Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയിൽ മോദി പയറ്റിയത് ഗുജറാത്ത് മോഡൽ തന്ത്രം; ഡബിൾ എൻജിൻ സർക്കാരിനു വോട്ടെന്ന ഗുജറാത്തിലെ വിജയമാതൃക കന്നഡ നാട്ടിൽ പരാജയമായി; തിരിച്ചടിച്ചത് ഹിന്ദുത്വയിൽ ഊന്നിയ പ്രചരണം; തോൽവി രുചിച്ചത് 11 മന്ത്രിമാർ; പിടിച്ചു നിന്നത് തീരമണ്ഡലങ്ങളിൽ; മോദി മോഡലിനും മാറിചിന്തിക്കാൻ സമയമായോ?

കർണാടകയിൽ മോദി പയറ്റിയത് ഗുജറാത്ത് മോഡൽ തന്ത്രം; ഡബിൾ എൻജിൻ സർക്കാരിനു വോട്ടെന്ന ഗുജറാത്തിലെ വിജയമാതൃക കന്നഡ നാട്ടിൽ പരാജയമായി; തിരിച്ചടിച്ചത് ഹിന്ദുത്വയിൽ ഊന്നിയ പ്രചരണം; തോൽവി രുചിച്ചത് 11 മന്ത്രിമാർ; പിടിച്ചു നിന്നത് തീരമണ്ഡലങ്ങളിൽ; മോദി മോഡലിനും മാറിചിന്തിക്കാൻ സമയമായോ?

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: കർണാടകത്തിലെ തോൽവിയോടെ മോദി മോഡൽ പ്രചരണ തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ സമയമായോ എന്ന ചോദ്യം ബിജെപിയിൽ നിന്നും ഉയർന്നിട്ടുണ്ട്. ഗുജറാത്തിൽ വികസന രാഷ്ട്രീയം പറഞ്ഞു വിജയിച്ചു കയറിയ മോദിക്ക് എന്നാൽ കർണാടകയിൽ തന്ത്രങ്ങളെല്ലാം പിഴച്ചു. ബംഗളുരു നഗരം കേന്ദ്രീകരിച്ചു റോഡ്‌ഷോയുമായി പ്രചരണം നടത്തിയ മോദിക്ക് പക്ഷേ ഗുജറാത്തിലെ വിജയം ഇവിടെ അന്യമായിരുന്നു.

യെദ്യൂരപ്പ പിൻവലിഞ്ഞു നിന്നതോടെയാണ് മോദി മാസ് കാമ്പയിനുമായി കളം നിറഞ്ഞത്. ഇത് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയതിനു സമാനമായിരുന്നു കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. ഗുജറാത്തിൽ 31 റാലികൾ മോദി നടത്തിയപ്പോൾ കർണാടകത്തിൽ 19 റാലിയായിരുന്നു നടത്തിയത്. റോഡ് ഷോകൾ രണ്ടിടത്തും നടത്തി. ഗുജറാത്തിൽ ആറ് റോഡ് ഷോ നടത്തിയപ്പോൾ കർണാടകത്ിലും ആറ് റോഡ്‌ഷോകൾ നടത്തി. പ്രചാരണത്തിന്റെ അവസാന ദിവസം അഹമ്മദാബാദിൽ 50 കിലോമീറ്റർ റോഡ് ഷോ എങ്കിൽ ബംഗളുവിരുൽ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിൽ 36 കിലോമീറ്റർ റോഡ് ഷോയും നടത്തി.

ഇത് കൂടാതെ 8 സന്ദർശനങ്ങളിലായി 16,000 കോടിയുടെ വികസന പദ്ധതികൾ സമർപ്പിച്ചിരുന്നു. സമാന ശൈലി ഗുജറാത്തിലും പയറ്റി. രണ്ടിടത്തും പ്രധാന പ്രചാരണായുധം കോൺഗ്രസ് തന്നെ അവഹേളിക്കുന്നു എന്നതുമായിരുന്നു. ഡബിൾ എൻജിൻ സർക്കാരിനു വോട്ടു തേടണമെന്നും പൊതുവായ മുദ്രാവാക്യം. എന്നാൽ, ഇത് ഗുജറാത്തിൽ വികസനത്തിനു മുൻതൂക്കമെങ്കിൽ കർണാടകയിൽ ഹിന്ദുത്വം പുറത്തെടുത്തു. ബംജ്‌റംഗ്ബലി മുദ്രാവാക്യം പുറത്തെടുത്തിട്ടും അതും ഫലപ്രദമായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി റോഡ് ഷോ നടത്തിയിട്ടും അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ദിവസങ്ങളോളം കർണാടകയിൽ പ്രചാരണം നടത്തിയിട്ടും അടിപതറി ബിജെപി. കർണാടകയിൽ അധികാരം നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യയിൽ അഡ്രസില്ലാത്ത പാർട്ടിയായി ബിജെപി മാറി.

കോൺഗ്രസ് കൊടുങ്കാറ്റിൽ കർണാടകയിൽ ബിജെപി അടിപതറിയപ്പോൾ, 11 മന്ത്രിമാരും അടിതെറ്റി വീണു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും മറ്റു 11 മന്ത്രിമാരും ജയിച്ചുകയറി. ശിഗ്ഗോൺ മണ്ഡലത്തിൽനിന്ന് 35,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബൊമ്മൈ ജയിച്ചത്. 54.95 ശതമാനം വോട്ടുനേടി. മന്ത്രിമാരായ അരഗ ജ്ഞാനേന്ദ്ര (തീർത്ഥഹള്ളി), സി.സി. പാട്ടീൽ (ഗദഗ്), പ്രഭു ചൗഹാൻ (ഔറാദ്), എസ്.ടി. സോമശേഖർ (യശ്വന്ത്പുർ), ബൈരത് ബസവരാജ് (കെ.ആർ പുരം), ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്), ശശികല ജൊല്ലെ (നിപ്പാണി), സുനിൽ കുമാർ (കർകല), മുനിരത്‌ന (രാജരാജേശ്വരി നഗർ), ശിവരാം ഹെബ്ബാർ (യെല്ലപുർ) എന്നിവരാണ് ജയിച്ചത്. ഭവന മന്ത്രി വി. സോമണ്ണ രണ്ടു സീറ്റുകളിലും തോറ്റു.

കോൺഗ്രസ് മുൻ മുഖ്യമന്ത്രിക്കെതിരെ വരുണയിലും ചാമരാജനഗറിലുമാണ് സോമണ്ണ മത്സരിച്ചത്. ബി.എസ്. ശ്രീരാമുലു (ബെള്ളാരി), മധുസ്വാമി (ചിക്കനായകനഹള്ളി), ഗോവിന്ദ കരജോൾ (മുധോൽ), ആരോഗ്യ മന്ത്രി കെ. സുധാകർ (ചിക്കബല്ലാപുർ), എം ടി.ബി. നാഗരാജ (ഹൊസ്‌കോട്ടെ), ബി.സി. പാട്ടീൽ (ഹിരെകെരൂർ), മുരുഗേഷ് (ബീലാഗി), കെ.സി. നാരായണഗൗഡ (കെ.ആർ പേട്ട്), ബി.സി. നാഗേഷ് (തിപൂർ), ശങ്കർ പാട്ടീൽ (നാവൽഗുണ്ട്) എന്നിവരാണ് തോറ്റ മന്ത്രിമാർ.

പിടിച്ചു നിന്നത് തീരമേഖലയിൽ

തീര ജില്ലകളായ ദക്ഷിണ കന്നടയിലും ഉടുപ്പിയിലും ബിജെപിക്ക് കാര്യമായ ക്ഷീണം സംഭവിച്ചില്ല. ദക്ഷിണ കന്നഡയിലെ എട്ട് മണ്ഡലങ്ങളിൽ മംഗളൂരു നിലനിർത്താനും ബിജെപി റെബൽ സാന്നിധ്യം കാരണം പുത്തൂർ പിടിച്ചെടുക്കാനും കോൺഗ്രസിനായി. തീര ജില്ലകളിൽ 2018ൽ ആഞ്ഞു വീശിയ കാവി സൂനാമിയിൽ പിടിച്ചു നിന്ന മംഗളൂരു മണ്ഡലം ഈ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎ‍ൽഎ കോൺഗ്രസിലെ യു.ടി. ഖാദറിന് കൂടുതൽ തിളക്കമാർന്ന വിജയം നൽകി. കാസർകോട് ഉപ്പള സ്വദേശിയായിരുന്ന യു.ടി. ഫരീദും 2007ൽ അദ്ദേഹത്തിന്റെ മരണശേഷം തുടർച്ചയായി മകൻ യു.ടി. ഖാദറും ജയിച്ചു കയറുന്ന മണ്ഡലമാണിത്. യു.ടി. ഖാദർ(കോൺ)-83,219, സതീഷ് കുമ്പള-(ബിജെപി)-60,429, റിയാസ് ഫറങ്കിപ്പേട്ട (എസ്.ഡി.പി.ഐ)-13,837. ശക്തമായ ത്രികോണ മത്സരം നടന്ന പുത്തൂർ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തായി.

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ജയിലിൽ കഴിയുന്ന ശരീഫ് ബെള്ളാരെ ഈ മണ്ഡലത്തിൽ മത്സരിച്ചു. അശോക് കുമാർ റായ് (കോൺഗ്രസ്)-64,687, അരുൺ പുട്ടില (ബിജെപി റെബൽ)-61,336, ആശ തിമ്മപ്പ ഗൗഡ (ബിജെപി)-36,526, ശരീഫ് ബെള്ളാരെ (എസ്.ഡി.പി.ഐ)-2788. മംഗളൂരു സിറ്റി നോർത്ത് മണ്ഡലത്തിൽ കെപിസിസി സെക്രട്ടറി ഇനായത്ത് അലിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ജെ.ഡി.എസ് ടിക്കറ്റിൽ മത്സരിച്ച മുൻ എംഎ‍ൽഎ ബി.എ. മുഹ്യിദ്ദീൻ ബാവക്ക് ലഭിച്ചത് 5256 വോട്ടുകൾ.

ഈ മണ്ഡലത്തിൽ സിറ്റിങ് എംഎ‍ൽഎ ഡോ. ഭരത് ഷെട്ടി വിജയിച്ചു. സുള്ള്യയിൽ ബിജെപിയുടെ ഭഗിരഥി മുരുള്യ കന്നിയങ്കത്തിൽ വിജയം നേടി. ഉഡുപ്പി മണ്ഡലത്തിൽ യശ്പാൽ സുവർണ കന്നിയങ്കത്തിൽ ജയിച്ചു കയറി. ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് മത്സരിച്ച കാർക്കളയിൽ ബജ്‌റംഗ്ദൾ സംസ്ഥാന കൺവീനറും മന്ത്രിയുമായ വി. സുനിൽ കുമാർ വിജയം വരിച്ചു. വി. സുനിൽ കുമാർ (ബിജെപി)-77,028, മുനിയാലു ഉദയ് കുമാർ ഷെട്ടി (കോൺഗ്രസ്)-72,426, പ്രമോദ് മുത്തലിഖ് (ബിജെപി)-4508.

ദക്ഷിണേന്ത്യ കഠിനം

ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് സ്വന്തം നിലയിൽ ഇതുവരെ സർക്കാർ രൂപവത്കരിക്കാനായത്. മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് കോൺഗ്രസ് തിളക്കമാർന്ന ജയം നേടിയത്. കോൺഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കൊണ്ടുനടക്കുന്ന ബിജെപി, ഇനി 'ബിജെപി മുക്ത ദക്ഷിണേന്ത്യ'യെന്ന യാഥാർഥ്യത്തെ നേരിടണം.

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയോടൊപ്പം സഖ്യമായി മത്സരിക്കുന്ന ബിജെപിക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. കേരളത്തിൽ പാർട്ടിക്ക് ഒരു എംഎ‍ൽഎ പോലുമില്ല. സംസ്ഥാനത്ത് ആദ്യമായാണ് 2016ലെ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി എംഎ‍ൽഎ (ഒ. രാജഗോപാൽ) ജയിക്കുന്നത്. തെലങ്കാനയിൽ 2014ലെ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ ജയിച്ച ബിജെപി, 2018ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊതുങ്ങി.

എന്നാൽ, തൊട്ടടുത്ത വർഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റുകളിൽ നാലെണ്ണത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചു. 19.45 ശതമാനം വോട്ടുവിഹതവും നേടി. മാസങ്ങൾക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തെലങ്കാനയിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്. കർണാടകയിലെ വിജയം തെലങ്കാന കോൺഗ്രസിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ആന്ധ്രപ്രദേശിൽ 2014ലെ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ ജയിച്ച ബിജെപി 2019ലെ തെരഞ്ഞെടുപ്പിൽ വട്ടപൂജ്യമായി. കർണാടകയിലെ അട്ടിമറി തോൽവി, അയൽ സംസ്ഥാനങ്ങളിലും പാർട്ടിയെ പ്രതികൂലമായി ബാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP