Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

336 സീറ്റുകൾ നേടി ബിജെപി ഭരിക്കുമെന്ന് സിഎൻഎൻ- ന്യൂസ് 18 ചാനൽ എക്‌സിറ്റ് പോൾ; യുപിഎക്ക് ലഭിക്കുക 82 സീറ്റുകൾ മാത്രം; മറ്റു കക്ഷികൾക്ക് 124 സീറ്റുകളും ലഭിക്കും; കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോളിൽ ലഭിക്കുക 13 സീറ്റുവരെ; തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ കർണാടകയിൽ ബിജെപിയുടെ ശക്തമായ തിരിച്ചുവരവ്; തെലുങ്കാനയിൽ ടിആർഎസും ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും; മഹാരാഷ്ട്ര ബിജെപി തൂത്തുവാരും, ബംഗാളിൽ തൃണമൂൽ തരംഗമെന്നും ന്യൂസ് 18

336 സീറ്റുകൾ നേടി ബിജെപി ഭരിക്കുമെന്ന് സിഎൻഎൻ- ന്യൂസ് 18 ചാനൽ എക്‌സിറ്റ് പോൾ; യുപിഎക്ക് ലഭിക്കുക 82 സീറ്റുകൾ മാത്രം; മറ്റു കക്ഷികൾക്ക് 124 സീറ്റുകളും ലഭിക്കും; കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോളിൽ ലഭിക്കുക 13 സീറ്റുവരെ; തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ കർണാടകയിൽ ബിജെപിയുടെ ശക്തമായ തിരിച്ചുവരവ്; തെലുങ്കാനയിൽ ടിആർഎസും ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും; മഹാരാഷ്ട്ര ബിജെപി തൂത്തുവാരും, ബംഗാളിൽ തൃണമൂൽ തരംഗമെന്നും ന്യൂസ് 18

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു പൂർത്തിയായി എക്‌സിറ്റ് പോലുകൾ പുറത്തുവരുമ്പോൾ ബിജെപി വിജയമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സിഎൻഎൻ- ന്യൂസ് 18 ചാനൽ എക്‌സിറ്റ് പോൾ ഫലവും പ്രവചിക്കുന്നത് ബിജെപി വിജയമാണ്. 336 സീറ്റുകൾ നേടി ബിജെപി ഭരിക്കുമെന്ന് സിഎൻഎൻ- ന്യൂസ് 18 ചാനൽ എക്‌സിറ്റ് പോൾ പറുയന്നു. അതേസമയം കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎക്ക് ലഭിക്കുക 82 സീറ്റുകൾ മാത്രമാണെന്നും പ്രവചിക്കുന്നു. മറ്റു കക്ഷികൾക്ക് 124 സീറ്റുകളും ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

ദക്ഷിണേന്ത്യയിൽ യുപിഎ മുന്നേറുമ്പോൾ ഹിന്ദി ഹൃദയഭൂമികയുടെ ബലത്തിൽ ബിജെപി കളം പിടിക്കുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ദേശീയ തലത്തിൽ മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുക എന്നാണ് പ്രവചനം. അതേസമയം തൃണമൂൽ കോൺഗ്രസ് ബംഗാളിൽ കൂടുതൽ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. ഛത്തിസ്ഗഡിലും ഹരിയാനയിലും ബിജെപി മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഹിമാചൽ പ്രദേശിലും ബിജെപി മുന്നേറ്റമാണ് പ്രവചിക്കുന്നത്. ഗുജറാത്തിൽ ഒരു സീറ്റൊഴികെ എല്ലായിടത്തും ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.

കേരളത്തിൽ ഇടതു മുന്നണി, 13 സീറ്റുകൾ വരെ നേടാം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നേറ്റമെന്ന് ന്യീസ് 18- ഐപിഎസ്ഒഎസ് എക്‌സിറ്റ് പോൾ പ്രവചനം. 11-13 സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫ് ഏഴു മുതൽ ഒമ്പത് സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. എൽഡിഎഫിന് ലഭിക്കുന്ന 11-13 സീറ്റുകളെല്ലാം സിപിഎമ്മിന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിൽ നാലു മുതൽ ആറ് സീറ്റ് വരെ കോൺഗ്രസിനും രണ്ട് സീറ്റുകൾ വരെ മുസ്ലിം ലീഗിനും ഒരു സീറ്റ് ആർ.എസ്‌പിക്കും ലഭിക്കുമെന്നാണ് പ്രവചനം.

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം

തമിഴ്‌നാട്ടിലെ 38 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം നേട്ടമുണ്ടാക്കുമെന്ന് ന്യൂസ് 18-ഐപിഎസ്ഒഎസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ഡിഎംകെ സഖ്യം 22 മുതൽ 24 വരെ സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. എഐഎഡിഎംകെ സഖ്യം14 മുതൽ 16 സീറ്റുകളിൽ ഒതുങ്ങും. 2014ലെ തെരഞ്ഞെടുപ്പിൽ 39 സീറ്റുകളിൽ 37ലും എഐഎഡിഎംകെയാണ് വിജയിച്ചത്. ബിജെപിക്കും പിഎംകെക്കും ഓരോ സീറ്റാണുള്ളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുസീറ്റും ഇല്ലാതിരുന്ന ഡിഎംകെ 8-10 സീറ്റുകൾ വരെ സ്വന്തമാക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. ഘടകകക്ഷിയായ കോൺഗ്രസ് 3 മുതൽ 5 സീറ്റുകൾ വരെ നേടും. എംഡിഎംകെ 0-1, വിസികെ 1-2, സിപിഎം 1-2, സിപിഐ 0-1, ഐയുഎംഎൽ 0-1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ വിജയ സാധ്യത. എഐഡിഎംകെ സഖ്യം 14 മുതൽ 16വരെ സീറ്റുകൾ നേടും. എഐഎഡിഎംകെ - 8-10, ബിജെപി 1-2, പിഎംകെ- 2-4, ഡിഎംഡികെ 1-2, ടിഎംസിഎം 0 എന്നിങ്ങനെയാണ് ഫലപ്രവചനം

കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടി, ബിജെപി കരുത്തുകാട്ടും

ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും വലിയ പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് കർണാടക. ഇവിടെ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രവചനം. ആകെയുള്ള 28 സീറ്റിൽ 12-23 സീറ്റുകൾ വരെ ബിജെപി നേടിയേക്കാം. അതേസമയം സംസ്ഥാനം ഭരിക്കുന്ന ജെഡിഎസ്-കോൺഗ്രസ് സഖ്യം അഞ്ച് മുതൽ ഏഴു സീറ്റുകളിൽ ഒതുങ്ങുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. ഇതിൽ കോൺഗ്രസ് മൂന്നു മുതൽ അഞ്ച് സീറ്റുകൾ നേടുമ്പോൾ ജെഡിഎസ് പരമാവധി മൂന്ന് സീറ്റുകൾ വരെ മാത്രമായിരിക്കും നേടുകയെന്നും എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് കർണാടകയിൽ ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് ഒമ്പതും ജെഡിഎസിന് രണ്ടും സീറ്റുകളാണ് കർണാടകയിൽനിന്ന് 2014ൽ ലഭിച്ചത്. 2014ൽ 43 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. കോൺഗ്രസിന് 40.80 ശതമാനവും ജെഡിഎസിന് 11 ശതമാനവും വോട്ടുകൾ ലഭിച്ചിരുന്നു.

തെലുങ്കാനയിൽ ടിആർഎസ്, ആന്ധ്രയിൽ ജഗൻ മോഹൻ

തെലങ്കാനയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കാനാണ് സാധ്യതയെന്ന് ന്യൂസ് 18 ചാനൽ സർവേഫലം പ്രവചിക്കുന്നു. ആകെയുള്ള 17 സീറ്റിൽ ഭരണകക്ഷിയായ ടിആർഎസ് 11 മുതൽ 13 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ബിജെപിയും കോൺഗ്രസും 1 മുതൽ രണ്ട് സീറ്റുകൾ വരെ നേടും. അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമിൻ ഒരു സീറ്റുനേടുമെന്നും സർവേ പ്രവചിക്കുന്നു. 2014 തെരഞ്ഞെടുപ്പിൽ ടിആർഎസ് 11 ഉം കോൺഗ്രസ് രണ്ടും സീറ്റുകളിൽ വിജയിച്ചപ്പോൾ ടിഡിപി-1, വൈഎസ്ആർ കോൺഗ്രസ് -1, ബിജെപി-1. എഐഎംഐഎം-1 എന്നിവർ ഓരോ സീറ്റിലും വിജയിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം ജഗൻ മോഹന്റെ വൈഎസ്ആർ കോൺഗ്രസിനാണ്. വൈഎസ്ആർ കോൺഗ്രസ് 13 മുതൽ 14 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തെലുങ്ക്‌ദേശം പാർട്ടിക്ക് 10 മുതൽ 12 വരെ സീറ്റുകൾ ലഭിക്കാനാണ് സാധ്യത. കോൺഗ്രസിന് ഒരുസീറ്റുപോലും ആന്ധ്രയിൽ ലഭിക്കില്ലെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ ബിജെപി ഒരു സീറ്റു നേടാനുള്ള സാധ്യതയുമുണ്ട്. പ്രവചനം ഇങ്ങനെ- ടിഡിപി 10-12, കോൺഗ്രസ് 0, വൈഎസ്ആർ കോൺഗ്രസ് 13-14, ബിജെപി 0-1, മറ്റുള്ളവർ- 0. 2014ലെ തെരഞ്ഞെടുപ്പിൽ ടിഡിപി 15ഉം വൈഎസ്ആർ കോൺഗ്രസ് എട്ടും ബിജെപി രണ്ടും സീറ്റുകളിലാണ് വിജയിച്ചത്.

പശ്ചിമ ബംഗാളിൽ തൃണമൂൽ തരംഗം

അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന പശ്ചിമബംഗാളിൽ ഇത്തവണ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്നാണ് ഫലം പുറത്തുവരുന്നത്. 38 സീറ്റുകൾ വരെ തൃണമൂൽ നേടുമ്പോൾ അഞ്ച് സീറ്റുകൾ മാത്രമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം വോട്ടിങ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്‌സിറ്റ് പോൾ വിജയം പ്രവചിക്കുന്നത് എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഞാൻ എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഒന്നിച്ച് നിന്ന് പോരാടാൻ ഞാൻ ആവശ്യപ്പെടുന്നുവെന്നും മമത പറഞ്ഞു. എന്നാൽ എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് പറയാൻ സാധിക്കില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ടിവിയും സോഷ്യൽ മീഡിയയും ഓഫ് ചെയ്ത് ലോകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടോയെന്ന് നോക്കുകയാണെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP