Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയുടെ പേര് പരാമർശിക്കാതെ നാമജപത്തിലെ ലാത്തിച്ചാർജിനെ കുറിച്ച് എടുത്ത് പറഞ്ഞു; കോടതിയിലും പാർലമെന്റിലും ആചാരങ്ങൾ ബിജെപി സംരക്ഷിക്കുമെന്നും വാഗ്ദാനം; സന്ദേശം നൽകാനെത്തിയ രാഹുൽ ഗാന്ധി എന്തേ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാത്തത് എന്ന് പരിഹാസം; സെൻകുമാറിനെ വേദിയിലിരുത്തി വീണ്ടും നമ്പി നാരായണനെ വാനോളം പുകഴ്‌ത്തി; പിണറായി വിജയൻ ലാവ്‌ലിൻ കേസിലെ പ്രതിയാണെന്നും കേരളം അഴിമതിയിൽ മുങ്ങിയെന്നും പറഞ്ഞ് കോൺഗ്രസിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് മോദി

ശബരിമലയുടെ പേര് പരാമർശിക്കാതെ നാമജപത്തിലെ ലാത്തിച്ചാർജിനെ കുറിച്ച് എടുത്ത് പറഞ്ഞു; കോടതിയിലും പാർലമെന്റിലും ആചാരങ്ങൾ ബിജെപി സംരക്ഷിക്കുമെന്നും വാഗ്ദാനം; സന്ദേശം നൽകാനെത്തിയ രാഹുൽ ഗാന്ധി എന്തേ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാത്തത് എന്ന് പരിഹാസം; സെൻകുമാറിനെ വേദിയിലിരുത്തി വീണ്ടും നമ്പി നാരായണനെ വാനോളം പുകഴ്‌ത്തി; പിണറായി വിജയൻ ലാവ്‌ലിൻ കേസിലെ പ്രതിയാണെന്നും കേരളം അഴിമതിയിൽ മുങ്ങിയെന്നും പറഞ്ഞ് കോൺഗ്രസിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് മോദി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ശബരിമലയുടെ പേര് എടുത്ത് പറയാതെ വീണ്ടും ആചാരങ്ങളുടെ പേര് പറഞ്ഞ് നരേന്ദ്ര മോദി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ആചാരങ്ങളും വിശ്വാസങ്ങളും അംഗീകരിക്കാൻ കഴിയില്ല എന്നും അത് നന്നായി തന്നെ അറിയാമെന്നും മോദി പറയുന്നു ഭഗവാന്റെ പേര് കേൾക്കുമ്പോൾ അസ്വസ്ഥരാകുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ദൈവത്തെ വിളിക്കുന്നവരെ ലാത്തിചാർജ് നടത്തിയാണ് ശിക്ഷിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കോടതി മുതൽ പാർലമെന്റുവരെ ആചാരങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് തരുന്നുവെന്നും മോദി പറഞ്ഞു.

ദക്ഷിണേന്ത്യയിൽ എന്തോ സന്ദേശം പകരാനാണ് വയനാട് മത്സരിക്കുന്നത് എന്ന് പറയുന്ന രാഹുൽ എന്ത്‌കൊണ്ടാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാത്തത്. അല്ലെങ്കിൽ പത്തനംതിട്ടയിൽ വന്ന് മത്സരിച്ച് കുറച്ച് കൂടി വലിയ സന്ദേശം നൽകാമായിരുന്നല്ലോ എന്നും മോദി ചോദിക്കുന്നു. കാലാകാലങ്ങളായി അമേഠിയിൽ എംപിയായിരുന്ന ഈ കുടംുബ വാഴ്ച എന്താണ് ചെയ്തത് എന്നും മോദി ചോദിക്കുന്നു.

ജാതിയുടെയും മതത്തിന്റേയും പേര് പറഞ്ഞ് അഴിമതി കാണിക്കുന്ന സർക്കാർ ആണ് കേരളത്തിൽ നിലവിലുള്ളത്. മുഖ്യമന്ത്രി തന്നെ ലാവ്‌ലിൻ കേസിൽ പ്രതിയാണ്. മറ്റ് മന്ത്രിമാരും അഴിമാതികേസുകളിൽ പ്രതികളാണ്. പിന്നെ വലിയ ഒരു ദുരന്തം വന്നപ്പോൾ ഒരു രീതിയിലും അവരുടെ കണ്ണുനീർ ഒപ്പാൻ കഴിഞ്ഞില്ലെന്നും മോദി കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ആണ് പ്രളയത്തിൽ വലിയ സേവനം ചെയ്തതെന്നും അവരെ സർക്കാർ അവഗണിച്ചുവെന്നും മോദി പറയുന്നു. ഇത്ര.യം മോശമായി പ്രളയം കൈകാര്യം ചെയ്ത സർക്കാരിന് ഇനി അധികാരത്തിൽ തുടരുന്നതിന് അർഹതയില്ലെന്നും മോദി കുറ്റപ്പെടുത്തി.

അതോടൊപ്പം കേരളത്തിലെത്തിയ പ്രധാനമന്ത്രി ഒരിക്കൽ കൂടി നമ്പി നാരായണനെ പുകഴ്‌ത്തി പ്രസംഗിച്ചു. കോൺഗ്രസ് സർക്കാർ നമ്പി നാരായണനെ പോലെയുള്ള മഹാനായ ഒരു ശാസ്ത്രജ്ഞനോട് ചെയ്തത് എന്താണ് എന്ന് നമുക്ക് എല്ലാം അറിയാമെന്നും അതാണ് കുടുംബവാഴ്‌ച്ചയുടെ സർക്കാർ ചെയ്തത് എന്നും ഇത് സമാനതകളില്ലാത്ത ക്രൂരതയാണ് എന്നും മോദി പറഞ്ഞു. പത്മ പുരസ്‌കാരം നേടിയപ്പോൾ നമ്പി നാരായണനെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത മുൻ ഡിജിപി ടിപി സെൻകുമാറിനെ വേദിയിലിരുത്തിയാണ് മോദി നമ്പി നാരായണനെ പുകഴ്‌ത്തിയത്.

ബിജെപിക്ക് കേരളത്തിൽ നിന്ന് ഏറ്റവും വലിയ പിന്തുണ നൽകുന്ന തിരുവനന്തപുരത്തെ വോട്ടർമാരോട് നന്ദി പറഞ്ഞാണ് മോദി പ്രസഗം ആരംഭിച്ചത്. കോൺഗ്രസിനെ കണക്കിന് വിമർശിച്ചാണ് മോദി പ്രസംഗിച്ചത്. കേരളത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തേയും മോദി വിമർശിച്ചു. ഇവിടെ വന്ന് മത്സരിച്ചിട്ട് പറയുന്നത് ഇടത്പക്ഷത്തെ കുറിച്ച് ഒരക്ഷരം പറയില്ല എന്നാണ്. ഇവിടെ പരസ്പരം പോരടിക്കുകയും ഡൽഹിയിൽ തോളിൽ കൈയിടുകയും ചെയ്യുന്ന അഡ്ജസ്റ്റ് മെന്റ് ഒക്കെ എല്ലാവർക്കും അറിയാം എന്നും മോദി പറയുന്നു.


അവസരവാദനിലപാടാണ് ഇരു പാർട്ടികളും സ്വീകരിക്കുന്നത്. കേരളത്തിൽ പരസ്പരം തല്ലുകൂടുന്നവർ ഡൽഹിയിൽ തോളിൽ കയ്യിട്ടു നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അക്രമരാഷ്ടീയത്തിലൂടെ കുഞ്ഞുങ്ങളെ അനാഥമാക്കുന്ന സിപിഎം രാഷ്ട്രീയം കേരളത്തിന്റെ സംസ്‌കാരമല്ല.ബിജെപിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച പ്രർത്തകരുടെ സ്വപ്നം പൂർത്തീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾ മുഴുവൻ വികസനത്തിലേക്ക് പോകുമ്പോൾ കേരളത്തെ കോൺഗ്രസ്, കമ്യുണിസ്റ്റ് സർക്കാറുകൾ പിന്നോട്ടടിക്കുകയാണ്. ഇതിൽ നിന്ന് മോചനം വേണം. നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എതിർപ്പും തെരഞ്ഞെടുപ്പും വേണ്ടത്. ബിജെപി മുന്നോട്ടു വെക്കുന്ന നയങ്ങളല്ല കോൺഗ്രസിന്റേത്.

കുടുംബാധിപത്യത്തിലുള്ള സർക്കാറും ദേശസ്നേഹമുള്ള സർക്കാറും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിയണം. വയനാട്ടിൽ മത്സരിക്കാൻ എത്തിയ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത് ദക്ഷിണേന്ത്യക്ക് സന്ദേശം നൽകാനാണെന്നാണ്. അങ്ങനെയെങ്കിൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് സന്ദേശം നൽകിയില്ല. അമേഠിയിലെ എംപി നടപ്പാക്കിയ വികസനം ജനം തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് വയനാട്ടിൽ വരേണ്ടി വന്നത്. ഇവിടെയും അമേഠി മോഡൽ വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന പാർട്ടികളോ സർക്കാറുകളോ അല്ല കോൺഗ്രസും കമ്യുണിസ്റ്റും. പകരം അവർ ജനങ്ങളുടെ വിശ്വാസത്തെ തകർക്കാർ ശ്രമിക്കുന്നു. ഭഗവാന്റെ പേര് പോലും പറയാൻ ഭക്തർക്ക് കഴിയുന്നില്ല. ഭഗവാന്റെ പേര് പറയുന്നവർ ജയിലിലാകുന്നു. എന്നാൽ ബിജെപി വിശ്വാസങ്ങളുടെ കാവൽക്കാരനായി എന്നും നിലകൊള്ളും. വെറും സർക്കാർ ഉണ്ടാക്കാനുള്ള പോരാട്ടം മാത്രമല്ല ഇത്. ഭാവി ഭാരതം വാർത്തെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യയെ മികച്ച സാമ്പത്തിക ശക്തിയാക്കി മാറ്റേണ്ടതുണ്ട്. ഇന്ന് ഇന്ത്യ എല്ലാ രംഗത്തും മുന്നിലാണ്. ബഹിരാകാശത്ത് നിന്നുള്ള ഭീഷണി വരെ നേരിടാൻ ഇന്ത്യക്ക് കഴിവുണ്ട്. നമ്മുടെ ശാസ്തജ്ഞർക്ക് ഇതിനുള്ള കഴിവുണ്ടായിരുന്നെല്ലെങ്കിലും കോൺഗ്രസ് സർക്കാറുകൾ അതിന് ധൈര്യം കാണിച്ചില്ല. ബിജെപി സർക്കാർ ഇത് ധൈര്യത്തോടെ ചെയ്തെന്നും മോദി പറഞ്ഞു.

2014 മുതൽ തിരുവനന്തപുരം ബിജെപിയെ പിന്തുണക്കുന്നു. ഇക്കുറി ബിജെപി സ്ഥാനാർത്ഥികളെ പാർലമെന്റിലേക്ക് അയക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാത്രി എട്ടിന് എത്തുമെന്ന് അറിയിച്ച പ്രധാനമന്ത്രി ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. മലയാളത്തിൽ പ്രസംഗം തുടങ്ങിയ അദ്ദേഹം ശ്രീ നാരായണഗുരു, അയ്യാ വൈകുണ്ഠസ്വാമി, സ്വാതിതിരുനാൾ, വക്കം മൗലവി എന്നിവരെ അനുസ്മരിക്കാനും മറന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത് വി.മുരളീധരൻ എംപിയായിരുന്നു. തിരുവനന്തപുരം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ, ആറ്റിങ്ങലിൽ മത്സരിക്കുന്ന ശോഭസുരേന്ദ്രൻ എന്നിവരുടെ പ്രചരണാർത്ഥം എത്തിയ അദ്ദേഹം രാത്രി തന്നെ ആന്ധ്രയിലേക്ക് മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP