Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

രാജ്യത്തൊരിടത്തും ബിജെപി തരംഗമില്ല; തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ ആശങ്ക; നരേന്ദ്ര മോദിക്കും ബിജെപിക്കും ഉറക്കമില്ലാത്ത രാത്രികളാകും വരാനിരിക്കുന്നത്; ഇന്ത്യാ സഖ്യം അധികാരത്തിലേറുമെന്ന് ഡി കെ ശിവകുമാർ

രാജ്യത്തൊരിടത്തും ബിജെപി തരംഗമില്ല; തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ ആശങ്ക; നരേന്ദ്ര മോദിക്കും ബിജെപിക്കും ഉറക്കമില്ലാത്ത രാത്രികളാകും വരാനിരിക്കുന്നത്; ഇന്ത്യാ സഖ്യം അധികാരത്തിലേറുമെന്ന് ഡി കെ ശിവകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്. നരേന്ദ്ര മോദിക്കും ബിജെപി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി കെ ശിവകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയിൽ പങ്കെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ.

ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട. യു.പി.എ സഖ്യം വലിയ പ്രതിസന്ധിയിൽ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളം 19 എംപിമാരെ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തോട് കോൺഗ്രസിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോൺഗ്രസിന്റെ ചരിത്രവും. ആ ചരിത്രവും കോൺഗ്രസിന്റെ മതേതര -ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യു.ഡി.എഫിന് കേരളം നൽകുമെന്നും രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാൻ അവസരം നൽകിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്തുകാർ വിജയിപ്പിക്കും. ബിജെപി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ഡി.കെ ശിവകുമാർ ചോദിച്ചു. മന്ത്രിയെന്ന നിലയിൽ എത്രമാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമായിരുന്നു. കേരളത്തിലെ ഐ.ടി മേഖലയിൽ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാകുമായിരുന്നു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അങ്ങനെയുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്ര മോദി നൂറിലധികം സിറ്റിങ് എംപിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വച്ചാണ് ബിജെപിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയിൽ അവർ യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എംപിമാരും ഉൾപ്പെടെയുള്ള പ്രമുഖർ തോൽക്കും. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ഇന്ത്യ മുന്നണി വൻ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്. അത് ജനങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ആ നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സർക്കാരാകട്ടെ, സാമ്പത്തിക രംഗം തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെപിസിസി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെപിസിസി വൈസ് പ്രസിഡന്റ് എൻ. ശക്തൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP