Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നു വട്ടം ഭരിച്ച ബിജെപിയെ തോൽപ്പിക്കാൻ മധ്യപ്രദേശിൽ ഹിന്ദു കാർഡിറക്കി കോൺഗ്രസ്; രാജസ്ഥാനിൽ ഭരണവിരുദ്ധ തരംഗവും പൈലറ്റ് - ഗെലോട്ട് കൂട്ടുകെട്ടും പ്രതീക്ഷ നൽകുന്നു; ഛത്തീസ്‌ഗഡിൽ നാലാമതും ഭരണം ഉറപ്പാക്കാൻ ബിജെപി സ്വപ്‌നം കാണുന്നത് കോൺഗ്രസിലെ പിളർപ്പ്; തെലുങ്കാനയിൽ കോൺഗ്രസ്- ടിഡിപി സഖ്യത്തിന് നിലം തൊടാനാവുമോ? മിസോറാമിലെ കോൺഗ്രസിനെ പിളർത്തി കൊല്ലുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ

മൂന്നു വട്ടം ഭരിച്ച ബിജെപിയെ തോൽപ്പിക്കാൻ മധ്യപ്രദേശിൽ ഹിന്ദു കാർഡിറക്കി കോൺഗ്രസ്; രാജസ്ഥാനിൽ ഭരണവിരുദ്ധ തരംഗവും പൈലറ്റ് - ഗെലോട്ട് കൂട്ടുകെട്ടും പ്രതീക്ഷ നൽകുന്നു; ഛത്തീസ്‌ഗഡിൽ നാലാമതും ഭരണം ഉറപ്പാക്കാൻ ബിജെപി സ്വപ്‌നം കാണുന്നത് കോൺഗ്രസിലെ പിളർപ്പ്; തെലുങ്കാനയിൽ കോൺഗ്രസ്- ടിഡിപി സഖ്യത്തിന് നിലം തൊടാനാവുമോ? മിസോറാമിലെ കോൺഗ്രസിനെ പിളർത്തി കൊല്ലുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ തെരഞ്ഞെടുപ്പു പ്രഖ്യാപനമാണ് ഇന്നലെ കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷൻ നടത്തിയത്. ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ ഭാവിയോടൊപ്പം രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്നത്. ഇതിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ നിന്നു മത്സരിക്കുമ്പോൾ എന്തുസംഭവിക്കും എന്ന ആകാംക്ഷയാണ് പ്രധാനം. ബിജെപിയുടെ ഉരുക്കു കോട്ടയായ മധ്യപ്രദേശിൽ ഭരണം തിരിച്ചു പിടിക്കാമെന്ന ഉത്തമ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. അതേസമയം കേന്ദ്ര ഭരണത്തിന്റെ ബലത്തിലും പണക്കരുത്തിലും കോൺഗ്രസ് പക്ഷത്തിലുള്ളവരെ മറുകണ്ടം ചാടിച്ച് അധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി ഛത്തീസ്‌ഗഡിൽ പയറ്റുന്നത്.

അതേസമയം തെലുങ്കാനയിലും രാജസ്ഥാനിലും കോൺഗ്രസ് പ്രതീക്ഷവെക്കുന്നുണ്ട്. ഇവിടെ ശക്തമായ പോരാട്ടമാണ് കോൺഗ്രസ് കണക്കു കൂട്ടൽ. നിലവിലെ രാഷ്ട്രീയ സാഹചര്യം ദേശീയ തലത്തിൽ ബിജെപിക്ക് ഒട്ടും അനുകൂലമല്ല. പെട്രോൾ വിലവർദ്ധനവും അഴിമതി ആരോപണങ്ങളും കേന്ദ്രത്തിന് നേരെ ഉയരുന്നുണ്ട്. റാഫേൽ ഇടപാടിൽ അഴിമതി വ്യക്തമായതും ആർഎസ്എസിന്റെ അനിഷ്ടവും കൂടിയാകുമ്പോൾ ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. മധ്യപ്രദേശിൽ ബിജെപി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ അവിടെയും കോൺഗ്രസ് പ്രതീക്ഷ വെക്കുന്നു. എന്നാൽ, ഭരണവിരുദ്ധവികാരം തിരിച്ചടി ഉണ്ടാകുന്ന ഇടങ്ങളിൽ പ്രധാനമന്ത്രിയുടെ താരത്തിളക്കം ഉപയോഗപ്പെടുത്താമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അമിത് ഷാ കെട്ടിപ്പെടുത്ത പാർട്ടിയുടെ അടിത്തറയും ഗുണകരമാകുമെന്ന് കരുതുന്നു.

ഈ സംസ്ഥാനങ്ങൾ ബിജെപി.ക്ക് നഷ്ടപ്പെട്ടാൽ അത് കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനയാകും. ലോക്സഭാതിരഞ്ഞെടുപ്പിൽ അത് പ്രതിപക്ഷത്തിന് നൽകുന്ന ഊർജം വലുതായിരിക്കും. പ്രതിപക്ഷമഹാസഖ്യം രൂപവത്കരിക്കുന്നതിനുള്ള തടസ്സങ്ങൾ മറികടക്കാൻ ഇത് പ്രതിപക്ഷത്തെ സഹായിക്കുകയുംചെയ്യും. അതുകൊണ്ടുതന്നെ രണ്ടുപാർട്ടിയും ജീവന്മരണ പോരാട്ടത്തിലാണ്. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമി ഫൈനലെന്നു വിളിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും അത്യന്തം നിർണായകം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും രണ്ടു ദേശീയ പാർട്ടികൾ നേർക്കുനേർ ഏറ്റമുട്ടുന്ന 65 സീറ്റുകളിൽ 83 ലോക്‌സഭ മണ്ഡലങ്ങളും ഉൾപ്പെടുന്നു. ഇതിൽ 59 സീറ്റുകളും ബിജെപിയുടെ കയ്യിലാണ്. ഇതിൽ എത്ര സീറ്റുകളിൽ കോൺഗ്രസിന് പ്രതീക്ഷ വെക്കാൻ സാധിക്കുമെന്നറിയാനും ഈ തിരഞ്ഞെടുപ്പോടെ സാധിക്കും.

രമൺ സിങ് (2003 മുതൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി), ശിവരാജ് ചൗഹാൻ (2005 മുതൽ മധ്യപ്രദേശ് മുഖ്യമന്ത്രി), വസുന്ധര രാജെ (അഞ്ചു വർഷം വീതമുള്ള രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രി) തുടങ്ങിയവരെപ്പോലെ പയറ്റിത്തെളിഞ്ഞ നേതാക്കളാണ് ഇവിടങ്ങളിൽ ബിജെപിയുടെ കരുത്ത്. അതേസമയം തലമുതിർന്നവർക്കൊപ്പം യുവരക്തങ്ങളെ ഇറക്കിയാണ് കോൺഗ്ര് പോരാട്ടം. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ്, മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ഛത്തീസ്‌ഗഡിൽ ടി.എസ്. സിങ്ദിയോ, ഭൂപേഷ് ബാഗേൽ എന്നിവരാണ് പോരാട്ടം നയിക്കുന്നത്. തെലുങ്കാനയിൽ കോൺഗ്രസിന് പ്രതീക്ഷ ടിഡിപിയുമായുള്ള കൂട്ടുകെട്ടാണ്. എന്നാൽ ,ടിആർഎസ് ഭരണമികവ് ചൂണ്ടിക്കാട്ടി വോട്ടു തേടുന്നു. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ചിത്രത്തിലേക്ക് കണ്ണോടിക്കാം..

മുതലെടുക്കാനാവാത്ത ഭരണ വിരുദ്ധ തരംഗം മധ്യപ്രദേശിൽ കോൺഗ്രസിന് വിന

ഗുജറാത്ത് കഴിഞ്ഞാൽ ഇന്ത്യയിൽ ബിജെപിയുടെ ഉരുക്ക് കോട്ടയാണ് മധ്യപ്രദേശ്. ഗുജറാത്തിൽ നരേന്ദ്ര മോദി ഹൈന്ദവതയുടെ തീവ്രമുഖമായി ഭരിച്ച വേളയിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ സൗമ്യ മുഖമായിരുന്നു ഇവിടെ തുടർച്ചയായി ഭരണം പിടിക്കാൻ ബിജെപിക്ക് തുണയായി മാറിയത്. എന്നാൽ മുമ്പെങ്ങും ഇല്ലാത് വിധത്തിൽ ഭരണ വിരുദ്ധ വികാരം ഇത്തണ മധ്യപ്രദേശിലുണ്ട്. കർഷക പ്രതിഷേധവും അഴിമതി ആരോപണങ്ങളും സർക്കാർ നേരിടുന്നുണ്ട്. ഇതെല്ലാം അനുകൂലമാക്കി മാറ്റാൻ കോൺഗ്രസിന് സാധിച്ചാൽ അവിടെ വിജയം കൊയ്യാൻ സാധിക്കും. എന്നാൽ ഇതുവരെ കോൺഗ്രസിന് അതിന് സാധിച്ചിട്ടില്ല. ഐക്യമില്ലായ്മ തന്നെയാണ് കോൺഗ്രസിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നം.

മധ്യപ്രദേശിലെ 230 സീറ്റുകളാണ് ആകെയുള്ളത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള വികസനപ്രവർത്തനങ്ങളാണു ബിജെപിയുടെ മുഖ്യ പ്രചാരണായുധം. അമിത് ഷാ നേരിട്ടെത്തി പ്രചാരണങ്ങൾക്കു നേതൃത്വം നൽകുന്നു. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനാണു തിരഞ്ഞെടുപ്പു ചുമതല.

എന്നാൽ, മുതിർന്ന നേതാവ് കമൽനാഥിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാക്കിയാണു കോൺഗ്രസിന്റെ തന്ത്രങ്ങൾ. ഹൈന്ദവ വികാരത്തെ കൂട്ടുപിടിച്ചു പ്രചാരണം നടത്തുന്ന ബിജെപിക്ക് അതേ രീതിയിൽ കോൺഗ്രസും മറുപടി നൽകുന്നു. കൈലാസ- മാനസസരോവറിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ ശിവഭക്തനായി ചിത്രീകരിക്കുന്ന ഒട്ടേറെ ഹോർഡിങ്ങുകൾ ഉയർന്നുകഴിഞ്ഞു.

മധ്യപ്രദേശ് (ബിജെപി സർക്കാർ)

ആകെ സീറ്റ്: 230. ബിജെപി: 165, കോൺഗ്രസ്: 57, മറ്റുള്ളവർ: 8.

എല്ലാ പഞ്ചായത്തുകളിലും ഗോശാല, ശ്രീരാമൻ വനവാസത്തിനു പോയതെന്നു വിശ്വസിക്കുന്ന പാതയിലൂടെ തീർത്ഥാടന ടൂറിസം പദ്ധതി തുടങ്ങിവയാണു കോൺഗ്രസിന്റെ പ്രചാരണ വിഷയങ്ങൾ. കൃഷി മേഖലയിൽ പൊതുവായ മുന്നേറ്റമുണ്ടാക്കിയെങ്കിലും ബിജെപിക്കെതിരെ കർഷകസമരങ്ങൾ രൂക്ഷമാണ്. ഇതു മനസ്സിലാക്കി തൊഴിലില്ലായ്മയും ചെറുകിട ബിസിനസുകാരുടെ പ്രശ്‌നങ്ങളും കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നു. 13 വർഷമായി മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാൻ. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാരത്തിലെത്തിച്ചു. ഒരു കാലത്തു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിവരെ പരിഗണിച്ചത് നേട്ടമാണ്. ആർഎസ്എസിനും പ്രിയങ്കരനായ നേതാവാണ് അദ്ദേഹം.

47കാരനായ ജ്യോതിരാദിത്യ സിന്ധ്യയാണ് കോൺഗ്രിന്റെ തുറുപ്പുഗുലാൻ. കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മാധവ്‌റാവു സിന്ധ്യയുടെ മകൻ. 2002 മുതൽ ഗുണയിൽനിന്നുള്ള ലോക്‌സഭാംഗം. മന്മോഹൻസിങ്ങിന്റെ രണ്ടു മന്ത്രിസഭകളിലും അംഗം. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവു കൂടിയാണ്. അതേസമയം കമൽനാഥിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

രാജസ്ഥാനിൽ പാട്ടും പാടി ജയിക്കുമെന്ന് ഉറപ്പിച്ചു കോൺഗ്രസ്

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും എങ്ങനെയാണോ അതുപോലെയെയാണ് രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും. അവിടെ അഞ്ച് വർഷത്തെ ഭരണം കഴിഞ്ഞാൽ പിന്നെ ഭരണമാറ്റം എന്നതാണ് പതിവുശൈലി. ഇപ്പോൾ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് മേൽ വ്യക്തമായ ആധിപത്യം കോൺഗ്രസിന് ഇപ്പോൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയം കോൺഗ്രസിന് ഉറപ്പാണ്. എങ്കിലും മോദിയെ മുന്നിൽ നിർത്തി കളം കൊഴുപ്പിക്കാനാണ് ബിജെപി നീക്കം.

ഇരുനൂറിൽ 163 സീറ്റുകളും നേടിയാണ് 2013ൽ ബിജെപി രാജസ്ഥാനിൽ അധികാരമേറിയത്. 2014ൽ ലോക്‌സഭയിലേക്ക് 25 സീറ്റുകളും ബിജെപിക്കു നൽകിയ സംസ്ഥാനം ഈയിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പരാജയപ്പെടുത്തി. മാറുന്ന ജാതിരാഷ്ട്രീയമാണു മറ്റൊരു വെല്ലുവിളി. ബിജെപിയെ എന്നും പിന്തുണച്ച രജപുത്രർ അസംതൃപ്തരാണ്. സംവരണപ്രശ്‌നവുമായി ഗുജ്ജറുകളും. എന്നാൽ മുഖ്യമന്ത്രി വസുന്ധര രാജെയെ പിന്തുണയ്ക്കുന്ന ജാട്ട് വോട്ട്ബാങ്ക് തകർന്നിട്ടില്ലെന്നത് ആശ്വാസമാണെങ്കിലും ദേശീയ നേതൃത്വത്തിന് പോലും വസുദ്ധരയോട് താൽപ്പര്യക്കുറവുണ്ട്.

രാജസ്ഥാൻ (ബിജെപി)

ആകെ സീറ്റ്: 200 , ബിജെപി 163, കോൺഗ്രസ് 21. മറ്റുള്ളവർ: 16.

പാർട്ടിയിലും ഉൾപ്പോരുകളുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെയോടു കേന്ദ്ര നേതൃത്വത്തിനോ ആർഎസ്എസിനോ അത്ര താൽപര്യമില്ല. ഭരണനേട്ടവും കേന്ദ്രക്ഷേമപദ്ധതികളും പ്രചാരണ ആയുധമാക്കാനാണു ബിജെപി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു തൊട്ടു മുൻപ് പ്രധാനമന്ത്രി പങ്കെടുത്ത പൊതുസമ്മേളനത്തിലാണു മുഖ്യമന്ത്രി ഗ്രാമീണ കർഷകർക്കു സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും നേടിയ വിജയം കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നു; സച്ചിൻ പൈലറ്റിന്റെ നേതൃത്വം പാർട്ടിക്കു യുവത്വത്തിന്റെ പ്രസരിപ്പും. പ്രബലനായ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഗ്രൂപ്പ് സ്വാധീനവും നിർണായകം.

പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ബിജെപി വിരുദ്ധത ആരു പ്രയോജനപ്പെടുത്തുമെന്നതു നിർണായകമാണ്. ബിഎസ്‌പിക്കൊപ്പം സിപിഎം,സിപിഐ, ജനതാദൾ എന്നിവ അടക്കമുള്ള കക്ഷികൾ മൂന്നാം മുന്നണിക്കും ശ്രമം തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് വസുദ്ധര രാജസിന്ധ്യ. നാലുതവണ നിയമസഭാംഗമായി. അഞ്ചു തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1985 ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷ. രണ്ടു തവണ മുഖ്യമന്ത്രി. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. അങ്ങനെ പയറ്റിത്തെളിഞ്ഞു കൊണ്ടാണ് വസുദ്ധര വീണ്ടും പോരിനിറങ്ങുന്നത്.

അതേസമയം സച്ചിൻ പൈലറ്റിന്റെ യുവത്വത്തിൽ വിശ്വാസമർപ്പിച്ചിരിക്കയാണ് കോൺഗ്രസ്. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനാണ് അദ്ദേഹം, മുൻകേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകനെന്ന നിലയിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം ഇന്ന് രാഹുലിന്റെ വലംകൈ കൂടിയാണ്. പയറ്റഇത്തെളിഞ്ഞ പോരാളിയായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങും മുൻപു ബിബിസിയിൽ ജോലി നോക്കി. ചെറിയ കാലം ടെറിറ്റോറിയൽ ആർമിയിൽ ലഫ്. പൈലറ്റായി. രണ്ടു തവണ ലോക്‌സഭാംഗം. രണ്ടാം മന്മോഹൻ സിങ് മന്ത്രിസഭയിൽ അംഗമെന്ന നിലയിലും ശ്രദ്ധനേടിയ വ്യക്തിത്വമാണ് പൈലറ്റിന്റേത്.

ഛത്തിസ്ഗഡിൽ ജയിക്കാവുന്ന കളി മത്സരത്തിന് മുമ്പേ തോൽപ്പിച്ചു കോൺഗ്രസ്

ഭരണകക്ഷിയായ ബിജെപിക്കെതിരെ ശക്തമായ ജനരോഷമാണ് ഛത്തീസ്‌ഗഡിൽ നിലനിൽക്കുന്നത്. കേന്ദ്ര നയങ്ങളും കർഷക പ്രശ്‌നങ്ങളും അടക്കം അതിന് കാരണമാണ്. എന്നാൽ, അതിന് തുറന്നു കാണിക്കാനും പകരം വെക്കാനും കോൺഗ്രസിന് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. തുടർച്ചയായി മൂന്നുതവണയായി ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ ഇത്തവണയും നടക്കുന്നത് ശക്തമായ ത്രികോണ മൽസരമാണ്. ആ നിലയിലേക്ക് കൊണ്ടുവരാൻ കാരണക്കാർ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസിലെ ഒരു വിഭാഗത്തെ പിളർത്തുകയാണ് ബിജെപി ചെയ്തത്.

ബിജെപി, കോൺഗ്രസ്, അജിത് ജോഗിയുടെ വിമത കോൺഗ്രസ്-ബിഎസ്‌പി സഖ്യം എന്നിവരാണു രംഗത്തുള്ളത്. കോൺഗ്രസുമായുള്ള സഖ്യം വേണ്ടെന്നുവച്ചാണു മായാവതി അജിത് ജോഗിയുടെ കൂടെ ചേർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുണ്ടാക്കിയപ്പോൾ അണികളിൽ വലിയൊരു നിര അദ്ദേഹത്തിനൊപ്പം പോയതു കോൺഗ്രസിനു തിരിച്ചടിയായി. പ്രാദേശിക നേതാക്കളെ അണിനിരത്തി സംസ്ഥാനം തിരിച്ചുപിടിക്കാനാണു കോൺഗ്രസ് തന്ത്രം. നാലാംവട്ട വിജയത്തിനായി മുഖ്യമന്ത്രി രമൺ സിങ് വ്യാപകമായ ജനസമ്പർക്ക പരിപാടികളാണു നടത്തുന്നത്.

ഛത്തീസ്‌ഗഡ് (ബിജെപി)

ആകെ സീറ്റ് 90. ബിജെപി: 50, കോൺഗ്രസ്: 39, മറ്റുള്ളവർ: 11.

 

രമൺ സിംഗാണ് ബിജെപിയുടെ അമരക്കാരൻ. തുടർച്ചയായി 15 വർഷം മുഖ്യമന്ത്രിയായ അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. രണ്ടു തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിച്ചു. മൂന്നാം വാജ്‌പേയി മന്ത്രിസഭയിൽ വാണിജ്യ, വ്യവസായ മന്ത്രിയായിരുന്നു. ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തി. മധ്യപ്രദേശ് നിയമസഭയിലും ലോക്‌സഭയിലും ഓരോ തവണ അംഗമായിരുന്നു.

ബുപേഷ് ബാഗലാണ് ഇവിടുത്തെ കോൺഗ്രസ് മുഖം. പസിസി അധ്യക്ഷൻ കൂടിയായ അദ്ദേഹം മധ്യപ്രദേശിലെ ദിഗ്‌വിജയ് മന്ത്രിസഭയിലും ഛത്തീസ്‌ഗഡിലെ അജിത് ജോഗി മന്ത്രിസഭയിലും മന്ത്രിയായിരുന്നു. സംസ്ഥാന രൂപീകരണം മുതൽ നിയമസഭാംഗമാണ്. 1984 ൽ രാജീവ് ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം സിവിൽ സർവീസിൽനിന്നു രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങിയെ അജിത് ജോഗിയാണ് മറ്റൊരു പ്രധാന മുഖം. 1986 മുതൽ 98 വരെ രാജ്യസഭാംഗം. ഛത്തീസ്‌ഗഡ് രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി. 2016 ജൂണിൽ കോൺഗ്രസിൽനിന്നു രാജിവച്ചു ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡിനു രൂപം നൽകി.

തെലുങ്കാനയിൽ കോൺഗ്രസും - ടിഡിപിയും ചേർന്നാലും ടിആർഎസിന് വെല്ലുവിളിയല്ല

നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പംനടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് തെലങ്കാന രാഷ്ട്രസമിതിയുടെ (ടിആർഎസ്) പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർറാവു സഭ നേരത്തെ പിരിച്ചുവിട്ടത്. തെലങ്കാന രൂപവൽക്കരിച്ചതിനുശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ആരും അത്ഭുതം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമായി മാറികൊണ്ടിരിക്കുന്ന തെലുങ്കാനയെ മാറ്റിയെന്ന അവകാശവാദമാണ് ടിആർഎസിനുള്ളത്. ആ ആത്മവിശ്വാസത്തിലാണ് വീണ്ടും അധികാരത്തിൽ എത്താമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നതും.

അപ്രതീക്ഷിതമായാണു കോൺഗ്രസും പരമ്പരാഗത എതിരാളിയായ തെലുങ്കുദേശവും തമ്മിൽ സഖ്യത്തിലായത്. സിപിഐയും തെലങ്കാന ജനസമിതിയും ഈ സഖ്യത്തിലുണ്ട്. ഈ സഖ്യത്തിനും ടിആർഎസിനെ മറിക്കാൻ സാധിക്കില്ലെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ആത്മവിശ്വാസത്തിനുള്ള ഒരു കാരണം മറുഭാഗത്ത് കരുത്തനായ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല എന്നതാണ്. എന്നാൽ തെലുങ്കുദേശവും കോൺഗ്രസുമായി കൈകോർത്തതോടെ അന്തരീഷം മാറി. പ്രതിപക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്കു കാണുന്നത് എം കോദണ്ഡറാമിനെയാണ്. ചന്ദ്രശേഖരറാവുവിനൊപ്പം തെലങ്കാന സംസ്ഥാന പദവിക്കു വേണ്ടി പോരാടിയ നേതാവാണ് കോദണ്ഡറാം അദ്ദേഹത്തിന്റെ തെലങ്കാന സംയുക്ത സമരസമിതിയാണു പിന്നീട് തെലങ്കാന ജനസമിതിയായി മാറിയത്.

തെലങ്കാന കക്ഷി നില

ടിആർഎസ്82, കോൺഗ്രസ് 17, എഐഎംഐഎം ഏഴ്, ബിജെപി അഞ്ച്, ടിഡിപി 3,

ബിജെപി ആരുമായും സഖ്യത്തിലില്ല. അമിത് ഷാ പറഞ്ഞത് തിരഞ്ഞെടുപ്പിനു ശേഷമേ ബിജെപി സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നാണ്. അടുത്ത കാലത്ത് ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിനു ചന്ദ്രശേഖരറാവുവിന്റെ കക്ഷി ഉവൈസി സഹോദരന്മാരുടെ ഓൾ ഇന്ത്യ മജ്ലിസു ഇത്തിഹാദുൽ മുസ്‌ലിമീനു (എഐഎംഐഎം) മായി സഖ്യമുണ്ടാക്കിയിരുന്നു. ഈ സഖ്യം 150ൽ 143 സീറ്റും തൂത്തു വാരി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും ധാരണയിലെത്തിയാൽ ടിആർഎസ്സിന്റെ തിരിച്ചുവരവ് അനായാസമാകും.

കെ.ചന്ദ്രശേഖർ റാവു തന്നെയാണ് ടിആർഎസിനെ മുന്നിൽ നിന്നു നയിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) സ്ഥാപകനും നിലവിലെ അധ്യക്ഷനും. ആന്ധ്രപ്രദേശിൽ സംസ്ഥാനമന്ത്രി, ഡെപ്യൂട്ടി സ്പീക്കർ പദവികൾ വഹിച്ചിട്ടുണ്ട്. ടിഡിപി പിളർത്തി 2001 ൽ ടിആർഎസ് രൂപീകരിച്ചു. തെലങ്കാന സംസ്ഥാന രൂപീകരണത്തിലേക്കു നയിച്ച പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകി. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി. ഒന്നാം യുപിഎ സർക്കാരിൽ രണ്ടു വർഷം തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു.

മറുവശത്ത് കോൺഗ്രസിന് ഉയർത്തിക്കാട്ടാൻ ആളില്ലെന്ന പ്രത്യേകതയുണ്ട്. പിസിസി അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡിയിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഹുസൂർ നഗർ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗം. അന്ധ്രപ്രദേശിലെ കിരൺ കുമാർ റെഡ്ഡി മന്ത്രിസഭയിൽ പിന്നാക്ക, ഭവനനിർമ്മാണ മന്ത്രിയായിരുന്നു. വ്യോമസേനയിൽ പൈലറ്റായിരുന്നു. നാലു തവണ നിയമസഭാംഗമായ റെഡ്ഡി പയറ്റിത്തെളിഞ്ഞ പോരാളികൂടിയാണ്.

മിസോറാമിൽ ബിജെപി കണ്ണുവെക്കുന്നത് ത്രിപുര- മേഘാലയ മോഡൽ തന്നെ

ബിജെപി.യുടെ കൈപ്പിടിയിലൊതുങ്ങാതെ നിൽക്കുന്ന ഏക വടക്കുകിഴക്കൻ സംസ്ഥാനമാണ് മിസോറം. പത്തുവർഷമായി കോൺഗ്രസാണ് അധികാരത്തിൽ. മിസോ നാഷണൽ ഫ്രണ്ടിന്റെ പത്തുവർഷത്തെ ഭരണം അവസാനിപ്പിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. വിമതശല്യമാണ് കോൺഗ്രസിന് ഇവിടെ തലവേദന. ആഭ്യന്തരമന്ത്രി വൻലാൽ സാവ്മ അടുത്തിടെയാണ് രാജിവച്ചത്. അഞ്ചുതവണ മുഖ്യമന്ത്രിയായ ലാൽ തൻവാലതന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ പോരാട്ടത്തിന് നേതൃത്വംനൽകുന്നത്.

മിസോറാം (കോൺഗ്രസ്)

ആകെ സീറ്റ്: 40. കോൺഗ്രസ്: 34. എം.എൻ.എഫ്: അഞ്ച്, മറ്റുള്ളവർ: 1

വിരമിച്ച വൈദികരും സർക്കാർ ഉദ്യോഗസ്ഥരും മുതിർന്ന പത്രപ്രവർത്തകരും ചേർന്ന് രൂപവത്കരിച്ച സോറം എക്‌സോഡസ് മൂവ്മെന്റ് (ഇസഡ്.ഇ.എം.) സോറം നാഷണലിസ്റ്റ് പാർട്ടി, മിസോറം പീപ്പിൾസ് കോൺഫറൻസ്, സോറം പീപ്പിൾസ് മൂവ്മെന്റ് എന്നിവയുമായി ചേർന്ന് സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. വേറെയും പ്രാദേശികപാർട്ടികൾ മത്സരരംഗത്തുണ്ട്. ഇവിടെ ത്രിപുരയിലും മേഘാലയയിലും അധികാരം പിടിച്ച മോഡൽ പയറ്റാനാകും ബിജെപി ശ്രമം. അതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തന്നെ ബിജെപി നടത്തിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP