Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയെ മോദിക്കെതിരെ ബ്രഹ്മാസ്ത്രമാക്കാൻ രാഹുൽ; വാരണാസിയിൽ ബിജെപിയുടെ കാരണവരെ നിർത്താൻ നീക്കം സംയുക്ത സ്ഥാനാർത്ഥിയെന്ന നിലയിൽ; ബിഎസ്‌പിയും എസ്‌പിയും ആംആദ്മിയും കോൺഗ്രസുമെല്ലാം കൈകോർത്താൽ ജോഷിയിൽ നിന്ന് തട്ടിയെടുത്ത് ജയിച്ചുകയറിയ സീറ്റിൽ മോദിക്ക് കാലിടറുമോ? ഗംഗായാത്രയിൽ പ്രിയങ്ക അടിത്തറയിളക്കിയ തട്ടകത്തിൽ ഇക്കുറി മോദിയെ വിറപ്പിക്കാൻ കിടിലൻ തന്ത്രവുമായി കോൺഗ്രസ്

സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയെ മോദിക്കെതിരെ ബ്രഹ്മാസ്ത്രമാക്കാൻ രാഹുൽ; വാരണാസിയിൽ ബിജെപിയുടെ കാരണവരെ നിർത്താൻ നീക്കം സംയുക്ത സ്ഥാനാർത്ഥിയെന്ന നിലയിൽ; ബിഎസ്‌പിയും എസ്‌പിയും ആംആദ്മിയും കോൺഗ്രസുമെല്ലാം കൈകോർത്താൽ ജോഷിയിൽ നിന്ന് തട്ടിയെടുത്ത് ജയിച്ചുകയറിയ സീറ്റിൽ മോദിക്ക് കാലിടറുമോ? ഗംഗായാത്രയിൽ പ്രിയങ്ക അടിത്തറയിളക്കിയ തട്ടകത്തിൽ ഇക്കുറി മോദിയെ വിറപ്പിക്കാൻ കിടിലൻ തന്ത്രവുമായി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാരണാസിയിൽ മോദിയെ എതിർക്കാൻ ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ച മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയെ സ്ഥാനാർത്ഥിയാക്കാൻ കരുനീക്കവുമായി കോൺഗ്രസ്. ജോഷിയുടെ സിറ്റിങ് സീറ്റായിരുന്ന വാരണാസിയിൽ അദ്ദേഹത്തിൽ ഇറക്കിവിട്ടാണ് മോദി കഴിഞ്ഞതവണ ജയിച്ചുകയറുന്നതും പ്രധാനമന്ത്രിയാകുന്നതും. മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തുന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജോഷിയുടെ സീറ്റ് പിടിച്ചെടുത്ത് കഴിഞ്ഞതവണ മോദി ജയിച്ചുകയറിയെങ്കിൽ ഇക്കുറി അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗർ പിടിച്ചെടുത്ത് അദ്ദേഹത്തിനും സീറ്റ് നിഷേധിക്കുന്നു. അവിടെ അമിത്ഷാ ആണ് മത്സരിക്കുന്നത്. ഇത്തരത്തിൽ തലമുറമാറ്റം എ്ന്ന പറഞ്ഞുകൊണ്ട് പലയിടത്തും സീനിയർ നേതാക്കളെ ഒതുക്കുകയാണ് ബിജെപി.

ഈ അവസരം മുതലെടുത്ത് മോദിയുടെ സിറ്റിങ് സീറ്റിൽ തന്നെ തിരിച്ചടികൊടുക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. യുപിയിലെ പ്രതിപക്ഷ സഖ്യത്തിന്റെ നീക്കത്തിൽ അല്ലെങ്കിലേ ചങ്കിടിപ്പിലാണ് ബിജെപി. അതിനാൽ തന്നെ വാരണാസിയിൽ സംയുക്തസ്ഥാനാർത്ഥിയായി മോദിയെ എതിർക്കാൻ ജോഷിയെ ഇറക്കാൻ കഴിഞ്ഞാൽ അത് കനത്ത പോരാട്ടത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ. പ്രത്യേകിച്ചും അടുത്തിടെ യുപിയുടെ ഈ മേഖലയിൽ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നടത്തിയ ഗംഗായാത്ര വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. മേഖലയിലെ പാവപ്പെട്ടവരെ സന്ദർശിച്ചും അവരുടെ വേദനകളിൽ കോൺഗ്രസ് തന്നെയാകും ആശ്വാസം പകരുകയെന്ന സന്ദേശമെത്തിച്ചും ഗംഗാതടത്തിലെ ഗ്രാമങ്ങളിലൂടെ പ്രിയങ്ക നടത്തിയ യാത്ര സമാപിച്ചത് വാരണാസിയിലാണ്. മോദിയുടെ മണ്ഡലത്തിലും ഇത് വലിയ തരംഗമായതോടെ ഇവിടെ മോദിയെ എതിർക്കാൻ കോൺഗ്രസ് പ്രിയങ്കയെ തന്നെ ഇറക്കുമെന്നായിരുന്നു കുറച്ചുദിവസങ്ങൾക്ക് മുമ്പ് പ്രചരണം.

എന്നാൽ ഇപ്പോൾ ബിജെപിയുടെ മുകൾത്തട്ടിൽ തന്നെ ഉണ്ടായിരിക്കുന്ന ഭിന്നത കൂടി മുതലെടുത്ത് പാർട്ടിക്കെതിരെ ബ്രഹ്മാസ്ത്രമായി ജോഷിയെ തന്നെ പ്രയോഗിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഇതോടെ യുപിയിൽ ഏറ്റവും കടുത്ത മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ഇത് വലിയൊരു സന്ദേശമായി മാറുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ഏതായാലും ഇത്തരമൊരു വാഗ്ദാനം ജോഷിക്ക് കോൺഗ്രസ് നൽകിയതായാണ് റിപ്പോർട്ടുകൾ. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മോദിക്കെതിരെ മത്സരിക്കാൻ മുരളീ മനോഹർ ജോഷിയെ ക്ഷണിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി മുരളീ മനോഹർ ജോഷി ആശയവിനിമയം നടത്തിയതായും മാധ്യമറിപ്പോർട്ടുകളിൽ പറയുന്നു. ജോഷിക്കും താൽപര്യമുണ്ടെന്ന നിലയിൽ ആണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.

മോദി വാരണാസി ഏറ്റെടുത്തതോടെ കഴിഞ്ഞതവണ ജോഷിക്ക് കാൺപൂരാണ് നൽകിയത്. നിലവിൽ കാൺപൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹർ ജോഷി. വാരാണസി മോദിക്ക് മത്സരിക്കാൻ വിട്ടുനൽകിയാണ് 2014ൽ മുരളീ മനോഹർ ജോഷി കാൺപുരിൽ മത്സരിച്ചതെങ്കിലും ജയിച്ചെത്തിയിട്ടും മോദി സർക്കാരിൽ ജോഷിക്ക് ഒരു പദവിയും നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇത്തവണ അദ്ദേഹത്തെ മത്സരത്തിൽനിന്ന് മാറ്റിനിർത്തിയതും. ഇതിലുള്ള അതൃപ്തിയാണ് കോൺഗ്രസുമായി ചർച്ച നടത്തുന്നതിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ വാരാണസി മണ്ഡലത്തിൽ മത്സരിക്കാൻ ജോഷിക്ക് താൽപര്യക്കുറവുണ്ടെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.

ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽകെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പാർട്ടി മാറ്റിനിർത്തിയിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിൽ രണ്ടു നേതാക്കൾക്കും അതൃപ്തിയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സൂചനകൾ നൽകിക്കൊണ്ട് എൽകെ അദ്വാനി തന്റെ ബ്ലോഗിൽ ലേഖനം എഴുതുകയും ചെയ്തു. ഇത്തരത്തിൽ ദേശീയ തലത്തിൽ സീനിയർ നേതാക്കളുടെ വലിയ അതൃപ്തി ബിജെപിയിൽ പുകയുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കാനും ബിജെപി പ്രവർത്തകരുടെ വികാരം തന്നെ തിരിക്കാനുമാണ് കോൺഗ്രസ് പുതിയ നീക്കങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

മോദിയുടെ വാരണാസി ഏറ്റവും ശ്രദ്ധേയ മണ്ഡലം

ദേശീയ തലത്തിലെ ശ്രദ്ധ മുഴുവൻ ഉള്ള മണ്ഡലമാണ് കുറേക്കാലമായി വാരണാസി. മോദിയുടെ മണ്ഡലം എന്നതുതന്നെ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നത് ഇക്കുറിയും അവിടെ തന്നെ. മോദി എത്തിയതോടെയാണ് വാരണാസി ഏറ്റവും പ്രശസ്തമാകുന്നത്. ഇത്തവണ വാരണാസിയിലേക്ക് ഉറ്റ് നോക്കുമ്പോഴും മോദിക്ക് കാര്യമായ എതിരാളികൾ ഇവിടെയില്ല.

3,71,784 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മോദിക്ക് കഴിഞ്ഞ തവണ ലഭിച്ചത്. പ്രധാന എതിരാളി അരവിന്ദ് കെജ്രിവാൾ ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ഇത്തവണ അത്തരമൊരു സാധ്യത വാരണാസിയിൽ ഇല്ല. ഭൂമിശാസ്ത്രപരമായ അഞ്ച് ജില്ലകളുമായി അതിർത്തി പങ്കിടുന്നുണ്ട് വാരണാസി. അസംഗഡ്, മൗ, ജൗൻപൂർ, ഗസ്സിപൂർ, ചന്ദൗലി എന്നിവയാണ് ഇത്. എട്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഇവിടുള്ളത്. പിന്ദ്ര, അജഗര, ശിവ്പൂർ, റൊഹാനിയ, വാരണാസി നോർത്ത്, വാരണാസി സൗത്ത്, വാരണാസി കാന്റ്, സേവാപുരി എന്നിവയാണ് മണ്ഡലങ്ങൾ. 1,030685 പേർ 2014ൽ ഇവിടെ വോട്ട് ചെയ്തു.

രാഷ്ട്രീയ സാഹചര്യം നോക്കുകയാണെങ്കിൽ ഇവിടെ ബിജെപിയുടെ സ്വന്തം മണ്ഡലമാണ്. 1991 മുതൽ ആറ് തവണയാണ് ബിജെപി ഇവിടെ വിജയിച്ചത്. ഒരിക്കൽ മാത്രമാണ് ഇക്കാലയളവിൽ കോൺഗ്രസ് വാരണാസിയിൽ വിജയിച്ചിട്ടുള്ളത്. 1991ൽ ശ്രീഷ് ചന്ദ്ര ദീക്ഷിതിലൂടെയാണ് ബിജെപി ഇവിടെ തേരോട്ടം തുടങ്ങിയത്. പിന്നീട് തുടർച്ചയായ മൂന്ന് തവണ ശങ്കർ പ്രസാദ് ജെസ്വാളിലൂടെ ബിജെപി കുതിപ്പ് തുടർന്നു. എന്നാൽ 2004ൽ രാജേഷ് കുമാർ മിശ്രയിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചെങ്കിലും, കഴിഞ്ഞ പത്തുകൊല്ലമായി ഇത് ബിജെപിക്കൊപ്പമാണ്. പ്രധാനമന്ത്രി എന്ന നിലയിൽ മോദി നടത്തിയ പ്രവർത്തനങ്ങൾ ആയിരിക്കും ഇത്തവണയും അദ്ദേഹത്തിന് മുതൽക്കൂട്ടാകുകയെന്നാണ് ബിജെപി വിലയിരുത്തൽ.

എന്നാൽ ഗംഗാ ശുചീകരണ പദ്ധതിയാണ് മോദിക്ക് പ്രധാന വെല്ലുവിളി. ബജറ്റിൽ അടക്കം പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടും അതെല്ലാം ഫലപ്രദമായി നടന്നോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇതിൽ ഊന്നിയായിരുന്നു മോദിക്കെതിരെ പ്രിയങ്ക ഈ മണ്്ഡലത്തിലും ഗംഗാ തടത്തിലും നടത്തിയ തേരോട്ടവും. ടൂറിസം, ചെറുകിട വ്യാപാരങ്ങൾ, ബനാറസ് യൂനിവേഴ്സിറ്റിയിലെ വിവാദങ്ങൾ, പട്ട് നിർമ്മാണത്തിലെ പ്രതിസന്ധി, ലോഹ നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമാണ് മോദിയുടെ മണ്ഡലത്തിൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സമാജ് വാദി പാർട്ടി- ബിഎസ്‌പി സഖ്യമാണ്. ഇവർ ഒരുമിച്ച് കഴിഞ്ഞാൽ നല്ലൊരു മത്സരം മോദി നേരിടേണ്ടി വരും. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ട് ഇവർ നേടിയിരുന്നു. പക്ഷേ കെജ്രിവാളിനൊപ്പം ഇവരുടെ വോട്ടുകൾ ചേർന്നാലും മോദി നേടിയ വോട്ടുകളുടെ അടുത്തെത്തില്ല. എന്ാൽ ഇക്കുറി കോൺഗ്രസ് വോട്ടുകൾ കൂടെ മോദിക്കെതിരെ ഒരുമിച്ചാൽ അത് കടുത്ത വെല്ലുവിളിയാകും രണ്ടാമൂഴം കൊതിക്കുന്ന മോദിക്കും ബിജെപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP