Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണത്തിനിടക്ക് പുട്ടുകച്ചവടം! തെരഞ്ഞെടുപ്പിന്റെ കൂട്ടപ്പൊരിച്ചിലിന് ഇടയിലും മലപ്പുറത്ത് പുതിയ ഒരു രാഷ്ട്രീയ പാർട്ടികൂടി പിറവിയെടുക്കുന്നു; 'പൊന്മുണ്ടം കോൺഗ്രസി'നു പുറമെ പൊന്മുണ്ടത്ത് നിന്ന് ലീഗിനെതിരെ 'മലയാളി കോൺഗ്രസ്' എന്ന മറ്റൊരു പാർട്ടി കൂടി; പിന്നിൽ മുസ്ലീലീഗ് വിരുദ്ധരായ പഴയ കോൺഗ്രസുകാർ; മണ്ഡലത്തിന്റെ ഇ ടി മതസാമുദായികതയിൽ മുക്കിയെന്നും വിമർശനം; കടുത്ത മത്സരം നടക്കുന്നതിനിടെയുണ്ടായ പുതിയ പാർട്ടി പൊന്നാനിയിൽ ലീഗിന് തലവേദന

ഓണത്തിനിടക്ക് പുട്ടുകച്ചവടം! തെരഞ്ഞെടുപ്പിന്റെ കൂട്ടപ്പൊരിച്ചിലിന് ഇടയിലും മലപ്പുറത്ത് പുതിയ ഒരു രാഷ്ട്രീയ പാർട്ടികൂടി പിറവിയെടുക്കുന്നു; 'പൊന്മുണ്ടം കോൺഗ്രസി'നു പുറമെ പൊന്മുണ്ടത്ത് നിന്ന് ലീഗിനെതിരെ 'മലയാളി കോൺഗ്രസ്' എന്ന മറ്റൊരു പാർട്ടി കൂടി; പിന്നിൽ മുസ്ലീലീഗ് വിരുദ്ധരായ പഴയ കോൺഗ്രസുകാർ; മണ്ഡലത്തിന്റെ ഇ ടി മതസാമുദായികതയിൽ മുക്കിയെന്നും വിമർശനം; കടുത്ത മത്സരം നടക്കുന്നതിനിടെയുണ്ടായ പുതിയ പാർട്ടി പൊന്നാനിയിൽ ലീഗിന് തലവേദന

എം പി റാഫി

മലപ്പുറം: 'പൊന്മുണ്ടം കോൺഗ്രസി'നു പുറമെ പൊന്മുണ്ടത്ത് നിന്ന് ലീഗിനെതിരെ മറ്റൊരു 'കോൺഗ്രസ് പാർട്ടി' കൂടി പിറവിയെടുത്തു. ഇന്ന് ഉച്ചക്ക് 12ന് തിരൂർ പ്രസ്‌ക്ലബിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുൻ കോൺഗ്രസ് പ്രവർത്തകനായ യൂനുസ് സലീം പുതിയ പാർട്ടി 'മലയാളി കോൺഗ്രസ് ' ന്റെ പ്രഖ്യാപനം നടത്തിയത്. പൊന്നാനി പാർലമെന്റിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ ഒരു പാർട്ടികൂടി മുസ്ലിംലീഗിനെതിരെ രൂപംകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രൂപംകൊണ്ട 'പൊന്മുണ്ടം കോൺഗ്രസ്' യൂഡിഎഫിനും കോൺഗ്രസിനും തലവേദനയായിരുന്നു. ലീഗ് വിരുദ്ധതയുടെ പേരിൽ കോൺഗ്രസി ഐഡന്റിറ്റിയിൽ പ്രത്യക്ഷപ്പെട്ട ഇവരെ പിന്നീട് കോൺഗ്രസിൽ നിന്നും പുറത്താക്കുകയായിരുന്നു. സമാന രീതിയിലാണ് മലയാളി കോൺഗ്രസ് എന്ന പാർട്ടിയുടെ പിറവിയും.

മണ്ഡലത്തിലെ കോൺഗ്രസുകാരുടെ പിന്തുണ തനിക്കാണെന്നു പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറിനെതിരെ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ പൊന്നാനിയിലേക്കു കടന്നു വന്നത്. രാഹുൽ ഗാന്ധിക്കു ശക്തി പകരാൻ തനിക്കു വോട്ടു ചെയ്യണമെന്നും മുൻകോൺഗ്രസ് പ്രവർത്തകനായ പിവി അൻവർ വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു. ഈ ചർച്ച കെട്ടടങ്ങും മുമ്പാണ് പൊന്നാനി മണ്ഡലത്തിൽ നിന്നും ലീഗിനെതിരെ പുതിയൊരു കോൺഗ്രസ് പാർട്ടി രംഗത്തു വന്നിരിക്കുന്നത്.

മുസ്ലിം ലീഗ് വിമർശനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് ഭാരവാഹിയായ യൂനുസ് സലീം ''മലയാളി കോൺഗ്രസ്'' എന്ന പേരിലാണ് പുതിയ പാർട്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്. പൊന്നാനി ലോക്‌സഭയിൽ മത്സരിക്കുമെന്ന പ്രഖ്യാപനവും യൂനുസ് സലീം നടത്തി. ഈ മാസം 21ന് മുസ്ലിംലീഗുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂനുസ് സലീം വൈലത്തൂരിൽ ഉപവാസ സമരം നടത്തിയിരുന്നു. 'തകർക്കാൻ കഴിയില്ല കോൺഗ്രസുകാരുടെ ആത്മാഭിമാനം, അടിയറവു വെക്കില്ല പ്രസ്ഥാനത്തിന്റെ ആദർശം' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ ഉപവാസ സമരത്തിനു പിന്നാലെ പാർട്ടിയിൽ നിന്ന് യൂനുസ് സലീമിനെ പുറത്താക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടിയുമായി കടന്നുവന്നതെന്നും പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും യൂനുസ് പറഞ്ഞു.

15 ഇന വികസന പദ്ധതികൾ മുന്നോട്ടുവച്ചാണ് പൊന്നാനി പാർലമെന്റിൽ മത്സരിക്കുന്നതെന്ന് യൂനുസ് സലീം പറഞ്ഞു. തനിക്ക് ഉന്നത കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയാണ് പ്രവർത്തനം. തുടർന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ രൂപീകരിച്ച് പ്രവർത്തനം സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിക്കാനാണ് മലയാളി കോൺഗ്രസിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം.കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സിവിൽ എഞ്ചിനീയർ ബിരുദം നേടിയം യൂനുസ് സലീം ഭാരത് പുത്ര ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമാണ്. പൊന്മുണ്ടം 66ാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, കോൺഗ്രസ് ശക്തി പ്രൊജക്ട് മണ്ഡലം കോഡിനേറ്റർ, ദ നാഷണൽ കോൺഗ്രസ് ബ്രിഗേഡ് ഓഫ് ഇന്ത്യ താനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ പാർട്ടിയിൽ വഹിച്ചിരുന്നു.

പുതിയ കോൺഗ്രസ് പാർട്ടി പ്രഖ്യാപനം നടത്തി യൂനുസ് സലീം നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം ഇങ്ങനെ:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദർശങ്ങൾക്കും പ്രത്യയ ശാസ്ത്രത്തിനും വിരുദ്ധമായും പൊന്മുണ്ടത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളായുള്ള പാരമ്പര്യത്തെ അട്ടിമറിച്ചും സാമുദായിക കക്ഷിയായ മുസ്ലിം ലീഗുമായി നേതൃത്വം ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യത്തെ പരസ്യ ഉപവാസത്തിലൂടെ പ്രതിഷേധിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് പുല്ലാട്ട് വാർത്താക്കുറിപ്പ് നൽകി പുറത്താക്കിയ താൻ കോൺഗ്രസിന്റെ മഹനീയ ആദര്ശങ്ങളിലും മൂല്യങ്ങളിലും ഊന്നിയുള്ള പുതിയ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.

മലയാളി കോൺഗ്രസ് എന്ന് നാമകണം ചെയ്ത പാർട്ടി നാടിനായി ജീവൻ ത്യജിച് ജാതി മത ഭേതമന്യേ ഒരു കൊടിക്കീഴിൽ ജനതയെ ഒന്നിപ്പിച്ചു നിർത്തി വർഗീയതയോടു വിട്ടുവീഴ്ച ചെയ്യാതെ പോരാടി അഖണ്ഡ ഭാരത സൃഷ്ടി നടത്തിയ യഥാർഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ മലപ്പുറത്തും കേരളത്തിലും തിരിച്ചു കൊണ്ട് വരികയാണ് ലക്ഷ്യം. കേരളത്തിലെ യഥാർഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മലയാളി കോൺഗ്രസ് ആയിരിക്കും.

വർഗീയ ശക്തികളുമായി , പ്രത്യേകിച്ച് മുസ്ലിം ലീഗുമായി എന്നും പോരാടിയ ചരിത്രമാണ് മതേതര മത നിരപേക്ഷ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേത്. പാർട്ടിയുടെ 133 വർഷത്തെ ചരിത്രം പരിശോധിച്ചാൽ പാർട്ടി നേരിട്ട ഏറ്റവും വലിയ ഭീക്ഷണി മത സാമുദായിക വാദ മായിരുന്നു എന്നും അതിനോട് സന്ധിയില്ല സമരം പ്രഖ്യാപിച്ചതാണ് പാർട്ടി പടുത്തിയർത്തിയ രാഷ്ട്ര ശില്പികളായ നേതാക്കൾ കാണിച്ച മാതൃക.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വികസനം മത സാമുദായികതയിൽ മുക്കി എക്കാലത്തും ഉറക്കികെടുത്തുകയാണ് മുസ്ലിം ലീഗും അവരുടെ എം പിമാരും കാലങ്ങളായി ചെയ്തിട്ടുള്ളത്. 28 വർഷം എം പിയായ മുംബൈ സ്വദേശി ് ബനാത്ത് വാലയും 5 വർഷം എംപിമാരായ കണ്ണൂർ സ്വദേശി ഇ അഹ്മദും ബാംഗ്ലൂർ സ്വേദേശി സേട്ട് സാഹിബും 10 വർഷം തുടർച്ചയായി എം പിയായ വാഴക്കാട് സ്വദേശി ഇ ടി മുഹമ്മദ് ബഷീറും കഴിവുറ്റ നേതാക്കൾ എങ്കിലും മണ്ഡലത്തിന്റെ വികസന കാര്യത്തിൽ പാർലമെന്റെറിയൻ എന്ന നിലക്ക് വൻ പരാജയങ്ങൾ ആയിരുന്നു. എല്ലാ മേഖലയിലും വികസന മുരടിപ്പും പിന്നോക്കവുമായി തുടരുന്ന ലോക്‌സഭ മണ്ഡലങ്ങൾ പൊന്നാനിയും മലപ്പുറവുമാണ്. ഒരു കേന്ദ്ര പദ്ധതിയും പൊന്നാനി മണ്ഡലത്തിൽ കൊണ്ട് വന്നില്ല എന്ന് മാത്രമല്ല, പ്രഖ്യാപിച്ചവ നടപ്പിലാക്കാനോ പൂർത്തിയാക്കാനോ ലീഗ് എം പി മാർക്ക് സാധിച്ചിട്ടില്ല. നാടിന്റെ വികസനം മൂടി വെച്ച് ഇന്ത്യയിലെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത അംബാസ്സഡറും വക്താവും ചമഞ്ഞ് അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വർഗീയ മുതലെടുപ്പ് നടത്തി ജയിച്ചു പോവാനാണ് അവർ എന്നും ശ്രമിച്ചിട്ടുള്ളത്.

മണ്ഡലത്തിലെ കാൺഗ്രസ് പ്രവർത്തകരുടെ വികാരം ഉയർത്തിപ്പിടിച്ച് അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും നാടിന്റെ അർഹമായ വികസനം തിരിച്ചു കൊണ്ട് വരാനും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ മൊത്തം മുഖഛായ മാറ്റാൻ ഉതകുന്ന കേന്ദ്ര സർക്കാർ സഹായം ആവശ്യമുള്ള പതിനഞ്ചു 15 പ്രൊജെക്ടുകളും വിഷൻ പൊന്നാനി 2030 യും ഉൾക്കൊള്ളുന്ന മാനിഫെസ്റ്റോയും വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. പാർട്ടിയുടെയും പോഷക സംഘടനകളായ മലയാളി യൂത്ത് കോൺഗ്രസിന്റെയും വിദ്യാർത്ഥി വിഭാഗമായ മലയാളി സ്റ്റുഡന്റസ് യൂണിയന്റെയും വിപുലമായ കൺവെൻഷനും റാലിയും ഈ വരുന്ന ഏപ്രിൽ 1 4 ന് തിരൂരിൽ സംഘടിപ്പിക്കും. - യൂനുസ് സലീം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മലയാളി കോൺഗ്രസ് ചെയര്മാൻ യൂനുസ് സലീമിനു പുറമെ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ചോലയിലും അബു ഹനീഫ ചുള്ളിയിലും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP