.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷവിമർശനമാണ് കരയോഗ- പൊതുയോഗങ്ങളിൽ എൻഎസ്എസ് നേതാക്കൾ ഉന്നയിക്കുന്നത്.പെരുന്നയിൽ ജി സുകുമാരൻ നായർ പ്രഖ്യാപിച്ച ശരിദൂരം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമാണ്. യുഡിഎഫിന് പരസ്യ പിന്തുണയുമായി കരയോഗം പൊതുയോഗങ്ങളിൽ എൻഎസ്എസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എൻഎസ്എസ് നേതാക്കൾ നിലപാട് വിശദീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാറാണ് മണ്ഡലത്തിലെ കരയോഗങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.

ശബരിമല വിഷയത്തിൽ ബിജെപിയുടെത് ആത്മാർത്ഥത ഇല്ലാത്ത നിലപാടാണെന്നും യുഡിഎഫിനെ വിജയിപ്പിക്കാനുള്ള എൻഎസ്എസ് നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കുമെന്നും കരയോഗം ഭാരവാഹികൾ പറയുന്നു. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ എൻഎസ്എസ് വോട്ടുകൾ നിർണായകമാണ്. ഏറെ കാലമായി സ്വീകരിച്ച സമദൂര നിലപാടാണ് ഇത്തവണ യുഡിഎഫിന് അനുകൂലമായ ശരിദൂരത്തിന് വഴിമാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും കാണാത്തവിധം സജീവമാണ് എൻഎസ്എസ്. കരയോഗങ്ങൾക്ക് കീഴിൽ സമ്മേളനം വിളിക്കുന്നതെല്ലാം താലൂക്ക് യൂണിയൻ പ്രസിഡണ്ട് അടക്കമുള്ള ഭാരവാഹികൾ തന്നെയാണ്. വിശ്വാസത്തിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ച പാടില്ലെന്ന സമുദായ നേതൃത്വത്തിന്റെ സന്ദേശമാണ് അണികൾക്ക് നൽകുന്നത്. സമദൂരത്തിനിടയിലും ജനറൽ സെക്രട്ടറി കണ്ടെത്താൻ പറഞ്ഞ ശരിദൂരമെന്നാൽ യുഡിഎഫ് ചായ്‌വ് എന്ന വിധമാണ് സമ്മേളനങ്ങളിലെ വിശദീകരണം.

'വർഷങ്ങൾക്ക് ശേഷം സമദൂരത്തിൽ നിന്ന് മാറി ശരിദൂരത്തിലെത്തിയിരിക്കുകയാണ്. ആ തീരുമാനം നമ്മൾ താഴേത്തട്ടിൽ നടപ്പാക്കുന്നു, അത്രയേയുള്ളൂ' എന്ന് പറയുകയാണ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ട് സംഗീത് കുമാർ. അത് യുഡിഎഫ് ചായ്‌വാണോ എന്ന് ചോദിക്കുന്‌പോൾ സംശയമില്ല മറുപടിയിൽ. ബിജെപിക്കും എൽഡിഎഫിനുമെതിരായ വിമർശനമാണല്ലോ, അതിനർത്ഥം അത് യുഡിഎഫിന് ഗുണകരമായി വരുമെന്നാണല്ലോ എന്ന് സംഗീത് കുമാർ പറയുന്നു.

അതേസമയം എൻഎസ്എസിനെ തൃപ്തിപ്പെടുത്താൻ സംവരണ വിഷയത്തിൽ അനുകൂല നിലപാടുമായി രംഗത്തെത്തി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. മുന്നോക്കവിഭാഗത്തിന് സർക്കാർ സർവ്വീസിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ വാഗ്ദാനം നടപ്പാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനമെന്നതിനപ്പുറം, ഇതൊന്നും നടക്കാൻ പോകുന്നില്ലെന്ന് വെള്ളാപ്പള്ളി ഫറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ഒരു നിലപാടും എസ്എൻഡിപി യോഗത്തിനില്ല. എല്ലാ മുന്നണികളോടും ഒരേ നിലപാട് സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പത്തനാപുരത്ത് പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. പാലായിൽ എൽഡിഎഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാൽ ഇപ്പോൾ ആരെയും പിന്തുണയ്ക്കുന്നില്ലന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ തീപാറുന്ന ത്രികോണ മത്സരമാണ് എല്ലായിടത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അതേസമയം എൻഎസ്എസിന്റെ ശരിദൂരം എൻഡിഎയ്ക്ക് അനുകൂലമാകുമെന്നും ബിജെപിക്ക് എതിരായി എൻഎസ്എസ് നിലപാട് എടുത്തിട്ടില്ലെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസവും വികസനവുമാണ് എൻഡിഎ മുന്നോട്ടു വയ്ക്കുന്നത്. ശബരിമല ഒരു വിഷയം മാത്രമാണ്. നരേന്ദ്ര മോദി നടപ്പാക്കുന്ന വികസനങ്ങളും കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടും. പത്തനംതിട്ട മണ്ഡലത്തിൽ മതന്യൂന പക്ഷങ്ങളുടെ വോട്ടിന് കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തുന്നുണ്ട്. എല്ലാ സഭകളുടെയും പിന്തുണ എൻഡിഎ പ്രതീക്ഷിക്കുന്നതായും തുഷാർ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശ്വാസ സംരക്ഷണത്തിന് എൻഎസ്എസ് മുന്നിട്ടിറങ്ങിയപ്പോഴും പിന്തുണ യുഡിഎഫിനോ ബിജെപിക്കോ എന്ന സംശയം രാഷ്ട്രീയകേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ സംസ്ഥാന സർക്കാറിനെയും കേന്ദ്രത്തെയും സുകുമാരൻ നായർ ഒരു പോലെ തള്ളിപ്പറഞ്ഞതോടെ ശരിദൂരം യുഡിഎഫ് ചായ്‌വെന്ന് വ്യക്തമാകുന്ന രീതിയിലാണ് പ്രവർത്തനം. വട്ടിയൂർക്കാവ്, കോന്നി അടക്കമുള്ള സ്വാധീനമേഖലകളിൽ എൻഎസ്എസിന്റെ ഈ സജീവരംഗപ്രവേശം ഏറെ നിർണ്ണായകമാകുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP