Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ ക്ലാസ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മോദി തന്നെ എത്തിയതോടെ ആർപ്പും ആരവവും ചടുലനൃത്തവുമായി ബിജെപി പ്രവർത്തകർ; നമോ എഗെയിൻ ടീഷർട്ട് ധരിച്ച യുവാക്കളും കുട്ടികളും സ്ത്രീകളുമെല്ലാം പതാക വീശി ഉറച്ചുപറയുന്നു ശബരിമല മുഖ്യവിഷയം തന്നെ; ഇത്തവണ തിരുവനന്തപുരത്ത് വോട്ട് മറിച്ചാലും കുമ്മനത്തെ കീഴടക്കാനാവില്ല; തരൂർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സി ദിവാകരന് ബെന്നറ്റിന് കിട്ടിയ വോട്ടുകൾ പോലും കിട്ടില്ലെന്നും ആവേശത്തോടെ അണികൾ

എ ക്ലാസ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മോദി തന്നെ എത്തിയതോടെ ആർപ്പും ആരവവും ചടുലനൃത്തവുമായി ബിജെപി പ്രവർത്തകർ; നമോ എഗെയിൻ ടീഷർട്ട് ധരിച്ച യുവാക്കളും കുട്ടികളും സ്ത്രീകളുമെല്ലാം പതാക വീശി ഉറച്ചുപറയുന്നു ശബരിമല മുഖ്യവിഷയം തന്നെ;  ഇത്തവണ തിരുവനന്തപുരത്ത് വോട്ട് മറിച്ചാലും കുമ്മനത്തെ കീഴടക്കാനാവില്ല; തരൂർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സി ദിവാകരന് ബെന്നറ്റിന് കിട്ടിയ വോട്ടുകൾ പോലും കിട്ടില്ലെന്നും ആവേശത്തോടെ അണികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ ബിജെപി ഏറ്റവും വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്ന എപ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദി തന്നെ എത്തിയതിന്റെ ആവേശത്തിലാണ് ബിജെപി പ്രവർത്തകരും സംസ്ഥാന നേതാക്കളും എല്ലാം തന്നെ. കഴിഞ്ഞ തവണ വെറും 15000 വോട്ടുകൾക്ക് മാത്രം നഷ്ടപ്പെട്ട മണ്ഡലം കുമ്മനം രാജശേഖരൻ എന്ന മുൻ മിസോറാം ഗവർണ്ണറിലൂടെ പിടിച്ചെടുക്കാം എന്ന് കണക്ക് കൂട്ടുകയാണ് ബിജെപി. അതിനായി താഴെ തട്ട് മുതൽ കൃത്യതയാർന്ന മേൽനോട്ടത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എത്തിയതോടെ ആവേശം അണപൊട്ടിയ നിലയിലായിരുന്നു സെൻട്രൽ സ്റ്റേഡിയവും പരിസരവും.

വൈകുന്നേരം ആറരയ്ക്ക് പ്രധാനമന്ത്രി എത്തുമെന്നാണ് അറിയിച്ചിരുന്നത് എങ്കിലും വൈകുന്നേരം നാല് മണി മുതൽ തന്നെ പ്രവർത്തകർ സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. കർശന സുരക്ഷാ പരിശോധനകളോടെയാണ് ഓരോരുത്തരേയും അകത്തേക്ക് പ്രവേശിപ്പിച്ചത്. ഇത്തവണ തലസ്ഥാനത്ത് താമര വിരിയും എന്നും നേമത്ത് നിയമസഭയിൽ വിജയിച്ചത് പോലെ ഇത്തവണ ഉറപ്പായിട്ടും തങ്ങളുടെ പ്രതിനിധിയായി ലോക്‌സഭയിലുണ്ടാകുമെന്നും അതിന് വേണ്ടി തങ്ങൾ രാപകലില്ലാതെ അധ്വാനിക്കുകയാണ് എന്നും പ്രവർത്തകർ മറുനാടനോട് പറഞ്ഞു. ഇത്തവണ തിരുവനന്തപുരത്ത് വോട്ട് മറിച്ചാലും ബിജെപിയെ പരാജയപ്പെടുത്താൻ മുന്നണികൾക്ക് കഴിയില്ല.

ശശി തരൂരിനെ കണക്കിന് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുകയാണ് ബിജെപി പ്രവർത്തകർ. പത്ത് വർഷം മുൻപ് തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കാൻ വന്നപ്പോൾ പറഞ്ഞ അന്താരാഷ്ട്ര വ്യക്തിത്വം എന്ന പകിട്ട് തന്നെയാണ് തരൂർ ഇപ്പോഴും പറയുന്നത്. അന്ന് വാഗ്ദാനം ചെയ്ത ബാഴ്‌സലോണ ഇരട്ട നഗരവും ഹൈക്കോടതി ബെഞ്ചും ഒന്നും എത്തിയില്ല എന്നും ഇനിയും വലിയ ആഗോള പൗരനെന്ന് പറയാതെ പത്ത് വർഷം ചെയ്ത കാര്യങ്ങൾ പറഞ്ഞ് വോട്ട് ചോദിക്കാൻ ധൈര്യമില്ലെന്നും അവർ പരിഹസിക്കുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരം സീറ്റ് വിറ്റ് കാശാക്കിയ സി ദിവാകരന് ബെന്നറ്റിന് കിട്ടിയ വോട്ടുകൾ പോലും കിട്ടില്ലെന്നും മത്സരം തരൂരും കുമ്മനവും തമ്മിലാണെന്നും ദിവാകരൻ വെറുതെ മത്സരിക്കുകയാണ് എന്നും ബിജെപി പ്രവർത്തകർ പറയുന്നു.

വാദ്യമേളങ്ങൾക്കൊപ്പം ആനന്ദനൃത്തമാടിയാണ് യുവാക്കൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത്. പുറത്ത് ജാഥയായി എത്തിയ ശേഷം കുമ്മനത്തിന്റേയും നരേന്ദ്ര മോദിയുടേയും ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിക്കാട്ടിയും ബിജെപി പതാക ഉയർത്തി വീശിയുമൊക്കെയാണ് അവർ ആഘോഷിക്കുന്നത്. നരേന്ദ്ര മോദിക്കും കുമ്മനം രാജശേഖരനും ജയ് വിളിച്ചും ആർപ്പ് വിളിച്ചും അവർ ആരവം തീർക്കുന്നു. ഒപ്പം തന്നെ ശബരിമല വിഷയം തങ്ങളുടെ മണ്ഡലത്തിൽ ചർച്ചയാണ് എന്ന് അവർ തറപ്പിച്ച് പറയുന്നു.

മോദിയുടെ പടവും നമോ എഗയിൻ എന്ന് എഴുതിയ ടീഷർട്ടുകളും ധരിച്ചാണ് യുവാക്കൾ എത്തിയത്. പതാകകളും നരേന്ദ്ര മോദിയുടെ ചിത്രമുള്ള തൊപ്പികളും വിൽക്കാനെത്തിയവർക്കും വലിയ കോളായിരുന്നു. ചൂടപ്പം പോലെയാണ് ഇവയെല്ലാം വിറ്റ് പോയത്. കുട്ടികളും സ്ത്രീകളുമുൾപ്പടെ കുടുംബ സമേതം എത്തിയവരുടെ എണ്ണവും കുറവല്ലായിരുന്നു.

സുരക്ഷ വീഴ്ച സംഭവിക്കുകയും കൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടുകയും ചെയ്തത് സ്ഥലത്ത് പരിഭ്രാന്തി പരത്തിയെങ്കിലും പ്രധാനമന്ത്രി എത്തുന്നതിന്റെ ആവേശത്തിൽ ആയിരുന്നു തലസ്ഥാന നഗരത്തിലെ ബിജെപി പ്രവർത്തകർ. വൈകുന്നേരം ആറര മണിക്കാണ് പരിപാടി എന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഉച്ചയോടെ തന്നെ തലസ്ഥാന നഗരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു ഒപ്പം തന്നെ ഗതാഗത നിയന്ത്രണം ഉൾപ്പടെ ഏർപ്പെടുത്തിയിരുന്നു. സെക്രട്ടേറിയേറ്റിൽ നിന്നും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഉള്ള വഴികളില് പോലും കർശന നിയന്ത്രണമുണ്ടായിരുന്നു. മെറ്റൽ ഡിറ്റക്റ്റർ ഘടിപ്പിച്ച വാതിലൂടെ മാത്രമാണ് ഓരോരുത്തരേയും കടത്തി വിട്ടത്. ബാഗ് പോലെയുള്ള ലഗേജ് ഒന്നും തന്നെ അകത്തേക്ക് കൊണ്ട് പോകാനും അനുമതി നേരത്തെ തന്നെ ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP