Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇക്കുറി ഉണ്ടായേക്കില്ല; വാർഡ് വിഭജനം കീറാമുട്ടിയായപ്പോൾ പഴയ നിലയിൽ തന്നെ തെരഞ്ഞെടുപ്പു നടത്താൻ ആലോചിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ

പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇക്കുറി ഉണ്ടായേക്കില്ല; വാർഡ് വിഭജനം കീറാമുട്ടിയായപ്പോൾ പഴയ നിലയിൽ തന്നെ തെരഞ്ഞെടുപ്പു നടത്താൻ ആലോചിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ സമ്മതിദായകർക്കു വോട്ടവകാശം വിനിയോഗിക്കാം. ഇപ്പോഴുള്ള പഞ്ചായത്തും കോർപ്പറേഷനും മുനിസിപ്പാലിറ്റികളും തന്നെ അടുത്ത തവണയും തുടരും.

പുതുതായി രൂപീകരിക്കുന്ന കണ്ണൂർ കോർപറേഷനും മറ്റ് മുനിസിപ്പാലിറ്റിയും ഇത്തവണയും ഉണ്ടാകില്ല. ഇതു സംബന്ധിച്ച് സർക്കാർ നിലപാട് കൂടി പരിശോധിച്ചശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. തദ്ദേശസ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ സർക്കാർ നടത്തിയ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണ് കമീഷൻ തീരുമാനം.

രാഷ്ട്രീയ ലക്ഷ്യത്തോടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പോലും പരിഗണിക്കാതെ അശാസ്ത്രീയമായാണ് പല സ്ഥലത്തും വാർഡുകൾ വിഭജിച്ചത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിനു വേണ്ടി വാർഡ് വിഭജനം പൂർത്തിയാകാത്തതിനാൽ നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്താമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. ഒക്‌ടോബറിൽ തെരഞ്ഞെടുപ്പു നടത്തേണ്ടതിനാൽ അടുത്തമാസം വിജ്ഞാപനം പുറത്തിറക്കണം. വാർഡ് വിഭജനം പൂർത്തിയാകുംവരെ കാത്തിരുന്നാൽ നടപടിക്രമങ്ങൾ വൈകുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാന സർക്കാരിനെയും ഗവർണറെയും അറിയിച്ചു.

പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടത് നവംബർ ഒന്നിനാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം ഏതാണ്ട് പൂർത്തിയായെങ്കിലും നഗരസഭകളിലെ വിഭജനം അനിശ്ചിതത്വത്തിലാണ്. തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ വിഭജിച്ച് പുതിയ നഗരസഭകൾ രൂപീകരിച്ചതു ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സർക്കാർ അപ്പീൽ നൽകാൻ ഒരുങ്ങുന്നതു സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുമെന്നാണു കമ്മീഷന്റെ വിലയിരുത്തൽ.

ഭരണഘടനാനുസൃതമായി അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയാലുടൻ പുതിയ ഭരണസമിതി അധികാരമേറ്റെടുക്കണം. നിലവിലെ അവസ്ഥയിൽ അടുത്ത ദിനങ്ങളിൽ വിഭജനം പൂർത്തിയാക്കിയാലും നടപടിക്രമങ്ങൾക്ക് സമയമുണ്ടാവില്ല. ബ്ലോക്കു പഞ്ചായത്ത് വാർഡ് വിഭജനം നീളുന്നതും തൽസ്ഥിതി തുടരാൻ കമ്മീഷനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ബ്ലോക്കു പഞ്ചായത്തുകളുടെ പട്ടിക സമർപ്പിച്ചെങ്കിലും വാർഡുകളും സംവരണക്രമവും നൽകിയിരുന്നില്ല. ബ്ലോക്ക് വാർഡുകളുടെ പുനർവിഭജനം ജില്ലാ പഞ്ചായത്തു ഡിവിഷൻ മുതൽ പഞ്ചായത്ത് വാർഡുകളെ വരെ ബാധിക്കും. ഇതോടെ വോട്ടർപട്ടികയിൽവരെ മാറ്റങ്ങളും വരുത്തേണ്ടി വരും. ഒകേ്ടാബർ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. കമ്മീഷന്റെ അഭിപ്രായം സർക്കാർ അംഗീകരിച്ചാൽ പുതിയ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവ ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ടാകില്ല. സംവരണ വാർഡുകൾക്കു ചട്ടമനുസരിച്ചു മാറ്റമുണ്ടാകുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ കെ ശശിധരൻ നായർ അറിയിച്ചിരുന്നു.

വാർഡ് വിഭജനം സംബന്ധിച്ച പരാതി കേൾക്കലും തെളിവെടുപ്പും 14 ജില്ലകളിലും ഇതിനകം പൂർത്തിയായി. കമ്മീഷൻ അംഗങ്ങളായ അന്വേഷണ ഉദ്യോഗസ്ഥർ പരാതികളിന്മേൽ പുനരന്വേഷണം നടത്തിയശേഷം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വാർഡ് വിഭജന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാകൂ. കഴിഞ്ഞമാസം 31ന് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവയിലെ വാർഡ് വിഭജനം അന്തിമമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ എൺപതിലധികം കേസുകളുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്കു വോട്ട് ചെയ്യാൻ സംവിധാനം ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം അന്തിമ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രവാസി മലയാളികൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം നൽകണമെന്ന നിലപാടാണു സർക്കാർ കൈക്കൊണ്ടത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴും സംസ്ഥാനത്തു സെക്രട്ടറിമാരില്ലാതെ നിരവധി പഞ്ചായത്തുകളുമുണ്ട്.

പ്രധാന ചുമതലക്കാരായ സെക്രട്ടറിമാരില്ലാതെ തയാറാക്കുന്ന വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടക്കുമെന്നാണു രാഷ്ട്രീയ പാർട്ടികളുടെ ആരോപണം. വോട്ടർ പട്ടിക തയാറാക്കേണ്ടതു പഞ്ചായത്തു സെക്രട്ടറിമാരാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു വോട്ടർപട്ടികയിൽ ആവശ്യമായ മാറ്റം വരുത്തിയാണു പുതിയതു തയാറാക്കേണ്ടത്.

തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകൾ വിഭജിച്ച് പുതിയ മുനിസിപ്പാലിറ്റികൾ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കഴക്കൂട്ടം, ബേപ്പൂർ, എലത്തൂർ, ചെറുവണ്ണൂർനല്ലളം മുനിസിപ്പാലിറ്റികളുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന് കണ്ടാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിക്ക് പിന്നാലെയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനവും വാർഡുകളെ രാഷ്ട്രീയ ലക്ഷ്യത്തോടെ അടർത്തി മാറ്റാനുള്ള സർക്കാർ നീക്കത്തിനേറ്റ പ്രഹരമായാണു വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP