Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭ പിരിച്ചുവിട്ട് ഡൽഹി പിടിക്കും; തന്ത്രജ്ഞനെ അസമിലിറക്കി വടക്ക് കിഴക്കിന്റെ മനസ്സും; കാശ്മീരിലൂടെ കാവിക്കൊടി പാറിച്ചാൽ അടുത്തഘട്ടം പൂർത്തിയാകും

നിയമസഭ പിരിച്ചുവിട്ട് ഡൽഹി പിടിക്കും; തന്ത്രജ്ഞനെ അസമിലിറക്കി വടക്ക് കിഴക്കിന്റെ മനസ്സും; കാശ്മീരിലൂടെ കാവിക്കൊടി പാറിച്ചാൽ അടുത്തഘട്ടം പൂർത്തിയാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി കാശ്മീരും ഡൽഹിയും അസമുമാകും മോദിയുടെ അജണ്ട. ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുള്ള ഡൽഹിയിൽ വലിയ വിയർപ്പൊഴുക്കാതെ വിജയിക്കാമെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിൽ ഡൽഹി നിയമസഭയിൽ വലിയ നേട്ടമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. ഡൽഹിയിൽ പരാജയപ്പെട്ടാൽ മോദിക്ക് വലിയ തിരിച്ചടിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം വടക്ക് കിഴക്കൻ പ്രദേശത്ത് ഇടനാഴിയായ അസമിലും ഉണ്ടാവണം. അസമിൽ നേട്ടമുണ്ടാക്കിയാൽ വടക്ക്-കിഴക്കൻ മേഖലയിൽ ബിജെപിക്ക് ചലനവും ഉണ്ടാക്കാം. പക്ഷേ ഡൽഹിക്കും അസമിനുമപ്പുറം മോദിയുടെ മനസ്സിൽ കാശ്മീരാണ്. 

ഹരിയാനയും ഡൽഹിയും തൊട്ടടുത്ത സംസ്ഥാനങ്ങളാണ്. അതിൽ ഹരിയാനയിൽ മാത്രമാണ് ബിജെപിക്ക് 2014വരെ നേട്ടമുണ്ടാക്കാനാകാത്തതും. അതിന് മാറ്റം വന്നു. ഇവിടെ രണ്ടിടത്തും ആംആദ്മിയാണ് ബിജെപി കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്ന് കരുതിയത്. ഹരിയാനയിൽ നോട്ടയിൽ കുത്താൻ ആഹ്വാനം ചെയ്ത് ആംആദ്മി മാറി നിന്നു. എന്നാൽ നോട്ടയിലെത്തിയ വോട്ടുകൾ ആംആദ്മിക്ക് ശുഭസൂചനയല്ല. അതുകൊണ്ട് തന്നെ ഡൽഹിയെന്ന ഇന്ദ്രപ്രസ്ഥത്തിൽ എളുപ്പത്തിൽ ജയിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഡൽഹിയിൽ അധികാരത്തിലെത്താൻ കുതിരക്കച്ചവടത്തിന് ഇനി അവർ മുതരില്ല. തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുക എന്നതാകും ലക്ഷ്യം. എന്നാൽ കാശ്മീരിലെ വെല്ലുവിളി ഇതിനുമപ്പുറമാണ്.

2015 ജനുവരി 19നാണ് ജമ്മു-കാശ്മീർ നിയമസഭയുടെ കാലാവധി തീരുക. അതിനാൽ ജനുവരി ആദ്യവാരമെങ്കിലും വോട്ടെടുപ്പ് നടത്തണം. പ്രളയക്കെടുതിയിൽ ഉഴലുന്ന കാശ്മീർ തെരഞ്ഞെടുപ്പിന് സജ്ജമാണോ എന്ന് പരിശോധിച്ചാകും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക. ഒരു കാരണവശാലും തെരഞ്ഞെടുപ്പ് നീട്ടരുതെന്ന നിലപാടാണ് മോദി സർക്കാരിന് അതുകൊണ്ട് തന്നെ പ്രളയ ദുരിതാശ്വാസം വേഗത്തിൽ എത്തിച്ച് തെരഞ്ഞെടുപ്പിന് കാശ്മീരിനെ സജ്ജമാക്കാനാണ് നീക്കം. രണ്ട് ദിവസത്തിനുള്ളിൽ കാശ്മീർ തെരഞ്ഞെടുപ്പിൽ കമ്മീഷൻ അന്തിമ ധാരണയിലെത്തും. നിലവിലെ സാഹചര്യത്തിൽ കാശ്മീരിൽ മാത്രമാകും ഈ കാലയളവിൽ തെരഞ്ഞെടുപ്പ് ഉണ്ടാവുക. ഡൽഹിയിലെ പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാൽ അവിടെ വോട്ടെടുപ്പ് ഉടൻ ഉണ്ടാകാനുമിടയില്ല.

എന്തായാലും വ്യക്തമായ പദ്ധതികളുമായി ജമ്മു-കാശ്മീർ നിയമസഭ പിടിക്കാനാണ് പ്രധാനമന്ത്രി മോദിയുടെ തയ്യാറെടുപ്പ്. വെറുമൊരു രാഷ്ട്രീയ വിജയമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് വിജയിച്ചാലും കിട്ടാത്ത ആഗോള മാദ്ധ്യമ ശ്രദ്ധ കാശ്മീരിന് കിട്ടും. കാശ്മീരിൽ ദേശീയ രാഷ്ട്രീയ കക്ഷിയുടെ പ്രതിശ്ചായയുമായി ജയിക്കാനായാൽ പാക്കിസ്ഥാന്റെ നാവടപ്പിക്കാമെന്നാണ് കണക്ക് കൂട്ടൽ. ഇന്ത്യൻ ദേശീയതയ്ക്ക് ഒപ്പമാണ് തങ്ങളെന്ന് വിളിച്ചു പറയാൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന മുദ്രാവാക്യമാകും മോദി ഉയർത്തുക. ഒപ്പം സംസ്ഥാനത്തിന്റെ വികസന കുതിപ്പും.

പക്ഷേ ജയത്തിന് വെല്ലുവിളികൾ ഏറെയാണ്. 89 അംഗ സഭയിൽ ബിജെപിക്ക് നിലവിൽ പതിനൊന്ന് പേരാണുള്ളത്. അതിന് മുമ്പ് ഒരാളും. വലിയ സംഘടനാ സംവിധാനവും ഇല്ല. കാശ്മീരി പണ്ഡിറ്റുകളാണ് പ്രധാന വോട്ട് ബാങ്ക്. അതിനപ്പുറത്തേക്ക് വോട്ടർമാരെ ആകർഷിക്കണം. വിഘടന വാദികളുടെ സജീവതയിൽ ഇതു സാധ്യമാകുമോ എന്നതും സംശയം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതീക്ഷ നൽകുന്നു. മോദി തരംഗത്തിൽ അകെയുള്ള ആറിൽ മൂന്നും ബിജെപി നേടി.

അതുകൊണ്ട് തന്നെ മോദിയിലധിഷ്ഠിതമായ പ്രചരണത്തിലൂടെ കാശ്മീർ പിടിക്കാനാകും ശ്രമം. നാഷണൽ കോൺഫറൻസിനും പിഡിപിക്കും വെല്ലുവിളയാകാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യം മുതലാക്കാനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണത്തിലുള്ള നാഷണൽ കോൺഫറൻസിനോ കോൺഗ്രസിനോ ഒരു സീറ്റ് പോലും ലഭിച്ചില്ല. മൂന്ന് സീറ്റ് നേടിയ പിഡിപിയെ ലക്ഷ്യമിട്ട് പ്രചരണം സജീവമാക്കി കാശ്മീർ നിയമസഭയിൽ സ്വാധീനമുണ്ടാക്കുകയാണ് മോദിയുടെ ലക്ഷ്യം.

വ്യക്തമായ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതത്തിൽ കാശ്മീരിന് സഹായം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നു. കാശ്മീർ പുനർനിർമ്മാണ പ്രവർത്തനങ്ങളിലെ കേന്ദ്ര സർക്കാർ സാന്നിധ്യം ബിജെപിക്ക് അനുകൂല വോട്ട് കൂട്ടൂമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഭരണത്തിലെത്തണമെങ്കിൽ വലിയ വെല്ലുവിളികളെ അതിജീവിക്കണം. ഭീകരത തന്നെയാണ് അതിൽ പ്രധാനം. അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന സ്ഥിരം ആക്രമണങ്ങൾ പോലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രധാനമന്ത്രിക്ക് കിട്ടി കഴിഞ്ഞു.

ആഗോള നയതന്ത്രത്തിലും കാശ്മീർ നിർണ്ണായകമാണ്. ഹിതപരിശോധനയിലൂടെ ജനമനസ്സ് അറിയണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലെന്ന ആവശ്യം അവർ ഉയർത്തുന്നത് അതിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ മൂന്ന് സീറ്റുകൾ കാശ്മീരിന്റെ മനസ്സ് വ്യക്തമാക്കുന്നത് എന്തെന്നും പാക്കിസ്ഥാന് അറിയാം. അതുകൊണ്ട് തന്നെ നിരന്തര ആക്രമണങ്ങൾ അതിർത്തിയിലുണ്ടാക്കി കാശ്മീരിനെ സംഘർഭൂമിയാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കാശ്മീരിലെ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാകുമെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐ കണക്കൂകൂട്ടൂന്നു.

അതിർത്തിയിലെ സംഘർഷത്തിനിടെ പരമാവധി നുഴഞ്ഞുകയറ്റവും സാധ്യമാക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പ് അട്ടിമറി പ്രവർത്തനങ്ങൾക്ക് ഈ ഭീകരരെ ഉപയോഗിക്കാമെന്ന ധാരണയോടെയാണ് ഇത്. അതിനാൽ വരും ദിനങ്ങളിൽ കരുതൽ ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് നരേന്ദ്ര മോദി നിർദ്ദേശം നൽകും. കഴിഞ്ഞ ദിവസം സേനാ തലവന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി കാശ്മീരിനെ സംഘർഷ ഭൂമിയാക്കാനുള്ള ഭീകരരുടെ ശ്രമത്തെ ശക്തമായി ചെറുക്കണമെന്ന് ആവശ്യപ്പെട്ടു. വിഐപി സുരക്ഷാ ചുമതലയിൽ നിന്ന് എൻഎസ്ജിയെ പിൻവലിച്ച് തീവ്രവാദ വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കാനുള്ള തീരുമാനവും കാശ്മീർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.

കാശ്മീരിൽ ജയിച്ചു കയറിയാൽ രണ്ട് നേട്ടങ്ങളുണ്ടാകുമെന്ന് മോദിക്കറിയാം. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയക്കുതിപ്പ്. അതോടൊപ്പം അന്തർദേശീയ തലത്തിൽ അംഗീകാരം. കാശ്മീരിലെ ജനങ്ങളുടെ മനസ്സ് മോദിക്ക് ഒപ്പമാണെന്ന് വന്നാൽ പാക്കിസ്ഥാൻ ആഗ്രഹിക്കുന്ന ഹിതപരിശോധനയിൽ ഇന്ത്യ ജയിച്ചതു പോലെയാകും. നാഷൺ കോൺഫറൻസിനും പിഡിപിയും പ്രാദേശിക രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയമുയർത്തുന്ന സംഘപരിവാർ കുടുംബത്തിലെ ബിജെപി ജയിച്ചാൽ ഇന്ത്യൻ മനസ്സിനൊപ്പമാണ് കാശ്മീരെന്ന് അന്താരാഷ്ട്ര സമൂഹത്തെ വ്യഗ്യമായെങ്കിലും ബോധിപ്പിക്കാൻ കഴിയും. അതിനാൽ രാഷ്ട്രീയത്തിനപ്പുറമുള്ള ലക്ഷ്യം കാശ്മീർ തെരഞ്ഞെടുപ്പിൽ മോദി വയ്ക്കുമെന്ന് ഉറപ്പ്.

ഹരിയാനയിലും മഹാരാഷ്ട്രയിലും പയറ്റിയ തന്ത്രം തന്നെയാകും ജമ്മു കാശ്മീരിൽ പ്രയോഗിക്കുക. രണ്ടിടത്തേയും പോലെ പ്രമുഖനായ നേതാവ് കാശ്മീരിലും ബിജെപിക്കില്ല. അതിനാൽ മോദി തന്നെയാകും പോസ്റ്റർ ബോയ്. കരുതലോട് സ്ഥാനാർത്ഥി നിർണ്ണയം നടത്തും. മോദിയുടെ വിശ്വസ്തനായ അമിത് ഷാ വരും ദിവസങ്ങളിൽ തന്നെ വ്യക്തമായ മാർഗ്ഗ രേഖ തയ്യാറാക്കും. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയെ മുന്നിലെത്തിച്ച ഷായുടെ തന്ത്രങ്ങൾ കാശ്മീരിനേയും കാവിപക്ഷത്ത് എത്തിക്കുമെന്നാണ് മോദിയുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP