Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരഞ്ഞെടുപ്പിൽ ആർക്കാണ് കൂടുതൽ ഭൂരിപക്ഷം കിട്ടുക? ലീഗിൽ മത്സരം ഇ.ടിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ; എസ്ഡിപിഐ ചർച്ചാവിവാദം ഇ.ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനുള്ള കെണിയോ? മലപ്പുറത്തെ ഭൂരിപക്ഷം കുറയുകയും പൊന്നാനിയിൽ കൂടുകയും ചെയ്താൽ രാഷ്ട്രീയ തിരിച്ചടിയേൽക്കുമെന്ന് ഭയന്ന് കുഞ്ഞാപ്പ; എസ്ഡിപിഐ ചർച്ച വിവാദമായപ്പോൾ ഇ.ടിയെ കുത്തിനോവിക്കുന്ന പ്രസ്താവനയും; തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് തകർത്തത് പാണക്കാട് തങ്ങളും മുനീറടക്കമുള്ള നേതാക്കളും

തിരഞ്ഞെടുപ്പിൽ ആർക്കാണ് കൂടുതൽ ഭൂരിപക്ഷം കിട്ടുക? ലീഗിൽ മത്സരം ഇ.ടിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ; എസ്ഡിപിഐ ചർച്ചാവിവാദം ഇ.ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനുള്ള കെണിയോ? മലപ്പുറത്തെ ഭൂരിപക്ഷം കുറയുകയും പൊന്നാനിയിൽ കൂടുകയും ചെയ്താൽ രാഷ്ട്രീയ തിരിച്ചടിയേൽക്കുമെന്ന് ഭയന്ന് കുഞ്ഞാപ്പ; എസ്ഡിപിഐ ചർച്ച വിവാദമായപ്പോൾ ഇ.ടിയെ കുത്തിനോവിക്കുന്ന പ്രസ്താവനയും; തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് തകർത്തത് പാണക്കാട് തങ്ങളും മുനീറടക്കമുള്ള നേതാക്കളും

ടി.പി.ഹബീബ്

കോഴിക്കോട്: തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ലീഗ് സ്ഥാനാർത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ.നേതാക്കളുമായി നടത്തിയ ചർച്ച ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഗോദയിൽ ആ ചർച്ച ലീഗിനുണ്ടാക്കിയ പൊല്ലാപ്പും കുരുക്കും ചില്ലറയൊന്നുമല്ല. എന്നാൽ അതിന്റെ പിന്നാമ്പുറ കഥകളാണ് ലീഗ് നേതാക്കൾക്ക് ശരിക്കും ആശ്ചര്യമുണ്ടാക്കിയത്.

മലപ്പുറത്ത് നിന്നും പൊന്നാനിയിലേക്ക് കുഞ്ഞാലിക്കുട്ടി കൂടുമാറണമെന്ന അഭിപ്രായം ലീഗിന്റെ ഉന്നത നേതാക്കളിൽ സജീവമാകുന്ന ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല പാണക്കാട് ഹൈദരലി തങ്ങളെ കാണുന്നത്. കുഞ്ഞാലിക്കുട്ടി ക്യാമ്പുകൾ അന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് മൂന്നാം സീറ്റിന് വേണ്ടിയാണെന്നാണ്. എന്നാൽ മൂന്നാം സീറ്റ് ചർച്ച ചെയ്യുന്നതിനോടൊപ്പം രമേശ് ചെന്നിത്തല പ്രധാനമായും തങ്ങളോട് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് തന്നെ മൽസരിപ്പിക്കണമെന്നാണ്. തങ്ങൾ ചിരിച്ചതല്ലാതെ അഭിപ്രായമൊന്നും പറഞ്ഞില്ല.

വൻതോക്കുകളെ ഇറക്കിയും ഇ.ടി.യെ നിശബ്ദനാക്കിയും പാർട്ടിക്ക് ഫണ്ട് എവിടെ നിന്ന് ലഭിക്കും തുടങ്ങിയ ചോദ്യങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം തന്നെ ലഭിക്കാൻ കാരണമായത്. അതിന് പിന്നിലെ കളികൾ പാർട്ടിയിലെ ഉന്നത കേന്ദ്രങ്ങളിൽ ഇപ്പോഴും അടക്കിപിടിച്ച ചർച്ചയാണ്. തനിക്ക് പൊന്നാനിയിലേക്ക് മാറേണ്ടി വരുമോ എന്ന ഭയം മൂലം എൽഡിഎഫിൽ കളങ്കിതനായ വ്യക്തിയെ സ്ഥാനാർത്ഥി ആക്കുമെന്ന ഉറപ്പ് കുഞ്ഞാലിക്കുട്ടി ചില സിപിഎം.നേതാക്കളിൽ നിന്നും നേരത്തെ വാങ്ങിയതായി ആരോപണമുയർന്നിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ കുറയുകയും ഇ.ടി.യുടെ ഭൂരിപക്ഷം കൂടുകയും ചെയ്താൽ രാഷ്ട്രീയപരമായി അത് തനിക്കുള്ള തിരിച്ചടിയാണെന്ന് ആരെക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്ക് അറിയാം. കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേത്യത്വത്തിൽ ഭരണം ലഭിക്കുകയാണെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനത്തിന് വരെ അത് തടസ്സമാകുമെന്ന് കുഞ്ഞാലിക്കുട്ടിക്ക് അറിയാം. കാരണം തങ്ങൾ കുടുംബത്തിൽ പണ്ടത്തെ പോലെ സ്വാധീനമില്ലാത്തത് കനത്ത ക്ഷീണമാണെന്ന് ലീഡർ മനസ്സിലാക്കുന്നു.

മലപ്പുറത്തെ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാൻ നിലവിൽ തടസ്സങ്ങൾ ഏറെയാണ്. മുത്തലാഖ്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കാണിച്ച തെറ്റ് ഗുരുതരമായ തെറ്റായി ഇപ്പോഴും വായുവിൽ ശക്തമായി അവശേഷിക്കുകയാണ്. അത് മറികടക്കാൻ പ്രയാസമാണെന്ന് കുഞ്ഞാലിക്കുട്ടി ക്യാമ്പുകൾ തന്നെ വിശദീകരിക്കുന്നു. അതിന് നല്ല മാർഗമാണ് ഇ.ടി.യുടെ ഭൂരിപക്ഷവും കുറക്കുകയെന്നുള്ളത്. അതിന് വെച്ച കെണിയായിരുന്നു എസ്.ഡി.പി.ഐ.നേതാക്കളുമായുള്ള ചർച്ച. ചർച്ച വിവാദമായതോടെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോടുള്ള വിശദീകരണത്തിൽ ഇ.ടി.യെ കുത്തി നോവിക്കുന്ന രീതിയിലായിരുന്നു. കെ.ഡി.സി.യിലെത്തണമെന്ന് കുഞ്ഞാലിക്കുട്ടിയാണ് ഇ.ടി.യോട് പറഞ്ഞത്. അവിടെ എസ്.ഡി.പി.ഐ.നേതാക്കളെത്തിയത് ഇപ്പോഴും ദുരൂഹമായിട്ടാണ് തുടരുന്നത്. 2017 ലെ ഉപതിരഞ്ഞെടുപ്പിൽ, 1,71,023 വോട്ടുകളായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. ഇടിയുടേത് 86,000 വും.

എന്നാൽ എസ്.ഡി.പി.ഐ.യാകട്ടെ കിട്ടിയ അവസരത്തിൽ നന്നായി ഇറങ്ങി കളിച്ചു. പാർട്ടിക്ക് മൈലേജുണ്ടാക്കാനുള്ള ശ്രമമായി ഇതിനെ മാറ്റി. അതോടൊപ്പം എസ്.ഡി.പി.ഐ.യെ തള്ളിപ്പറയാൻ ആരും വരികയില്ലെന്നും കരുതി. ചുരുങ്ങിയ വോട്ടിന് മാത്രം ജയിക്കുന്ന നിയോജക മണ്ഡലങ്ങളായ അഴിക്കോടും കോഴിക്കോട് പോലെയുള്ള മണ്ഡലങ്ങളിൽ എം.കെ.മുനീറും,കെ.എം.ഷാജിയുമൊക്കെ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന പരസ്യ പ്രസ്താവന നടത്തി തിളങ്ങി നടക്കുമ്പോൾ മലപ്പുറത്തും പൊന്നാനിയിലും നേതാക്കൾ ഇങ്ങനെ പറയുകയില്ലെന്നായിരുന്നു എസ്.ഡി.പി.ഐ.യുടെ ചിന്ത.

എന്നാൽ എസ്.ഡി.പി.ഐ.ക്കതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് ഹൈദറലി തങ്ങളും എം.കെ.മുനീറും നേരിട്ട് രംഗത്ത് വന്നതോടെ എസ്.ഡി.പി.ഐ.'ശശി' യായതായി ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എസ്.ഡി.പി.ഐ.സഹായത്തിൽ ജയിക്കുന്നതിനേക്കാൾ നല്ലത് പാർട്ടി പിരിച്ചു വിടുന്നതാണ് നല്ലതെന്ന് എം.കെ.മുനീർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗോദയിൽ എസ്.ഡി.പി.ഐ.ക്കെതിരെ പരസ്യ പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP